എസ്.എൻ.ഡി.പി.എച്ച്.എസ്.എസ് കുട്ടമംഗലം/അക്ഷരവൃക്ഷം/ഒഴിവുകാലം

Schoolwiki സംരംഭത്തിൽ നിന്ന്
ഒഴിവുകാലം


കുരുവി കുഞ്ഞുങ്ങളുടെ ശബ്ദം കോലാഹലങ്ങൾ കേട്ടാണ് ലച്ചു ഉറക്കമുണർന്നത്. അലസമായി അവൾ ചുറ്റിനും നോക്കി. അച്ഛനും അമ്മയും എല്ലാം ടിവിയിൽ വാർത്ത കണ്ടുകൊണ്ടിരിക്കുകയായിരുന്നു. ലച്ചുവിനെ കണ്ടയുടൻ അച്ഛൻ പറഞ്ഞു," ലച്ചു, പോയിരുന് പഠിക്കൂ". ആ ഒറ്റ വാക്കിൽ ലച്ചുവിന് സകല സന്തോഷങ്ങളും നഷ്ടമായി. അതെ..., നാളെയാണ് പരീക്ഷ! പ്രഭാത കൃത്യങ്ങൾ നിർവഹിച്ച ശേഷം ലച്ചു പഠിക്കാനിരുന്നു. കുറേ നേരത്തിനു ശേഷം പഠിച്ചു മടുത്തപ്പോൾ അവൾ മെല്ലെ എഴുന്നേറ്റ് സ്വീകരണമുറിയിലെത്തി. അവിടെ എത്തിയപ്പോൾ ലച്ചുവിനെ എല്ലാവരും ഉറ്റുനോക്കി; അവളോട് എന്തോ പറയാൻ വിങ്ങുന്നത് പോലെ, ' ഞാൻ ആദ്യം എന്ന മട്ടിൽ അമ്മ പറയാൻ തുടങ്ങി: " ലച്ചു... നിങ്ങളുടെ പരീക്ഷ എല്ലാം മാറ്റി....!" ആ വാക്കുകൾ അവളുടെ ഹൃദയത്തിലേക്ക് ഇരച്ചുകയറി. വിസ്മയത്തോടെ അവളുടെ കണ്ണുകൾ വിരിഞ്ഞു. കാരണമൊന്നും അന്വേഷിക്കാതെ അവൾ സ്ത്ഭിച്ചു നിന്നു പോയി. അവൾ ഒന്നും ചോദിക്കാതെ തന്നെ അമ്മ മറുപടി പറഞ്ഞു:" ലച്ചു.... കൊറോണ വൈറസ് വ്യാപിക്കുന്നതിനാൽ സർക്കാർ പരീക്ഷകൾ എല്ലാം തന്നെ ഉപേക്ഷിച്ചു. ദിവസങ്ങൾ കഴിഞ്ഞു, ആഴ്ചകൾ കഴിഞ്ഞു. ലച്ചുവിനെ അലസത മൂടാൻ തുടങ്ങി. നീയെത്ര നാളിങ്ങനെ വീട്ടിൽ തന്നെ? വെക്കേഷൻ ആയിട്ട് മാമൻറെ വീട്ടിൽ പോകാൻ ഇരുന്നതാണ് ലച്ചു. " ഹോ! നാശം പിടിച്ച രോഗം" അവളുടെ മനസ്സ് മന്ത്രിച്ചു. അങ്ങനെ ലോകം തന്നെ അടച്ചു പൂട്ടപ്പെട്ട നാളുകളിൽ ലച്ചു തൻറെ വീട്ടു പറമ്പിലേക്ക് ഇറങ്ങി. തൻറെ മുറിയുടെ ജനലരികിൽ നിൽക്കുന്ന വാകമരത്തിൻറെ ചുവട്ടിൽ അവൾ നിന്നു. ഇലകളെ കാൾ അധികമായി നിൽക്കുന്ന ചുവപ്പ് പൂക്കൾ അവളെ കുളിരണിയിച്ചു. അവയുടെ ഭംഗിയിൽ ലയിച്ചു നിന്ന ലച്ചു ആ കാഴ്ച കണ്ടു. വാകമരത്തിൻറെ ഏകദേശം മദ്യത്തിൽ ഉണ്ടായിരുന്ന ബലമേറിയ ചില്ലയിൽ ഒരു കുഞ്ഞ് കുരുവിക്കൂട്. അവൾ അതിലേക്ക് സൂക്ഷിച്ചു നോക്കി, " ആഹ 2 കുരുവികൾ!" താൻ കണ്ട മനോഹരമായ കാഴ്ച ആരോടെങ്കിലും ഒക്കെ ഒന്നു പറയാൻ ലച്ചു വീടിനകത്തേക്ക് കുതിച്ചു. അച്ഛൻ പത്രവായനയിൽ മുഴുകി ഇരിക്കുകയായിരുന്നു. അമ്മ അടുക്കളയിൽ ഊണിനുള്ള കാര്യങ്ങൾ തിടുക്കത്തിൽ കൂട്ടുക ആയിരുന്നു. " അമ്മേ.... നമ്മുടെ വാകയിൽ ഒരു കുഞ്ഞി കുരുവി കൂട്". അത് കേട്ടിട്ടും അമ്മയിൽ വലിയ ഭാവ വ്യത്യാസം ഒന്നും മിന്നു കണ്ടില്ല. അവൾ വീണ്ടും വാക ചുവട്ടിൽ വന്നു. ആ കൂട് തൻറെ ഉണ്ട കണ്ണുകളുടെ വലുപ്പം കൂട്ടിക്കൊണ്ട് അവൾ നിരീക്ഷിച്ചു. രണ്ട് കുരുവികൾ ഉണ്ട്, ഹായ് അവയുടെ കണ്ണുകൾ.... മഞ്ചാടി മണികൾ പോലെ ചുവന്നിരിക്കുന്നു. മഞ്ഞനിറമുള്ള മൃദു ശരീരത്തിൽ നീല കുത്തുകളും വരകളും, അവയെ വാരിയെടുത്ത് ഉമ്മ വെക്കാൻ ലച്ചു ആശിച്ചു. ലച്ചുവിനെ കണ്ടത് കിളികൾക്ക് അത്ര രസിച്ചില്ല. അവ പേടിച്ചു മറയുന്നതും "കീ.... കീ...." എന്നൊക്കെ ചില ക്കുന്നതും ലച്ചു ശ്രദ്ധിക്കുന്നുണ്ടായിരുന്നു. " ഹേയ് പേടിക്കേണ്ട, ഞാൻ നിങ്ങടെ കൂട്ടുകാരിയാ", തൻറെ കുഞ്ഞു ചുണ്ടുകൾ കൊണ്ട് നുണക്കുഴി പൂക്കൾ വിടർത്തി കൊണ്ട് അവൾ പറഞ്ഞു. അങ്ങനെ ലച്ചു ആ വാഗ മരച്ചുവട്ടിൽ ഒരു നിത്യസന്ദർശകനായി മാറി. പയ്യെ പയ്യെ കിളികളും അവളോട് ഇണങ്ങാൻ തുടങ്ങി. ഇടയ്ക്ക് അവ ലച്ചുവിനെ റെ തോളിലും കൈകളിലും സ്ഥാനം പിടിച്ചു. ഊണിലും ഉറക്കത്തിലും അവൾ കുരുവികളെ കുറിച്ചോർത്തു. വാക ചുവട്ടിൽ നിത്യേന അവൾ വെള്ളവും ആഹാരവും ഒക്കെ കൊണ്ടുവച്ചു. കുരുവികൾ അതൊക്കെ കഴിക്കുന്നതും അവൾ നോക്കി നിന്നിരുന്നു. അങ്ങനെ അവളറിയാതെ അവളും ആ കിളികളും തമ്മിൽ കൂട്ടുകാരായി മാറിയിരുന്നു. ദിവസങ്ങൾ കുഴിഞ്ഞു കൊണ്ടേയിരുന്നു. കോ വിഡ് എന്ന മഹാമാരി ലോകത്തെ കാർന്നു തിന്നു കൊണ്ടേയിരുന്നു. അങ്ങനെ ഒരുനാൾ അവളുടെ കുരുവികൾ സംസാരിക്കുന്നതായി ലച്ചുവിന് തോന്നി. വീട്ടിൽ അടച്ചിരുന്ന് അവളുടെ മനസ്സ് മരവിച്ച് പോയിരുന്നു. അസ്വാഭാവികത നിറഞ്ഞ അവളുടെ പെരുമാറ്റം കണ്ട് കിളികൾ ആരാഞ്ഞു:" എന്തു പറ്റി ലച്ചു.....?" തീർത്തും വിഷമത്തോടെ അവൾ മറുപടി പറഞ്ഞു: " വീട്ടിലിരുന്ന് മടുത്തു കുരുവികളേ.... നിങ്ങളെ പോലുള്ള ഏതെങ്കിലും പക്ഷിയോ പൂച്ചയോ പൂമ്പാറ്റ യോ ഒക്കെയായി ജനിച്ചിരുന്നെങ്കിൽ....? ഹായ് ! എന്തു രസമായിരുന്നു! സ്കൂൾ ഇല്ല, ഹോം വർക്ക് ഇല്ല, പരീക്ഷ ഇല്ല..... എന്തിനധികം ഈ കൊറോണയും നിപ്പയും ഒന്നും നിങ്ങൾക്ക് വരില്ല. വവ്വാലുകളിൽ മാത്രമല്ലേ ഇതൊക്കെ ബാധിക്കുന്നത്...... അൽപ്പ നേരത്തെ മൗനത്തിനു ശേഷം കിളികൾ പറഞ്ഞു..." അതെ ലച്ചു... നിങ്ങൾ മനുഷ്യർ തന്നെയാണ് നിങ്ങളെ നശിപ്പിക്കാൻ ഓരോ വഴികളും തീർക്കുന്നത്, ഇപ്പോൾ എങ്ങനെ ഇരിക്കുന്നു..... പ്രപഞ്ചം അതിന് സഹിക്കവയ്യാതെ നിങ്ങളെ കൈ വിട്ടിരിക്കുകയാണ്, ഞങ്ങൾ പക്ഷിമൃഗാദികൾ ക്ക് ഈ ലോകത്തെ വിട്ടു തന്നു കൊണ്ട്.... അത്രമേൽ നിങ്ങൾ പരിസ്ഥിതിയെ നോവിക്കുന്നു. കുറച്ചു നാളുകളെ ആയിട്ടുള്ളൂ ഈ അവസ്ഥ ലോകത്തിന് വന്നിട്ട് അത്രതന്നെ ധാരാളം, മനുഷ്യരുടെ ക്രൂരമായ ഇടപെടലുകൾ ഇല്ലാതെ വന്നപ്പോൾ പ്രകൃതി ശുദ്ധം ആയിരിക്കുന്നു..., ശുദ്ധമായ വായു, കണ്ണാടി പോലെ തെളിഞ്ഞു ഒഴുകുന്ന അരുവികൾ, പുഴകൾ, നദികൾ, പൂക്കളും പുലരിയും എല്ലാം ശുദ്ധം. ഈ അവസ്ഥ മാനവരാശിക്ക് ഒരു പാഠമാണ്. ഇനി എങ്കിലും നിങ്ങൾ ഈ പരിസ്ഥിതിയെ സംരക്ഷിക്കണം. അത് വരും തലമുറയോട് നിങ്ങൾ ചെയ്യുന്ന ഏറ്റവും വലിയ ഉപകാരമായിരിക്കും." കുരുവികൾ പറഞ്ഞു നിർത്തിയതും ലച്ചു ഒന്ന് ഞെട്ടി. ചുറ്റിനും വെളിച്ചമില്ല, വാക മരമില്ല, കുരുവികൾ ഇല്ല, അതെ താൻ കണ്ടത് ഒരു സ്വപ്നമായിരുന്നോ? കിഴക്ക് വെള്ള കീറിയ ഉടൻതന്നെ ലച്ചു വാക മരച്ചുവട്ടിലേക്ക് കുതിച്ചു. അവിടെ കിളികൾ ഉണ്ടായിരുന്നു. സ്വതന്ത്രമായി അവർ ഉല്ലസിക്കുന്നു. ഇവിടെ വീടിനുള്ളിൽ അടക്കപ്പെട്ട് ഒരു കൂട്ടം മനുഷ്യ സമൂഹവും!!

ഭാരതി കൃഷ്ണ കെ പി
9 B എസ് എൻ ഡി പി എച്ച് എസ് എസ് കുട്ടമംഗലം
മങ്കൊമ്പ് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കഥ