എസ്.എച്ച്.എം.ജി.വി.എച്ച്.എസ്.എസ്. എടവണ്ണ/അക്ഷരവൃക്ഷം/കൂട്

Schoolwiki സംരംഭത്തിൽ നിന്ന്
കൂട്


സുന്ദരമായ ഉടൽ മറികടന്ന് വെളിച്ചം ആത്മാവിൽ തട്ടുന്നതുപോലെ സൂര്യവെളിച്ചം മുടിവാലനെ തഴുകി. എങ്ങും മരങ്ങൾ ,മരങ്ങൾ മാത്രം.ലോകത്തിന്റെ ശാന്തി മുഴുവൻ ആ കാട്ടിൽ അലയടിപ്പിച്ചുകൊണ്ട് സ്വന്തം നിശ്വാസങ്ങളിൽ പോലും പച്ചയുടെ സുഗന്ധം നിവർത്തിപ്പിടിച്ചുകൊണ്ടവ മെരുങ്ങി നിന്നു.മുടിവാലൻ യാത്രയുടെ വഴികളിൽ ഓരോ മരങ്ങളേയും തഴുകി.അവയോരോന്നും കണ്ണടച്ചു സ്വയമലിഞ്ഞ ആ സ്പർശനസുഖം അനുഭവിക്കുന്നതായി മുടിവാലന് തോന്നി. അകലെ നിന്നൊരു ചെറിയ ശബ്ദമായി വേഴാമ്പൽ കരഞ്ഞു.ഇലകളിലൊഴുകിയുരുമ്മി അതു കടന്നുപോയി.ഭക്ഷണം തേടിയലയുന്ന ആൺ വേഴാമ്പൽ ദൂരെയെങ്ങോ പറന്നു പോയി.കാടിന്റെ ഭംഗിയെ കണ്ണുകൾ കൊണ്ട് പ്രശംസിച്ചു മുടിവാലൻ യാത്ര തുടർന്നു.രോമം കാണാനാകും മുൻപ് ഇറങ്ങിത്തിരിച്ചത് രാത്രിയെത്തും മുൻപ് ഊരണയാനാണ് .വീണു കിടന്ന ഇലകളിൽ എന്തെല്ലാമോ ഇഴഞ്ഞു .തലേദിവസത്തെ മഴയുടെ ഈർപ്പം വിടാതെ ഇലകൾ മണ്ണിനോടൊട്ടിയിരുന്നു . പുറകി￰ൽ ഒരു കൂട്ടം ജനങ്ങൾ നേർത്ത വേരുകളാൽ ഭൂമിയോട് ബന്ധിക്കപ്പെട്ട് കിടന്നു.ചെന്നെത്തിപ്പ റയേണ്ട ആവശ്യങ്ങൾ മുടിവാലൻ ഓർത്തെടുത്തു.എണ്ണത്തിൽ അവർ ഉരുകിത്തുടങ്ങിയിരുന്നു. മിക്കവരും ജീവിതം മെച്ചപ്പെടുത്താനായി കാടിറങ്ങി.പഠിക്കുന്നവർ ഇപ്പോഴുമുണ്ട് .ദിവസങ്ങളായി സർക്കാർ സഹായം പലതും മുടങ്ങി എന്നുമാത്രമല്ല ആരോഗ്യ പ്രശ്നങ്ങൾ ഏറി വരികയാണ് . കാറ്റിന് ചൂടേറി.ലോകത്തിന്റെ തിരക്കിലേക്ക് ഒരു സാധുമുഖം പൊന്തിവന്നു.മുടിവാലന്റെ വേരുകളിൽനിന്ന് ശരീരം കൊണ്ടയാൾ അകന്നു .ആവശ്യങ്ങൾ മടക്കിക്കുത്തി അയാൾ ബസ്സിൽ വലിഞ്ഞു കയറി.പരിചിതമല്ലാത്ത കാറ്റിൽ സുഗന്ധങ്ങൾ ഒഴുകി .ശബ്ദങ്ങൾ പരന്നു.അയാൾ തുമ്മി .പണ്ടെന്നോ കണ്ട കാഴ്ച്ചയിൽ നിന്നവ വ്യത്യസ്തമായിരുന്നു. ഓഫീസിൽ മുടിവാലൻ തന്റെ അവസരത്തിനുവേണ്ടി കാത്തിരുന്നു.ദീർഘമായ യാത്രയുടെ ക്ഷീണത്തിലയാൾ വാടിത്തുടങ്ങി.മുടിവാലൽ ക്ഷണിക്കപ്പെട്ടു.വിനയത്തോടെ അയാൾ കാര്യങ്ങൾ ബോധിപ്പിച്ചുത്തുടങ്ങി . ആവശ്യങ്ങളോരോന്നു പറയുമ്പോഴും ഉദ്യോഗസ്ഥൻ ഗൗരവമായി കേട്ടുകൊണ്ടിരുന്നു .അയാൾ അതെല്ലാം കൃത്യമായി രേഖപ്പെടു ത്തുന്നുണ്ടെന്നു കണ്ടപ്പോൾ മുടിവാലന്റെ മുഖം പ്രസന്നമായി.മുടിവാലൻ വീണ്ടുമൊന്ന് തുമ്മി. "ആട്ടെ ,അവിടെ ആർക്കും അസുഖമൊന്നുമില്ലല്ലോ?സമയം വളരെ മോശമാണ് .നാളെമുതൽ ചിലപ്പോൾ ഓഫീസുകളും അടച്ചേക്കും".എന്തോ ഓർത്തിട്ടെന്നപോലെ അയാൾ ആശങ്കപ്പെട്ടു. എത്ര പെട്ടെന്നാണ് എല്ലാമുണ്ടായത്.മുടിവാലന് ആശുപത്രിയുടെ ഗന്ധം വല്ലാത്ത ബുദ്ധിമുട്ടുണ്ടാക്കി.പരിചരിക്കാനെത്തിയവർ തിരിച്ചറിയാനാകാത്ത വിധം വേഷം ധരിച്ചു .ഓഫീസിൽ കണ്ട ഉദ്യോഗസ്ഥൻ ദൂരെയാരോടോ പറഞ്ഞ സന്ദേശങ്ങൾ മുടിവാലൻ ഓർത്തെടുത്തു .അയാൾകണ്ണടച്ചു.ചിന്തകൾ കാടുകേറി.ഇരുട്ട് മൂടുന്ന ലോകത്തേയും കൂടണയാത്ത ആൺ വേഴാമ്പലിനെയും മുടിവാലൻ കണ്ടു. മുടിവാലൻ കണ്ണു തുറന്നു.പെൺകിളി കൂട്ടിൽ പ്രതീക്ഷയോടെ കാത്തിരിക്കുന്നു .

കാവ്യ എം ഒ
10 A എസ്.എച്ച്.എം.ജി.വി.എച്ച്.എസ്.എടവണ്ണ
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ