എ.എം.എൽ.പി.എസ്. പണിക്കർകുണ്ട്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

നാടൊട്ടുക്ക് സ്വാതന്ത്ര്യസമരം കൊടുമ്പിരി കൊണ്ടിരുന്ന കാലം. അന്ന് വിദ്യാഭ്യാസപരമായും സാമൂഹ്യപരമായും സാമ്പത്തികമായും ഏറെ പിന്നോക്കാവസ്ഥയിലായിരുന്നു കോട്ടക്കലിനടുത്ത ഈ പ്രദേശം. മാത്രമല്ല വർഗീയമായ ചേരിതിരിവുകൾ കൂടി അക്കാലത്ത് ശക്തമായി നിലനിന്നിരുന്നതായി പഴമക്കാർ പറയുന്നു.ഇത്തരം പ്രശ്നങ്ങളിൽ നിന്നും മുക്തി നേടി നാട് പുരോഗതി കൈവരിക്കണമെങ്കിൽ വിദ്യാഭ്യാസപരമായി മുന്നേറാതെ കഴിയില്ലെന്ന് തിരിച്ചറിഞ്ഞ വിദ്യാസമ്പന്നനായ പത്തായത്തിങ്ങൽ വേലുക്കുട്ടി അവർകൾ സ്ഥലത്തെ പൗരപ്രമുഖരിൽ ഒരാളായിരുന്ന വളപ്പിൽ അലവിക്കുട്ടി അവർകൾ നൽകിയ സ്ഥലത്ത് 1934ൽ ഒരു ഓത്തുപള്ളിസ്ഥാപിച്ചു. പിന്നീട് 1936ൽ ഈ സ്ഥാപനത്തിന് മദ്രാസ് ഗവൺമെന്റിന്റെ അംഗീകാരം ലഭിച്ചു. ശ്രീ പത്തായത്തിങ്ങൽ വേലുക്കുട്ടി അവർകൾ തന്നെയായിരുന്നു ആദ്യത്തെ മാനേജരും. ശ്രീ പത്തായത്തിങ്ങൽ നാരായണൻ മാസ്റ്ററായിരുന്നു ആദ്യത്തെ ഹെ‍ഡ്മാസ്റ്റർ.അന്ന് 1 മുതൽ 5 വരെ ക്ലാസുകളാണ് ഉണ്ടായിരുന്നത്. ഇന്ന് 1മുതൽ 4 വരെ പ്രൈമറി ക്ലാസുകളും കൂടാതെ 2പ്രീ പ്രൈമറി ക്ലാസുകളും പ്രവർത്തിക്കുന്നു.

ശ്രീ പത്തായത്തിങ്ങൽ വേലുക്കുട്ടി അവർകൾക്ക് ശേഷം ശ്രീ പത്തായത്തിങ്ങൽ സുബ്രഹ്മണ്യൻ, ശ്രീ പത്തായത്തിങ്ങൽ കുണ്ടു, ശ്രീമതി പത്തായത്തിങ്ങൽ അമ്മാളുക്കുട്ടി ടീച്ചർ, ശ്രീ പത്തായത്തിങ്ങൽ ശശികുമാർ മാസ്റ്റർ എന്നിവരും മാനേജർമാരായിരുന്നിട്ടുണ്ട്. ശ്രീ വളപ്പിൽ മൊയ്തീൻകുട്ടി ഹാജി എന്നവരാണ് ഇപ്പോഴത്തെ മാനേജർ.