എസ്.ആർ.ജെ.എ.എൽ.എസ്. ഈശ്വരമംഗലം / സ്കൗട്ട് & ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

കാലാവസ്ഥാ വ്യതിയാനത്തിന്റെ കാരണങ്ങളും അവ മറികടക്കാനുള്ള മാർഗ്ഗങ്ങളും തേടി ഹരിതം കൂട്ടായ്മയൊരുക്കി ശ്രീരാമജയം എ.എൽ.പി സ്ക്കൂൾ :

കർഷകരും തൊഴിലാളികളും പരിസ്ഥിതി പ്രവർത്തകരും അനുഭവങ്ങൾ പങ്കു വച്ചപ്പോൾ ഈ കൂട്ടായ്മ വിദ്യാർത്ഥികൾക്ക് പുതിയ അനുഭവമായി.

കാലാവസ്ഥാ വ്യതിയാനം കടുത്ത ആശങ്കയാകുന്ന ഈ കാലത്ത് അതിന്റെ കാരണങ്ങളും അവ മറികടക്കാനുള്ള മാർഗ്ഗങ്ങളും അറിയുന്നതിന്നായാണ്

ശ്രീരാമജയത്തിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും കർഷകരുമായുള്ള സംവാദം സംഘടിപ്പിച്ചത്. കാലാവസ്ഥയുമായി ബന്ധപ്പെട്ട നാട്ടറിവുകളും നാടൻ കൃഷിരീതികളും , വിത്തിനങ്ങളും , പഴഞ്ചൊല്ലുകളും , പഴയ കാല ജീവിത രീതികളും , എല്ലാം ചർച്ചകളിൽ നിറഞ്ഞു നിന്നു..

ജൈവ വൈവിധ്യ സംരക്ഷണ രംഗത്ത് പ്രശസ്തനായ കർഷകനും പരിസ്ഥിതി പ്രവർത്തകനുമായ പൊമ്പ്ര അരവിന്ദൻ സംഗമം ഉദ്ഘാടനം ചെയ്തു. അമിതമായ പ്രകൃതി ചൂഷണവും പരിസ്ഥിതി സൗഹൃദമായ കൃഷിരീതികളിൽ നിന്ന് മാറിപ്പോയതും , ലാഭ കേന്ദ്രീകൃതമായ കാർഷിക സംസ്കാരം പിടിമുറുക്കായതുമെല്ലാം കാലാവസ്ഥയിൽ വരുത്തിയ മാറ്റത്തിന്റെ ദുരന്തമാണ് ഇന്ന് നാം നേരിടുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

മണ്ണിന്റെ ജൈവികത വീണ്ടെടുക്കാൻ കൂട്ടായ ശ്രമമുണ്ടാകണമെന്ന് പ്രമുഖ ജെവകർഷകനായ മൂർത്തിയേടം ശങ്കരൻ നമ്പൂതിരി അഭിപ്രായപ്പെട്ടു.. ഏകവിള സമ്പ്രദായമല്ല വിളകളുടെ വൈവിധ്യമാണ് പ്രകൃതിയുടെ സന്തുലിതാവസ്ഥക്ക് ആവശ്യമെന്നും പുരയിടങ്ങളിലടക്കം ഈ രീതി വളർത്തിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

വികസന കാഴ്ചപ്പാടുകളിൽ ഉണ്ടാകേണ്ട സമൂലമായ മാറ്റങ്ങൾ,

മണ്ണറിവ്, മിതമായ ഊർജ്ജ ഉപയോഗം ,

ജലസാക്ഷരത, പ്രതിരോധ ശേഷി കൂടിയ വിത്തിനങ്ങളുടെ വീണ്ടെടുപ്പ്, ആരോഗ്യകരമായ ഭക്ഷണശീലം തുടങ്ങി വിവിധ വിഷയങ്ങൾ ചർച്ചകളിൽ നിറഞ്ഞു നിന്നു..