എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/അക്ഷരവൃക്ഷം/ അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം
എല്ലാ ജീവജാലങ്ങളും അതിജീവനത്തിനു വേണ്ടി പരിസ്ഥിതിയെ ആശ്രയിക്കുന്നു. അതുകൊണ്ടുതന്നെ പരിസ്ഥിതി സംരക്ഷണം വളരെ ഗൗരവമേറിയ ഒന്നാണ്. മറ്റ് ജീവജാലങ്ങളിൽ നിന്ന് വ്യത്യസ്തമായി മനുഷ്യന്റെ നിലനിൽപ്പ് പരിസ്ഥിതിക്ക് ഒരു ഭാരമായി മാറിയിരിക്കുന്നു. നമ്മുടെ മാതാവാണ് പരിസ്ഥിതി.  പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോക നാശത്തിന് കാരണമാകും. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്  ഓർമ്മിക്കാനുള്ള അവസരമായി ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ 1972 മുതൽ ലോക പരിസ്ഥിതി ദിനം  ആചരിച്ചു വരുന്നു.
മനുഷ്യൻ പരിസ്ഥിതിയെ ആശ്രയിച്ച് അതിനെ ചൂഷണം ചെയ്ത് ജീവിക്കുന്നു. പക്ഷേ തിരിച്ച് ഒന്നും നൽകുന്നില്ല. കഴിഞ്ഞ രണ്ടു നൂറ്റാണ്ടു കാലത്തിനിടയ്ക്ക് മനുഷ്യൻ പല മേഖലകളിലും വലിയ പുരോഗതി നേടിയിട്ടുണ്ട്. പക്ഷേ അതെല്ലാം പരിസ്ഥിതിയെ നശിപ്പിച്ചുകൊണ്ടാണ്  നേടിയിട്ടുള്ളത്. മനുഷ്യൻ ചൂഷണം ചെയ്ത് പ്രകൃതിയെ പരിഹരിക്കാനാവാത്ത രീതിയിൽ നശിപ്പിച്ചിരിക്കുന്നു. എല്ലാ മനുഷ്യർക്കും ശുദ്ധവായുവും ശുദ്ധജലവും ജൈവവൈവിധ്യത്തിന്റെ ആനുകൂല്യങ്ങളും അനുഭവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവുമുണ്ട് എന്ന സങ്കൽപ്പമാണ് ലോക പരിസ്ഥിതി ദിനത്തിന്റെ അടിസ്ഥാനം. പ്രതീക്ഷ കൈവിടാതെ മലിനീകരണത്തിന് എതിരെ,  വനനശീകരണത്തിനെതിരെ പ്രവർത്തിക്കുകയാണ് പാരിസ്ഥിതിക സുസ്ഥിരത കൈവരാനുള്ള ഒരു മാർഗം.           
പരിസ്ഥിതിയുടെ സ്വഭാവത്തെക്കുറിച്ച് മനുഷ്യന് ഇന്നും ശരിയായ അറിവില്ല. പ്രകൃതിയുമായി നിലനിർത്തേണ്ട ബന്ധത്തെക്കുറിച്ച് മനുഷ്യർക്ക് ഇന്നും വലിയ ധാരണയില്ല. മനുഷ്യ പുരോഗതിയെ തടസ്സപ്പെടുത്തുന്ന രീതിയിൽ പരിസ്ഥിതി സംരക്ഷണം ആവശ്യമില്ല എന്നാണ് ചിലർ വാദിക്കുന്നത്. ഈ തോതിലുള്ള ചൂഷണം പരിസ്ഥിതിക്ക് ഹാനികരമാണെന്ന് ചിന്തിക്കുന്നത് യുക്തിസഹമാണ്. മനുഷ്യൻ ഒരു നിയന്ത്രണവുമില്ലാതെ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പോലുള്ള വസ്തുക്കളും മാലിന്യങ്ങളും വലിച്ചെറിയാനുള്ള നിക്ഷേപ ശാലയായി ഭൂമിയെ കാണുന്നു. ഇത് സുന്ദരമായ ഈ ഗ്രഹത്തെ ഒരു മരുപ്രദേശമാക്കിമാറ്റും. വരും തലമുറയോട് നാം ചെയ്യുന്ന ഏറ്റവും വലിയ അനീതി ആയിരിക്കും അത്. അതുകൊണ്ട് ഇന്നുള്ള ഈ ചിന്താശൂന്യമായ പരിസ്ഥിതി നശീകരണം ഉടനെ അവസാനിപ്പിക്കേണ്ടി ഇരിക്കുന്നു.
മുൻകാലങ്ങളെ അപേക്ഷിച്ച് വാഹനങ്ങളുടെ ഉപയോഗം ക്രമാതീതമായപ്പോൾ ഇവയിൽ നിന്നും ഉളവാകുന്ന ശബ്ദമലിനീകരണത്തിന്റെയും, അന്തരീക്ഷമലിനീകരണത്തിന്റെയും തോത് പരിസ്ഥിതിയെ മോശമാക്കിയിട്ടുണ്ട്. കാടുവെട്ടിത്തെളിച്ച് കോൺക്രീറ്റ് റോഡുകൾ ഉണ്ടാക്കുന്നതും,  മണൽ മാഫിയകൾ ജലാശയങ്ങൾ കൊള്ളയടിക്കുന്ന തും വയലുകൾ നികത്തുന്നതും ഇന്ന് പൊതുവേ ഉള്ള കാര്യമാണ്. സുനാമിയോ, വെള്ളപ്പൊക്കമോ, കൊറോണ വൈറസോ  വരുമ്പോൾ പരിസ്ഥിതി ബോധത്താൽ അലമുറയിട്ടിട്ട് കാര്യമില്ല. വേണ്ടത് സ്ഥിരമായ പാരിസ്ഥിതിക ബോധമാണ്. ഒരു മരം നശിപ്പിക്കുമ്പോൾ പത്തു പുതിയ തൈകൾ നടാനുള്ള ബോധം നമ്മുക്ക് ഉണ്ടാകണം. നമ്മെ പരിപാലിക്കുന്ന പരിസ്ഥിതിയെന്ന അത്ഭുതത്തെ കിട്ടുന്നതിന്റെ നാലിരട്ടി സ്നേഹം നൽകി പരിപാലിക്കേണ്ട ചുമതലയുള്ളവരാണ് നമ്മൾ. ഈ ലോകത്ത് പരിസ്ഥിതി സംരക്ഷണത്തിനായി സ്വജീവിതം അർപ്പിച്ച് അസംഖ്യം ജന്മങ്ങളുണ്ട്. ഈ ഭൂമി നാളേയ്ക്കും, എന്നന്നേക്കും എന്ന സങ്കല്പത്തോടെ പ്രവർത്തിക്കുന്ന അവരുടെ യത്നത്തിൽ നമ്മുക്കും പങ്ക് ചേരാം.



വൈഷ്ണവി എസ്.
8 ഹയർ സെക്കന്ററി സ്ക്കൂൾ, കൂത്താട്ടുകുളം
കൂത്താട്ടുകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം