എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/അക്ഷരവൃക്ഷം/വീണ്ടുമൊരു അതിജീവന പാതയിൽ

Schoolwiki സംരംഭത്തിൽ നിന്ന്
വീണ്ടുമൊരു അതിജീവന പാതയിൽ…….

ഇന്ന് ലോകം മുഴുവൻ കൂരാകൂരിരുട്ടിലാണ്. കണ്ണുകൊണ്ട് കാണാൻ സാധിക്കാത്ത ഒരു കുഞ്ഞൻ വൈറസ് ഈ ലോകത്തെ തന്റെ കൈകളിൽ അമ്മാനമാടുകയാണ്. ആ കുഞ്ഞനെ ലോകം മഹാമാരിയെന്ന് വിശേഷിപ്പിച്ചു പോരുന്നു. ഇന്നീ ലോകം ഒരു അതിജീവന പാതയിലാണ്. ചൈനയിലെ ഒരു ചെറിയ ഗ്രാമമായ വുഹാനിൽ ജന്മം കൊണ്ട, നമ്മൾ മഹാമാരിയെന്ന് വിശേഷിപ്പിക്കുന്ന ആ കുഞ്ഞന്റെ യഥാർത്ഥ നാമം നോവൽ കൊറോണ വൈറസ്, അവനുണ്ടാക്കുന്ന അസുഖം കോവിഡ് - 19. ലോകത്തെ ഇന്ന് മുൾമുനയിൽ നിർത്തി രസിക്കുകയാണ് ആ കുഞ്ഞൻ വൈറസായ കൊറോണ . മാർച്ച് മാസം മുതൽ വുഹാനിൽ നിന്ന് ലോകമെമ്പാടും ഒരു മഹാമാരിയായി കൊറോണ വൈറസ് അലയടിച്ചു തുടങ്ങി. ഡിസംബറിൽ വെറുമൊരു വൈറസ് രോഗം എന്ന രീതിയിൽ കണ്ട കോവിഡ് മാനവരാശിയെ അത്ഭുതപ്പെടുത്തും രീതിയിൽ ലോകമെമ്പാടും താണ്ഡവം ആടുകയാണ്, മനുഷ്യരെ മുൾമുനയിൽ നിർത്തിക്കൊണ്ട് . പ്രതിവിധി പോലും കണ്ടു പിടിക്കാനാകാതെ ലോകം വിറച്ചു നിൽക്കുകയാണ്. പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ ഭേദമില്ലാതെ എല്ലാ മനുഷ്യരേയും കൊറോണ കയ്യടക്കിയിരിക്കുന്നു.

14-ാം നൂറ്റാണ്ടിൽ ജനസംഖ്യയുടെ മൂന്നിലൊരു ഭാഗം കവർന്നെടുത്ത പ്ലേഗ്, മൂവായിരം വർഷങ്ങൾക്കു മുമ്പ് ഇന്ത്യ, ഈജിപ്റ്റ് എന്നിവിടങ്ങളിലെ 46 ശതമാനം ജനങ്ങളുടെ ജീവനപഹരിച്ച വസൂരി (സ്മോൾ പോക്സ്), എലിപ്പനി (ലെപ്റ്റോസ്പൈറോസിസ് ) ഇങ്ങനെ നിരവധി രോഗങ്ങൾ മുമ്പും മാനവരാശിയുടെ ജീവന് ഭീഷണിയായിത്തീർന്നിട്ടുണ്ട്. അതിനെയെല്ലാം നമ്മൾ അതിജീവിച്ചിട്ടുമുണ്ട്. ഇന്ന് ലോകം മുഴുവൻ ഒറ്റക്കെട്ടായി നിന്നാണ് ഈ മഹാമാരിയെ അതിജീവിക്കുന്നത്. ഇന്ത്യയിൽ ആദ്യമായി കൊറോണ വൈറസ് രേഖപ്പെടുത്തിയത് നമ്മുടെ കൊച്ചു കേരളത്തിലാണ്. എന്നാൽ നിപയേയും രണ്ടു പ്രളയത്തേയും അതിജീവിച്ച കേരളം ഇതും അതിജീവിച്ചു പൂർവ്വാധികം ശക്തിയോടെ, ഒട്ടും മലയാളത്തിൻ വീര്യം ചോരാതെ. പിന്നീട് വീണ്ടും കേരളത്തിൽ കൊറോണ വൈറസ് ഉഗ്രതാണ്ഡവം ആടിയപ്പോൾ അതോടൊപ്പം മറ്റ ഇന്ത്യൻ സംസ്ഥാനങ്ങളും ഈ മഹാമാരിയിൽ കുടുങ്ങിപ്പോയത് സങ്കടകരമായിരുന്നു. അതിന്റെ ആഘാതം ഇപ്പോഴും തുടരുന്നു. ആയിരത്തിലധികമാളുകളുടെ ജീവൻ പൊലിഞ്ഞു. ഇപ്പോഴും കൊറോണയുടെ കയ്യിൽ അമ്മാനമാടുകയാണ് പതിനായിരത്തിലേറെ ജീവനുകൾ. കേരളം മാത്രമല്ല, ഇന്ത്യയോ അല്ല, ഈ ലോകം മുഴുവനാണ് ഈ മഹാമാരിയിൽ അകപ്പെട്ടു കിടക്കുന്നത്. , ഇതിൽ നിന്നുള്ള അതിജീവനം ഒന്നു മാത്രം ശുചിത്വം. ശുചിത്വത്തിലൂടെ ഈ മഹാമാരിയെ പിടിച്ചു നിർത്താൻ സാധിക്കും. ഈ മഹാമാരി ഇന്ത്യയിൽ വീശിയപ്പോൾ അധികം വൈകാതെ ഇന്ത്യ നാല് ചുമരുകൾക്കുള്ളിൽ ജീവിതം നയിക്കാൻ തുടങ്ങി. രാജ്യമൊട്ടാകെ ലോക്ഡൗൺ പ്രഖ്യാപിച്ചു. ജനജീവിതം സ്തംഭിച്ചു. പ്രഥമ അവസരത്തിൽ ഇതിനോട് യോജിക്കാൻ മാനവരാശിക്ക് സാധ്യമല്ലായിരുന്നു. പെട്ടെന്നൊരു ദിവസം വീട്ടിനുള്ളിലിരിക്കാൻ പറഞ്ഞാൽ  ഉൾക്കൊള്ളാൻ ആർക്കായാലും സാധ്യമല്ല. പലരുടെയും മാനസിക സമ്മർദ്ദം ഉയർന്നു. എന്നാൽ അതും ഒരു അതിജീവന മാർഗ്ഗമാണ് എന്ന് മനസ്സിലാക്കി ജനങ്ങൾ അതും അംഗീകരിച്ചു. 

ഇന്ന് നാം ഭൂമിയിൽ ജീവിക്കുന്ന ദൈവങ്ങളെ കണ്ടു തുടങ്ങിയിരിക്കുന്നു, അവരുടെ കൂടെ നിൽക്കുന്ന മാലാഖമാരേയും. ഡോക്ടർമാരും നഴ്സുമാരും ഭൂമിയിൽ ജീവിച്ചിരിക്കുന്ന ദൈവങ്ങളാണ് ജനങ്ങൾക്ക്. സ്വജീവന് വില കല്പിക്കാതെ കൊറോണ വൈറസ് ബാധിതരെ പരിചരിക്കുന്ന അവരല്ലേ ശരിക്കുള്ള ദൈവങ്ങൾ! നാം എന്നും ബഹുമാനത്തോടെ സ്നേഹിക്കേണ്ട അവർക്ക് ശക്തിയും ധൈര്യവും പകർന്നു കൊടുക്കേണ്ടത് നമ്മുടെ കടമയാണ്. തന്റെ വീട്ടുകാരേയും കുടുംബത്തേയും ഉപേക്ഷിച്ച് ഇന്നവർ രോഗികളെ പരിചരിക്കുന്നുണ്ടെങ്കിൽ അതിനു കാരണം തന്റെ ജോലിയോടുള്ള ആത്മാർത്ഥത മാത്രമല്ല, നല്ല ഒരു നാളേയ്ക്കുള്ള പ്രയത്നം കൂടിയാണ്. അവരെ 'നമ്മൾ സ്നേഹിക്കണം. ഒരിക്കലും അവഗണിക്കരുത്. അവർ കരുത്തിന്റെ അടയാളമാണ്. അവർ തങ്ങളുടെ ജീവിതത്തിലൂടെ നമുക്കേവർക്കും ഒരു മാതൃകയാവുകയാണ്. അപ്പോൾ പിന്നെ ഭൂമിയിൽ ജീവിച്ചിരിക്കുന്ന ദൈവങ്ങൾ അവരും അതുപോലെ ഈ രോഗത്തിനെ ചെറുക്കാൻ കൂടെ നിൽക്കുന്ന ഓരോരുത്തരുമാണ്. മാനവരാശിയുടെ ഉത്ഭവം മുതൽ കേട്ടുകേൾവിയുള്ളതാണ്  "ഒന്നും അസാദ്ധ്യമല്ല " എന്ന് . അതെ, നമ്മൾ അതിജീവിക്കും ഈ മഹാമാരിയെ.
ഈ കൊറോണക്കാലം എപ്പോഴും നാശമേ വിധിച്ചിട്ടുള്ളൂ എന്ന് പറയാൻ സാധിക്കില്ല. വേറൊരു രീതിയിൽ ചിന്തിച്ചാൽ കൊറോണ വൈറസ് മൂലം അല്പമെങ്കിലും നല്ലത് സംഭവിച്ചിട്ടില്ലേ ? ചീത്ത വശങ്ങൾ ചിന്തിക്കുന്ന നമുക്കൊന്നു മാറ്റി ചിന്തിച്ചാലോ? ഒരു ആശ്വാസത്തിന് . കൊറോണ വിപത്തിന്റെ ആരംഭം മുതൽക്കേ നാം ലോക്ഡൗണിലായി.  ഈ കാലം നമ്മുടെ ഉള്ളിലെ കഴിവുകളെ പുറത്തു കൊണ്ടുവരാൻ പ്രയോജനപ്രദമായി. ജോലിയുള്ളവർക്ക് വിശ്രമിക്കാനുള്ള കാലമായി. കുടുംബവുമായി നാം ഏറെ അടുത്തു. ലോകത്തിനെ ഒന്നായി കാണാൻ സാധിച്ചു. പ്രകൃതിയുമായി ഇണങ്ങി. വീടിന്റെ ചുറ്റുപാടുകൾ വൃത്തിയാക്കി, ശുചിത്വം വർദ്ധിച്ചു, മാതാപിതാക്കളും കുട്ടികളും ജോലിയുടെയും പഠനത്തിന്റെയും തിരക്കിൽ നിന്ന് ചെറുതായി പുറത്തേക്ക് വന്നതോടെ പല കുടുംബങ്ങളും സ്വർഗ്ഗമായി. സ്വന്തം കഴിവുകൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് പ്രശസ്തി രേഖപ്പെടുത്താൻ സാധിച്ചു. അങ്ങനെ എത്രയോ അധികം. പ്രകൃതിക്കണ്ടായ മാറ്റങ്ങൾ നോക്കൂ. വാഹനങ്ങളുടെ തിരക്ക് കറഞ്ഞതോടെ വായു മലിനീകരണം കുറഞ്ഞു. പുഴയിലേയും വഴിയിലേയും മാലിന്യങ്ങൾ കുറഞ്ഞു പരിസ്ഥിതി വുത്തിയായി. ഇങ്ങനെയാണെങ്കിൽ കൊറോണക്കാലം നല്ലതല്ലേ?
ലോകമെമ്പാടും ഇന്ന് ഭീതിയിലാണ്. എത്രയോ ലക്ഷം പേർ ആണ് രോഗബാധിതരായിട്ടുള്ളത്. രണ്ട് ലക്ഷത്തിലേറെ പേരുടെ ജീവൻ നഷ്ടപ്പെട്ടു. തന്റെ ബന്ധുക്കൾ കൊറോണ ബാധിച്ചു മരിക്കുമ്പോൾ ഒരു നോക്കു കാണാൻ പോലും സാധിക്കാതെ എത്രയോ വോർ ഇന്ന് സങ്കടക്കടലിൽ ആഴ്ന്നിരിക്കുന്നു. ലോക്ഡൗണിലായി ഒരു മാസം പിന്നിട്ടിരിക്കുന്നു. ഈ ആഘാതം മൂലം എത്രയോ പേർ കഷ്ടപ്പെടുന്നു. അവർക്ക് കൈത്താങ്ങായി നമ്മുടെ സർക്കാരും ആരോഗ്യ പ്രവർത്തകരും കൂടെയുണ്ട്. ഒപ്പം ജനങ്ങളും. എത്ര പേരാണ് തനിക്കുള്ളതിലൊരു പങ്ക്  ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. അവർക്കൊക്കെ പ്രണാമം. നമ്മളോരോരുത്തരും ഇന്ന് വിജയികളാണ് കാരണം കൊറോണ മാറണമെങ്കിൽ സർക്കാരോ ആരോഗ്യ പ്രവർത്തകരോ മാത്രം വിചാരിച്ചാൽ പോര കാ രോ കൊച്ചു കുട്ടിയും ഈ യജ്ഞത്തിഭാഗമാണ്. കാരണം നമുക്ക് അതിജീവിക്കണം. ഇത് ജീവനു വേണ്ടിയുള്ള യുദ്ധമാണ്.  ഇന്ന് കേരളവും ഇന്ത്യയം ലോക മാതൃകയാണ്. നമ്മുടെ ആരോഗ്യ പ്രവർത്തനം ഏവർക്കും മാതൃകായിക്കഴിഞ്ഞിരിക്കുന്നു. സന്തോഷിക്കാം അമിതമായിട്ടല്ല , പ്രാർത്ഥനയോടെ. കേരളത്തിൽ നിന്ന് കൊറോണ പതിയെ മായുകയാണ്. എന്നാൽ നമ്മുടെ അയൽ സംസ്ഥാനങ്ങളെ ഒന്നോർക്കുക , ലോകത്തെ പറ്റി ചിന്തിക്കുക. അവർക്കീ പിടിയിൽ നിന്ന് ശമനം കിട്ടിയിട്ടില്ല. നാം മലയാളികൾ കേരളത്തിലീ വൈറസിന്റെ വ്യാപനം കുറയുമ്പോൾ ആഘോഷിക്കരുത്. ലോകം മുഴുവൻ ഒറ്റക്കെട്ടായി നിൽക്കണം. ഒരു നാൾ ഈ മഹാമാരി ലോകത്തിൽ നിന്ന് മാനവരാശി തുടച്ചു നീക്കും ഒരു നല്ല ലോകത്തിനായി നമുക്ക് ഒറ്റക്കെട്ടായി ഈ കോവിഡിനെതിരെ യുദ്ധം ചെയ്യാം..... ഒരു നല്ല നാളേക്കായി ശാരീരിക അകലം പാലിച്ച് മുന്നേറാം.....

അനുശ്രി കെ എസ്
10 ബി എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര
തൃശ്ശൂർ വെസ്റ്റ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 09/ 01/ 2022 >> രചനാവിഭാഗം - ലേഖനം