എ.എം.എൽ.പി.സ്കൂൾ ചിലവിൽ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ചരിത്രം പറയുന്ന വൈലത്തൂർ

ഓത്തുപള്ളി

പിന്നോട്ടുള്ള 100-120 വർഷകാലത്തെ ചരിത്രത്തി ലൂടെ ഒരു മിന്നലോട്ടം മാത്രമാണിത്. നാട്ടുരാജാക്ക ന്മാരുടെയും, വൻ പടയോട്ടങ്ങളുടെയും നാട്ടുവാഴിത്ത ത്തിൻ്റെയും മതപ്രബോധനങ്ങളുടെയുമെല്ലാം നൂറ്റാ ണ്ടുകൾ നീണ്ട ചരിത്രം ചികഞ്ഞെടുത്ത് കല്ലും നെല്ലും തിരിക്കുക ദുഷ്‌കരം. വിട്ടുപോയ ഒരുപാട് സംഭവങ്ങളും വ്യക്തിത്വങ്ങളും ഉണ്ടെന്നു തീർച്ച.


100 വർഷത്തിലേറെ പഴക്കമുള്ള അത്താണിക്കൽ സ്കൂ‌ൾ, ആദ്യകാലത്ത് ഒരു ഓത്തുപള്ളി മാത്രമായിരുന്നു. നന്ദനിൽ മുഹമ്മദ്ഹാജി വെട്ടത്ത് പോയി പഠിച്ചുവന്നതിനു ശേഷമാണ് ഓത്തുപള്ളി സ്‌കൂളാക്കുന്നത്. മങ്ങാട്ടിയിൽ ബീരാൻ ഉപ്പാപ്പാൻ്റെ (മുഹമ്മദ് ഹാജിയുടെ ഉമ്മാന്റെ ഉപ്പ) ഉടമസ്ഥതയിലായിരുന്നു സ്‌കൂൾ നിൽക്കുന്ന സ്ഥലം. നന്ദനിൽ മുഹമ്മദ്ഹാജി സ്ഥലം വിലയ്ക്കുവാങ്ങി. കുറച്ചു കാലം ജോലി ചെയ്തിരുന്ന പുതുക്കലേങ്ങൽ മൊയ്തീൻ കുട്ടി മുസ്ല്യാർ, മയമുട്ടി മാസ്റ്റർ എന്നിവർ വിദ്യാലയം നടത്തിവന്നു. മൊയ്‌തീൻ മുസ്ലിയാർക്ക് ഓത്തുപള്ളി നടത്താൻ മങ്ങാട്ടിയിൽ വക സ്ഥലം വിട്ടുകൊടുത്തതായിരുന്നു.അന്ന് മദ്രസ്സയിൽ കുട്ടികൾ 'മുസ്‌ഹഫ്' പോലും ഉപയോഗിക്കുന്ന പതിവ് ഇല്ലായിരുന്നു. കൈവിരൽകൊണ്ട് മണലിൽ എഴുതി പഠിപ്പിക്കുകയായിരുന്നു.പിന്നീട് 'ചേടി തേച്ച്' (ചകിടി) മൂച്ചിപ്പലകയിൽ കറുത്തമഷികൊണ്ട് എഴുതി പഠിപ്പിച്ചു തുടങ്ങി. കീറിപ്പറിഞ്ഞ മുസ്‌ഹഫ് അയമുട്ടി മൊല്ലാക്ക കഷ്ണംവെട്ടി ഒട്ടിച്ച് ഉപയോഗിക്കും. അതിൽ നോക്കി പലകയിൽ കുട്ടികൾക്ക് എഴുതിക്കൊടുക്കും. അയമുട്ടി മൊല്ലാക്ക, മുയ്‌തീൻകുട്ടി മുസ്ല്യാർ പുതുക്കലേങ്ങൽ എന്നിവരാണ് ഓത്ത് (ഖുർആൻ പാരായണം) പഠിപ്പിച്ചിരുന്നത്. പിന്നീട് മയമുട്ടി മാസ്സർ മലയാള അക്ഷരങ്ങളും അറബിമലയാളവും പഠിപ്പിച്ചു വന്നു. ഒരു പൈസ, രണ്ടു പൈസ, മുക്കാൽ, അണ എന്നിങ്ങനെ “വ്യാഴാഴ്‌ചക്കാശാ”യി (വ്യാഴാഴ്ചതോറും) കുട്ടികൾ കൊണ്ടുവരുന്ന പൈസയായിരുന്നു ശമ്പളം. അതും കിട്ടാതായപ്പോൾ ചില അദ്ധ്യാപകർ കൃഷി ജോലികൾക്കും മറ്റുമായിപിരിഞ്ഞുപോയി.

മുഹമ്മദ് ഹാജി അദേഹത്തിൻ്റെ സ്വന്തം കഠിനശ്രമത്തിലൂടെ 1915ൽ അന്നത്തെ മദ്രാസ് ഗവണ്മെൻ്റിൽ നിന്നും ഓത്തുപള്ളി സ്കൂൾ ആക്കി അംഗീകാരം വാങ്ങിച്ചു. സ്വാതന്ത്രത്തിനു ശേഷം കുറെ കഴിഞ്ഞു; അതിൽ ഒരു കെട്ടിടത്തിൽ മദ്രസയും തുടങ്ങി.അലവിക്കുട്ടി, മയമുട്ടി നാലുകണ്ടത്തിൽ, പി.ടി കമ്മുകുട്ടി എന്നിവർ അധ്യാ പകരായിരുന്നു. അന്ന് അഞ്ചാം ക്ലാസ് വരെയായിരുന്നു സ്‌കൂൾ. ഇതല്ലാതെ തൊട്ടടുത്തൊന്നും വീടുകൾ ഉണ്ടായിരുന്നില്ല. സ്‌കൂൾ കെട്ടിടത്തിൻ്റെ മുന്നിൽ, റോഡിനോട് ചേർന്ന് അബ്ദുഹാജി തേങ്ങ ഉണക്കാൻവേണ്ടി ഒരു കെട്ടിടം (ചേവ്) ഉണ്ടാക്കിയിരുന്നു. മഴക്കാലത്ത് ആർക്കും അതിൽ തേങ്ങ ഉണക്കാമായിരുന്നു. കെട്ടിടത്തിൽ പള്ളിപ്പാട്ട് തൂമ്പിൽ അയമുകാക്ക ആദ്യമായി ചായക്കച്ചവടം തുടങ്ങി. പിന്നീട് അത് നടത്തിയിരുന്നത് കണ്ണാഞ്ചേരി കലായിൽ കുഞ്ഞയിദ്രുകാക്കയായിരുന്നു. അത് അത്താണിക്കൽ ചരിത്രത്തിൻ്റെ ഒരു ഭാഗമായി മാറി.നന്ദനിൽ തറവാട്ടിൻ്റെ കാര്യങ്ങൾ നോക്കി നടത്തിയിരുന്നത് അബ്‌ദുഹാജി ആയിരുന്നു. അടക്ക, വെറ്റില, കുരു മുളക്, തേങ്ങ, ചേമ്പ്, ചേന, കൊപ്ര എന്നീ കൃഷികളുടെ കാര്യം അദ്ദേഹമായിരുന്നു അവിടെ നടത്തിയിരുന്നത്.

പ്രദേശ ചരിത്രം:

അത്താണിക്കൽ

സ്‌കൂളിൻ്റെ പടിഞ്ഞാറുഭാഗത്ത് പഴയ കാലത്ത് ഒരു വലിയ 'അത്താണി' സ്ഥിതി ചെയിരുന്നു. (ചെങ്കല്ല് കൊണ്ട് ഒരാളുടെ ഉയരത്തിൽ പടുത്തുയർത്തി ഉണ്ടാക്കി യിരുന്ന ഒന്നാണ് അത്താണി) വെറ്റിലയും അടക്കയും മാങ്ങയും ചക്കയും നെല്ലും പുൽകെട്ടും മറ്റു സാധനങ്ങളും ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് തലച്ചുമടായി കൊണ്ടുപോയിരുന്നവർക്ക് ആശ്വാസം ഏകിയിരുന്നത് ഈ അത്താണികൾ ആയിരുന്നു. നിന്നുകൊണ്ടു തന്നെ അതി ന്മേൽ ചുമട് ഇറക്കിവെക്കാം. വൈലത്തൂരിൽ മൂന്ന് അത്താണികൾ ഉണ്ടായിരുന്നു. മലപ്പുറം റോഡിലും വളാഞ്ചേരി റോഡിന്റെ ഭാഗത്തും തിരൂർ റോഡിലും ആയിരുന്നു അവ.സ്കൂ‌ളിന്റെ അടുത്തുള്ള അത്താണിയുടെ തെക്കുഭാഗത്തേക്ക് ഒരു വലിയ 'കുണ്ട്' (താഴ്ച്ച) ഇറങ്ങിയാൽ തുടങ്ങുന്നതാണ് ചെലൂർ പാടം. പാടത്തിൻ്റെ ഒരു അറ്റത്തു നിന്ന് നോക്കിയാൽ പെരിഞ്ചേരിവരെ നീണ്ടുപോകുന്ന കഴ്ചയായിരുന്നു ചെലൂർ പാടം നമുക്ക് നൽകിയിരുന്നത്. ഈ സുന്ദര ദൃശ്യം ഇന്നില്ല. വയൽ വളച്ച് കെട്ടി കോണ്ക്രീറ്റ് സൗധങ്ങൾക്കും തെങ്ങുകൃഷിക്കും വഴിമാറി. വൈലത്തൂരിൻ്റെ പരിസര പ്രദേശത്തിൻ്റെയും കുടിവെള്ള സംഭരണിയായിരുന്ന ഈ വയൽ അപ്രത്യക്ഷമായതോടെ ഈപ്രദേശത്തെയാകമാനം ജലക്ഷാമം രൂക്ഷമായി ബാധിച്ചു.

ഒരതിക്കല്ല്:

മേയുന്ന പശുക്കൾക്ക് മേനി ചൊറിയുന്നതിന് ചെങ്കല്ല് നീളത്തിൽ വെട്ടി മണ്ണിൽ കുഴിച്ചു നാട്ടിനിറുത്തും.ഇതിനാണ് “ഒരതിക്കല്ല്" എന്നു പറയുന്നത്. ഇതിൻ്റെ അടുത്ത് വന്നാണ് പശുക്കൾ മേനി ചൊറിയുന്നത്. കാലികൾക്ക് വെള്ളം കുടിക്കാനുള്ള കരിങ്കൽ/ചെങ്കൽ 'ചാടികൾ' എന്ന പാത്രങ്ങൾ എല്ലാ പ്രദേശത്തും അക്കാലത്തു ണ്ടായിരുന്നു.

അമ്മങ്കുളം

ആന, പശു, പോത്ത് എന്നീമൃഗങ്ങളെ കുളിപ്പിക്കാൻ കൊണ്ടുവന്നിരുന്നത് അമ്മങ്കുളത്തിലേക്കായിരുന്നു. ഒരു ഏക്കറോളം സ്ഥലത്ത് വിശാലമാണ് ഈ കുളം, വണ്ടിക്കാരും അവരുടെ കാള, മൂരി, പോത്ത് എന്നിവയെ ഇവിടെ നിന്നാണ് കഴുകിയിരുന്നത്. പുതിയങ്ങാടി, കല്ലിങ്ങൽ, പുത്തെൻതെരു, കാട്ടിൽ തങ്ങൾ ജാറം നേർച്ച, എന്നിവക്ക് കൊണ്ടുവരുന്ന ആനകളെയും; ഈ പ്രദേശങ്ങളിലെ കാലികളെയും അമ്മങ്കുളത്തിലായിരുന്നു കുളിപ്പിച്ചിരുന്നത്. മൃഗങ്ങളെ ഒരു കരയിലും ആളുകൾ കുളിച്ചിരുന്നത് പള്ളിക്കടുത്ത മറുകരയിലുമായി രുന്നു.

അമ്മങ്കുളങ്ങര പള്ളി

ഏറെ പഴക്കമുള്ള പള്ളിയാണ് അമ്മങ്കുളങ്ങര പള്ളി, ഉയർന്ന മതപഠന കേന്ദ്രമായിരുന്നു ഇത്. അനേകം പേർ ഇവിടത്തെ ദർസിൽനിന്നും പഠിച്ച് പണ്ഡിതന്മാരും 'വാഇളീങ്ങളു(മതപ്രഭാഷകർ )മായിട്ടുണ്ട്.

ചിലവിൽ ജുമാമസ്‌ജിദ്

മമ്പുറം ഉപ്പാപ്പയുടെ നിർദ്ദേശപ്രകാരം ഉണ്ടാക്കിയ പള്ളിയാണ് ചിലവിൽ ജുമാ മസ്‌ജിദ്. കുന്നശേരി മൊയ്‌തീനാണ് പള്ളി പണി കഴിപ്പിച്ചത്. തുടക്കത്തിൽ ചെറിയ ഒരു പള്ളിയായിരുന്നു. വൈലത്തൂർ പ്രദേശത്തെ ആളുകളുടെ പ്രധാന ജുമുഅത്തു പള്ളി ഇതായിരുന്നു.

വൈലത്തൂരിന്റെ കാളവണ്ടിക്കാർ

നെടിയോടത്ത് മൊയ്തീൻ കുട്ടി, ഈങ്ങാപള്ളി കുഞ്ഞയമു, മങ്ങാട്ടിയിൽ ഉമ്മർകുട്ടി, കുഞ്ഞിക്കോയ മണ്ണിങ്ങപ്പാട്ടിൽ, കണ്ണാഞ്ചേരി ചേക്കുഹാജി, നന്ദനിൽ ബീരാൻഹാജി, കുമ്മാളിൽ കമ്മു കുട്ടി ഇവരൊക്കെ കാളവണ്ടിക്കാരായിരുന്നു. അതിൽ കൂലിക്കോടിക്കുന്ന ആളുകളും ഉണ്ടായിരുന്നു. തിരൂർ, തലക്കടത്തൂർ, കോട്ടക്കൽ, കൽപകഞ്ചേരി, വളാഞ്ചേരി, മഞ്ചേരി, താനൂർ ഭാഗങ്ങളിലേക്ക് വൈലത്തൂരിൽ നിന്നും ചരക്കുമായി പോകും. തിരിച്ച് വരുമ്പോൾ അമ്മി, ഉലക്ക, പഞ്ചസാര, ശർക്കര, മറ്റുവീട്ടുസാധനങ്ങളുമായി വരും. പോകുന്ന വഴികളിൽ തണലുനോക്കി കാളകളെ നിർത്തി വെള്ളവും തീറ്റയും കൊടുക്കും. അതിനുള്ള സാധനങ്ങൾ വണ്ടിക്കാർ നേരെത്തെ കരുതിക്കൊണ്ടു പോവുകയായിരുന്നു പതിവ്.

ലാടംകെട്ടൽ

ഇപ്പോൾ മലപ്പുറം റോഡിലെ പെട്രോൾ പമ്പ് സ്ഥിതി ചെയ്യുന്ന സഥലം മുമ്പ് കാളകൾക്കും പോത്തുകൾക്കും കാലിൽ ലാടംതറക്കുന്ന സ്ഥലമായിരുന്നു. വണ്ടിക്കായി ഉപയോഗിക്കുന്ന മൃഗങ്ങളുടെ കാലിലാണ് ലാടം തറച്ചിരുന്നത്. കാളകളുടെ കുളമ്പിന്റെ ആകൃതിയിൽ (ചെറുചന്ദ്രക്കലപോലെ) ഇരുമ്പുകൊണ്ട് കൊല്ലന്മാരുണ്ടാക്കുന്ന ലാടം; മൃഗത്തിൻ്റെ കൈകളും കാലുകളും കൂട്ടിക്കെട്ടി നിലത്തുകിടത്തി കുളമ്പിൻ്റെ അടിയിൽ ആണിയടിച്ച് തറക്കുന്നതാണ് ലാടം കെട്ടൽ. ഇത് വാഹനമായി ഉപയോഗിക്കുന്ന മൃഗങ്ങൾക്ക് നടക്കാൻ സഹായത്തിനു വേണ്ടിയായിരുന്നു. ധാരാളം നടക്കുന്ന കാലികളുടെ കുളമ്പ് തേഞ്ഞ് പോകുന്നത് ഒഴിവാക്കാനായിരുന്നു ലാടം കെട്ടിയിരുന്നത്. തിരൂർ, കോട്ടക്കൽ ഭാഗങ്ങളിൽ നിന്ന് മൃഗങ്ങളെ ലാടംകെട്ടാൻ കൊണ്ടുവന്നിരുന്നത് വൈലത്തൂരിലേക്കായിരുന്നു. ലാടം തറച്ചകാലുമായി പ്രത്യേക താളത്തിൽ റോഡിലൂടെ കാളകൾ വണ്ടിവലിച്ച് ചരക്കു തീവണ്ടി പോലെ നിര നിരയായി നടന്നുനീങ്ങും.

വൈലത്തൂരിലെ കോടതി

അന്ന് എല്ലാ കാര്യങ്ങളും തീരുമാനിക്കലും മദ്ധ്യസ്ഥം പറയലും അങ്ങാടിയുടെ കാരണവരായ കൊയറ്റിയിലെ (പറമ്പാട്ട്) മുഹമ്മദ് കുട്ടിയാണ്. ഇദ്ദേഹം ഇത് ചെയ്‌തിരുന്ന സ്ഥലത്തിന് 'കോടതി' എന്ന് പറഞ്ഞിരുന്നു. അഥവാ, പണ്ടുകാലങ്ങളിലെ കുടുംബകോടതി, നാട്ടുകൂട്ടം കോടതി എന്നിവയുടെ അവസാനകാല രൂപം. വൈലത്തൂരിലായിരുന്നു 'കോടതി' ചേർന്നിരുന്നത്.

വൈലത്തൂർ അങ്ങാടി

താനൂർ, തിരൂർ, കോട്ടക്കൽ, വളാഞ്ചേരി, കോഴിച്ചെന റോഡുകൾ സംഗമിക്കുന്ന ഇടമാണ് വൈലത്തൂർ അങ്ങാടി. അങ്ങാടിയിൽ ആദ്യകാലത്ത് മുറുക്കാൻ പീടികകളും ചെറിയ ചായക്കടകളും മാത്രമാണ് ഉണ്ടായിരുന്നത്. താനൂർറോഡ് വന്നുചേരുന്ന സ്ഥലത്ത് ഒരു വലിയ വട്ടക്കിണർ ഉണ്ടായിരുന്നു. ഇത് ബ്രിട്ടീഷുകാർ നിർമിച്ചതാണെന്ന് പറയപ്പെടുന്നു. പരിസര പ്രദേശങ്ങളിലെ ആളുകൾ വെള്ളം ഉപയോഗിച്ചിരുന്നത് ഈ കിണറ്റിൽ നിന്നായിരുന്നു. റോഡ് വികസനത്തിൻ്റെ പേരിൽ അത് മണ്ണിട്ട് മൂടി.എല്ലാ കടകളും അന്ന് ഓലമേഞ്ഞതായിരുന്നു. റാഹത്ത് ഹോട്ടൽ, അൽ അമീൻ ഹോട്ടൽ, സിദ്ധീഖ് ഹോട്ടൽ, മലായ ഹോട്ടൽ, ഡിലക്‌സ് ഹോട്ടൽ, പ്രഭാകരൻ വൈദ്യരുടെ വൈദ്യശാല, ടി.വി കാസ്മ‌ിയുടെ കട,അമ്പല മുസ്ലിയാരുടെ ബുക്ക് സ്റ്റാൾ, പരമ്പര വൈദ്യശാല ഇതൊക്കെ പ്രമുഖ കടകളായിരുന്നു. ചാത്തേരി തായുകാക്കാൻ്റെ ചായക്കട, അസൈനാറാക്കാന്റെ ചായക്കട, മാഞ്ചപ്പുറത്ത് പറങ്കുചായക്കട, ചോയുണ്ണി ചായക്കച്ചോടം, പറപ്പാത്തിയിൽ രായീൻ ഹാജി പലചരക്കുകട, മാട്ടുമ്മൽ മിതീൻ, ശ്രീധരൻ നായർ എന്നിവരുടെ കടകളും അതിൽ പെടും. പാട്ടാവാ, ഇടുക്കിലെ മിതീൻ കുട്ടി കാക്ക, ചോലക്കാട്ടിൽ മമ്മുട്ടിഹാജി മുറുക്കാൻ കട, പരീക്കുട്ടികാക്ക പല ചരക്ക്കട എന്നിവയും ഉണ്ടായിരുന്നു. ചായക്കടകളിൽ കുറിക്കല്യാണങ്ങൾ 'പെട്ടിപ്പാട്ട്' സഹിതം നടക്കുക പതിവായിരുന്നു. നാട്ടുകാരുടെ വിവാഹം, പുരകെട്ടി മേയൽ തുടങ്ങിയ വിവിധ ആവശ്യങ്ങൾക്കായി ഇത്തരം കടകളിൽ വെച്ച് കുറിക്കല്ല്യാണങ്ങൾ നടത്തിയിരുന്നു.

ബംഗ്ലാവ്‌കുന്ന്:

വൈലത്തൂരിന് തൊട്ടടുത്ത് (കിഴക്കുഭാഗത്ത്) സ്ഥിതിചെയ്യുന്ന ബംഗ്ലാംകുന്ന് എന്ന ബംഗ്ലാവ്കുന്ന് ചെറിയമുണ്ടത്തിൻ്റെ ചരിത്രപൈതൃകമാണ്. പൊന്നാനിക്കും മലപ്പുറത്തിനുമിടയിൽ ബ്രിട്ടീഷുകാർ (തുക്കിടിസായിപ്പും സംഘവും) 146 വർഷംമുമ്പ് ഇടത്താവളമായി ഉപയോഗി ച്ചിരുന്ന ഇടമായിരുന്നത്രെ ഇത്. '21 ലെ മലബാർ കലാപകാലത്ത് തടങ്കൽ പാളയമായും ബ്രിട്ടീഷുകാർ ഇവിടം ഉപയോഗിച്ചിരുന്നു. കാലപ്പഴക്കം കൊണ്ട് തകർന്നു പോയ ബംഗ്ലാവ്കെട്ടിടത്തിൻ്റെയും സായിപ്പിൻ്റെ കുതിരപ്പന്തിയുടെയും അവശിഷ്ടങ്ങൾ ഇപ്പോഴും അവിടെ കാണാവുന്നതാണ്. ബാക്കിയായി നിലനിന്നിരുന്ന ഒരു ചെറുബിൽഡിംഗിലാണ് ഈയടുത്തകാലം വരെയും ചെറിയമുണ്ടം വില്ലേജ് ഓഫീസ് പ്രവർത്തിച്ചുവന്നിരുന്നത്. (പിന്നീടത് സ്വന്തമായ പുതിയ കെട്ടിടത്തിലേക്ക് മാറി.) ഇതിനുപുറമെ ദൃശ്യമനോഹരമായ ബംഗ്ലാവ്കുന്നിൽ ചെറിയമുണ്ടം ഗ്രാമപഞ്ചായത്ത് ഓഫീസും പൊന്മുണ്ടം വില്ലേജ് ഓഫീസും സ്വന്തം കെട്ടിടങ്ങളിൽ പ്രവർത്തിച്ചുവരുന്നു.

ചൂട്ട്കച്ചവടം

ഏകദേശം അറുപത് കൊല്ലംമുമ്പ് വരെ വൈലത്തൂർ അങ്ങാടി സന്ധ്യയായാൽ കൂരിരുട്ടിലായിരു ന്നു. അപൂർവ്വം ചില കടകളിൽ മാത്രം 'പെട്രോമാക്സ്' എന്ന വിളക്കുണ്ടായിരുന്നു. പിന്നെ പാനീസ്, റാന്തൽ, മണ്ണെണ്ണ വിളക്ക് എന്നിവയാണ് ഉപയോഗിച്ചിരുന്നത്. അങ്ങാടിയിൽ നിന്നും വീട്ടിലെത്താൻ ചൂട്ടാണ് ഉപയോഗി ച്ചിരുന്നത്.വൈദ്യുതി ഇല്ലാത്ത കാലം ചൂട്ട് കച്ചവടം ആയിരുന്നു വൈകുന്നേരങ്ങളിലെ പ്രധാന കച്ചവടം. വലിയ മണ്ണെണ്ണ വിളക്കത്തായിരുന്നു ചൂട്ട് കച്ചവടം നടന്നിരുന്നത്. അതൊരു ഉപജീവനമാർഗ്ഗമായിട്ടായിരുന്നു ആളുകൾ കണ്ടിരുന്നത്. മൂന്ന് തരം ചൂട്ടുകളാണ് അന്ന് വിറ്റിരുന്നത്. ഓലച്ചൂട്ട്, അരിപ്പാച്ചൂട്ട്, കൊതുമ്പുചൂട്ട് എന്നിവ. അരിപ്പാച്ചൂട്ട്, കൊതുമ്പു ചൂട്ട് എന്നിവ പെട്ടെന്ന് കത്തിതീരില്ല. ഒരുപാട് ദൂരം യാത്ര ചെയ്യുന്നവരാണ് അവ വാങ്ങിയിരുന്നത്. ചൂട്ടുകൾ വിറ്റിരുന്നത് പ്രധാനമായും സ്ത്രീകളായിരുന്നു. കുഞ്ഞിപ്പാത്തു, കുഞ്ഞിക്കദിയാമ, വെള്ളക്കാച്ചി മറിയം എന്നിവർ ഇവരിൽ പ്രമുഖരായിരുന്നു. അവരുടെ വീടുകളിൽ തന്നെയായിരുന്നു നിർമ്മാണവും കച്ചവടവും നടത്തിയിരുന്നത്. പിന്നീട് ബാറ്ററി ടോർച്ച് വന്നതോടെ ഈ കച്ചവടം പതിയെ വഴിമാറി.

കപ്പാളയും മീൻകോമ്പയും

മീനും സാധനങ്ങളും കൊണ്ടുപോകാൻ വേണ്ടി കമുങ്ങിൻ്റെ പാള ഉപയോഗിച്ച് ഉണ്ടാക്കുന്ന ഒരു തരം പാത്രമാണ് കപ്പാള. ഇന്നത്തെ പ്ലാസ്റ്റിക്ക് സഞ്ചിയുടെ ഉപയോഗം; ഉണക്കപ്പാള വെള്ളത്തിലിട്ട് കുതിർത്ത് നടുഭാഗം അകത്തേക്ക് മടക്കി ഇരുവശവും പച്ചീർക്കിൾ തുണ്ടുകൊണ്ട് തുന്നിച്ചേർത്താൽ ഉൾഭാഗം ഒഴിവുള്ള തൂക്കിപ്പിടിക്കാവുന്ന പാത്രമായി. ഇതാണ് കപ്പാള. മത്സ്യവും മറ്റു ചില്ലറ സാധനവുമെല്ലാം വീട്ടില്ലേക്ക് കൊണ്ടു പോകാൻ ഇതു ഉപയോഗിക്കും. ഒരു കാൽ (രണ്ട് ചില്ല്) ഒരു മുക്കാലോ ആണ് ഒന്നിനു വില. ഇതിന്റെ കച്ചവടക്കാർ മത്സ്യം വിൽക്കുന്നിടത്തും മറ്റും ധാരാളമായിരുന്നു. പച്ച ഓലക്കൊടിയിൽ കോമ്പകോർത്തും മത്തി, അയില, മുഷി, കടു തുടങ്ങിയ നാടൻ മീനുകൾ കൊണ്ടുപോകാറുണ്ടായിരുന്നു.

പൊന്മുണ്ടം പഞ്ചായത്ത്

സ്‌കൂൾ നിൽക്കുന്നത് പൊന്മുണ്ടം പഞ്ചായത്തിലാണ്. പുതുതായി രൂപീകരിച്ച പെരുമണ്ണ-ക്ലാരി പഞ്ചായത്ത് ഉൾപ്പെടുന്നതായിരുന്നു അന്നത്തെ പൊന്മുണ്ടം ഗ്രാമ പഞ്ചായത്ത്. കോഴിച്ചെന എം. എസ്.പി ക്യാമ്പ് ഉൾപ്പെടെ വളരെ വിസ്‌തൃതി കൂടിയ പഞ്ചായത്തായിരുന്നു ഇത്. സർക്കാർ തലത്തിലുള്ള സ്ഥലത്താണ് പൊന്മുണ്ടം ഗ്രാമ പഞ്ചായത്ത് കെട്ടിടം നിർമിക്കപ്പെട്ടത്. അവിടെ അലഞ്ഞു തിരിഞ്ഞു നടന്ന് വിളനശിപ്പിക്കുന്ന കാലികളെ പിടിച്ചുകെട്ടാൻ ആർക്കും സൗകര്യം നൽകുന്ന 'ആല'യും ഉണ്ടായിരുന്നു. പൊന്മുണ്ടം പഞ്ചായത്തിൻ്റെ ഇപ്പോൾ നിലവിലുള്ള 'രാജീവ് ഗാന്ധി സ്‌മാരക കെട്ടിടം' നിൽക്കുന്ന സ്ഥലം സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലായിരുന്നു. സ്വകാര്യവ്യക്തിയിൽ നിന്നും അത് ഗവൺമെന്റ്റ് ഏറ്റെടുത്ത് പഞ്ചായത്ത് ഓഫീസിന് വേണ്ടി കെട്ടിടം പണിയുകയായിരുന്നു. വൈലത്തൂർ ടൗണിന്റെയും പഞ്ചായത്തിൻ്റെയും പുരോഗതിക്ക് അത് ഏറെ ആക്കം കൂട്ടി. ഇതിനായി നേതൃത്വം നൽകിയ പാങ്ങാട്ട് ബാപ്പു ഹാജിയെ പോലുള്ളവരുടെ പരിശ്രമം പ്രത്യേകം സ്‌മരണീയമാണ്.ഇന്നത്തെപ്പോലെ പഞ്ചായത്ത് ഭരണസമിതിയിലേക്ക് വോട്ടെടുപ്പ് രീതി ഉണ്ടായിരുന്നില്ല. എല്ലാവരേയും ഒരു സ്ഥലത്ത് ഒരുമിച്ചുകൂട്ടി കൈ പൊക്കിയാണ് മെമ്പർമാരെ തിരഞ്ഞെടുത്തിരുന്നത്. കച്ചവടക്കാർ ഒരണ, ഒരുമുക്കാൽ എന്നീതോതിൽ കൂലി കൊടുത്തായിരുന്നു അവരുടെ കച്ചവടസ്ഥാപനങ്ങളുടെ മുൻവശം അടിച്ചു വൃത്തിയാക്കിയിരുന്നത്. രണ്ടുമാസക്കാലം അടിച്ചുവാരികൂട്ടുന്ന ചപ്പുചവറുകൾ 'ഒന്നിച്ച്' കൃഷിക്കാർ തെങ്ങിനും മറ്റും വളമായി ഉപയോഗിക്കാൻ വിലകൊടുത്ത് വാങ്ങാറുണ്ടായിരുന്നു. അങ്ങനെ അടിച്ചുവാരുന്ന തൊഴിലാളികൾക്ക് കിട്ടുന്ന 'ചെറിയ തുക' വലിയ അനുഗ്രഹമായിരുന്നു. '

ഐക്യ നാണയസംഘം'

എന്ന പേരിൽ പാലക്കപ്പറമ്പിൽ സൈതാലി മാസ്റ്ററും കുന്നശ്ശേരി മുഹമ്മദ്ഹാജിയും മറ്റുള്ളവരും ഒത്തൊരുമിച്ചതിൻ്റെ ഫലമാണ് പാവങ്ങളുടെ അത്താണിയായി പടർന്ന് പന്തലിച്ച് നിൽക്കുന്ന ഇന്നത്തെ പൊന്മുണ്ടം സഹകരണ ബേങ്ക്.

പാണ്ടികശാല

വൈലത്തൂർ വെറ്റില കൃഷിക്ക് പ്രസിദ്ധ മായിരുന്നു. സമീപപ്രദേശങ്ങളിലെ കൃഷിക്കാർ വെറ്റിലകൊണ്ടുവന്ന് കൊടുത്തിരുന്ന സ്ഥലമാണ് പാണ്ടികശാല. ഇവിടെ നിന്നുമായിരുന്നു വെറ്റില കയറ്റി അയച്ചിരുന്നത്. പ്രധാനമായും ആറുസ്ഥലങ്ങളിലേക്കാണ് കയറ്റി അയച്ചിരുന്ന ത്. കോഴിക്കോട്, തലശ്ശേരി, കണ്ണൂർ, ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ, ഇപ്പോ ഡൽഹി, അയൽ രാജ്യങ്ങളായ പാകിസ്ഥാൻ എന്നിവിടങ്ങളിലേക്കായിരുന്നു അത്. ഇവിടുത്തെ വെറ്റിലക്ക് ആഗോള വിപണിയിൽ അന്നത്തെ ബ്രാൻ്റുമായിരുന്നു 'വൈലത്തൂർ വെറ്റില'. ഇന്ന് ഭൗമസൂചികാ പദവി കരസ്ഥമാക്കി.സമീപ പ്രദേശങ്ങളിൽ നിന്നും വെറ്റിലയും തലച്ചുമടായും കാളവണ്ടിയിലും കൊണ്ടുവന്ന് പാണ്ടികശാലയിൽ കൊടുക്കും. അവിടെ നിന്ന് ഓല നടുചീന്തി കൊട്ട മെടഞ്ഞ് അതിൽ വെറ്റില"കണ്ണി'യായി വെക്കും. ഒരു കണ്ണിയിൽ ഇരുപത്തഞ്ച് മുതൽ നൂറ് വരെ വെറ്റില ഉണ്ടാകും. ഓലവല്ലത്തിന്റെ വലുപ്പം അനുസരിച്ച് ആയിരവും, ആയിരത്തി അഞ്ഞൂറും വരെ വെറ്റില ഉണ്ടാകും. ചെറിയകെട്ടുകൾ മുളങ്കൊട്ടയിലാണ് കൊണ്ടു പോയിരുന്നത്. വല്ലം(കൊട്ട) കെട്ടാൻ പാളയുടെ നാരാണ് ഉപയോഗിച്ചിരുന്നത്. വൈലത്തൂരിൽ നിന്ന് റാലി (വലിക്കുന്ന കൈവണ്ടി)യിൽ തിരൂരിലേക്ക് വലിച്ച് കൊണ്ടു പോകും. വണ്ടിയുടെ ചക്രങ്ങൾ മരത്തിൻ്റെതായിരുന്നു. പിന്നീട് കാളവണ്ടികൾ വന്നതോടു കൂടി അതിലായി കൊണ്ടുപോക്ക്. തിരൂർ റയിൽവെ സ്റ്റേഷനിൽ കൊണ്ടുപോയി അവിടെനിന്നും ഉത്തരേന്ത്യൻ ഭാഗങ്ങളി ലേക്ക് കയറ്റി അയക്കുകയായിരുന്നു പതിവ്. വൈലത്തൂരിൽ നിന്നും മലപ്പുറം, പെരിന്തൽമണ്ണ, മഞ്ചേരി, പാണ്ടിക്കാട് എന്നീ സ്ഥലങ്ങളിലേക്കും വെറ്റില കയറ്റി അയച്ചിരുന്നു. കാളവണ്ടിയായിരുന്നു ഇതിന് ഉപയോഗിച്ചിരുന്നത്. തിരൂരിൽ ട്രെയിനിറങ്ങുന്ന പട്ടാളക്കാർ പാണ്ടികശാലയുടെ മുമ്പിലൂടെയാണ് മാർച്ച്‌ചെയ്‌ത്‌ മലപ്പുറം ക്യാമ്പിലേക്ക് നടന്നു പോയിരുന്നത്. തിരൂരിൽ നിന്നും താനൂരിൽ നിന്നും ഉണക്ക മത്സ്യം കാളവണ്ടികളിൽ കിഴക്കൻ ഭാഗങ്ങളിലേക്ക് കൊണ്ടു പോയിരുന്നത് വൈലത്തൂർ വഴിയാണ്.

ചിലവിൽ ശിവക്ഷേത്രം

വളരെ പ്രാചീനകാലത്തുള്ള ഒരു ക്ഷേത്രമാണ് ചിലവിൽ ശിവക്ഷേത്രം. വെട്ടത്ത് രാജാവ് പണികഴിപ്പിച്ച ഒരു ക്ഷേത്രമാണിത്. മഹാദേവനെ പ്രതിഷ്‌ഠിച്ച ദിനത്തിലാണ് പ്രതിഷ്‌ഠാദിനവും, പ്രധാന ഉത്സവങ്ങളും നടക്കുന്നത്. തൊട്ടടുത്ത് ക്ഷേത്ര കുളമുണ്ട്. പഴയ കാലത്ത് സവർണർക്ക് മാത്രമേ ക്ഷേത്രത്തിൽ പ്രവേശനമുണ്ടായിരുന്നുള്ളൂ. അത് പോലെതന്നെ അമ്പലക്കുളത്തിലേക്കും. സവർണർ കുളിച്ച് ശുദ്ധമായി ക്ഷേത്ര ദർശനം നടത്തിയതിന് ശേഷമാണ് പ്രദേശത്തെ ആളുകൾ ഭക്ഷണം കഴിക്കാറുള്ളത്. അതായിരുന്നു ഇവിടുത്തെ ചിട്ടയും പാരമ്പര്യവും. കാലം മാറിയപ്പോൾ അവർണർക്കും. കുളത്തിൽ കുളിക്കാമെന്നും അമ്പലത്തിൽ പ്രവേശിക്കാമെന്നുമായി.

നരിമട

താനൂർ കടപ്പുറത്തുനിന്നും തുടങ്ങി നിലമ്പൂർ വരെ പോകുന്ന ഒരു ഗുഹയാണ് നരിമടയെന്നുപറയുന്നത്. ഇത് ടിപ്പുസുൽത്താൻ്റെ കാലത്ത് യുദ്ധത്തിന് വേണ്ടി ഉണ്ടാക്കിയതാണെന്നു പറയപ്പെടുന്നു. സൈന്യങ്ങളെ അങ്ങോട്ടുമിങ്ങോട്ടും നീക്കാൻ വേണ്ടി ഭൂമിക്കടിയിലൂടെ ഉള്ള തന്ത്രപരമായ ഒരു വഴിയാണിത്. ഈ സ്ഥലം ഇപ്പോൾ ഒഴൂർ ഗ്രാമപഞ്ചായത്തിലെ വെള്ളച്ചാൽ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്നു. ഇത് പിൽക്കാലത്ത് അടഞ്ഞുപോയതാണെന്നു പറയപ്പെടുന്നു.

കാളപൂട്ട് മത്സരം

അത്താണിക്കൽ ചെലൂർ ഭാഗത്ത് 'കാള പൂട്ട്' എന്ന വിനോദം സജീവമായിരുന്നു. ഇത് അക്കാലത്ത് സമ്പന്നരുടെ വിനോദമായിരുന്നു. വെള്ളവും ചെളിയും നിറഞ്ഞ വയലിൽ കാളകളെ ഓടിച്ച് വേഗതയിൽ ഓടി ജയിക്കുന്ന കാളകൾക്കു മോഹവിലയായിരുന്നു. അതിലേറെ പണം ചെലവാക്കിയാണ് മത്സരകാളകളെ പോറ്റിയിരുന്നത്. കാളപൂട്ടു മത്സരം ഒരു ലഹരിയായി അതിനുവേണ്ടി എല്ലാം വിറ്റു തുലച്ചവർ ഉണ്ടായിരുന്നത്രെ പണ്ട്. വീടിനു മുമ്പിലെ വൈക്കോൽ കൂനയും കാലികളെ കെട്ടുന്ന തൊഴു ത്തിന്റെ കള്ളിയും ആയിരുന്നു തറവാടിൻ്റെ പ്രൗഡിയുടെ ചിഹ്‌നങ്ങൾ.ചെലൂർ പാടത്ത് കാളപൂട്ട് കണ്ടം ഉണ്ടായിരുന്നത് തറേങ്ങൽ ബീരാൻ കുട്ടിക്കായിരുന്നു. മുഹമ്മദ് എന്ന ബാപ്പു കുഴിക്കരക്കാട്ടിൽ, പരീക്കുട്ടികാക്ക പറപ്പാത്തിയിൽ, അയ്യായിലെ അപ്പോചരനും സി.പി ബാപ്പുഹാജിയും, മേടമ്മൽ ഇസ്മാഇൽ പയ്യനങ്ങാടി, തപാൽക്കാരൻ ബീരാൻകുട്ടി തലക്കടത്തൂർ, എടരിക്കോട് കമുങ്ങിൽ അലവി, ചെമ്പ്ര കൊച്ചുണ്ണി മൂപ്പൻ, ചെമ്പ്ര കമ്മുക്കുട്ടി മൂപ്പൻ, നന്ദനിൽ മുഹമ്മദ് ഹാജി പകര, കുരിക്കൾ കുഞ്ഞുഹാജി വാരാണാക്കര, കന്മനം അഷ്റഫ്, കുഞ്ഞുമുഹമ്മദ് വാണിയന്നൂർ ഇവരൊക്കെ അന്നത്തെ വലിയ കൃഷിക്കാരും കാള പൂട്ടുമത്സരക്കാരുമായിരുന്നു. ഇവരുടെ പിന്തുടർച്ചക്കാരായി വൈലത്തൂർ അത്താണിക്കലിലെ സൈതലവി എന്ന ബാവഹാജി പറപ്പാത്തിയിൽ (പഴംന്തോട്ടത്തിൽ) കാളകളുമായി പിന്നീട് വൈലത്തൂരിനെ പ്രതിനിധീകരിച്ച് പൂട്ടിന് പോയ വരാണ്. പൂട്ടു കണ്ടങ്ങളിൽ 'പറപ്പാത്തിയിൽ മോൻ വൈലത്തൂർ' എന്നപേരിൽ ഇദ്ദേഹത്തിൻ്റെ ഉരുക്കൾ ചീറിപ്പായുന്നത് ഈ പ്രദേശത്തെ കാളപൂട്ടു പ്രേമികൾക്ക് ഹരം പകരുന്ന കാഴ്ച്ചയാണ്.

സഗീതം; കല

1950 കാലഘട്ടം മുതൽക്ക് തന്നെ വൈലത്തൂരിൽ സംഗീതത്തിനു വേണ്ടി ക്ലബ്ബുകൾ നിലനിന്നിരുന്നു. വൈലത്തൂരിൻ്റെ പല കെട്ടിടത്തിലും നാലോ അഞ്ചോ ആളുകൾ കൂടിയിരുന്ന് പാട്ടുകളും ചർച്ചകളും നടത്തിയിരുന്നു. പല ക്ലബ്ബുകൾക്കും അന്ന് പേരുകൾ ഉണ്ടായിരുന്നില്ല. വൈകുന്നേരങ്ങളിൽ ഹാർമോണിയം, തബല, ഡ്രംസ് എന്നിവയുമായി മെലഡി സിനിമാഗാനങ്ങളും, മാപ്പിളപ്പാട്ടുകളും, ഹിന്ദിഗാനങ്ങളും പരിശീലിക്കുകയും പാടി രസിക്കുകയുമായിരുന്നു പതിവ്. മുഹമ്മദ് റഫിയും കിഷോർ കുമാറും അനശ്വരമാക്കിയ ഗാനങ്ങളും ഗസലും നാടിന് താളമേകി. പിന്നീട് വൈലത്തൂരിൽ പേരെടുത്ത ക്ലബ്ബുകളായിരുന്നു സ്വ‌പ്ന ആർട്‌സും, കൈരളി ആർട്സ് ആൻ്റ് സ്പോർട്‌സും. 'സ്വപ്‌ന ആർട്‌സിൻ്റെ' കീഴിൽ നാടകവും സഗീതവും പഠിപ്പിച്ചിരുന്നു. 'അടക്കാകളത്തിൽ' (ഇപ്പോൾ മാർക്കറ്റ് നിൽക്കുന്ന സ്ഥലം) വലിയ സ്റ്റേജ്കെട്ടി ഇടക്കിടെയും വർഷന്തോറും ദിവസങ്ങൾ നീണ്ട സംഗീതപരിപാടിയും അരങ്ങേറിയുന്നു. ഹാർമോണിയം, തബല എന്നിവ പരിശീലിപ്പിക്കുന്ന കേന്ദ്രങ്ങൾ ഇവിടെയുണ്ടായിരുന്നു.തിരൂർഷാ, യൂനുസ് മാഷ് എന്നിവരായിരുന്ന പരിശീലകർ. കെ.എം.കെ മുഹമ്മദ്‌കുട്ടികാക്ക, കള്ളിക്കൽ ഹൈദ്രു,കൃഷ്ണൻകുട്ടി, പറമ്പാട്ട് അലിയെളാപ്പ, സുന്ദരൻ കാവിലകത്ത്, നെടിയോടത്ത് മുഹമ്മദ്കുട്ടി, ഇലക്ട്രിക്കൽ അബ്ദുഹിമാൻ, പട്ടാണി ബാവ, പലാകോടൻ അസ്ലം. മലായ ബാവ, ഖാദർ മാഷ്, പുല്ലാട്ട് ഹുസൈൻ, ബാവ തിരൂർ,നാസർ കൊഴറ്റിയിൽ, പ്രഭ, രഞ്ജിത്ത്, ഹനീഫ കെ, ഖമറുദ്ധീൻ കുറ്റിപ്പാല എന്നിവർ അതിൻ്റെ പാട്ടുകാരും അണിയറ പ്രവർത്തകരും ആയിരുന്നു.കല്യാണ വീടുകളിലും  സ്കൂൾ വാർഷികങ്ങളിലും പോയി ഇവർ പാട്ടു കച്ചേരികൾ നടത്തിയിരുന്നു. രാത്രിയിൽ ക്ലബ്ബിൽ മെഹഫിലും നടത്തും. പഴയ ക്ലബ്ബുകൾ ഇപ്പോൾ നിലനിൽക്കുന്നില്ലെങ്കിലും വൈല ത്തൂരിൽ 'കൈരളി കലാ സാംസ്‌കാരിക സമിതി ' ഇപ്പോഴുമുണ്ട്. പക്ഷേ പ്രവർത്തകരാരും പഴയത് പോലെ സജീവമായി രംഗത്തില്ല. കലാകായിക രംഗത്ത് തിളങ്ങിനിന്ന വ്യക്തിത്വങ്ങൾ ഒരുപാട് ഉണ്ട്. പ്രത്യേകിച്ച് ബീഡി തൊഴി ലാളികൾ. നാടകവും സംഗീതവും അവരുടെ തൊഴിലിനോട് ഇഴുകിചേർന്നതായിരുന്നു. 'ഇത് ഭൂമിയാണ്', 'അബ്‌ദുറസാഖ്', എന്നീ നാടകങ്ങൾ അക്കൂട്ടത്തിൽ എടുത്തു പറയേണ്ടതാണ്. 'അബ്‌ദുറസാഖ്' എന്ന നാടകത്തിൽ അബ്ദു റസാഖായി അഭിനയിച്ചത് തേറമ്പത്ത് കുഞ്ഞഹമ്മദ് കുട്ടി എന്ന ബീഡിതെറുപ്പുകാരനായിരുന്നു.

കൈരളി ആർട്സ് ആന്റ്റ് സ്പോർട്‌സ്

യുവാക്കളിലുള്ള സർഗ്ഗകഴിവുകളെ പരിപോഷിപ്പിക്കുവാനായി രൂപീകരിച്ച ഒരു കലാസംഘടനയായിരുന്നു കൈരളി ആർട്സ് ആന്റ് സ്പോർട്‌സ്. വിജയൻ വി, ടൈലർ മുഹമ്മദ് കുട്ടി, നാസർ കൊയറ്റിയിൽ, പ്രഭാ ചെറിയമുണ്ടം, രഞ്ജിത്ത്, ഹനീഫ കെ, പുല്ലാട്ട് സിദ്ധീഖ്, കമറുദ്ധീൻ കുറ്റിപ്പാല, അഷ്റഫ് കുണ്ടിൽ, കരീം പൊന്മുണ്ടം, ഷാഫി വൈലത്തൂർ, അഷ്റഫ് നടുവഞ്ചേരി, റാഷിദ് പി.കെ, സലീം ബാബു എൻ എന്നി വർ ഇതിന്റെ പ്രവർത്തകരും ഇതിലൂടെ വളർന്നു വന്ന കലാ കാരന്മാരുമാണ്. ഗാനമേളകളും സംഗീതം പഠിപ്പിക്കലും നാടകങ്ങളും നടത്തിയിരുന്നു. 'തീൻമുറിയിലെ ദുരന്തം' എന്ന നാടകം ഇതിൽ പ്രശസ്‌തമാണ്. കൈരളിയുടെ കീഴിൽ 'ജ്വാല ഫിലിം സൊസൈറ്റി' അടക്കാകളത്തിൽ തുണികെട്ടി സിനിമകൾ പ്രദർശിപ്പിക്കാറുമുണ്ടായിരുന്നു. പുതുതലമുറയിൽ അനസ് ബാബു, വാച്ച്മേക്കർ ബാവ, ഫെയ്‌മസ് അമീർ, അൻവർ പന്നിക്കണ്ടത്തിൽ എന്നിവർ പ്രവർത്തകരാണ്.അക്കാലത്ത് നിലനിന്നിരുന്ന രണ്ട് ക്ലബ്ബുകളായിരുന്നു പൊന്മുണ്ടം ക്രിയേഷൻസ് ക്ലബ്ബും, ഒ.എസ്.പി.യും.

വോളിബോൾ

വൈലത്തൂർ ഒരു വലിയ അങ്ങാടിയായി വികസിക്കുന്നതിന് മുമ്പു തന്നെ അടക്കാകളത്തിൽ വോളിബോൾ മത്സരങ്ങൾ നടക്കാറുണ്ടായിരുന്നു. വൈകുന്നേരങ്ങളിൽ ഒരു കൂട്ടം ചെറുപ്പക്കാർ ഇവിടെ സ്ഥിരമായി കളിക്കാറുണ്ടായിരുന്നു. പിന്നീട് അവിടെ വലിയ ടൂർണമെന്റു കൾ വരെ നടന്നിരുന്നു. ഈ അടുത്തും പ്രമുഖ ദേശീയ-സംസ്ഥാന ടീമുകളെ പങ്കെടുപ്പിച്ച് വോളിബോൾ മത്സരം വൈലത്തൂരിൽ നടന്നിരുന്നു. വൈലത്തൂരിനു സ്വന്തമായി ടീമും ഉണ്ടായിരുന്നു, ചില ദിവസങ്ങളിൽ പുറത്ത് നിന്ന് പല ടീമുകൾ വന്ന് മത്സരങ്ങൾ സംഘടിപ്പിക്കാറുണ്ടായിരുന്നു. ആസ്വാദകരമായി ധാരാളം കാണികളും എത്തുമായിരുന്നു. പി.ടി കുഞ്ഞുമുഹമ്മദ് മാഷ്, സി.കെ. ഉസ്മാൻഹാജി, ഇന്ത്യൻ അയമു, നന്ദനിൽ അബ്‌ദുറഹ്‌മാൻ മാഷ്, പറാപ്പാത്തിയിൽ മജീദ്, നെച്ചിക്കാടൻ ബാവ, ഖാദർ മാഷ്, അത്താണിക്കൽ ഏന്തീൻകാക്ക തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു കളി.

വൈലത്തൂർ വികസനസമിതി

പൊന്മുണ്ടം പഞ്ചായത്തിൻ്റെ പ്രധാന വ്യാപാര കേന്ദ്രമായ വൈലത്തൂരിൻ്റെ വികസന ലക്ഷ്യം മുൻനിർത്തി രൂപംനൽകിയ സമിതിയാണ് 'വൈലത്തൂർ വികസന സമിതി'. സമൂഹത്തിൻ്റെ നാനാ തുറകളിൽ നിന്നുള്ള ആളുകളുടെ കൂട്ടായ ശ്രമത്തിൻ്റെ ഫലമാണ് ഈ സമിതി. കെ.എസ്.ഇ.ബി ഓഫീസ്, സെക്‌ഷൻ ഓഫീസ്,പ്രാഥമിക ആരോഗ്യകേന്ദ്രം, അഴുക്കുചാൽ നവീകരണം എന്നിവയെല്ലാം വികസന സമിതിയുടെ പ്രവർത്തന ഫലമാണ്. മുൻകാലങ്ങളിൽ വൈലത്തൂർ ടൗണിൽ തണൽ വിരിച്ചിരുന്ന ഒട്ടേറെ ചീനി മരങ്ങൾ ഉണ്ടായിരുന്നു. അവ മുഴുക്കെയും നട്ടുപരിപാലിച്ചത് ഇവരായിരുന്നു. റോഡ് നവീകരണത്തിനായി പിന്നീട് അവയെല്ലാം വെട്ടി മാറ്റി. വികസന സമിതി ഇന്നും സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. ഇതിന് നേതൃത്വം നൽകിയിരുന്നത് ആർ.സി സൈതലവി, കള്ളിക്കൽ ഹൈദ്രു, റിട്ട. പോളിടെക്‌നിക്കൽ പ്രിൻസിപ്പാൾ കെ അമീറലി, കണ്ണഞ്ചേരി അബ്‌ദുറഹ്‌മാൻ മാസ്റ്റർ,റിട്ട. സബ് രജിസ്ട്രാർ എം ശ്രീധരൻ, കാവിലകത്ത് സുന്ദരൻ, പറമ്പാട്ട് അലി, ബാപ്പുട്ടി ഹാജി പറപ്പാത്തിയിൽ, പി.ടി മമ്മുക്കുട്ടി, പി.ടി, മമ്മി, മൊയ്‌തീൻ മാഷ് എന്നിവരായിരുന്നു. ഇതിൻ്റെ കീഴിൽ വൈലത്തൂർ ചെസ്സ് ക്ലബ്ബ്, പലിശ രഹിത കുറി എന്നിവ ഇപ്പോഴും പ്രവർത്തിക്കുന്നു

.