എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/ബാല്യത്തിനെന്തു മധുരം

ബാല്യത്തിനെന്തു മധുരം

പൊതുവിദ്യാഭ്യസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പൂർവവിദ്യാർഥി കുട്ടായിമകൾ ഏറെ സജീവമായി . സ്കൂളിന്റെ ഭൗതികസാഹചര്യം മാറ്റുന്നതിൽ പ്രധാന പങ്ക് പൂർവവിദ്യാർഥി കുട്ടായിമകൾക്ക് ഉണ്ട് . നമ്മുടെ സ്കൂളിലെ വിവിധ ബാച്ചുകളിലെ പൂർവവിദ്യാർഥികൾ തയ്യാറാക്കിയ അനുസ്മരണ കുറിപ്പുകൾ ചുവടെ നൽകുന്നു.

ഓർമ്മകൾക്കെന്തു ബാല്യം

അതിവേഗം മറയുന്ന കാലത്തിനൊപ്പം മാഞ്ഞുപോകാൻ കൂട്ടാക്കാതെ മനസ്സിൽ തങ്ങിനിൽക്കുന്ന ചിലതുണ്ട്; ബാല്യകാലത്തെ ചുറ്റിപ്പറ്റിയുള്ള ഓർമ്മകൾ. അവയിൽത്തന്നെ വിദ്യാലയകാലത്തെ ഓർമ്മകളാവും കല്ലിൽ കൊത്തിവച്ചപോലെ ജീവിതാവസാനം വരെയും കൂടെയുണ്ടാവുക. അങ്ങനെ, എണ്ണമറ്റ ബാല്യസ്മരണകളുറങ്ങുന്ന എന്റെ വിദ്യാലയമുറ്റത്തേക്ക് ഒരിക്കൽക്കൂടി ഒന്നിറങ്ങിനോക്കുകയാണ് ഇവിടെ.

1980കളുടെ ആദ്യവർഷങ്ങൾ! അക്കാലത്ത് ചിറയിൻകീഴ് താലൂക്കിലെ തന്നെ ഏറ്റവും മികച്ച വിദ്യാലയങ്ങളിൽ ഒന്നായിരുന്നു കടയ്ക്കാവൂർ എസ് എസ് പി ബി എച്ച് എസ്. മിക്കവാറും വർഷങ്ങളിൽ എസ് എസ് എൽ സി പരീക്ഷകളിൽ മികച്ച റിസൾട്ട്. അതിപ്രഗത്ഭരായ, മഹാമനീഷികളായ ഒരുപിടി അദ്ധ്യാപകർ. വളരെ സാധാരണക്കാരും ദരിദ്രമായ ചുറ്റുപാടുകളിൽ നിന്നും വരുന്നവരും ഒക്കെയായിരുന്നു അക്കാലത്തെ വിദ്യാർത്ഥികളിൽ നല്ലൊരു ഭാഗവും. താലൂക്കിന്റെ വിവിധഭാഗങ്ങളിൽ നിന്നും ദൂരങ്ങൾ പിന്നിട്ട് സ്‌കൂളിൽ എത്തിയിരുന്ന പഠിതാക്കളും ഒട്ടും കുറവല്ലായിരുന്നു.

1982ൽ ഏറെ പ്രതീക്ഷകളോടെയാണ് ഞാനും അഞ്ചാം ക്‌ളാസിൽ അഡ്മിഷൻ നേടി സ്‌കൂളിലെത്തുന്നത്. പരിമിതമായ വാഹനസൗകര്യങ്ങൾ മാത്രമുണ്ടായിരുന്ന അക്കാലത്ത് ഏകദേശം 15 കിലോമീറ്റർ യാത്ര ചെയ്താണ് ഞാൻ സ്‍കൂളിലെത്തിയിരുന്നത്. പ്രതീക്ഷകളൊന്നും തെറ്റിയില്ല; അക്കാലത്തെ അദ്ധ്യാപകരുടെ പ്രതിഭയ്‌ക്കൊത്ത് പഠിച്ചുയരുവാൻ എനിക്കു സാധിച്ചില്ല എന്നതൊഴിച്ചാൽ. അത്യാവശ്യം ഉഴപ്പും സിനിമകാണലും ഒക്കെയായി കഴിഞ്ഞുകൂടിയ ഒരു ശരാശരി വിദ്യാർത്ഥി മാത്രമായിരുന്നു ഞാൻ.

എന്നാൽ ഭാവിയിലേക്കുള്ള എന്റെ വളർച്ചയ്ക്ക് തുടക്കമിട്ടത് എസ് എസ് പി ബി എച്ച് എസിലെ എന്റെ അദ്ധ്യാപകർ തന്നെയായിരുന്നു; പ്രധാനമായും ഭാഷാ അദ്ധ്യാപകർ. ഉമാകേരളവും കുചേലവൃത്തവും ആശാനും ഉള്ളൂരും ഉണ്ണായിയും  ജിയും പിയും മാത്രമല്ല,  ഷെല്ലിയും ജോൺ കീറ്റ്സും ലോഡ് ടെന്നിസണും ഒക്കെ ചെറുകവിതകളിലൂടെ ഒപ്പംകൂടി. ഭാഷാപഠനമാണ്, സാഹിത്യപഠനമാണ് എന്റെ മാർഗ്ഗം എന്നൊരു തിരിച്ചറിവ് ഉണ്ടായി. സാഹിത്യം ഐശ്ചികമായി ബിരുദാനന്തരബിരുദവും ഗവേഷണബിരുദവും സ്വന്തമാക്കി. ഭാഷയും എഴുത്തുമൊക്കെ അടിസ്ഥാനമായ ഒരു ജീവിതമാർഗ്ഗവും തെരഞ്ഞെടുത്തു.

വിദ്യാലയമുറ്റത്തെ മുത്തശ്ശിമാവും നെല്ലിമരവുമൊക്കെ പഴകിത്തേഞ്ഞ ബിംബങ്ങളായി തോന്നിയേക്കാം. പക്ഷേ, എസ് എസ് പി ബി എച്ച് എസിന്റെ പ്രധാനകവാടത്തിൽ ഉണ്ടായിരുന്ന നെല്ലിമരവും അദ്ധ്യാപികമാരുടെ വിശ്രമമുറിക്കു സമീപം സ്ഥിതി ചെയ്തിരുന്ന കൂറ്റൻ തേന്മാവും അക്കാലത്ത് അവിടെ പഠിച്ചിറങ്ങിയ ഓരോ വിദ്യാർത്ഥിയുടെയും മനസ്സിലെ നിത്യദ്രുമങ്ങളായിരിക്കും.

വർഷകാലത്ത് രണ്ടുമൂന്നു പടിക്കെട്ടുകൾ ചാടി താഴത്തെ പ്ളേഗ്രൗണ്ടിലേക്ക് തിരക്കിട്ടു പോകുന്ന മഴവെള്ളത്തിന്റെ തണുപ്പ് ഇപ്പോഴും ഓർമ്മയിലുണ്ട്. പ്രധാനകവാടത്തിനു സമീപത്തെ സ്റ്റോർ/സ്റ്റേഷനറി റൂം, ഓഡിറ്റോറിയം, തൊട്ടുപിന്നിലെ ലാബ്, അതിവിശാലമായ കളിമൈതാനം, HMന്റെ മുറിക്കു സമീപത്തെ ചെറുനെല്ലിമരത്തിൽ തൂങ്ങിയിരുന്ന റെയിൽ തണ്ടുവാളത്തിന്റെ കഷ്ണം (ഇതിലായിരുന്നു കുട്ടൻപിള്ള മാമനും, ഗോവിന്ദപ്പിള്ള മാമനും, ഗോപിമാമനുമൊക്കെ ബെൽ മുഴക്കിയിരുന്നത്) - അങ്ങനെ

എത്രയെത്ര ഓർമ്മകളാണ് തിരതല്ലിയുണരുന്നത്!

ജ്ഞാനദീപ്തി നൽകി നിരവധി തലമുറകളുടെ അകക്കണ്ണു തുറപ്പിച്ച മഹാരഥികളായ എന്റെ ഗുരുനാഥന്മാരെ ഒരിക്കൽക്കൂടി ഹൃദയപൂർവ്വം, ആദരപൂർവ്വം സ്മരിക്കുന്നു. അദ്ധ്യാപനത്തെ ഒരു സപര്യയാക്കി മാറ്റിയ എണ്ണംപറഞ്ഞ പ്രതിഭകളായിരുന്നു അവർ. മടങ്ങി വരാത്ത കാലത്തോടൊപ്പം ക്‌ളാസ്സ്‌റൂമുകളും ബ്ലാക്ക്ബോർഡുകളും ഇല്ലാത്ത മറ്റേതോ ലോകത്തേയ്ക്ക് അവരിൽ പലരും കൂടുമാറിക്കഴിഞ്ഞിരിക്കുന്നു. എന്നാലും, ജീവിതസന്ധികളിൽ, കാലിടറുന്ന വേളകളിൽ നമുക്കു കാവലായി ധന്യമായ ആ ഓർമ്മകൾ എന്നുമുണ്ടാവും.

ബി എസ് ഉണ്ണിക്കൃഷ്ണൻ

എഡിറ്റർ, റോയിട്ടേഴ്സ് (അന്താരാഷ്ട്ര വാർത്താ ഏജൻസി),

ബാംഗ്ലൂർ

വിട

അകലയൊരുചില്ലമേൽ കൂമൻ ചിലയ്ക്കുന്നു

ഇവിടെയെൻ ജാലകകോണിലൂടതു ഞാൻ ശ്രദ്ധിക്കവേ

ഉയരുന്നു എവിടെയോ അന്ത്യമണിനാദം

താഴുന്നു എവിടെയോ നെഞ്ചിൻമിടിപ്പുകൾ

കത്തിയെരിന്നൊരാ ഗ്രീഷ്മരാവിൽ

രക്തംകുടിക്കുമാ കറുത്ത കരങ്ങൾ

മെല്ലെയെൻ  ചാരത്തണഞ്ഞുവെന്നോ?

കണ്oത്തിൽ കൈകൾ മുറുക്കിയെന്നോ?

ഏകാകിയാമെന്നടുത്ത് വന്ന് എന്നിൽ പതിചോരാ കൈത്തലങ്ങൾ

അറിഞ്ഞിട്ടില്ല ഞാൻ മുൻപൊരിക്കലും

അറിഞ്ഞിട്ടില്ല ഈ സ്പർശസുഖം

അറിയാതെ അറിയാതെ അറിയാതെ ഞാനതാഗ്രഹിച്ചിരുന്നു

നിനയ്ക്കാത്ത വേളയിൽ എൻ ചാരത്തണഞ്ഞ പ്രിയനേ

നീ പറന്നകലുമ്പോൾ മറുകരത്തിലെന്നെയും കൂട്ടിടേണേ

ഇനിവയ്യ ഇനിവയ്യ ഈ ഭൂമിയിൽ

ആസുരനൃത്തം ചവിട്ടുമീ പടനിലത്തിൽ

തൊടിയിലൊരു കോണിൽ വിറകടുക്കുന്നു

ലാളനയോടെ കിടത്തുന്നു അതിലെന്നെ

എങ്ങും കുമിഞ്ചാൻ പുകയ്ക്കുന്നുവെന്നോ?

മെല്ലെ അഗ്നി പകരുന്നു മഞ്ചത്തിൽ

ഉരുകുന്നു എൻ മേനി പൊട്ടുന്നു എല്ലുകൾ

പൊട്ടിപ്പൊട്ടിതകരുന്നു സർവ്വവും

ചില്ലുപാത്രത്തിലെ പളുങ്ക് സ്വപ്നങ്ങളും

കൈപിടിക്കുവാൻ നീ കൂടെയുണ്ടെങ്കിൽ

അന്ധകാരം നിറഞ്ഞു തുടങ്ങുന്ന

മലയാളഭൂവേ വിട

എന്നെന്നേക്കും വിട

വിട

ഗ്രീഷ്മ പി ബി , എം എ, ബി. എഡ്ഡ് , നെറ്റ്