എച്ച്.എസ്.മുണ്ടൂർ/അക്ഷരവൃക്ഷം/വായനകുറിപ്പ് - ബിരിയാണി
വായനകുറിപ്പ് - ബിരിയാണി
മലയാള വായനക്കാർക്ക് പരിചിതവും മികവുറ്റ അവതരണവും കൊണ്ട് വായനക്കാരുടെ മനസ്സിനെ കീഴ്പ്പെടുത്തിയ സന്തോഷ് ഏച്ചിക്കാനത്തിന്റെ ബിരിയാണി എന്ന ചെറുകഥ. നല്ല ഒഴുക്കും സുതാര്യത ഉള്ള ഭാഷാ ശൈലി കൊണ്ടും അനുഗ്രഹീതൻ ആണ് സന്തോഷ് ഏച്ചിക്കാനം. കഥാപാത്ര സൃഷ്ടിക്ക് പുതുമയുടെ ഭംഗികൾ, വേദനയും ആകാംക്ഷയും പകർന്നൊരു വായനാനുഭവമാണ് ഈ കൃതി സൃഷ്ടിച്ചത്. വേറിട്ടുനിൽക്കുന്ന കേന്ദ്രകഥാപാത്രാവിഷ്കാരത്തിലൂടെ, ഹൃദയംഗമമായ ശൈലിയിൽ പുതുമയുള്ള രചനക്ക് ഈ ചെറുകഥ ഉദാഹരണമാണ്. വിശപ്പിനെയും ദാരിദ്ര്യത്തെയും ഒന്നെത്തി നോക്കാൻ നാം ഏവരെയും ഈ കഥ സഹായിക്കുന്നു. വിദ്യാഭ്യാസത്തിലും സാക്ഷരതയിലും മുൻപന്തിയിൽ നിൽക്കുന്ന നമ്മുടെ മുന്നിൽ വിശപ്പിനെ മുഖ്യ പ്രമേയമാക്കിയ ഈ കഥ ഒത്തിരി സന്ദേശങ്ങൾ കോർത്തിണക്കുന്നുണ്ട്. പക്ഷേ എന്നെ ഈ കഥയിലേക്ക് ആകർഷിച്ചത് ഈ കഥാനായകൻ ഒരു ബീഹാറി ആയതാണ്. അന്യസംസ്ഥാന തൊഴിലാളികളെ നാമേവരും പുച്ഛത്തോടെ യും സംശയത്തോടെയും നോക്കുമ്പോൾ അവർക്കും അവരുടേതായ സാമ്പത്തിക പ്രശ്നം ഉണ്ടെന്നുംഅതിനു വേണ്ടിയാണ് അവർ ജോലി ചെയ്യാൻ മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കുന്നത് എന്നും കഥാകൃത്ത് മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. പുത്തൻ പണക്കാരനായ കലന്തൻ ഹാജിയുടെ വീട്ടിൽ ഒരു വിവാഹം നടക്കുകയാണ്. ബിരിയാണിക്ക് വേണ്ടി പഞ്ചാബിൽ നിന്നും ബസുമതി അരി നേരിട്ട് ഇറക്കുമതി ചെയ്തിട്ടുണ്ട്. വിവാഹത്തിന് ബാക്കിയാവുന്ന ബിരിയാണി കുഴിച്ചിടാൻ ആണ് കഥാനായകൻ ഗോപാലകൃഷ്ണ യാദവിനോട് കലന്തൻ ഹാജി പറയുന്നത്. സന്ദർഭങ്ങൾ കഥാകൃത്തിന്റെ ഭാഷയെ ഒന്നുകൂടി മനോഹരമാക്കിയിട്ടുണ്ട്. ജോലിക്കിടയിൽ തൻറെ വേദനനിറഞ്ഞ ഭൂതകാലത്തേക്ക് ഗോപാൽ യാദവ് ഒന്ന് തിരിച്ചു പോവുകയാണ്. ഗോപാൽ യാദവന്റെ ഭാര്യ മാതംഖി ഗർഭിണി ആയിരിക്കെ ബസ്മതി അരി കൊണ്ടുള്ള ചോറ് കഴിക്കാൻ ആഗ്രഹം ഉണ്ടായപ്പോൾ ബിരിയാണി ഉണ്ടാക്കാൻ നിവൃത്തിയില്ലാതെ 50 ഗ്രാം അരി വാങ്ങി വെറുതെ കഴിക്കാൻ പറഞ്ഞ നിർഭാഗ്യവാനായ ഭർത്താവാണ് അയാൾ. ഒന്നും കഴിക്കാൻ ഇല്ലാതെ മണ്ണുവാരി കഴിച്ച മകളും ഗോപാൽ യാദവിനു ഉണ്ടായിരുന്നു., ഗോപാൽ യാദവിന്റെ മകൾ ബസുമതി വിശപ്പ് മൂലം മരിച്ചതാണെന്ന് അവസാനം അറിയുകയും ചെയ്യുന്നു. തൻറെ മകളുടെ മുകളിൽ മണ്ണ് വാരി ഇടുന്നതു പോലെയുള്ള ആ വേദന നമുക്ക് ആർക്കും സങ്കൽപ്പിക്കാൻ പോലും കഴിയുന്നില്ല. ആഡംബരത്തിലും ധൂർത്തിലും നമ്മൾ ഏവരും വിവാഹവും മറ്റു ചടങ്ങുകളും നടത്തുമ്പോൾ ആരെങ്കിലും ഓർക്കുന്നുണ്ടോ? വിശപ്പ് മൂലം ഇതുപോലെയുള്ള എത്ര ജീവനുകളാണ് നഷ്ടപ്പെടുന്നത് എന്ന്, എത്ര ഹൃദയങ്ങൾ ആണ് തകർന്നത് എന്ന്. ഭക്ഷണത്തിന്റെ അമൂല്യത പകർന്നു തന്ന ഈ കഥാകൃത്തിനെയും ബിരിയാണി എന്ന ചെറുകഥയെയും നമ്മുടെ ഹൃദയത്തിൽ ബസ്മതി എന്ന ഒറ്റവാക്കിൽ നമുക്കേവർക്കും ഓർക്കാം,വിശപ്പിന്റെ വിലയെ അറിയാം...
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പറളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പറളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം