എസ്. വി.യു.പി.എസ് കൊണ്ടാഴി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കൊണ്ടാഴി

തൃശ്ശൂർ ജില്ലയിലെ, തലപ്പിള്ളി താലൂക്കിൽ പഴയന്നൂർ ബ്ലോക്കിലാണ് കൊണ്ടാഴി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.

കൊണ്ടാഴി ഗ്രാമ പഞ്ചായത്ത്

മായന്നൂർ, കൊണ്ടാഴി, ചേലക്കോട് എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന കൊണ്ടാഴി ഗ്രാമപഞ്ചായത്തിന് 29.89 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്. 15 വാർഡുകളുള്ള ഈ പഞ്ചായത്തിന്റെ അതിരുകൾ കിഴക്കുഭാഗത്ത് ചീരക്കുഴി പുഴയും പഴയന്നൂർ പഞ്ചായത്തും പടിഞ്ഞാറുഭാഗത്ത് ചേലക്കര, പാഞ്ഞാൾ പഞ്ചായത്തുകളും, ഭാരതപ്പുഴയും, തെക്കുഭാഗത്ത് പഴയന്നൂർ, ചേലക്കര പഞ്ചായത്തുകളും, വടക്കുഭാഗത്ത് ഭാരതപ്പുഴയുമാണ്. തൃശ്ശൂർ ജില്ലയുടെ വടക്കേ അറ്റത്തായി പാലക്കാട് ജില്ലയോട് ചേർന്ന്, രണ്ടു വശവും പുഴയും, ഒരു വശം മലയും അതിർത്തിയിടുന്ന നിമ്നോന്നത പ്രദേശമാണ് കൊണ്ടാഴി പഞ്ചായത്ത്. പൊതുവേ പടിഞ്ഞാറുനിന്ന് കിഴക്കോട്ട് ചരിഞ്ഞുകിടക്കുന്ന പഞ്ചായത്തിന്റെ മൊത്തം വിസ്തീർണ്ണത്തിൽ മൂന്നിലൊന്ന് ഭാഗവും നെൽപ്പാടങ്ങളും ബാക്കി ഭാഗം മലകളും സമതലങ്ങളുമാണ്. നിളാനദിക്കു തെക്കായും ഗായത്രിനദിക്ക് (ചീരക്കുഴി പുഴ) പടിഞ്ഞാറുമായി സ്ഥിതി ചെയ്യുന്ന കൊണ്ടാഴി പഞ്ചായത്തുപ്രദേശം പ്രകൃതിഭംഗി കൊണ്ട് അനുഗൃഹീതമാണ്. 1953-ന് മുമ്പ് കൊണ്ടാഴി പഞ്ചായത്തിൽ മായന്നൂർ, കൊണ്ടാഴി എന്നീ രണ്ടു വില്ലേജുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പഴയ കൊച്ചിരാജ്യത്ത് പ്രായപൂർത്തി വോട്ടവകാശാടിസ്ഥാനത്തിൽ പഞ്ചായത്തുകളിലേക്കു തെരഞ്ഞെടുപ്പു നടന്നത് 1953-ലായിരുന്നു. ആ തിരഞ്ഞെടുപ്പിന് മുൻപുതന്നെ പഴയന്നുർ പഞ്ചായത്തിന്റെ ഭാഗമായിരുന്ന ചേലക്കോട് വില്ലേജിനെക്കൂടി കൊണ്ടാഴി പഞ്ചായത്തിൽ ലയിപ്പിച്ചു. പഞ്ചായത്തിൽ 1920 മുതലോ അതിനും മുമ്പോ സർക്കാരിൽ നിന്നും നിശ്ചയിക്കപ്പെട്ട പ്രസിഡന്റിന്റെ ഭരണത്തിൻകീഴിലിരുന്നിട്ടുണ്ട് എന്നറിയുന്നു. ആദ്യത്തെ പ്രസിഡണ്ടു ഓട്ടൂർ കുഞ്ഞൻനമ്പൂതിരിപ്പാട് ആയിരുന്നുവെന്നു പറയപ്പെടുന്നു. കൊച്ചിമഹാരാജാവ്, നാട്ടുരാജ്യത്തെ മഹാക്ഷേത്രമായ തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിലേക്കു ദർശനത്തിനായി എഴുന്നള്ളുക പതിവായിരുന്നു. രാജകുടുംബത്തിന്റെ പരദേവതാക്ഷേത്രമായ പഴയന്നൂർ ഭഗവതിക്ഷേത്രനടയിലൂടെ വേണമായിരുന്നു തിരുവില്വാമലക്ക് എഴുന്നള്ളാൻ. ആചാരപ്രകാരം എഴുന്നള്ളണമെങ്കിൽ ദേവിക്കു ആനയിരുത്തി കളഭം ചാർത്തുകയും എഴുന്നള്ളത്ത് കാണാനെത്തുന്ന സകലമാനജനങ്ങൾക്കും ചോറിട്ടു പാട്ടു കഴിക്കയും വേണമെന്നായിരുന്നു വ്യവസ്ഥ. വമ്പിച്ച ചെലവ് വരുന്ന ഈ ചടങ്ങ് ഒഴിവാക്കാനായി മഹാരാജാക്കൻമാർ ചേലക്കോടുവരെ വന്ന് കായാംപൂവത്ത് നിന്ന് എഴുന്നള്ളത്താവശ്യത്തിനായി നിർമ്മിച്ച പാതയിലൂടെ കൊണ്ടാഴി വഴിയായിരുന്നു തിരുവില്വാമലക്കു പോയിരുന്നത്. വാഹനങ്ങളില്ലാത്ത അക്കാലത്ത് രാജാക്കൻമാരെ പല്ലക്കിലേറ്റി അമാലൻമാർ നടകൊള്ളുകയായിരുന്നു പതിവ്. അങ്ങനെ രാജാവിനെ പല്ലക്കിലേറ്റി തിരുവില്വാമലയിലേക്ക് നടകൊണ്ടവഴി പിന്നീടു കൊണ്ടാഴിയായി അറിയപ്പെട്ടു എന്നാണ് സ്ഥലനാമചരിത്രം. കൊണ്ടാഴിയിലെ ഈ റോഡ് എഴുന്നള്ളത്തുറോഡ് എന്നും, ചീരക്കുഴി പുഴയിൽ ചെന്നത്തുന്ന കടവ് എഴുന്നള്ളത്തുകടവ് എന്നുമാണ് ഇന്നും വിളിച്ചുപോരുന്നത്. രാമവർമ്മരാജാവായിരുന്നു അവസാനമായി തിരുവില്വാമലക്കു എഴുന്നള്ളിയ കൊച്ചിരാജാവ്. കൊണ്ടാഴി പഞ്ചായത്തിൽ പിൽക്കാലത്ത് പട്ടയമുള്ളവർക്ക് വോട്ടവകാശം നൽകി  തെരഞ്ഞെടുത്ത ഭരണസമിതികൾ പ്രവർത്തിച്ചിരുന്നു.

പൊതുസ്ഥാപനങ്ങൾ

കൊണ്ടാഴി ഗ്രാമപഞ്ചായത്ത് ആസ്ഥാനം സ്ഥിതി ചെയ്യുന്നത് പാറമേൽപ്പടിയിലാണ്. പാഞ്ചായത്തിന് പുറമേ, വില്ലേജ്, സർക്കാർ ആശുപത്രി, കൃഷിഭവൻ, KSEB ഓഫീസ്, ടെലിഫോൺ എക്സ്ചേഞ്ച്, മാവേലി സ്റ്റോർ തുടങ്ങിയവയും പാറമേൽപ്പടിയിൽ സ്ഥിതി ചെയ്യുന്നു.

വിദ്യാഭ്യാസസ്ഥാപനങ്ങൾ

എസ് വി യു പി സ്‌കൂൾ കൊണ്ടാഴി
  • എസ്. വി. യു. പി. സ്ക്കൂൾ, പാറമേൽപ്പടി
  • സെന്റ്‌ തോമസ് ഹൈസ്ക്കൂൾ
  • സെന്റ്‌ ജോസഫ്‌ എൽപി സ്ക്കൂൾ
  • ജവഹർ നവോദയ വിദ്യാലയം, മായന്നൂർ
  • വി.എൽ.പി. സ്ക്കൂൾ, മായന്നൂർ
  • ജി.യു.പി. സ്ക്കൂൾ, മായന്നൂർ
  • എ.എൽ.പി.എസ് കൊണ്ടാഴി
  • ഡി.വി.എൽ.പി.എസ് കൊണ്ടാഴി 

ആരാധനാലയങ്ങൾ

തൃത്തം തളി ക്ഷേത്രം
സെന്റ് ജോർജ്ജ് ഓർത്തഡോക്സ് ചർച്ച്
  • തൃതംതളി ശിവക്ഷേത്രം
  • പാറമേൽപടി ഗണപതി ക്ഷേത്രം
  • പാറമേൽപടി മാരിയമ്മൻ ക്ഷേത്രം
  • കിരാതപാർവതീക്ഷേത്രം
  • ശ്രീ കലംകണ്ടത്തുർ നരസിംഹമൂർത്തിക്ഷേത്രം
  • പടിഞ്ഞാത്തൂർ ശിവക്ഷേത്രം
  • ശ്രീ കുരുംബ ഭഗവതി ക്ഷേത്രം (മായന്നൂർ കാവ്)
  • ചിരങ്കര ശ്രീരാമസ്വാമിക്ഷേത്രം
  • കൊന്നക്കൽ ഭഗവതിക്ഷേത്രം
  • ശ്രീ തിരുമൂലങ്ങാട്ട് ലക്ഷ്മണസ്വാമിക്ഷേത്രം
  • മായന്നൂർ മാരിയമ്മൻ ക്ഷേത്രം
  • സെന്റ് ജോർജ്ജ് ഓർത്തഡോക്സ് ചർച്ച്

അവലംബം

https://ml.wikipedia.org/wiki/%E0%B4%95%E0%B5%8A%E0%B4%A3%E0%B5%8D%E0%B4%9F%E0%B4%BE%E0%B4%B4%E0%B4%BF

http://kondazhygp.blogspot.com/p/history.html