എൻ. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ഇരിങ്ങാലക്കുട

കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ഒരു പട്ടണമാണ് ഇരിഞ്ഞാലക്കുട.

പ്രശസ്തമായ കൂടൽമാണിക്യം ക്ഷേത്രം ഇരിഞ്ഞാലക്കുടയിലാണ് സ്ഥിതിചെയ്യുന്നത്.

കേരളത്തിൽ ഏതാണ്ട് മുന്നൂറുവർഷം മുൻപ് ജീവിച്ചിരുന്ന ഉണ്ണായി വാര്യർ ജനിച്ചത് ഇരിഞ്ഞാലക്കുടയിലാണ്. കഥകളിക്ക് അദ്ദേഹം വിലമതിക്കാനാവാത്ത സംഭാവനകൾ നൽകിയിട്ടുണ്ട്. അദ്ദേഹത്തിന്റെ സംഭാവനകളിൽ നളചരിതം ആട്ടക്കഥയും രാമായണത്തിലെയും മഹാഭാരതത്തിലെയും മറ്റ് ആട്ടക്കഥകളും ഉൾപ്പെടും.

കൂടിയാട്ടം കലാകാരനും രാജ്യം പത്മശ്രീ, പത്മഭൂഷൺ ബഹുമതികൾ നൽകി ആദരിക്കുകയും ചെയ്ത അമ്മന്നൂർ മാധവചാക്യാരുടെ ജന്മദേശവും ഇതാണ്. ഇന്ന് സാഹിത്യലോകത്ത് പ്രശസ്തനായ സച്ചിദാനന്ദനും സിനിമാ പിന്നണി ഗായകനായ പി. ജയചന്ദ്രനും സിനിമാ നടന്മാരായ ടോവിനോ തോമസ്, അനുപമ പരമേശ്വരൻ, ഇന്നസെന്റ്, ഇടവേള ബാബു എന്നിവരും ബാലസാഹിത്യകാരൻ കെ.വി. രാമനാഥനും ഈ നാടിന്റെ സംഭാവനകൾ ആണ്.

കെ.പി.എൽ ഓയിൽ മിത്സ്, കെ.എൽ.എഫ് ഓയിൽ മിത്സ് കെ.എൽ.എഫ് ഓയിൽ, അലേങ്ങാടൻസ് മെറ്റൽസ്, ഡെലീഷ്യസ് കശുവണ്ടി, കെ.എസ്. കാലിത്തീറ്റ, ചന്ദ്രിക ആയുർവേദിക് സോപ്പ്, ചാമ്പ്യൻ പടക്ക നിർമ്മാണശാല, സി.കെ.കെ മെറ്റൽസ്, പപ്പായി ഐസ്ക്രീംസ്, തുടങ്ങിയ വ്യവസായങ്ങൾ ഇരിഞ്ഞാലക്കുടയിലാണ് സ്ഥാപിച്ചിരിക്കുന്നത്.

ഇരിഞ്ഞാലക്കുടയിൽ രണ്ട് സുന്ദരമായ പഴയ ക്രിസ്തീയ ദേവാലയങ്ങൾ ഉണ്ട്. സെൻറ് തോമസ് കത്തീഡ്രൽ ഇതിൽ ഒന്നാണ്. ജനസംഖ്യയുടെ ഒരു വലിയ ഭാഗവും ക്രിസ്ത്യാനികളാണ്. പ്രധാനമായും സീറോ മലബാർ കത്തോലിക്കാ വിശ്വാസികളാണ് കൂടുതൽ.

  • കൂടൽമാണിക്യം ക്ഷേത്രോത്സവം ഏപ്രിൽ / മെയ് മാസങ്ങളിലാണ് നടക്കുന്നത്. ഇത് 10 ദിവസം നീണ്ടു നിൽക്കും.
  • പിണ്ടിപ്പെരുന്നാൾ (ഇടവക ഉത്സവം) എല്ലാ വർഷവും ജനുവരി രണ്ടാമത്തെ ആഴ്ച നടത്തുന്നു. ഈ ഉത്സവം 3 ദിവസം നീണ്ടുനിൽക്കും.


തൃശ്ശൂർ പട്ടണത്തിൽ നിന്ന് 20 കിലോമീറ്റർ അകലെയാണ് ഇരിഞ്ഞാലക്കുട. ഇരിഞ്ഞാലക്കുട റെയിൽ‌വേ സ്റ്റേഷൻ ഇരിഞ്ഞാലക്കുട പട്ടണത്തിൽ നിന്നും 8 കിലോമീറ്റർ അകലെയായി ചാലക്കുടിയിലേക്കുള്ള വഴിയിൽ കല്ലേറ്റുംകരയിലാണ്. ചാലക്കുടി 16 കിലോമീറ്റർ കിഴക്കായി ആണ്. ക്ഷേത്ര നഗരമായ കൊടുങ്ങല്ലൂർ ഇരിഞ്ഞാലക്കുടയ്ക്ക് 18 കിലോമീറ്റർ തെക്കാണ്. ഇടത്തിരിഞ്ഞി ഇരിഞ്ഞാലക്കുടയിൽ നിന്നും 4 കിലോമീറ്റർ അകലെയാണ്. പല തീവണ്ടികളും തൃശ്ശൂരിൽ മാത്രമേ നിറുത്താറുള്ളൂ.