എൽ പി എസ് നരിപ്പറ്റ സൗത്ത്/ചരിത്രം
നരിപ്പറ്റ പഞ്ചായത്തിലെ ഇന്നത്തെ 12ാം വാർഡിൽ 1939ൽ ആണ് ഇന്ന് നരിപ്പറ്റ സൗത്ത് എൽ.പി.സ്കൂൾ എന്നറിയപ്പെടുന്ന മഞ്ചാംകണ്ടി സ്കൂളിന്റെ ജനനം. 7747/13-3-1939 എന്ന ഓർഡർ നമ്പറിലാണ് സ്കൂളിന് അംഗീകാരം കിട്ടിയത്. സ്കൂളിന് 29 സെന്റ് സ്ഥലം സർവ്വേ നമ്പർ 62/3 റി.സ.ന. 96/5 നരിപ്പറ്റ പഞ്ചായത്തിൽ കൂടി കടന്നുപ്പോകുന്ന കക്കട്ട് കൈവേലി റോഡിന്റെ ഓരത്ത് ' മണ്മിയൂർത്താഴ' എന്ന് സ്ഥലത്താണ് ഈ വിദ്യാലയം. തുടക്കത്തിൽ കുനിയിൽ കുഞ്ഞമ്പുമാസ്റ്റർ എന്ന പഴയ അധ്യാപകനായിരുന്നു മാനേജർ. സർക്കാർ ശമ്പളം നൽകുന്ന രീതി അന്നുണ്ടായിരുന്നില്ല. ശമ്പളത്തിനായി അധ്യാപകർ മാനേജരുടെ വീട്ടുപടി കയറിയിറങ്ങേണ്ടി വരുന്ന സ്ഥിതിയായിരുന്നു അന്ന്.പിന്നീട് ഇതേ വിദ്യാലയത്തിലെ അധ്യാപികയായിരുന്ന യശോദ ടീച്ചർ സ്കൂൾ വിലയ്ക്ക് വാങ്ങി. അവർ പ്രൈമറി വിദ്യാലയം എന്ന നിലയ്ക്ക് സ്കൂൾ നന്നായി നടത്തികൊണ്ടുപോകാൻ ശ്രമിച്ചു. ആ കാലത്തെ പ്രധാന അധ്യാപകൻ ശ്രീ. പാറക്കൽ പൊക്കിണൻ മാസ്റ്ററായിരുന്നു. പിന്നീട് ശ്രീ. സി എച്ച്. കുഞ്ഞിരാമൻ മാസ്റ്റർ പ്രധാന അധ്യാപകനായി. ആ കാലത്ത് സ്കൂൾ താഴെ ഭാഗത്തു നിന്നും ഇന്ന് സ്ഥിതിച്ചെയ്യുന്ന ഭാഗത്തേക്ക് മാറ്റി സ്ഥാപിച്ചു. 200ൽ അധികം വിദ്യാർത്ഥികളും 8 അധ്യാപകരുമായി നന്നായി നടന്നുപോകുന്ന ഒരു സ്ഥാപനമായി ഈ വിദ്യാലയം മാറി.