എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം‍‍/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കൊണ്ടോട്ടി ഉപജില്ലയിൽ വാഴക്കാട് പഞ്ചായത്തിലെ ആക്കോട് വിരിപ്പാടം എന്ന കൊച്ചു ഗ്രാമം വിരിപ്പാടം എന്ന സ്ഥലപ്പേരിനൊപ്പം അലിഞ്ഞു ചേർതാണ് വിരിപ്പാടം സ്‌കൂളെന്ന പേരും. ഓത്തു പള്ളിക്കൂടമായി തുടങ്ങിയ സ്ഥാപനം, പൗരപ്രമുഖനായിരുന്ന കരിമ്പനക്കൽ പൂളക്കൽ ഖാദർ ഹാജിയുടെ ഉടമസ്ഥതയിൽ 1926-ൽ സ്‌കൂളായി മാറുകയായിരുന്നു. അന്നുമുതൽ ഇന്നു വരെയുള്ള നൂറു വർഷത്തിനോടടുത്തു നിൽക്കുന്ന സ്‌കൂളിൻ്റെ ചരിത്രം നാടിൻ്റെ ചരിത്രം കൂടിയാണ്. തലമുറകൾക്ക് വിജ്ഞാനം പകർന്ന ഈ സ്ഥാപനത്തെ ചുറ്റിപ്പറ്റിയാണ് ഒരു നാടിൻ്റെ വർത്തമാനം വികാസം പ്രാപിച്ചത്.

ആക്കോട് വിരിപ്പാടം എ.എം.യു.പി സ്‌കൂൾ 1976 ലാണ് യു.പി സ്‌കൂളായി അപ്‌ഗ്രേഡ് ചെയ്യപ്പെടുന്നത്. അപ്‌ഗ്രേഡ് ചെയ്യപ്പെട്ടതോടെ ഈ പ്രദേശത്ത് അറിവിൻ്റെ വെളിച്ചം പടരാൻ തുടങ്ങി. തുടർ പഠനത്തെ പറ്റി രക്ഷിതാക്കളും വിദ്യാർഥികളും ആഗ്രഹിക്കാൻ തുടങ്ങി. ചില പൊതു പ്രവർത്തകരുടെ കഠിനമായ പ്രവർത്തനഫലമായി പിന്നീട് ഈ പ്രദേശത്ത് റോഡുകളും പാലങ്ങളും വൈദ്യുതിയും വന്നു. ഓല മേഞ്ഞുണ്ടാക്കിയ ചെറിയ കൂരകളും ചായമക്കാനികളും അപ്രത്യക്ഷമായി. പകരം കോഗ്രീറ്റ് കെട്ടിടങ്ങളും കച്ചവട സ്ഥാപനങ്ങളും ഈ പ്രദേശത്തിൻ്റെ മുഖഛായ തന്നെമാറ്റി മറിച്ചു. രണ്ടു ജില്ലകൾ ബന്ധിപ്പിക്കുക മാത്രമല്ല, വിവരിക്കാൻ കഴിയാത്തവിധം ഈ പ്രദേശത്തിൻ്റെ പുരോഗതിക്ക് സഹായമായി കവണക്കല്ല് പാലം. ഈ സ്ഥാപനത്തിലെ പല പൂർവ്വ വിദ്യാർഥികളും ജോലി തേടി വിദേശത്തേക്ക് പോയി. തുടർ പഠനത്താൽ ഡോക്ടർമാർ, എഞ്ചിനീയർമാർ, അധ്യാപകർ, അഭിഭാഷകർ, തുടങ്ങി അഭ്യസ്ഥ വിദ്യരായ പുതുതലമുറ ഈ പ്രദേശത്തുണ്ടായി. യു.പി സ്‌കൂളായി ഉയർത്തപ്പെട്ടപ്പോൾ പരിമിതികളിൽ നിന്നുകൊണ്ട് പരമാവധി പ്രവർത്തിച്ച അധ്യാപകരും നിറഞ്ഞ പ്രതീക്ഷയോടെ മുന്നേറിയ വിദ്യാർഥികളും ലക്ഷ്യത്തിലേക്ക് തളരാതെ നീന്തി.

എന്നാൽ അത്തെ മാനേജറായിരുന്ന പി.കെ മുഹ്മമദ് എന്ന ബാപ്പുക്കക്ക് അനാരോഗ്യം മൂലം സ്ഥാപനം നടത്തി കൊണ്ടുപോകാനുള്ള പ്രയാസം നേരിട്ടപ്പോൾ, നാടിൻ്റെ വിദ്യാഭ്യാസ പുരോഗതി ഒരു അഭിലാഷമായി കണ്ടിരുന്ന അദ്ദേഹം, സന്നദ്ധ സംഘടനക്കോ മറ്റോ സ്ഥാപനം കൈമാറണമെ ആഗ്രഹം മനസ്സിൽ കൊണ്ടു നടക്കുമ്പോഴാണ് മത ഭൗതിക വിദ്യാഭ്യാസം സമന്വയിപ്പിച്ച് നാടിൻ്റെയും നാട്ടുകാരുടെയും നാനാവിധ പുരോഗതി ലക്ഷ്യം വെച്ച് പ്രവർത്തിക്കുന്ന വിരിപ്പാടം കേന്ദ്രമായ ഇസ്ലാമിക് സെൻ്റർ 2005 നവംബർ മാസം 30-ാം തിയ്യതി ഈ സ്‌കൂൾ ഏറ്റെടുക്കുത്. അതീവസന്തോഷത്തോടെ ബാപ്പുുക്ക സ്ഥാപനം കൈമാറി.

ഇസ്ലമിക് സെൻ്റർ ഈ സ്ഥാപനം ഏറ്റെടുത്തതോട വിദ്യാർത്ഥികളുടെ എണ്ണം ഗണ്യമായി വർദ്ധിക്കുകയും അതിനനുസരിച്ച് ആത്മാർത്ഥത നിറഞ്ഞ അധ്യാപകരും നല്ലവരായ രക്ഷിതാക്കളും നാട്ടിലും മറുനാട്ടിലുമുള്ള ഉദാരമതികളും, പി.ടി.എ, എം.ടി.എ എന്നു വേണ്ട ഈ സ്ഥാപനത്തിൻ്റെ നാനാഭാഗത്തുള്ള പ്രദേശ വാസികളും വിദ്യാഭ്യാസ പ്രേമികളും പൊതു പ്രവർത്തകരും ജാതി മത രാഷ്ടീയ ഭിന്നതകളില്ലാതെ സ്ഥാപനത്തിൻ്റെയും തങ്ങളുടെ മക്കളുടെയും വിദ്യാഭ്യാസ പുരോഗതി മാത്രം ലക്ഷ്യം വെച്ച് പ്രവർത്തിച്ചതിൻ്റെ ഫലമായി അന്നത്തെ മെഴുകുതിരി ഇന്നിതാ പ്രകാശ ഗോപുരമായി മാറിയിരിക്കുന്നു. പൊളിഞ്ഞു വീഴാറായ പഴയ കെട്ടിടങ്ങളുടെ സ്ഥാനത്ത്, മനോഹരമായ മാർബിൾ പതിച്ച, ആരെയും അതിശയിപ്പിക്കുന്ന തരത്തിലുള്ള അത്യാധുനിക സൗകര്യത്തോടു കൂടിയ 20 ക്ലാസ് മുറികളുള്ള പുതിയ നാലു നില കെട്ടിടത്തിലാണ് ഇപ്പോൾ കുട്ടികൾ പഠിച്ചുകൊണ്ടിരിക്കുന്നത്.

സർക്കാർ ലക്ഷ്യം വെയ്ക്കുന്ന ഹൈടെക്ക് സ്‌കൂൾ എന്ന ആശയം ഒരു പടി മുന്നെപൂർത്തീകരിച്ച ഈ വിദ്യാലയം ദിനം പ്രതി ഉയർച്ചയിൽ നിന്നു ഉയർച്ചയിലേക്ക് മുന്നേറിക്കൊണ്ടിരിക്കുന്നു.

സെൻ്റർ ഏറ്റെടുത്തതിന്നു പിന്നിലെ ചരിത്രം

2006-ൽ വിരിപ്പാടം ഇസ്ലാമിക് സെൻ്റർ ആക്കോട് വിരിപ്പാടം എ.എം.യു.പി സ്‌കൂൾ ഏറ്റെടുക്കുമ്പോൾ പലർക്കും അതൊരു അത്ഭുതമായിരുന്നു. സാമ്പത്തീകമായോ മറ്റടിസ്ഥാനസൗകര്യങ്ങളുടെ കാര്യത്തിലോ ശൈശവ ദശയിലായിരുന്ന സെൻ്റർ എൻപതു വർഷങ്ങളുടെ പാരമ്പര്യമുള്ള വിരിപ്പാടം സ്‌കൂൾ ഏറ്റെടുക്കുക എന്നത് പലർക്കും ഉൾകൊള്ളാൻ പ്രയാസമായിരുന്നു. സർവ്വ ശക്തനിലുള്ള അചഞ്ചലമായ വിശ്വാസവും പ്രദേശത്തെ മതഭൗതിക വിദ്യാഭ്യാസ പുരോഗതിയോടുള്ള അടങ്ങാത്ത ആഗ്രഹവുമാണ് അങ്ങനെയൊരു സാഹസം കാണിക്കാൻ പ്രചോദനമായത്. ആ തീരുമാനം തീർത്തും ശരിയായിരുന്നു വെന്ന് ശേഷമുള്ള പതിനാറു വർഷങ്ങൾ തന്നെയാണ് ഏറ്റവും വലിയ തെളിവ്.

ആക്കോട് അബ്ദുള്ള മാസ്‌റ്ററുടെ വീട്ടിലാണ് സ്കൂൾ ഏറ്റെടുക്കലുമായി ബന്ധപ്പെട്ടുള്ള ആദ്യ ആലോചന യോഗം ചേർന്നത്. ഊർക്കടവ് ഉസ്താദ് ഖാസിം മുസ്ലിയാർ, അബ്ദുള്ള മൗലവി, കൊന്നക്കോടൻ അഹമ്മദ് കുട്ടിഹാജി, മുസ്‌തഫ ഹുദവി, സി വി എ കബീർ തുടങ്ങിയവർ ആയോഗത്തിൽ പങ്കെടുത്തു. തുടർന്ന് പാണക്കാട് ഉമറലി ശിഹാബ് തങ്ങളുടെയും, കോഴിക്കോട് ഖാസിയായിരുന്ന സയ്യിദ് മുഹ്‌സിൻ ശിഹാബ് തങ്ങളുടേയും നിർദേശ പ്രകാരം സ്കൂൾ ഇസ്ലാമിക് സെൻ്റർ ഏറ്റെടുത്തു. സെൻ്ററിൽ അന്നത്തെ മാനേജർ പി.കെ മുഹമ്മദ് സാഹിബിനുള്ള വിശ്വാസം കാരണം ഒരു ജ്യാമ്യവുമില്ലാതെ വാക്കാൽ തന്നെ അന്ന് ആ കൈമാറ്റം നടന്നു.

സ്‌കൂൾ അധ്യാപകരായിരുന്ന അബ്ദുള്ള മാസ്റ്റർ, മുജീബ് മാസ്റ്റർ, ബഷീർ മാസ്റ്റർ തുടങ്ങിയവർ ആ ചരിത്ര ദൗത്യത്തിനു മുൻപന്തിലായിരുന്നു. ഇസ്ലാമിക് ഏറ്റെടുത്തപ്പോൾ എ.എം.യു.പി. സ്‌കൂൾ പരിമിതികൾക്ക് നടുവിലായി രുന്നു. സൗകര്യമുള്ള ബിൽഡിംഗിൻ്റെ അഭാവം ഏറ്റവും വലിയ വെല്ലുവിളിയായി. പരിസര പ്രദേശങ്ങളിൽ നിന്നും ഇംഗ്ലീഷ് മീഡിയം സ്‌കൂളിലേക്കും മറ്റും പഠനത്തിനായി പുറത്തേക്ക് പോയിരുന്ന കുട്ടുകളുണ്ടായിരുന്നു. എന്നാൽ പാവപ്പെട്ട വീട്ടിലെ കുട്ടികൾക്ക് വൻതുക ഫീസടച്ച് വിദ്യാഭ്യാസം നേടാൻ നിവൃത്തിയില്ലായിരുന്നു. പാവപ്പെട്ട കുട്ടികൾക്ക് ആശയും പ്രത്യാശയുമായാണ് എ.എം.യു.പി. സ്കൂൾ ഇസ്ലാമിക് സെൻ്റർ ഏറ്റെടുക്കുന്നത്. കമ്മറ്റി നിയമിച്ച ആദ്യ അധ്യാപകൻ ശിഹാബ് മാസ്റ്റർ ഒരു ക്ലാസ്സ് മുറിക്കാവശ്യമായ മുഴുവൻ ഫർണിച്ചറുകളുമായാണ് ചാർജെടുക്കുന്നത്. പിന്നീട് അധ്യാപനായെത്തിയ ഊർക്കടവ് അബ്ദുറഹിമാൻ മാസ്റ്ററുടെ അകാലത്തിലുള്ള വിയോഗം നമ്മെ ഏറെ വേദനിപ്പിച്ചു. കുട്ടികളെ മിടുക്കരായി വാർത്തെടുക്കുന്നതിൽ അദ്ധേഹം മുൻകൈ എടുത്തു. ഇൻസൈഡ് ചെയ്‌ത വസ്ത്രത്തിനൊപ്പം തലയിൽ തൊപ്പിയും ധരിച്ച് നിൽക്കുന്ന അബ്ദുറഹിമാൻ മാസ്റ്റർ ഇന്നും നമ്മുടെ ഓർമ കളിൽ നിറഞ്ഞു നിൽക്കുന്നു. അദ്ധേഹത്തിൻ്റെ നിസ്വാർത്ഥ പ്രവർത്തനങ്ങൾ എന്നും സ്മരിക്കപ്പെടും.

ജാതിമത-രാഷ്ട്രീയ ഭേതമന്യേ നാടിൻ്റെ വിദ്യാഭ്യാസ പരമായ ഉയർച്ചയാണ് ഇസ്ലാമിക് സെൻ്റർ എ.എം.യു.പി സ്‌കൂളിലൂടെ ലക്ഷ്യം വെക്കുന്നത്. നമ്മുടെ നാട്ടിലെ കുട്ടികളെ വിദ്യാഭ്യാസ മേഖലയിൽ കൈപിടിച്ചുയർത്തി ഉയർന്ന ഉദ്യോഗം നേടിക്കൊടുക്കുക എന്ന മഹത്തരമാക്കപ്പെട്ട ലക്ഷ്യത്തിൻ്റെ കാൽവെപ്പാണ് എ.എം.യു.പി സ് കൂൾ മുസൽമാനും ഹൈന്ദവനും ക്രൈസ്തവനും ഒരു മാലയിൽ കോർത്ത മുത്തുമണികളെപ്പോലെ കഴിയുന്ന നാടാണ് നമ്മുടേത്. ബഹുസ്വരതയുടേയും മതേതരത്വത്തിൻ്റെയും തനത് സംസ്ക്‌കാരം സ്‌കൂളിൽ നിന്നാണ് വളമിട്ട് വളർത്തേണ്ടത്. മതത്തിൻ്റെയും ജാതിയുടെയും സംഘടനയുടേയും അതിർ വരമ്പുകളില്ലാതെ ഒരു ബെഞ്ചിൽ സൗഹൃദം പകരുകയും വിദ്യനുകരുകയും ചെയ്യുന്നു. സ്നേഹമാണ് എല്ലാത്തിൻ്റെയും അടിത്തറ ഈ പ്രപബഞ്ചം തന്നെ നിലനിൽക്കുന്നത് അതിന് മുകളിലാണ്. അത്തരത്തിലുള്ളൊരു തലമുറയെ വാർത്തെടുക്കുകയാണ് ഇസ്ലാമിക് സെൻ്റെറിൻ്റെ ഉദ്ധേശ്യം.

മുസ്‌തഫ ഹുദവി മാനേജറായി എ.എം.യു.പി സ്‌കൂളിൻ്റെ പ്രവർത്തനങ്ങൾ വളരെ സജീവമായി മുന്നോട്ട് പോകുന്നു. ആധുനിക വത്‌കരിച്ച ക്ലാസ്സ്റൂമുകളും അന്താരാഷ്ട്ര നിലവാരത്തിലുള്ള പഠന സൗകര്യവും സ്‌കൂളിൽ നടപ്പിലാക്കാൻ സാധിച്ചതിൽ വളരെയധികം ചാരിതാർത്ഥ്യമുണ്ട്. സ്ഥാപനത്തിൻ്റെ ഉയർച്ചക്കായി മാനേജ്‌മെൻ്റ് കമ്മറ്റിയോടൊപ്പം പി.ടി.എ കമ്മറ്റിയും പഠന നിലവാരം കാത്തു സൂക്ഷിക്കാൻ ഒരു അക്കാദമിക് കമ്മറ്റിയും പ്രവർത്തിക്കുന്നു. പഠന കാര്യങ്ങളിലും നടത്തിപ്പുലുമെല്ലാം കൃത്യമായ നിരീക്ഷണം കമ്മറ്റികൾ നടത്തുന്നതോടൊപ്പം നാട്ടുകാരുടെ പൂർണ സഹകരണവും ഈ സംരംഭത്തിനുണ്ട്.

സ്‌കൂളിലേക്ക് അധ്യാപകരെ നിയമിക്കുന്നത് ഇൻ്റർവ്യൂ നടത്തി തീർത്തും സുതാര്യമായാണ്. ഭാവിയിൽ എ.എം.യു.പി സ്കൂ‌കൂളിനെ ഹൈസ്‌കൂൾ, ഹയർസെക്കണ്ടറി തലത്തിലേക്ക് ഉയർത്താനും കോളേജ് ആരംഭിക്കാനും ലക്ഷ്യമുണ്ട്. നാഥൻ ആസ്വ‌പ്നം സാക്ഷാത്‌കരിച്ചു തരട്ടെ.

നല്ലപെരവൻ മാസ്റ്ററെകുറിച്ചുള്ള നല്ല ഓർമകൾ

ഓത്തുപള്ളിക്കൂടം സമ്പ്രദായം സ്‌കൂളും മദ്റസയുമായി വേർപിരിഞ്ഞ ആദ്യ കാലങ്ങളിൽ നമ്മുടെ സ്‌കൂളിൽ സേവനം ചെയ്തത നല്ല പെരവൻ മാസ്റ്ററെക്കുറിച്ച് പഴയ തലമുറയിൽപെട്ടവർക്ക് ഇന്നും നല്ല ഓർമകളാണുള്ളത്. നമ്മുടെ നാട്ടിലെ ഒന്നാം തലമുറ അധ്യാപകരിൽ പെട്ട നല്ലപെരവൻ മാസ്റ്റർ അധ്യാപർക്ക് ഗവണ്മൻ്റ് ശമ്പളം നൽകിത്തുടങ്ങുന്നതിന് മുമ്പാണ് അധ്യാപനം ഒരു സേവനമാക്കി പഴയ തലമുറക്ക് വെളിച്ചം പകർന്നത്. തൂവെള്ള ഖദർ ജുബ്ബ ധരിച്ച ഒത്ത ആകാര ഭംഗിയിൽ തലയെടുപ്പോടെ സമൂഹത്തിൽ പ്രവർത്തിച്ച മാസ്റ്റർ ജാതി മതഭേദമന്യേ എല്ലാവരുടെയും ആദരവ് പിടി ച്ചു പറ്റി. ചികിത്സാ സൗകര്യം വിരളമായിരുന്ന അക്കാലത്ത് ഇഞ്ചക്ഷൻ നൽകാൻ അറിയുമായിരുന്ന മാസ്റ്ററുടെ സേവനം നാട്ടുകാർക്ക് വലിയ ആശ്വാസമായിരുന്നു. അദ്ധേഹത്തെ പോലുള്ള മഹാരഥ ന്മാർ ജീവിച്ചു കാണിച്ച നല്ല പാഠങ്ങളാണ് നമ്മുടെ നാട്ടിലെ പരസ്‌പര സൗഹൃദത്തിന് അടിത്തറ പാകിയത്.

എം അബ്ദുറഹ്മാൻ മാസ്റ്റർ അകാലത്തിൽ പൊലിഞ്ഞ കർമ്മയോഗി

അബ്ദുറഹ്മാൻ മാസ്റ്ററുടെ വിയോഗം ഇന്നും വിശ്വസിക്കാൻ പ്രയാസമാണ്. പഠിച്ചു വളർന്ന സ്‌കൂളിൽ അധ്യാപകനായി കയറി വന്നപ്പോൾ വളരെ ആവേശവും ചുറു ചുറുക്കും കാണിച്ച അദ്ദേഹം ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് തന്നെ കുട്ടികളുടെയും രക്ഷിതാക്കളുടെയും ഇഷ്ടപ്പെട്ട ഗുരുനാഥനായി മാറി. വേറിട്ട രൂപത്തിലും വേഷത്തിലും തൻ്റെ വ്യക്തിത്വം നിലനിർത്തിക്കൊണ്ടു തന്നെ ചുരുങ്ങിയ കാലം കൊണ്ട് മികച്ച അധ്യാപകനെന്ന ഖ്യാതി നേടി യെടുത്തു. പാഠ്യ പാഠ്യേതര വിഷയങ്ങളിൽ കുട്ടികളെ വളർത്തിയെടുക്കാൻ അദ്ദേഹത്തിന് കൂടുതൽ താത്‌പര്യമായിരുന്നു. ഊർക്കടവ് മുള്ളമടക്കൽ അലവിക്കുട്ടി- ആയിശക്കുട്ടി ദമ്പതികളുടെ മൂത്ത പുത്രനായ അദ്ദേഹം കുടുംബത്തിൻ്റെ അത്താണിയും നാട്ടുകാരുടെ പ്രിയങ്കരനുമായിരുന്നു. പൊതു രംഗത്ത് നിറഞ്ഞു നിന്ന അദ്ദേഹം പ്രതിസന്തികളെ ക്ഷമയോടെ നേരിട്ടു. 2006 നവംബർ 23 ന് ഒരു വാഹനാപകടത്തിലാണ് അദ്ദേഹം മരണപ്പെടുന്നത്. സ്‌കൂൾ കലോത്സവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി ക്ലാസിലെ കുട്ടികളുടെ പുസ്‌തകത്തിൻ്റെ കണക്കും ഫീസിൻ്റെയും വാഹനത്തിൻ്റെയും ഇടപാടുകളും നോട്ടു പുസ്തകത്തിൽ കൃത്യമായി തലേ ദിവസം എഴുതി വെച്ച് മരണം മുൻകൂട്ടി കണ്ടവനെപ്പോലെയായിരുന്നു അദ്ദേഹത്തിൻ്റെ ഈ ലോകത്തോടുള്ള വിടപറയൽ.