എൽ.എം.യൂ.പി.എസ്.അടിമലത്തുറ/അക്ഷരവൃക്ഷം/ഓസോൺ പാളിയിലെ ഏറ്റവും വലിയ ദ്വാരം തനിയെ അടഞ്ഞു...April 27, 2020...

Schoolwiki സംരംഭത്തിൽ നിന്ന്
ഓസോൺ പാളിയിലെ ഏറ്റവും വലിയ ദ്വാരം തനിയെ അടഞ്ഞു...April 27, 2020...

ലണ്ടൻ: ഓസോൺ പാളിയിലെ ഏറ്റവും വലിയ ദ്വാരം തനിയെ അടഞ്ഞതായി ശാസ്ത്രജ്ഞർ. ആർട്ടികിന് മുകളിലായുണ്ടായിരുന്ന ഓസോൺ പാളിയിലെ ഒരുമില്യൺ സ്ക്വയർ കിലോമീറ്റർ വലിപ്പമുള്ള ദ്വാരമാണ് അടഞ്ഞതായി കണ്ടെത്തിയിരിക്കുന്നത്. യൂറോപ്യൻ ഉപഗ്രഹ സംവിധാനമായ കോപ്പർനിക്കസ് ആണ് ഈ ആശ്വാസകരമായ കണ്ടെത്തൽ നടത്തിയത്. അസാധാരണമായി അന്തരീക്ഷത്തിലുണ്ടാവുന്ന മാറ്റങ്ങൾ മൂലമാണ് ഈ ദ്വാരമുണ്ടായതെന്നാണ് വിദഗ്ധർ പറയുന്നത്. കൊവിഡ് 19 മഹാമാരിക്കിടെ ശാസ്ത്രലോകത്തിനും പരിസ്ഥിതി പ്രവർത്തകർക്കും ഏറെ ആശ്വാസകരമായിട്ടുള്ളതാണ് പുതിയ വാർത്ത.

മാർച്ച് അവസാനത്തോടെയാണ് ഉത്തരവധ്രുവത്തിനു മുകളിൽ ഓസോണിൽ ദ്വാരം കണ്ടെത്തിയത്. ചർമ്മ കാൻസറിനു കാരണമായ സൂര്യന്റെ അൾട്രാവയലറ്റ് വികിരണങ്ങളിൽ നിന്ന് ഓസോൺ പാളിയാണ് ഭൂമിയെ സംരക്ഷിക്കുന്നത്. പലതരം രാസവസ്തുക്കളാണ് ഓസോൺ പാളിയുടെ നാശത്തിന് കാരണമാകുന്നത്. ഓസോണിനെ നശിപ്പിക്കുന്ന വാതകങ്ങൾ ആഗോളതാപനത്തിന് കാരണമാകുന്ന ഹരിതഗൃഹ വാതകങ്ങൾ കൂടിയാണ്.

തണുത്ത വായു ധ്രുവ പ്രദേശത്തേക്ക് എത്തിക്കുന്ന പോളാർ വോർട്ടെക്സ് (Polar vortex) എന്ന പ്രതിഭാസമാണ് ഓസോണിലെ വിള്ളലിനും അതിലെ മാറ്റങ്ങൾക്കും കാരണം.അന്തരീക്ഷ താപനില മൈനസ് 42ഡിഗ്രിക്ക് താഴെയെത്തുന്നിടത്താണ് ഓസോൺ ശോഷണം ഏറ്റവുമധികം നടക്കുക. അതുകൊണ്ടാണ് ദക്ഷിണ ധ്രുവത്തിന് മുകളിൽ ഓസോൺ വിള്ളൽ ആദ്യം പ്രത്യക്ഷപ്പെടുന്നത്.

റോസി പത്രോസ്
7 എൽ എം യൂ പി സ്കൂൾ, അടിമലത്തുറ.
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം