എ.എം.എൽ.പി.സ്കൂൾ തലക്കടത്തൂർ/അക്ഷരവൃക്ഷം/അണ്ണൻ

Schoolwiki സംരംഭത്തിൽ നിന്ന്
അണ്ണൻ

രണ്ടു ദിവസത്തെ മധുരമീനാക്ഷി യാത്ര കഴിഞ്ഞ് തിരിക്കുവാനുള്ള ദിവസം. ഞാൻ അമ്മയോട് പറഞ്ഞു. എന്റെ ഒപ്പം ജോലിചെയ്യുന്ന ഒരു സുഹൃത്തിന്റെ വീട് ഇവിടെ അടുത്താണെന്ന് അയാൾ പറഞ്ഞിട്ടുണ്ട്. നമുക്കൊന്ന് വിളിച്ച് നോക്കിയാലോ, പറ്റിയാൽ ഒന്ന് കയറിയിട്ട് പോകാം. അച്ഛൻ വലിയ താല്പര്യം പ്രകടിപ്പിച്ചില്ലെങ്കിലും എതിരു പറഞ്ഞില്ല. എന്നാൽ അമ്മ വളരെ താല്പര്യം കാണിക്കുകയും ചെയ്തു. എന്റെ തമിഴ് ഭാഷയിലുള്ള പ്രാവിണ്യം തല്ക്കാലം ആരുമറിയേണ്ടതില്ല എന്നു കരുതി അല്പം മാറി നിന്ന് ഫോൺ ഡയൽ ചെയ്തു. മറുതലക്കൽ അണ്ണൻ ഫോണെടുത്തു,

“അണ്ണാ എപ്പടിയിറുക്ക്‌?”

എന്റെ പേര് വിളിച്ചു കൊണ്ട് പുള്ളി നല്ല തമിഴ് കലർന്ന മലയാളത്തിൽ തിരിച്ചു സംസാരിച്ചതോടെ എന്റെ തമിഴ് ശക്തി മുഴുവൻ ചോർന്നു പോയി. ഞങ്ങൾ മധുരയിൽ വന്ന കാര്യവും മറ്റും അവതരിപ്പിച്ചു. അണ്ണൻ ഇവിടെ അടുത്തെങ്ങാനുമാണെങ്കിൽ കണ്ടിട്ട് പോകാമല്ലോ എന്നും കരുതി വിളിച്ചതാണെന്നുമറിയിച്ചു. എന്തായാലും വീട്ടിൽ വന്നേ പറ്റു എന്നായി പുള്ളി, എവിടെയാണ് തങ്ങുന്നതെന്നും മറ്റും ചോദിച്ചു മനസിലാക്കിയ അണ്ണൻ. അവിടെത്തന്നെ നിന്നൊ, ‘ദാ ഇപ്പ വർറെ’ എന്ന് പറഞ്ഞു ഫോൺ വച്ചു.

അച്ഛനും അമ്മയും ഒരു ചായക്കടയിൽ ചായ കുടിക്കാൻ കയറി. എനിക്കും ചായ വന്നെങ്കിലും ഞാൻ അണ്ണനെ കുറിച്ചാലോചിച്ചിരിക്കുകയായിരുന്നു. ഒരു പത്തു നാല്പത്തഞ്ചു വയസ്സു കാണുമായിരിക്കും, അണ്ണന്റെ പേര് ഷേഖ് റാഫിക്ക്. പരിചയപ്പെട്ട ആദ്യദിനം പുള്ളി വെറുതെ പറയുന്നതാണെന്നാണ് ഞാൻ വിചാരിച്ചത്. എന്നാലത് ശരിയായിരുന്നു. സംശയ നിവാരണത്തിനായി പുള്ളി പാസ്‌പോർട്ടിന്റെ ഒരു കോപ്പിതന്നെ എടുത്തു കാണിച്ചു ബോധ്യപ്പെടുത്തി. ദുബായിൽ ഞാൻ ജോലി ചെയ്തിരുന്ന സ്‌ഥലത്തുതന്നെ ഉണ്ടായിരുന്ന ആളാണ്. വർഷങ്ങളായി അവിടെത്തന്നെയാണ് ജോലിയെടുക്കുന്നത്, ഒരു ഓഫീസ് ബോയ് ഷേഖ് റാഫിക്ക്. എന്തും കണ്ടറിഞ്ഞ് ചെയ്‌യുന്ന പ്രകൃതമാണ്. വെറുതെ ഇരിക്കുന്ന പരിപാടിയേയില്ല. അല്പസമയം ഒന്നും ചെയ്യാനില്ലെങ്കിൽ എല്ലാവരുടെയും വണ്ടിയൊക്കെ കഴികിയിട്ടു വരും. കുറച്ചു കാലം കോയമ്പത്തൂർ ആയിരുന്നതിന്റെ പൊടി തമിഴ് നമ്പരുകളും കൂടി ആയപ്പോൾ നല്ല ചങ്ങാത്തമായി.

ഇത്തവണ ഞാൻ ലീവിനെത്തുന്നതിനും രണ്ടു മാസങ്ങൾ മുൻപേ പോന്നതാണ്. രണ്ടുമാസക്കാലയളവെന്നത് ഒരു ശരാശരി പ്രവാസിത്തൊഴിലാളിയ്ക്ക് അവധി കഴിഞ്ഞു മടങ്ങിപ്പോവാനുള്ള സമയപരിധിയാണ്. എന്നാലിതുവരെയും ഷേഖ് റാഫിക്ക് അവധിതീർന്നു തിരികെയെത്തിയില്ല. എന്തായിരിക്കും കാരണം എന്ന ജിജ്ഞാസയിലാണ് മധുരയാത്രയിൽ ഫോൺ വിളിച്ചന്യോഷിച്ചത്.

അണ്ണാ, എന്ന പുള്ളിയുടെ വിളികേട്ടാണ് ഞാൻ ആലോചനിയിൽ നിന്നും മധുരയിലേക്ക് തിരിച്ചെത്തിയത്. ഒരു ഓട്ടോയിൽ പുള്ളി ടി കടയ്ക്ക് പുറത്ത് വെയ്റ്റ് ചെയ്യുന്നു. പതിവ് ചിരിയുമായി. പൈസ കൊടുക്കാനായി തുടങ്ങുമ്പോളെക്കും, ‘എന്താ അണ്ണാ ഇത് നമ്മുടെ നാട്ടിൽ വന്നിട്ട് എന്നും പറഞ്ഞു’ അണ്ണൻ ചാടി പുറത്തിറങ്ങി. എന്നിട്ട് ഞങ്ങളോടൊപ്പം വണ്ടിയിൽ കയറി. ഞാൻ എല്ലാവരെയും പരിചയപ്പെടുത്തി. കഷ്ടിച്ച് ഒന്നര രണ്ട് കിലോമീറ്ററെ ക്ഷേത്രത്തിൽനിന്നും അണ്ണന്റെ വീട്ടിലേക്കുള്ളു. മുസ്ലിങ്ങൾ തിങ്ങി പാർക്കുന്ന ഒരു തെരുവ്. നിറയെ ചെറുകിട കച്ചവടക്കാരുടെ തിക്കും തിരക്കുമുള്ള മധുരയിലെ ഇടുങ്ങിയ നിരത്തുകൾ. ഒട്ടുമിക്ക വീടുകളും ചെറുതാണെങ്കിലും ചുറ്റുമതിലും പുറം വാതിലുമൊക്കെയുണ്ട് മിക്കതിനും. ഞങ്ങൾ അണ്ണന്റെ വീട്ടിലേയ്ക് കയറി. വീടാകെ അലങ്കോലപ്പെട്ടു കിടക്കുന്നു. അണ്ണന്റെ ഉമ്മയും ഭാര്യയും വന്നു പരിചയപ്പെട്ടു. അമ്മയെയും കൂട്ടി അവർ അകത്തേക്ക് പോയപ്പോൾ ഞാൻ കാര്യം തിരക്കി. ഇതെന്തുപറ്റി വീട് ഇങ്ങനെ കിടക്കുന്നത്? എന്നാച്ച്? അണ്ണന്റെ മുഖത്തെ ചിരി മാഞ്ഞു. സ്വരം താഴ്ത്തി ദൂരേയ്ക്ക് നോക്കി ഇത്തിരി ദേഷ്യത്തോടും അതിലേറെ ദുഃഖത്തോടും എന്റെ കാതുകൾക്കടുത്തു വന്നു പറഞ്ഞു.

“അണ്ണാ, എന്നുടെ പാസ്പോർട്ടെ കാണവില്ല. തിരുന്പി പോണതുക്കുള്ള ടൈമും മുടിൻഞ്ചാച്ച്”.

സാധാരണ ഭാര്യയാണത്രെ പാസ്‌പോർട്ടും ടിക്കറ്റുമൊക്കെ സൂക്ഷിക്കുക. ഇതിപ്പോ ആഴ്ച്ച രണ്ടായി പാസ്‌പോർട്ട് കണ്ടുകിട്ടാതെ അണ്ണൻ കാത്തിരിക്കുകയാണ്. അണ്ണന്റെ നിരാശ എനിക്ക് മനസ്സിലായി. തിരിച്ചെത്താത്തതിന്റെയും. ഉമ്മ ചായയുമായി വന്നു. കാര്യമായൊന്നും സംസാരിക്കാനില്ലാത്തതിനാൽ അച്ഛൻ അവിടെ കിടന്ന ഒരു തമിഴ് ന്യൂസ് പേപ്പർ എടുത്തു മറിച്ചു നോക്കികൊണ്ടിരുന്നു. എന്നോട് സംസാരിക്കുന്നതിനിടയിൽ അണ്ണന്റെ ശ്രദ്ധ വീണ്ടും വലിച്ചുനിരത്തിയിട്ടിരിക്കുന്ന സാധനങ്ങളിലേക്കായി. ഓരോ പുസ്തകങ്ങളും കവറുകളും തിരഞ്ഞു കൊണ്ടിരുന്നു. അണ്ണൻ വല്ലാത്തൊരു മാനസികാവസ്ഥയിലാണ്. ഞാനും ഉള്ള നേരം ഒന്ന് തിരഞ്ഞാലോയെന്ന് ചിന്തിച്ചു. ഓരോ മുക്കും മൂലയും അരിച്ചു പെറുക്കാം എന്ന് തീരുമാനിച്ചുറച്ചു വീണ്ടും ഞങ്ങൾ തുടങ്ങി. അടുക്കളയിൽ കുശലം പറഞ്ഞു കൊണ്ടിരുന്ന അമ്മയും അണ്ണന്റെ ഉമ്മയും ഒരു പഴയ പെട്ടി തുറന്നിരുന്നു വീണ്ടും തിരയാൻ തുടങ്ങി.

“മോന്റെ മക്കളൊക്കെ?”

അമ്മമാരുടെ പതിവ് ചോദ്യം പരിശോധനക്കിടയിൽ അമ്മ പുറത്തെടുത്തു. ആവശ്യമില്ലാത്താത്ത ചോദ്യങ്ങളൊക്കെ വെറുതെ എന്തിനാ എന്ന മട്ടിൽ ഞാൻ അമ്മയെ നോക്കി. അതിനു ഇവനൊന്ന് കുറച്ചു കാലം ഇവിടെ നിക്കണ്ടേ എന്ന മറുപടിയിൽ ഉമ്മ അതിനെ ലഘൂകരിച്ചു. പാസ്പോർട്ട് തിരയൽ കാരണം അധികമൊന്നും ആരും സംസാരിച്ചില്ല. ഉച്ചയൂണിനു നിൽക്കാത്തതിൽ അണ്ണനും ഉമ്മയ്ക്കും നല്ല വിഷമമുണ്ടായിരുന്നു. അണ്ണന്റെ ഭാര്യ അപ്പോഴും വാതിലിനു പിന്നിൽ മറഞ്ഞു നിൽക്കുകയായിരുന്നു. പാസ്പോർട്ട് കാണാതെ പോയതിന്റെ ഉത്തരവാദിത്വഭാരം മുഴുവനും ആ കണ്ണുകളിൽ കാണാം. ഇല്ല, ഇപ്പോൾ ഇറങ്ങിയില്ലേൽ ഞങ്ങൾ രാത്രിക്കു മുന്നേ നാട്ടിലെത്തില്ല. കാറിൽ കയറിയ നേരത്ത് അണ്ണൻ അരികെ വന്നു പറഞ്ഞു. അണ്ണൻ വന്നത് നന്നായി. ഇതിപ്പോ അവിടെ ഓഫീസിൽ ചെന്ന് പറഞ്ഞാൽ അവർക്ക് വിശ്വാസമാവുമല്ലോ. പാസ്പോർട്ട് തിരികെ കിട്ടിയാലുടനെ ഞാൻ വരുമെന്ന് അണ്ണൻ അവിടെ പറഞ്ഞു മനസിലാക്കണം എന്നതായിരുന്നു അവസാനത്തെ ഓർമ്മിപ്പിക്കൽ. ഞാൻ ഉറപ്പും കൊടുത്തു.

തിരിച്ചു ഡ്രൈവ് ചെയ്യുമ്പോൾ ഞാൻ അണ്ണനെ കുറിച്ച് തന്നെ ആലോചിക്കുകയായിരുന്നു. ഇനിയിപ്പോ പാസ്പോർട് കിട്ടാനുള്ള മറ്റെന്തെങ്കിലും വഴി നോക്കണമായിരിക്കും. പാവം വല്ലാത്ത നിരാശയുണ്ട്.

“തിരിച്ചെത്തുമ്പോൾ നീ പുള്ളിയെ വിളിച്ച് പാസ്പോർട്ടിനൊന്നും ശ്രമിക്കണ്ട. കുറച്ചു കാലം നാട്ടിൽ നിൽക്കാൻ പറ”. അമ്മയുടെ ആത്മഗതം പോലെയുള്ള പറച്ചിൽ കേട്ട് ഞാൻ ചോദിച്ചു.

'“എന്താ?”

“നീ പുള്ളിയെ വിളിച്ചിനി പാസ്പോർട്ടോന്നും പുതുക്കിയെടുക്കാൻ നിൽക്കണ്ടാന്ന്. അവർക്ക് രണ്ടുപേർക്കും അണ്ണൻ കുറച്ചു കാലമെങ്കിലും നാട്ടിൽ നിൽക്കണമെന്ന് വല്ലാത്ത ആഗ്രഹമുണ്ട്”. അമ്മക്ക് പണ്ടേ അങ്ങനെയാണ് ആവശ്യമില്ലാതെ ഓരോരുത്തരുടെ കാര്യത്തിൽ കേറി അങ്ങ് ഒരു അഭിപ്രായമങ്ങു പറയും.

കാലമെത്രകടന്നു. എന്നാൽ പിന്നീടൊരിക്കലും അണ്ണൻ തിരിച്ചു വന്നില്ല. ഞാൻ വിളിക്കാനും പോയില്ല. ഇനിയെന്നെങ്കിലും മധുരയ്ക്ക് പോകുമ്പോൾ ഒന്നൂടെ കയറണം അണ്ണന്റെ വീട്ടിൽ. ചിലപ്പോൾ മധുരമീനാക്ഷിയെക്കാൾ സന്തോഷം തരുന്ന മറ്റു ചിലർ കൂടി ആ വീട്ടിലുണ്ടാകും. ഉണ്ടായിരിക്കണം

Fadiya shifa pp
4A എ.എം.എൽ.പി.സ്കൂൾ തലക്കടത്തൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം