എസ്.എച്ച്.യു.പി.എസ് അങ്ങാടിക്കടവ്/അക്ഷരവൃക്ഷം/നൊമ്പരക്കാഴ്ചകൾ

Schoolwiki സംരംഭത്തിൽ നിന്ന്
നൊമ്പരക്കാഴ്ചകൾ

പതിവുപോലെ ഫോണിന്റെ ബെല്ലടിക്കുന്ന ശബ്ദം കേട്ടാണ് അന്നും അനൂപ് കണ്ണു തുറന്നത്. പ്രതീക്ഷിച്ച പോലെ നാട്ടിൽ നിന്നും അമ്മയാണ്. ഇറ്റലിയിലെങ്ങും കോവിഡ് വ്യാപിക്കുന്നു എന്നറിഞ്ഞ ദിവസം തുടങ്ങിയതാണ് മണിക്കൂറുകളുടെ ഇടവേളയിലുള്ള ഈ വിളി. ഈ അമ്മയുടെ ഒരു കാര്യം എന്ന് മനസ്സിൽ പിറുപിറുത്തു കൊണ്ട് ഒരു ചെറു ചിരിയോടെ ഫോണെടുത്ത് ചെവിയോട് ചേർത്തു. ഹലോ... അപ്പുറത്ത് വേവലാതി നിറഞ്ഞ സ്വരം. എന്താമ്മേ.. മോനെണീറ്റായിരുന്നോ... ഇല്ല.. അമ്മയുടെ വിളി വന്നപ്പോഴാ എണീറ്റത്. മോനേ നിന്നേയും മോളേയും ഓർത്ത് എനിക്ക് ഒരു സമാധാനവുമില്ല. അവിടെ കുഴപ്പമില്ലല്ലോ അല്ലേ. നീ ശ്രദ്ധിക്കണേ.... ജോലിക്ക് പോകുമ്പോൾ മാസ്ക് ധരിക്കണേ.. കൈ സാനിറ്റൈസർ ഉപയോഗിച്ച് തുടക്കണേ എന്നിങ്ങനെ നൂറ് നൂറ് ഉപദേശങ്ങൾ. ഉള്ളിലെ സങ്കടം മറച്ചു വെച്ച് ഞാൻ ശ്രദ്ധിക്കാം അമ്മ വിഷമിക്കണ്ട എന്ന് പറഞ്ഞ് ഫോൺ വെച്ചു. പക്ഷേ നെഞ്ചിനകത്ത് എന്തോ ഒരു പേടി. ഓരോ ദിവസം കഴിയുന്തോറും സ്ഥിതി ഗതികൾ വഷളായിക്കൊണ്ടിരിക്കുന്നു. ഈയ്യാം പാറ്റകളെ പോലെ മനുഷ്യർ മരിച്ചു വീഴുന്നു. എങ്കിലും ജോലിക്ക് പോകാതിരിക്കാൻ വയ്യ. സൂപ്പർമാർക്കറ്റിൽ എത്തിയില്ലെങ്കിൽ വാടക, ചിലവ് എല്ലാം അവതാളത്തിലാകും. ക്ലോക്കിൽ നോക്കി.. പോകാൻ സമയമായിരിക്കുന്നു. കുളി കഴിഞ്ഞ് റെഡിയായി ഭാര്യ അനിത തയ്യാറാക്കിയ ടിഫിനുമായി ജോലി സ്ഥലമായ സൂപ്പർ മാർക്കറ്റിൽ എത്തി. കുറച്ചു നേരത്തിനു ശേഷം തലക്ക് വല്ലാത്ത വേദന , ക്ഷീണം... എന്താണെന്നറിയില്ല. പെട്ടന്ന് ഉള്ളിലൊരു പേടി. തൊട്ടടുത്ത ഹോസ്പിറ്റലിൽ നേഴ്സായി ജോലി ചെയ്യുന്ന സുഹൃത്തിനെ വിളിച്ച് കാര്യം പറഞ്ഞു. അവൻ പറഞ്ഞതനുസരിച്ച് ഹോസ്പിറ്റലിൽ എത്തി. അവിടെ ചെന്നിട്ട് കോവിഡ് പരിശോധനയ്ക്കായി സാമ്പിൾ ശേഖരിച്ച് അത്യാവശ്യം മരുന്നും തന്ന് തിരിച്ചയച്ചു. പെട്ടന്ന് അനൂപ് ഭാര്യയുടെ കാര്യമോർത്തു. പാടില്ല തനിക് എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അവളെ ബാധിക്കാൻ പാടില്ല. ഫോണിൽ വിളിച്ച് ഒരു വിധം അവളെ കാര്യം ധരിപ്പിച്ചു. ഒരു കൂട്ടുകാരന്റെ സഹായത്തോടെ അവന്റെ വീട്ടിൽ ഒരു റൂം റെഡിയാക്കി സ്വയം ക്വാറന്റീനിൽ കഴിഞ്ഞു. രണ്ടു ദിവസത്തിനു ശേഷം റിസൾട്ട് വരും. അതുവരെ സ്വയം രക്ഷക്കും സാമൂഹ്യ രക്ഷയ്ക്കുമായി ഒരു മുൻകരുതൽ. പക്ഷേ എന്തോ ദിവസം കഴിയും തോറും ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് . എന്തു ചെയ്യണമെന്ന് അറിയില്ല. പതിവു പോലെ അമ്മയുടെയും അനിതയുടെയും വിളി മാറി മാറി വന്നു. പാടില്ല അവർ സങ്കടപ്പെടരുത്.... മനസ്സിനെ നിയന്ത്രിച്ച് അവരെ സമാധാനിപ്പിച്ചു. റിസൾട്ട് വരുന്ന ദിവസം രാവിലെ എണീറ്റു... നല്ല പനി. നടക്കാൻ വയ്യ.. എന്തോ നെഞ്ചിടിപ്പ് വല്ലാതെ കൂടുന്നു. ഫോൺ ബെല്ലടിച്ചപ്പോൾ മെല്ലെ എടുത്തു നോക്കി. അതെ ഹോസ്പിറ്റലിൽ നിന്നാണ്. റിസൾട്ട് പോസിറ്റീവ്.. തനിക്ക് ചുറ്റും എന്തോ കറങ്ങുന്നതായി അനൂപിന് തോന്നി.എല്ലാം അവസാനിക്കുകയാണോ..? അവസാനം ഹോസ്പിറ്റലിൽ നിന്നയച്ച ആംബുലൻസിൽ കയറുമ്പോൾ അനിതയെ അവസാനമായി ഒന്നു കാണണമെന്ന് മനസ്സ് പറഞ്ഞു... പക്ഷേ സാധിക്കില്ലല്ലോ. ഹോസ്പിറ്റലിൽ ചെന്ന് കിടക്കയിലേക്ക് ചായുമ്പോഴും ഡോക്ടർമാരുടെ ചോദ്യങ്ങൾ...... മറുപടി പറയുമ്പോഴും മനസിൽ ഒരു സങ്കടക്കടലിരസി. നിസ്സഹായതയോടെ നിൽക്കുന്ന അമ്മയും അനിതയും മാറി മാറി മുന്നിൽ വന്നു നിന്ന് കരയുന്നു. ഞങ്ങൾ ഒറ്റക്കാണ് എന്ന് പറയുന്നു. എനിക്ക് അവരെ ആശ്വസിപ്പിക്കണമെന്നുണ്ട്. പക്ഷേ ഒരു പുകമറക്കുള്ളിലാണ് താൻ. എല്ലാം തോന്നലാണോ. പതിയെ പതിയെ ഓർമ്മ പറഞ്ഞു. ആരൊക്കെയോ ഓടി വരുന്നു... താങ്ങുന്നു.. ഒരു വലിയ ഗർത്തത്തിലേക്ക് താണു താണ് പോകുന്നു. അഗാധ ഗർത്തം ഒരിക്കലും തിരിച്ച് കയറാൻ പറ്റാത്ത താഴ്ച. പക്ഷേ അപ്പോഴും മനസിൽ ഒരു നൊമ്പരക്കാഴ്ചയായി അമ്മയുടെയും അനിതയുടെയും മുഖം അവശേഷിക്കുന്നുണ്ടായിരുന്നു.

ആൻമരിയ ജോഷി
4 C സേക്രഡ് ഹാർട്ട് യു പി സ്കൂൾ അങ്ങാടിക്കടവ്
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ