എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/ആർട്‌സ് ക്ലബ്ബ്/2024-25
അർട്‍സ് ക്ലബ് പ്രവർത്തനങ്ങൾ
കലയുടെ കേളി കൊട്ടുയർത്തി സബ്ജില്ലാ കലോത്സവം

കേരളത്തിലെ പൊതു വിദ്യാലയങ്ങളിലെ കുട്ടികളുടെ കലാപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് സ്കൂൾ കലോത്സവങ്ങൾ സംഘടിപ്പിക്കുന്നത്. സ്കൂൾ കലോത്സവങ്ങളുടെ ആദ്യഘട്ടം സ്കൂൾതല മത്സരങ്ങളാണ്. കൂൽതലത്തിൽ വിജയികളാകുന്ന ഒരു സബ് ജില്ലയിലെ കുട്ടികൾക്കായി സബ്ജില്ലാ കലോത്സവങ്ങൾ നടത്തപ്പെടുന്നു. ഈ വർഷത്തെ അടിമാലി സബ്ജില്ലാ കലോത്സവം നവംബർ 19, 20, 21 തീയതികളിലായി അടിമാലി ഗവൺമെന്റ് ഹൈസ്കൂളിൽ വച്ച് നടന്നു. സബ്ജില്ലാ കലോത്സവത്തിൽ സാധ്യമായ എല്ലാ ഐറ്റങ്ങളിലും നമ്മുടെ കുട്ടികൾ പങ്കെടുത്തു. എൽപി യുപി എച്ച് എസ് എച്ച് എസ് എസ് വിഭാഗങ്ങളിലായി ഏകദേശം 250 ഓളം കുട്ടികളാണ് ഈ വർഷത്തെ സബ്ജില്ലാ കലോത്സവത്തിൽ മാറ്റുരയ്ക്കാൻ എത്തിയത്. രചന മത്സരങ്ങളിലും പ്രസംഗമത്സരങ്ങളിലും നൃത്തം നിർത്തിയങ്ങളിലും ഗ്രൂപ്പ് ഐറ്റങ്ങളിലും എല്ലാം നമ്മുടെ കുട്ടികൾ പങ്കെടുത്ത് മികച്ച വിജയം കാഴ്ചവച്ചു.കലോത്സവത്തിൽ ഇത്തവണ മുതൽ ഉൾപ്പെടുത്തിയ പുതിയ ഗ്രൂപ്പ് ഐറ്റങ്ങളായ മംഗലംകളി ,പണിയ നൃത്തം ,ഇരുള നൃത്തം എന്നീ ഐറ്റങ്ങളിലും നമ്മുടെ കുട്ടികൾ പങ്കെടുത്തു. ഇത്തവണ നമ്മുടെ സ്കൂളിൽ നിന്നും കഥകളി മത്സരത്തിൽ ഒരു കുട്ടി പങ്കെടുത്ത് വിജയിക്കുകയുണ്ടായി.പങ്കെടുത്ത എല്ലാ ഐറ്റങ്ങളിലും വിജയിച്ച് അടിമാലി സബ്ജില്ലാ കലോത്സവത്തിൽ തങ്ങളുടെ ആധിപത്യം ഈ വർഷവും ഉറപ്പിക്കാൻ ഫാത്തിമ മാതാ സ്കൂളിന് സാധിച്ചു. മൂന്ന് ദിനരാത്രങ്ങളിലായി നടന്ന കലാമാമാങ്കത്തിന് തിരശ്ശീല വീഴുമ്പോൾ ഓവറോൾ ഫസ്റ്റിന്റെ ട്രോഫി ഫാത്തിമ മാതായുടെ ചുണക്കുട്ടികളുടെ കയ്യിൽ ഭദ്രമായിരുന്നു.
ഇടുക്കി ജില്ല കൗമാര കലാമേള

ഇടുക്കി ജില്ലയുടെ ഏറ്റവും വലിയ കൗമാര കലാമേളയായ ഇടുക്കി റവന്യൂ ജില്ലാ സ്കൂൾ കലോത്സവം നവംബർ 26,27, 28, 29,30 തീയതികളിലായി നടന്നു. ഇത്തവണത്തെ കൗമാര കലാമേളയ്ക്ക് വേദിയായത് കഞ്ഞിക്കുഴി ശ്രീനാരായണ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ആയിരുന്നു. ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ഈ കലാ മാമാങ്കത്തിൽ പങ്കെടുക്കാൻ ആയിരക്കണക്കിന് വിദ്യാർഥികളും രക്ഷിതാക്കളുമാണ് ഒഴുകിയെത്തിയത്. കഞ്ഞിക്കുഴി എന്ന ചെറു ഗ്രാമത്തിന് ഒരു ഉത്സവ പ്രതീതിയാണ് അക്ഷരാർത്ഥത്തിൽ ഈ കലാമേള കൊണ്ട് കിട്ടിയത്. സാധാരണക്കാരായ ജനങ്ങൾ താമസിക്കുന്ന ഒരു പ്രദേശത്ത് ഇത്തരത്തിൽ ഒരു കലാമേള സംഘടിപ്പിക്കപ്പെട്ടപ്പോൾ ആ ഒരു പ്രദേശത്തിലെ ജനങ്ങളുടെ നല്ല രീതിയിലുള്ള സഹകരണവും പങ്കാളിത്തവും ഉണ്ടായി എന്നുള്ളത് വളരെ സന്തോഷം നൽകുന്ന കാര്യമായിരുന്നു. നമ്മുടെ സ്കൂളിലെ കുട്ടികളും അധ്യാപകരും വളരെ ചിട്ടയായ പരിശീലനത്തോടെയും മുന്നൊരുക്കത്തോടെയും ആയിരുന്നു ജില്ലാ കലോത്സവത്തിന് പുറപ്പെട്ടത്. നാല് ദിവസങ്ങളായി ഏകദേശം 58 ഓളം ഐറ്റങ്ങളിലാണ് കലാപ്രതിഭകൾ മാറ്റുരച്ചത്. നിറഞ്ഞു കവിഞ്ഞ സദസ്സ് മത്സരാർത്ഥികൾക്ക് അവരുടെ പ്രകടനം കൂടുതൽ ഭംഗിയായി കാഴ്ചവയ്ക്കാനുള്ള പ്രചോദനമായി. പങ്കെടുത്ത ഐറ്റങ്ങളിൽ എല്ലാം വിജയക്കൊടി പാറിക്കാൻ ഇത്തവണയും നമുക്ക് സാധിച്ചു. യുപി വിഭാഗത്തിൽ ഓവറോൾ ഫസ്റ്റ്, എച്ച് എസ് വിഭാഗത്തിൽ ഫസ്റ്റ് റണ്ണറപ്പ്, എച്ച്എസ്എസ് വിഭാഗത്തിൽ ഓവറോൾ ഫസ്റ്റ് എന്നിവ നേടാൻ നമ്മുടെ കുട്ടികൾക്ക് സാധിച്ചു. ഒരു നാടുമുഴുവൻ ആഘോഷമാക്കിയ കലാമാമാങ്കത്തിന് തിരിതാഴുമ്പോൾ ജില്ലയിലെ മികച്ച സ്കൂളിനുള്ള ഓവറോൾ സ്കൂൾ ചാമ്പ്യൻ ട്രോഫി ഫാത്തിമ മാതക്കു സ്വന്തമായിരുന്നു.
മലയോരത്ത് നിന്ന് അനന്തപുരിയിലേക്ക്
63മത് കേരള സ്കൂൾ കലോത്സവം 2025 ജനുവരി 4 മുതൽ 8 വരെ തിരുവനന്തപുരം ജില്ലയിലെ വിവിധ വേദികളിൽ വെച്ച് നടത്തപ്പെട്ടു. കേരള സ്കൂൾ കലോത്സവത്തിൽ ആദ്യമായി ഗോത്ര നൃത്ത വിഭാഗങ്ങൾ കൂടി ഉൾപ്പെടുത്തിയിരിക്കുന്നു എന്ന ഒരു സവിശേഷത കൂടി ഉണ്ട് ഇത്തവണത്തെ കലോത്സവത്തിൽ. മംഗലംകളി,ഇരുള നൃത്തം, പണിയ നൃത്തം മലപ്പുലയ ആട്ടം, പളിയ നൃത്തം എന്നിവയാണ് പുതുതായി ഉൾപ്പെടുത്തിയിരിക്കുന്ന ഗോത്ര നൃത്ത കലകൾ. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിൽ നിന്നും യുപി,ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ നിന്നുമായി 30 ഓളം ഇനങ്ങളിൽ ആണ് കുട്ടികൾ മാറ്റുരയ്ക്കാനായി പുറപ്പെട്ടത്. മലയോര ജില്ലയിൽ നിന്ന് അനന്തപുരിയിലേക്കുള്ള യാത്ര ആവേശഭരിതം ആയിരുന്നു .സംസ്ഥാന കലോത്സവവേദി എന്ന സ്വപ്ന വേദിയിൽ മത്സരിക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളോടും കൂടിയാണ് നമ്മുടെ കുട്ടികൾ യാത്ര തിരിച്ചത്. തിരുവാതിര,ഇംഗ്ലീഷ് സ്കിറ്റ്, ചവിട്ടുനാടകം,ബാൻഡ് മേളം,നാടൻപാട്ട്,സംഘഗാനം, കഥകളി,കാവ്യകേളി, പണിയ നൃത്തം, ശാസ്ത്രീയ സംഗീതം,ഇരുള നൃത്തം എന്നീ ഐറ്റങ്ങളിൽ ഹൈസ്കൂൾ വിഭാഗങ്ങളിൽ എ ഗ്രേഡ് നേടി വിജയിക്കാൻ നമ്മുടെ കുട്ടികൾക്ക് സാധിച്ചു. സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ പോയിന്റ് നിലവാരത്തിൽ പത്താം സ്ഥാനം നേടാൻ നമ്മുടെ സ്കൂളിന് സാധിച്ചു എന്നത് അഭിനന്ദനാർഹമായ കാര്യമായിരുന്നു. ഒരു സ്കൂളിന്റെയും നാടിന്റെയും യശസ്സ് ഉയർത്തുന്ന രീതിയിൽ ഉള്ള വിജയം നേടാൻ നമ്മുടെ കുട്ടികൾക്ക് ആയത് അവരുടെ അർപ്പണ മനോഭാവവും കൃത്യമായ പരിശീലനവും ഒന്നുകൊണ്ടുമാത്രമാണ്.
