എസ് എൻ എച്ച് എസ് എസ്, ശ്രീകണ്ഠേശ്വരം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

ശ്രീനാരായണ ഗുരുദേവന്റെ പാദസ്പർശത്താൽ അനുഗ്രഹീതമായി തീർന്ന പൂച്ചാക്കൽ ശ്രീകണ്ഠേശ്വരം മഹാദേവ ക്ഷേത്രത്തിനു സമീപം എസ് എൻ എച്ച് എസ് ശ്രീകണ്ഠേശ്വരം എന്ന പേരിൽ 1984 ഏപ്രിൽ ഒന്നിന് പ്രവർത്തനം ആരംഭിച്ച സ്കൂൾ ഇന്ന് ആലപ്പുഴ ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നാണ്.

വിദ്യാഭ്യാസപരമായി മേധാവിത്തം നേടിയാലേ ചൂഷണത്തിൽ നിന്നും മോചനം നേടാനാവുകയുള്ളു എന്ന സത്യം തിരിച്ചറിഞ്ഞ ശ്രീ നാരായണ ഗുരുദേവൻവിദ്യകൊണ്ട് സ്വതന്ത്രരാ കുവാൻ ആഹ്വാനം ചെയ്തു. ആലപ്പുഴ ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ പ്രതിഷ്ഠ നടത്തിയ ഗുരുദേവൻ ചേർത്തല താലൂക്കിലെ പാണാവള്ളി ഗ്രാമത്തിൽ ശ്രീകണ്ഠേശ്വരത്ത് മലയാളവർഷം 1097ൽ ശിവ പ്രതിഷ്ഠ നടത്തിയപ്പോൾ ഈ ദേശത്ത് മലയാളക്കര മുഴുവൻ ശ്രദ്ധിക്കപ്പെടുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ വളർന്നുവരും എന്ന് ഗുരു മനസ്സിൽ കണ്ടിരിക്കാം.

സാധാരണക്കാരായ കയർ തൊഴിലാളികളും മത്സ്യത്തൊഴിലാളികളും പകലന്തിയോളം അന്നത്തിനു വേണ്ടി കഷ്ടപ്പെടുമ്പോൾ അവരുടെ മക്കളെ ദൂര ദേശത്ത് വിട്ട് വിദ്യ അഭ്യസിക്കുവാൻ നിർവാഹം ഇല്ലായിരുന്ന കാലത്ത് ശ്രീകണ്ഠേശ്വരം 544 നമ്പർ ശാഖാ യോഗത്തിന് കീഴിൽ ഒരു ഹൈസ്കൂൾ തുടങ്ങുവാൻ ശാഖായോഗം പ്രവർത്തകർക്ക് അതിയായ ആഗ്രഹം ഉണ്ടാവുകയും എന്നാൽ അതിനുവേണ്ട സ്ഥല സൗകര്യങ്ങൾ ശാഖ യോഗത്തിന് ഇല്ലാതെ വരികയും ചെയ്ത സാഹചര്യത്തിൽ ശ്രീകണ്ഠേശ്വരം ശ്രീനാരായണ ധർമ്മ സംരക്ഷണ യോഗം ( എസ് എൻ ഡി പി യോഗം ) ഒരേക്കർ 69 സെന്റ് സ്ഥലവും ശാഖായോഗം പ്രസിഡന്റ് ശ്രീ. കെ കെ രാജപ്പൻ ഒരേക്കർ 33 സെന്റ് സ്ഥലവും നൽകിയതുകൊണ്ടാണ് ഹൈസ്കൂൾ സ്ഥാപിക്കുവാൻ സാധിച്ചത്. മന്ത്രിയും ചേർത്തല എംഎൽഎയും ആയിരുന്ന യശശരീരനായ ശ്രീ പി എസ് ശ്രീനിവാസൻ മുൻകൈയ്യെടുത്ത് സ്ഥല നിർണയം നടത്തുകയും 1984-ൽ ശ്രീ.എം ജേക്കബ് വിദ്യാഭ്യാസ മന്ത്രിയായിരിക്കെ സ്കൂൾ അനുവദിച്ചു ഉത്തരവിറക്കുകയും ചെയ്തു.

1978 കുന്നേ പറമ്പിൽ ശ്രീ കെ രാജപ്പൻ പ്രസിഡന്റ് ആയുള്ള 544 നമ്പർ എസ്എൻഡിപി ശാഖ യോഗത്തിന് 11 അംഗ ഭരണസമിതി അധികാരമേൽക്കുമ്പോൾ ശാഖാ യോഗത്തിന്റെ ആസ്തി വെറും 77 രൂപ മാത്രമായിരുന്നു. സ്വന്തം പേരിൽ ഒരു സെന്റ് സ്ഥലം പോലുമില്ലാതിരുന്ന ശാഖ യോഗത്തിന് കീഴിൽ ഇന്ന് ഒരു ഹൈസ്കൂൾ, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി,ബിഎഡ് കോളേജ് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വളർന്നുവന്നത് ശാഖായോഗം പ്രസിഡണ്ടായ ശ്രീ കെ കെ രാജപ്പന്റെ നിശ്ചയദാർഢ്യവും കഠിനപ്രയത്നവും മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളുടെയും ശാഖായോഗം പ്രവർത്തകരുടെയും പൊതുജനങ്ങളുടെയും ശക്തമായ പിന്തുണയും സർവ്വോപരി ഗുരുദേവന്റെ കാരുണ്യവും കൊണ്ട് മാത്രമാണ്.

1984 -ൽ മൂന്ന് ഡിവിഷനുകളിലായി 103 വിദ്യാർത്ഥികളും, ശ്രീ ടി പി കുമാരൻ, ശ്രീമതിമാർ ബി ലൈല,പി ഇന്ദിരാദേവി,കെപി സുലേഖ, കെ വി കല,എൽ ലളിത എന്നീ അധ്യാപകരും ക്ലർക്ക് ജോർജ്ജ് തോമസും ഓഫീസ് സ്റ്റാഫ് ആർ സദാനന്ദനും ചേർന്ന് ഹൈസ്കൂൾ പ്രവർത്തനമാരംഭിച്ചു. 1987-ൽ ആദ്യ ബാച്ച് എസ്എസ്എൽസി പരീക്ഷയ്ക്ക് 96% വിജയത്തോടെ, എ വി വത്സൻ സാറിന്റെ നേതൃത്വത്തിൽ സ്കൂൾ ജൈത്ര യാത്ര ആരംഭിച്ചു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം