എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. മുട്ടത്തുകോണം/പ്രവർത്തനങ്ങൾ/2025-26
പ്രവേശനോത്സവം
ഓടിനടന്ന അവധിക്കാലം കഴിഞ്ഞു.ഒപ്പം പതിവ് പോലെ പുതിയൊരു അദ്ധ്യയന വർഷവും വിരുന്നെത്തിക്കഴിഞ്ഞു.വിദ്യാലയത്തെക്കുറിച്ച് ഓർക്കുമ്പോൾ കഴിഞ്ഞ തലമുറയ്ക്ക് ഗൃഹാതുരത്വത്തിന്റെ നനുത്ത ഓർമ്മകൾ സമ്മാനിക്കുന്ന നിരവധി കവിതകൾ ഉണ്ട്.
"തിങ്കളും താരങ്ങളും,
തൂവെള്ളി കതിർ ചിന്നും
തുംഗമാം വാനിൻ ചോട്ടി-
ലാണെന്റെ വിദ്യാലയം!"
പുതിയ അധ്യയന വർഷം . പുതിയ പ്രതീക്ഷകളും, പുതിയ അറിവുകളും തേടി കുരുന്നുകൾ അറിവിന്റെ ലോകത്തേക്ക്.മുട്ടത്തുകോണം എസ്.എൻ.ഡി.പി.ഹയർ സെക്കന്ററി സ്കൂളിൽ ജൂൺ 2 ന് പ്രവേശനോത്സവം വിപുലമായി നടത്തി. പുതിയ അദ്ധ്യയന വർഷത്തിന്റെ തുടക്കത്തിൽ അറിവും, ആവേശവും നിറഞ്ഞ വലിയാഘോഷമായി മാറി പ്രവേശനോത്സവം. SSLC, NMMS, USS വിജയികൾക്ക് അനുമോദനവും നൽകി
പരിസ്ഥിതി ദിനാഘോഷം
ലോക പരിസ്ഥിതി ദിനമാണ് ജൂൺ 5. വരും തലമുറകൾക്കായി പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് നാമോരോരുത്തരുടെയും കടമയാണ്. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. മുട്ടത്തുകോണം സ്‌കൂളിൽ വിപുലമായ ബോധവത്കരണ പ്രവർത്തനങ്ങളാണ് സംഘടിപ്പിച്ചത് .പരിസ്ഥിതിയെ നശിപ്പിക്കുന്ന തരത്തിലുള്ള എല്ലാ പ്രവർത്തികളും അവസാനിപ്പിക്കണം. പരിസ്ഥിതിദിനത്തിന്റെ പ്രാധാന്യം മനസിലാക്കി പ്രകൃതിയോട് ചേർന്ന് നിന്ന് കാര്യങ്ങൾ ചെയ്യുക. ഭൂമി ഇന്ന് നേരിടുന്ന വലിയ പ്രശ്നങ്ങൾ പരിഹരിക്കാൻ നമുക്ക് ഒരുമിച്ച് നിൽക്കാം.പ്ലാസ്റ്റിക് മലിനീകരണം പരാജയപ്പെടുത്തുക' എന്നതാണ് ഈ വർഷത്തെ ലോക പരിസ്ഥിതി ദിന പ്രമേയം. പ്ലാസ്റ്റിക് മാലിന്യങ്ങൾ നമ്മുടെ ആവാസവ്യവസ്ഥയെയും മനുഷ്യരെയും ജന്തുജാലങ്ങളെയും പ്രതികൂലമായി ബാധിക്കുന്നുവെന്ന അവബോധം സൃഷ്ടിക്കാനാണ് ഈ മുദ്രാവാക്യം.ജൂൺ 5 എന്ന ഒരു ദിവസം മാത്രം ആഘോഷിക്കേണ്ട ഒന്നല്ല പരിസ്ഥിതി ദിനം. എല്ലാ ദിവസവും പരസ്ഥിതിക്കു കാവലായ് കരുതലായ് നാം ഓരോരുത്തരും കൂടെയുണ്ടാവണം.വളർന്നു വരുന്ന പുതിയ തലമുറ പ്രകൃതിയെ അറിഞ്ഞു വളരട്ടെ
അക്ഷര ജ്വാല പദ്ധതി
ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് അക്ഷരജ്വാല പദ്ധതിയുടെ ഭാഗമായി സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഇന്ദിര ദേവി ഹെഡ്‌മിസ്ട്രെസ് ശ്രീമതി സ്മിതാ ശ്രീധരന് കൈമാറി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ അഭിലാഷ്,വാർഡ് മെമ്പർ ശ്രീമതി രഞ്ജിനി എന്നിവർ പങ്കെടുത്തു. ഓരോന്നും കുട്ടികളിൽ ജ്വാലയായി പടരട്ടെ.. അറിവിൻറെ ജ്വാല
വിദ്യാരംഗം കലസാഹിത്യവേദി
അറിവും അനുഭവങ്ങളും സ്വന്തമാക്കുന്ന വിദ്യാലയജീവിത കാലഘട്ടത്തിൽ വിദ്യാർത്ഥികളിലെ പ്രതിഭകളെ കണ്ടെത്തി വളർത്തുവാനും വ്യക്തിത്വത്തെ ജ്വലിപ്പിക്കുവാനും സഹായിക്കുന്ന വിദ്യാരംഗം കലാസാഹിത്യവേദി മുട്ടത്തുകോണം എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്-ൽ സജീവമായി പ്രവർത്തിച്ചു വരുന്നു.
കുട്ടികളുടെ ഉള്ളിലെ സർഗ്ഗവാസന തിരിച്ചറിഞ്ഞ് അതിനെ പരിപോഷിപ്പിക്കുന്ന കലാമൂല്യമുള്ള സാഹിത്യ വേദികളിൽ ഒന്നാണ് വിദ്യാരംഗം കലാസാഹിത്യവേദി. കഥാരചന, കവിതാ രചന ചിത്രരചന അഭിനയം, നാടൻ പാട്ട്, കാവ്യാലാപനം തുടങ്ങിയ മേഖലകളിൽ എല്ലാം കുട്ടികളുടെ കഴിവുകളെ പരിപോഷിപ്പി ക്കാൻ വിദ്യാരംഗത്തിലൂടെ സാധിക്കുന്നു. കുട്ടികളുടെ കലാസൃഷ്ടികൾ ചേർത്ത് ഇണക്കി "സ്പന്ദനം " എന്ന പേരിൽ സ്കൂൾ മാഗസിൻ പ്രകാശനം ചെയ്തു
വായന ദിനം
1996 മുതൽ കേരള സർക്കാർ ജൂൺ 19 വായന ദിനമായി ആചരിക്കുന്നു. ജൂൺ 19 മുതൽ 25 വരെയുള്ള ഒരാഴ്ച വായനവാരമായും കേരളാ വിദ്യാഭ്യാസ വകുപ്പ് ആചരിക്കുന്നു. കേരള ഗ്രന്ഥശാലാ സംഘത്തിന്റെ ഉപജ്ഞാതാവും പ്രചാരകനുമായിരുന്ന പി.എൻ. പണിക്കരുടെ ചരമദിനമാണ് ജൂൺ 19. വായന ചിലർക്കൊരു വിനോദമാണ്. ചിലർക്കാകട്ടെ ലഹരിയും. വായന വിനോദവും ലഹരിയുമാക്കിയവർക്ക് ഭാവനയുടെ അതിരുകൾ തകർത്ത് വിസ്മയങ്ങളുടെ ലോകത്തേക്ക് പറക്കാനുള്ള ചിറക് മുളയ്ക്കുന്നു. പല കാലത്തിലൂടെ, പല രാജ്യങ്ങളിലൂടെ, സംസ്‌കാരങ്ങളിലൂടെ, ജീവിതരീതികളിലൂടെ, അവരുടെ അനുഭവങ്ങളിലൂടെ അനേകായിരം മനുഷ്യ മനസുകളിലൂടെ, ചിന്തകളിലൂടെ ഒരായുസ്സുകൊണ്ടു പറന്നു തീർക്കാനുള്ള അത്ഭുത സൂത്രമാണ് വായന.വായനയിലൂടെ ആണ് നാം ഓരോരുത്തരും വളരുന്നത്. പ്രൈമറി തലം മുതൽ കുട്ടികൾ വായനയുടെ പ്രാധാന്യം മനസിലാക്കണം.വായിച്ചു വളരട്ടെ
അന്താരാഷ്ട്ര യോഗ ദിനം:
എല്ലാ വർഷവും ജൂൺ 21 ന് ലോകമെമ്പാടും യോഗ ദിനം ആചരിക്കുന്നു. യോഗയുടെ പ്രാധാന്യത്തെക്കുറിച്ചും, ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് യോഗ എങ്ങനെ പ്രയോജനകരമാണെന്നും ലോകമെമ്പാടുമുള്ള ആളുകളെ ബോധവൽക്കരിക്കുക എന്നതാണ് ഈ ദിനാചരണത്തിൻ്റെ ലക്ഷ്യം. യോഗ പരിശീലിക്കുന്നത് ശരീരത്തിനും മനസ്സിനും ഒരുപോലെ ഗുണം ചെയ്യും. യോഗയ്ക്ക് ശരീരത്തിൻ്റെ വഴക്കം, ശ്വാസോച്ഛ്വാസം, പേശികളുടെ ബലം, സന്തുലിതാവസ്ഥ എന്നിവ മെച്ചപ്പെടുത്താൻ കഴിയും.മാനസികാരോഗ്യത്തിനും യോഗ നല്ലതാണ്. ഇത് സമ്മർദ്ദം കുറയ്ക്കാനും ഉത്കണ്ഠ നിയന്ത്രിക്കാനും സഹായിക്കുന്നു. ഈ ദിവസം ലോകമെമ്പാടുമുള്ള ആളുകൾ യോഗ ക്ലാസുകളിലും പരിപാടികളിലും പങ്കെടുക്കുന്നു.
മുട്ടത്തുകോണം എസ്എൻഡിപി എച്ച് എസ് എസ് ഹയർ സെക്കൻഡറിസ്കൂളിൽ യോഗ ദിനത്തോട് അനുബന്ധിച്ച് കുട്ടികൾക്ക് യോഗയുടെ പ്രാധാന്യത്തെ പറ്റി പ്രത്യേക ക്ലാസും യോഗ പരിശീലനവും നൽകുകയുണ്ടായി
ലഹരി വിരുദ്ധ ദിനം
മയക്കുമരുന്ന് ഉപയോഗത്തിനും അനധികൃത വ്യാപാരത്തിനും എതിരെ ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനുള്ള ഐക്യരാഷ്ട്രസഭയുടെ സംരംഭമാണ് ലഹരി വിരുദ്ധദിനം.ആരോഗ്യമുള്ള സമൂഹത്തിനായി ലഹരിയുടെ പിടിയിൽ നിന്ന് യുവത്വത്തെ രക്ഷപെടുത്താനും കുടുംബ ബന്ധങ്ങൾ തകരാതിരിക്കാനും ലഹരി ഒഴിവാക്കുക എന്ന ആഹ്വാനവുമായി ഇന്ന് ലോക ലഹരി വിരുദ്ധ ദിനം ആചരിക്കുകയാണ്.
പഠനമാണ് ലഹരി. പഠനത്തിലൂടെ നന്മയുള്ള ലോകത്തിന്റെ വക്താക്കൾ ആയി വരും തലമുറ വളരട്ടെ. അതിനായി സ്കൂൾ നി ന്നും പുതിയ തുടക്കം കുറിക്കുന്നു. എല്ലാ കുട്ടികളും അധ്യാപക രും ഒരുമിച്ചു സൂംബ ഡാൻസ് കളിച്ചു.
ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ടു സ്കൂളിൽ സൂബ ഡാൻസ്, ഫ്ലാഷ് മൊബ്,ലഹരി വിരുദ്ധ പോസ്റ്റർ പ്രദർശനം,ലഹരി വിരുദ്ധദിന പ്രതിജ്ഞ എന്നിവ നടത്തി
പേവിഷബാധ ബോധവൽക്കരണം
നല്ലാനിക്കുന്ന് പ്രൈമറി ഹെൽത്ത് സെന്ററിന്റെ നേതൃത്വത്തിൽ പേവിഷബാധ ബോധവൽക്കരണവും പ്രത്യേക അസംബ്ലിയും നടത്തി മൃഗങ്ങളുടെ കടിയേറ്റാൽ പ്രഥമ ശുശ്രൂഷയും വാക്സിനും വളരെ പ്രധാനമാണ്. കടിയേറ്റാൽ കുട്ടികൾക്ക് പെട്ടെന്ന് രോഗബാധയായുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. മൃഗങ്ങളുടെ കടിയോ മാന്തലോ, പോറലോ ഏറ്റാൽ രോഗ പ്രതിരോധത്തിന്റെ ഭാഗമായി നൽകേണ്ട പ്രഥമ ശുശ്രൂഷ, വാക്സിനേഷൻ, മൃഗങ്ങളോട് ഇടപഴകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവയെപ്പറ്റി കുട്ടികൾക്കും അധ്യാപകർക്കും ബോധവത്ക്കരണം നൽകി.
ബഷീറിന്റെ ഓർമ്മദിനം
പഴകും തോറും വീര്യം കൂടുന്നത് പോലെയാണ് ബഷീറിന്റെ കൃതികൾ വായിക്കുമ്പോൾ നമ്മുക്ക് ലഭിക്കുന്ന അനുഭൂതി സരസമായ ഭാഷയിലൂടെ എന്നും നമ്മെ വിസ്മയിപ്പിക്കുന്ന എഴുത്തുകാരനാണ് വൈക്കം മുഹമ്മദ് ബഷീർ. തലമുറകൾ വ്യത്യാസമില്ലാതെ ഏവർക്കും സുപരിചിതനായ എഴുത്തുകാരൻ. ബഷീർജീവിതത്തിൽ താൻ കണ്ടും കേട്ടും പരിചയിച്ച സത്യങ്ങളുടെ ആവിഷ്‌കാരമാണ് അദ്ദേഹത്തിന്റെ കൃതികളെല്ലാം. ഭാഷയുടെ ലാളിത്യവും സാധാരണക്കാരായ കഥാപാത്രങ്ങളും ബഷീർകൃതികളിൽ കാണാം.ബഷീറിന്റെ ഓർമ്മദിനം എല്ലാവർഷവും സ്കൂളിൽ ബഷീർ ദിനമായി ആചരിക്കുന്നു.
എസ്എൻഡിപി എച്ച്എസ്എസ് മുട്ടത്തുകോണം സ്കൂളിൽബഷീർദിനത്തോടനുബന്ധിച്ച് ബഷീർ ദിന ക്വിസ് നടത്തി. സ്കൂളിൽ പ്രത്യേക അസംബ്ലി കൂടുകയും കുട്ടികൾ ബഷീർ രചനകളെ ആസ്പദമാക്കി വായനാക്കുറിപ്പ് തയ്യാറാക്കി അവതരിപ്പിക്കുരുകയും ബഷീർ കഥാപാത്രങ്ങളെ പരിചയപ്പെടുത്തകയും ചെയ്തു
ചാന്ദ്രദിനം
ചാന്ദ്രദിനം ആഘോഷിക്കുന്നതിൻ്റെ ഭാഗമായി സ്കൂളിൽ അസംബ്ലി കൂടുകയും കുട്ടികൾ ചന്ദ്രയാൻ ദൗത്യവുമായി ബന്ധപ്പെട്ട് വിവിധ പ്രവർത്തങ്ങളിൽ പങ്കാളികളാവുകയും ചെയ്തു.കുട്ടികൾ ചാന്ദ്രയാൻ ദൗത്യവുമായി ബന്ധപ്പെട്ട് വിവിധ തരത്തിലുള്ള പോസ്റ്ററുകൾ തയ്യാറാക്കി ചന്ദ്രയാൻ ദൗത്യത്തിന്റെ പ്രാധാന്യം,അതുമായി ബന്ധപ്പെട്ട പ്രശസ്ത വ്യക്തികൾ എന്നിവരെ പറ്റി ഉള്ള കുറിപ്പുകൾ തയ്യാറാക്കി ചന്ദ്രദിനവുമായി ബന്ധപ്പെട്ട് കുട്ടികൾ ഗാനങ്ങൾ ആലപിച്ചു. വ്യത്യസ്ത മോഡലുകൾ പ്രദർശിപ്പിച്ചു ചാന്ദ്രദിന ക്വിസ് നടത്തുകയും ചെയ്തു
YIP ശാസ്ത്രപഥം
ഹൈസ്കൂൾ ഹയർ സെക്കൻഡറി വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് അവരുടെ നൂതന ആശയങ്ങൾ അവതരിപ്പിക്കുന്നതിനായി കെ ഡിസ്കും സമഗ്ര ശിക്ഷാ കേരളയും സംയുക്തമായി നടപ്പാക്കുന്ന യങ് ഇന്നോവേറ്റേഴ്‌സ് പ്രോഗ്രാമിന്റെ രജിസ്ട്രേഷൻ പ്രക്രിയകളെകുറിച്ചും, ആശയ സമർപ്പണത്തിന് ആവശ്യമായ അവബോധം നൽകുന്നതിനുള്ള പരിശീലന ക്ലാസും മുട്ടത്തുകോണം എസ്എൻഡിപി എച്ച് എസ് എസിൽ നടന്നു സി ആർ സി കോഡിനേറ്റർ മാരായ ശ്രീ ജേക്കബ് സാം , ശ്രീമതി രാജി എസ് എന്നിവർ ക്ലാസുകൾ നയിച്ചു .
പ്രേംചന്ദ് ദിനം
ആധുനിക ഹിന്ദി ഉർദു സാഹിത്യത്തിലെ പ്രധാനപ്പെട്ട എഴുത്തുകാരനായിരുന്ന പ്രേംചന്ദിന്റെ ജന്മവാർഷിക ദിനമാണ് ജൂലായ് 31. പ്രേം ചന്ദ് ദിനവുമായി ബന്ധപ്പെട്ടു സ്കൂളിൽ പ്രത്യേക അസംബ്ലി ചേരുകയും., മഹത് വചനങ്ങൾ, ക്വിസ്, ഗാനലാപനം, പോസ്റ്റർ തുടങ്ങി കുട്ടികളുടെ വിവിധ പരിപാടികൾ നടത്തി.പ്രേം ചന്ദ് ദിനത്തിന്റെ പ്രാധാന്യത്തെ പറ്റി ഹിന്ദി സാഹിത്യത്തിന് പ്രേംചന്ദ് നൽകിയ സംഭാവനകളെ പറ്റിയും കുട്ടികൾ കുറിപ്പുകൾ അവതരിപ്പിച്ചു . സ്കൂൾ റേഡിയോയിൽ പ്രേംചന് ദിനവുമായി ബന്ധപ്പെട്ട് പ്രത്യേക പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു
ഹിരോഷിമ ദിനം
ലോകമനഃസാക്ഷിയെ ഞെട്ടിച്ച 1945ലെ കറുത്ത ദിനങ്ങളെ ഓർമ്മപ്പെടുത്തി വീണ്ടുമൊരു ഹിരോഷിമ ദിനം. ലോകത്ത് ആദ്യമായി യുദ്ധത്തിനിടയിൽ അണുബോംബ് ഉപയോഗിച്ച ദിനമായിരുന്നു 1945 ഓഗസ്റ്റ് 6.പ്രത്യേക അസംബ്ലി ചേരുകയും കുട്ടികൾ പ്രസംഗം, പോസ്റ്റർ, സന്ദേശം തുടങ്ങി വിവിധ പരിപാടികൾ നടത്തി.
PTA പൊതുയോഗം
2025-2026 അധ്യയന വർഷത്തെ PTA പൊതുയോഗവും തെരഞ്ഞെടുപ്പും നടത്തി. ബഹു. പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് ശ്രീ പത്മകുമാർ അവറുകൾ യോഗം ഉദ്ഘാടനം ചെയ്തു.PTA പ്രസിഡന്റ് ആയി Adv ശ്രീ SK സാനുവും, വൈസ് പ്രസിഡന്റ് ആയി ശ്രീമതി മഞ്ജുഷ എൽ എന്നിവരെയും MPTA പ്രസിഡന്റ് ആയി ശ്രീമതി സുമിത രഞ്ജിത്, വൈസ് പ്രസിഡന്റ് ആയി ശ്രീമതി ഷൈനി ഷാബു എന്നിവരെയും തെരഞ്ഞെടുത്തു.
JRC-മുറ്റത്തൊരു തേൻമാവ്
കുട്ടികളിൽ ജൈവവൈവിധ്യ സംരക്ഷണത്തിന്റെ പ്രാധാന്യം മനസ്സിലാക്കാൻ ജൂനിയർ റെഡ് ക്രോസ് നടത്തുന്ന പരിപാടിയാണ് സ്കൂൾ മുറ്റത്തൊരു തേന്മാവ് പദ്ധതി ഈ പദ്ധതിയുടെ ഭാഗമായി ജെ ആർ സി കോഡിനേറ്റർ അഭിജിത് മുരളിയുടെ നേതൃത്വത്തിൽ എസ്എൻഡിപി എച്ച്എസ്എസ് സ്കൂൾ അങ്കണത്തിൽ കുട്ടികൾ മാവിൻ തൈകൾ നട്ടു .സ്കൂൾ എച്ച് എം ശ്രീമതി സ്മിത ശ്രീധരൻ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു
സ്വാതന്ത്ര്യദിന ആഘോഷം
Aug 15
79 മത് സ്വാതന്ത്ര്യദിനം രാജ്യം ഇന്ന് ആഘോഷിക്കുന്ന വേളയിൽ സ്കൂളിൽ HM സ്മിത ടീച്ചർ പതാക ഉയർത്തി.പ്രിൻസിപ്പൽ ജയറാണി ടീച്ചർ, PTA പ്രസിഡന്റ് ശ്രീ Adv. SK സാനു, LP HM ഷൈലജ ടീച്ചർ എന്നിർ സ്വാതന്ത്ര്യദിന സന്ദേശം നൽകി.തുടർന്ന് ദേശഭക്തിഗാനാലാപനം, സ്വാതന്ത്ര്യദിന റാലി,മധുര വിതരണം എക്‌സിബിഷൻ എന്നിവ നടത്തുകയുണ്ടായി. സ്കൂളിലെ ഓഫീസ് അംഗമായിരുന്ന ശ്രീ ചിത്രാംഗതൻ ചേട്ടന്റെ മകനും പൂർവ വിദ്യാർത്ഥിയും പ്രവാസിയുമായ ശ്രീ പ്രഭയുടെ ദീർഘനാളത്തെ പരിശ്രമ ഫലമായി നമ്മുടെ സ്വാതന്ത്ര്യസമര സേനാനികളെക്കുറിച്ചുള്ള വിവരശേഖരണത്തിന്റെ കളക്ഷൻ ആയിരുന്നു എക്സിബിഷനിൽ ഉൾക്കൊള്ളിച്ചത്.🇮🇳🇮🇳🇮🇳
▶️ https://www.youtube.com/shorts/y1UDoImRTYc
ഓണാഘോഷം-2025
Aug 29
സ്കൂളിൽ നടന്ന ഓണാഘോഷം സന്തോഷത്തിന്റെ വേളയായി. അധ്യാപകരും കുട്ടികളും പരമ്പരാഗത വസ്ത്രധാരണത്തിൽ ഓണാഘോഷങ്ങളിൽ പങ്കെടുത്തു.പൂക്കളം, വടംവലി, തിരുവാതിര, വിവിധ കലാപരിപാടികൾ എന്നിവ ചടങ്ങിന് ഭംഗി കൂട്ടി. അധ്യാപകരും വിദ്യാർത്ഥികളും ഒരുമിച്ച് ആഘോഷത്തിൽ പങ്കുചേർന്നത് സ്കൂൾ കുടുംബത്തിന് മനോഹരമായ ഓർമ്മയായി.സ്കൂളിലെ ഓണാഘോഷത്തിന്റെ പ്രത്യേകതയായി ഓരോ ക്ലാസിലെ കുട്ടികളും ചേർന്ന് തയ്യാറാക്കി കൊണ്ടുവന്ന വിഭവങ്ങളോടെയാണ് ഓണസദ്യ ഒരുക്കിയത്. വിവിധങ്ങളായ കറികൾ, പായസം, അച്ചാറുകൾ തുടങ്ങിയവ കുട്ടികൾ തന്നെയാണ് കൊണ്ടുവന്നത്. അധ്യാപകരും വിദ്യാർത്ഥികളും ഒരുമിച്ച് ഇരുന്ന് പങ്കിട്ട ഓണസദ്യ ആഘോഷത്തിന് മാറ്റ് കൂട്ടി എല്ലാവർക്കും ഒരിക്കലും മറക്കാനാകാത്ത അനുഭവമായി
▶️ https://youtube.com/shorts/9YJqJK-mPdo?si=c6lYgJYQRT_TfA6N
ചങ്ങാതിക്കൂട്ടം
Sept 1
ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നേടുന്ന കുട്ടികളുടെ വീടുകളിൽ BRC കോഴഞ്ചേരിയുടെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. നമ്മുടെ സ്കൂളിലെ 8ാം ക്ലാസ്സ് വിദ്യാർത്ഥിനിയായ മിത്രയുടെ വീട്ടിലും ആറാം ക്ലാസ്സ് വിദ്യാർത്ഥിയായ അഭിനവിന്റെയും വീട്ടിലാണ് പരിപാടികൾ സംഘടിപ്പിച്ചത്. പഠനത്തിനൊപ്പം ഉത്സവാനുഭവവും പങ്കുവയ്ക്കാൻ അവസരം ഒരുക്കുന്നതായിരുന്നു ആഘോഷം . പാട്ടും പൂക്കളവും സന്തോഷവും കൊണ്ട് കുട്ടികളുടെ മനസ്സും വീടും നിറയ്ക്കുന്ന ഒരു വേളയായി മാറി.
അക്ഷരമുറ്റം ക്വിസ്
Sept 17
സ്കൂളിൽ ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് സംഘടിപ്പിച്ചു. യു പി വിഭാഗത്തിൽ നിന്നും ആരാധ്യശ്രീ ഒന്നാം സ്ഥാനം നേടുകയും രണ്ടാം സ്ഥാനം അനാമിക വിനോദിനും ലഭിച്ചു. HS വിഭാഗത്തിൽ ഒന്നാം സ്ഥാനം അവന്തിക അശോക് നേടുകയും രണ്ടാം സ്ഥാനം കീർത്തി ലാലിന് ലഭിച്ചു. വിജയികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. വിജയികൾക്ക് അഭിനന്ദനങ്ങൾ 🏆
സുപ്രസിദ്ധ സംവിധായകൻ ശ്രീ.തരുൺ മൂർത്തി നമ്മുടെ സ്കൂളിൽ
Sept 19
മലയാള സിനിമയിലെ ശ്രദ്ധേയ സംവിധായകൻ ശ്രീ തരുൺ മൂർത്തി ,എസ്എൻഡിപി എച്ച്എസ്എസ് മുട്ടത്തുകോണം സ്കൂൾ സന്ദർശിച്ചു.മലയാളം സിനിമ ലോകത്തെ എക്കാ ലത്തെയും ഹിറ്റായ “തുടരും”, സൂപ്പർഹിറ്റുകൾ ആയ “Operation Java”, "സൗദി വെള്ളയ്ക്ക ” തുടങ്ങിയ ചിത്രങ്ങൾ വഴി സിനിമ ലോകത്ത് തന്റേതായ മുദ്ര പതിപ്പിച്ച കഴിവുറ്റ സംവിധായകനാണ് അദ്ദേഹം. 🎥👏 കുട്ടികളുമായി അദ്ദേഹം സംസാരിക്കുകയും അവർക്ക് പ്രചോദനം നൽകുകയും ചെയ്തു. കുട്ടികളുടെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും ഉത്തരങ്ങൾ നൽകി .സ്കൂളിൽ പ്രവർത്തിച്ചുവരുന്ന എഫ് എം റേഡിയോ എസ് എം വൈബ്സ് ലൂടെ അദ്ദേഹം കുട്ടികൾക്ക് സന്ദേശം നൽകുകയും ചെയ്തു. ഏറെ നേരം കുട്ടികളോടൊപ്പം ചിലവഴിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്
നമ്മുടെ വിദ്യാർത്ഥികൾക്കും സ്കൂളിനും ഏറെ അഭിമാനകരമാണ് ഈ സന്ദർശനം
https://www.instagram.com/reel/DO0ZgJZk_8-/?igsh=c2Y5MzBnaTRkNG9y