എച്ച്. എസ്സ്. എസ്സ്. പനങ്ങാട്/അക്ഷരവൃക്ഷം/ലേഖനം

Schoolwiki സംരംഭത്തിൽ നിന്ന്
വൈറസ് വ്യാപനവും പ്രതിരോധവും

2020 ഒരു ഭാഗ്യവർഷമായിത്തീരുമെന്ന ലോകമൊട്ടാകെയുള്ള ശുഭപ്രതീക്ഷ തകർത്തെറിഞ്ഞു കൊണ്ടാണ് ചൈനയിൽ നിന്ന് കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടത്. 2019 ഡിസംബർ 31 ന് ചൈനയിലെ വുഹാനിലുള്ള മത്സ്യചന്തയിൽ നിന്ന് ഒരു അജ്ഞാതരോഗമായി കോവിഡ് 19 ഈ രോഗം ഇന്ന് ലോകത്തെമുഴുവൻ ഭീതിയുടെ മുൾമുനയിൽ നിർത്തിയിരിക്കുന്നു. ലോകരാഷ്ട്രങ്ങളായ ചൈന, അമേരിക്ക, യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലെ മനുഷ്യരെ കൊന്നൊടുക്കിക്കൊണ്ടിരിക്കുകയാണ്. ലോകാരോഗ്യ സംഘടന മഹാമാരി എന്ന് വിശേഷിപ്പിക്കുന്ന ഈ കുഞ്ഞുവൈറസ്. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ലോകം കണ്ട ഏറ്റവും വലിയകെടുതി എന്ന് വിശേഷിപ്പിക്കണമെങ്കിൽ ലോകത്തെമുഴുവൻ മനുഷ്യവംശത്തെ വേരോടെ പിഴുതെറിയാൻ ഈ വൈറസ് ധാരാളമെന്ന് മനസ്സിലാക്കാൻ സാധിക്കും. മനുഷ്യനാണ് സർവ്വവും എന്ന് സ്വയംതന്നെ വിശേഷിപ്പിക്കുകയും വിശ്വസിപ്പിക്കുകയും ചെയ്യുന്ന മനുഷ്യരെ പുറത്തുപോലും ഇറങ്ങാൻ അനുവധിക്കാതെ മരണഭീതിയിലാഴ്‍ത്തിയ ഈ കൊറോണ വൈറസ്സിന്റെ ശക്തി അപാരം തന്നെ. ഇപ്പോഴത്തെ കൊറോണ വൈറസ് പോലെതന്നെ മനുഷ്യവംശത്തെ പിടിച്ചുകുലുക്കിയ ഒരുപാട് വൈറസ്സുകൾ ഇതിനുമുൻപും വന്നിട്ടുണ്ട്. അവയെയെല്ലാം ശാസ്ത്രം തോല്പിക്കുകയും ചെയ്തിരിക്കുന്നു. എന്നാൽ കൊറോണ വൈറസ്സിനെതിരെ പ്രതിരോധ കുത്തിവയ്പ്പ് കണ്ടുപിടിക്കാത്ത ഈ അവസ്ഥയിൽ അവയെ എതിർത്ത് നിൽക്കാൻ പരിസരശുചിത്വവും വ്യക്തിശുചിത്വവുമാണ് അനിവാര്യം.

വൈറസിനാൽ വരുന്ന അസുഖങ്ങൾ മാത്രമല്ല ഒട്ടുമിക്ക എല്ലാ അസുഖങ്ങളും പരിസരശുചിത്വവും വ്യക്തിശുചിത്വവും കൊണ്ട് തടയാൻ സാധിക്കും. ആദ്യാക്ഷരങ്ങൾക്കൊപ്പം തന്നെ വിദ്യാലയങ്ങളിൽ പഠിപ്പിക്കുന്നതാണ് ശുചിത്വം. എന്നാൽ അവയെല്ലാം കൃത്യമായി പാലിക്കാതെ ഇതുപോലെയുള്ള അത്യാവശ്യഘട്ടങ്ങളിൽ മാത്രം പാലിക്കുന്നതിനാലാണ് ഇതുപോലെയുള്ള അസുഖങ്ങൾ കാട്ടുതീയിനെക്കാൾ വേഗത്തിലും ഭയാനകമായും പടരുന്നത്. നാം വൃത്തിയായിരിക്കുകയും അതുപോലെതന്നെ നമുക്ക് ചുറ്റുമുള്ള പരിസരവും വൃത്തിയാക്കി വച്ചാൽ ഒരു പരിധിവരെ അസുഖങ്ങളെ തടുക്കുവാൻ സാധിക്കും. ഇതുപോലുള്ള പകർച്ചവ്യാധികളുടെ സമയത്ത് മാത്രമല്ലാതെ ഇടയ്‍ക്കിടയ്‍ക്ക് സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുക. ചെറിയൊരു ജലദോഷം വന്നാൽ മാസ്‍ക്ക് ഉപയോഗിക്കുകയും ചെയ്യാം. ഇതുപോലുള്ള സംസ്കാരമാണ് ജപ്പാൻ എന്ന രാജ്യത്തെ ഈ മഹാമാരി വിഴുങ്ങുന്നതിൽ നിന്ന് രക്ഷിച്ചത്.

വ്യക്തിശുചിത്വം ആരും നിർബന്ധിപ്പിച്ച് ചെയ്യിപ്പിക്കേണ്ടതല്ല. നാം നമ്മുടെ നല്ലതിനുവേണ്ടി സ്വയം അറിഞ്ഞ് ചെയ്യേണ്ടതാണ്. ഇപ്പോൾപോലും മാസ്ക്ക് വെക്കണം കൈകൾകഴുകണം എന്ന് നാഴികയ്ക്ക് നാൽപ്പതുവട്ടം പറയുന്നതിനാൽ മാത്രമാണ് നമ്മൾ അതുചെയ്യുന്നത്. കുട്ടികളെ പാഠപുസ്തകത്തിൽ വായിച്ച് പഠിപ്പിക്കേണ്ടത് മാത്രമല്ല ശുചിത്വം. അത് കുട്ടിക്കാലത്തുതന്നെ മറ്റെല്ലാം പഠിപ്പിക്കുന്നതോടൊപ്പം തന്നെ ചെയ്ത് ശീലിപ്പിക്കേണ്ടതാണ്. എന്തുതന്നെയായാലും ഈ ഒരു കൊറോണ കാലത്തെ നമുക്ക് അതിജീവിക്കണമെങ്കിൽ വ്യക്തിശുചിത്വവും സാമൂഹിക അകലവും തന്നെയാണ് ആദ്യചുവട്. അതിനുശേഷമാണ് ചികിത്സയും പ്രതിരോധകുത്തിവയ്പ്പും എല്ലാം. രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ എന്തുകൊണ്ടും നല്ലത് രോഗം വരാതെ നോക്കുന്നതാണ്

രോഗപ്രതിരോധത്തിന് ഏറ്റവും അനിവാര്യം സാമൂഹിക അകലം ആണെന്ന് തെളിയിച്ചുകഴിഞ്ഞിരിക്കുന്നു. അതിനുള്ള ഏറ്റവും നല്ല മാർഗ്ഗം പുറത്തിറങ്ങാതെ വീട്ടിൽതന്നെ ഇരിക്കുക എന്നതാണ്. എന്നാൽ നമ്മൾ അത് സ്വയം കണ്ടറിഞ്ഞ് ചെയ്യാത്തതിനാൽസർക്കാർ അത് നിർബന്ധിപ്പിച്ച് ചെയ്യിപ്പിക്കുന്നു. അതിനാൽ തന്നെ രാജ്യം സമ്പൂർണ്ണ അടച്ചിടലിലേയ്ക്ക് ആക്കി. അതിനെ ലോക്ക് ഡൗൺ എന്നും വിളിക്കുുന്നു. രോഗം പകരുന്നത് സമ്പർക്കത്തിലൂടെയാണെന്നതിനാൽ സാമൂഹിക അകലം പാലിക്കുക എന്നതുതന്നെയാണ് പരിഹാരം. അതിന് ഏറ്റവും നല്ല മാർഗ്ഗം ലോക്ക്ഡൗൺ തന്നെ. രോഗവ്യാപനത്തിന്റെ ഏറ്റവും ഭയാനകമായ ഘട്ടം സാമൂഹ്യവ്യാപനം എന്നഘട്ടമാണ്. ലോക്ക്ഡൗൺ പാലിക്കുന്നതിനാൽ നമുക്ക് അതിനെ ചെറുത്ത് നിൽക്കാൻ സാധിക്കുന്നു. ഒരു പക്ഷെ ലോക്ക് ഡൗൺ തുടക്കത്തിൽ തന്നെ പാലിക്കാത്തതായിരിക്കും മറ്റു ചില രാജ്യങ്ങളിൽ രോഗം പടർന്നുപിടിക്കാൻ കാരണമായത്. അതുകൊണ്ട് ഇതുപോലുള്ള പകർച്ചവ്യാധികളിൽ നിന്ന് സാമൂഹ്യഅകലം പാലിക്കുകയും വ്യക്തിശുചിത്വവുമാണ് പ്രധാന ഉപായം. അതിനാൽ അവയെ ചെറുത്തു നിൽക്കുന്നതിൽ ലോക്ക്ഡൗൺ നടപ്പിലാക്കുന്നതിന് വലിയ പങ്ക് തന്നെ ഉണ്ട്.

വീട്ടിൽ തന്നെ ഇരുന്ന് പുറത്ത് ഇറങ്ങാതെ ഇരിക്കേണ്ട അവസ്ഥ എല്ലാവർക്കും പരിചയമില്ലാത്തതും പുതിയതുമാണ്. അതിനാൽ തന്നെ സ്വാഭാവികമായ ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടതായി വരും. അതിനെല്ലാം മറികടക്കാൻ ലോകാരോഗ്യസംഘടനയും നമ്മുടെ സർക്കാറും നിരവധികാര്യങ്ങൾ നിർദ്ദേശിച്ചിരിക്കുന്നു. അതെല്ലാം പാലിച്ച് ഈ ലേക്ക്ഡൗൺ ദിനങ്ങൾ ക്രിയാത്മകമായും ഫലപ്രദമായും ഉപയോഗിക്കാം. ഈവേഗത്തെ ഇല്ലാതാക്കാനുള്ള സമയത്തോടൊപ്പം എല്ലാവരുടേയും കഴിവുകൾ പോഷിപ്പിക്കാനുള്ള സമയമായി വീണുകിട്ടിയിരിക്കുന്നു. അതിനാൽ തന്നെ രോഗത്തെ കുറിച്ചുള്ള ഭയമല്ല ഈ സമയത്ത് ആവശ്യം, പകരം കനത്ത ജാഗ്രതയാണ്.

ആരോഗ്യമേഖലയിലുള്ള എല്ലാവരും കഷ്ടപ്പെടുന്നതും അതോടൊപ്പമുള്ള ജനങ്ങളുടേയും നമ്മുടെ സർക്കാറിന്റെയും സഹകരണവും പ്രയത്നവും ഒരിക്കലും പാഴാകില്ല. നമ്മൾ ഈ മഹാമാരിയെ തോൽപ്പിക്കുക തന്നെചെയ്യും. എല്ലാവരും ഇത്രയും ശ്രമിക്കുമ്പോൾ നാം ഓരോരുത്തരും അവർക്കായി ആത്മവിശ്വാസം നൽകണം. ജനങ്ങളുടെ പങ്കാളിത്തവും സഹകരണവും ഇല്ലാതെ സർക്കാർ ഒറ്റക്ക് ശ്രമിക്കുന്നതിൽ കാര്യമില്ല. യാതൊരുവിധ വിവേചനവും കൂടാതെ മാനുഷികമൂല്യങ്ങൾക്ക് വില നൽകി നമ്മളാൽ കഴിയുന്നവിധത്തിൽ ഈ രോഗം പടരുന്നത് തടയാം. ഈ സാഹചര്യത്തിൽ തീർച്ചയായും ഭയമല്ല മറിച്ച് ജാഗ്രതയാണ് വേണ്ടത്. നാം സ്വയം പേടിക്കാതിരിക്കുകയും അതോടൊപ്പം മറ്റുള്ളവരെ ഭയപ്പെടുത്താതിരിക്കുകയും ചെയ്യാം.

വ്യാജവാർത്താപ്രചരണമാണ് ഇതുപോലുള്ള സാഹചര്യത്തിൽ നേരിടേണ്ടിവരുന്ന പ്രധാനവെല്ലുവിളി. നമ്മളാൽ ആർക്കും തെറ്റായ വാ‍ർത്ത എത്താതിരിക്കാൻ ശ്രദ്ധിക്കുക. പക്ഷെ അതിനു പകരമായി മറ്റുള്ളവർക്ക് ആത്മവിശ്വാസം പകരുന്ന വിധത്തിലുള്ള സന്ദേശങ്ങൾ പകരാം. സർക്കാർ തരുന്ന സന്ദേശങ്ങളും നിർദ്ദേശങ്ങളും നമ്മൾ ഓരോരുത്തരും ശരിയായ രീതിയിൽ പാലിച്ച് നമ്മുടെ നാടിനെ ഈ മഹാമാരിയിൽ നിന്നും രക്ഷിക്കാം.

അശ്വതി ടി പി
9 എച്ച് എസ് എസ് പനങ്ങാട്
കൊടുങ്ങല്ലൂർ ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം