എം ടി എം എച്ച്.എസ്സ് എസ്സ്. പാമ്പാക്കുട/എന്റെ ഗ്രാമം
പാമ്പാക്കുട എറണാകുളം ജില്ലയിൽ മൂവാറ്റുപുഴ താലൂക്കിൽ പാമ്പാക്കുട ബ്ളോക്കിൽ ഓണക്കൂർ, മേമ്മുറി എന്നീ വില്ലേജുകളുടെ പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്താണ് പാമ്പാക്കുട ഗ്രാമപഞ്ചായത്ത്. 30.09 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകൾ പടിഞ്ഞാറ് രാമമംഗലം, പിറവം പഞ്ചായത്തുകൾ, കിഴക്ക് തിരുമാറാടി, മാറാടി പഞ്ചായത്തുകൾ, തെക്ക് പിറവം, ഇലഞ്ഞി, തിരുമാറാടി, പഞ്ചായത്തുകൾ, വടക്ക് രാമമംഗലം, മാറാടി പഞ്ചായത്തുകൾ എന്നിവയാണ്. ഈ പ്രദേശം ഒരിക്കൽ പെരുമാക്കന്മാരുടെ ഭരണത്തിലായിരുന്നു. ഒടുവിലത്തെ പെരുമാളായ ചേരമാൻ പെരുമാൾ ബ്രാഹ്മണർക്കും നാട്ടുപ്രമാണിമാർക്കും തന്റെ നാട് വിട്ടുകൊടുത്തിട്ട് ഇസ്ളാം മതം സ്വീകരിച്ച് മക്കയിലേക്ക് പോയി. കാർഷിക ആവശ്യത്തിന് ഏതോ പെരുമാൾ വെട്ടിച്ചു കൊടുത്തതാണ് ഈ പഞ്ചായത്തിലുള്ള വിശാലമായ പെരുമാൾചിറ, പെരുമാൾ ചിറ കാലപ്പഴക്കത്തിൽ പെരുമാഞ്ചിറയുമായി. പെരുമാക്കന്മാരുടെ ഭരണശേഷം കോട്ടയിൽ കർത്താക്കന്മാരുടെ നിയന്ത്രണത്തിലായി ഈ നാട്. അവരുടെ അറയ്ക്കുള്ളിൽ ഒരു വലിയ നിധി കുംഭം സൂക്ഷിച്ചുവച്ചിരുന്നു. അതിനു കാവൽ നിന്നിരുന്നത് വിഷം ചീറ്റുന്ന പാമ്പുകളായിരുന്നു. ബ്രാഹ്മണരും ബന്ധുജനങ്ങളും ഉൾപ്പെടെ അനേകം ആളുകളെ ആണ്ടിലൊരിക്കൽ ക്ഷണിച്ചു വരുത്തി സദ്യയും ദാനധർമ്മങ്ങളും നൽകുന്ന പതിവ് ഈ കർത്താക്കൻമാർക്കുണ്ടായിരുന്നു. ആ കൂട്ടത്തിൽ ചുറ്റും പത്തിവിടർത്തിനിൽക്കുന്ന പാമ്പുകളെയും കുടത്തെയും അതിഥികൾക്ക് കാട്ടികൊടുത്തിരുന്നു. നാടുവാഴികളുടെ പ്രതാപാപൈശ്വര്യങ്ങൾ മറ്റുള്ളവർക്ക് ബോധ്യപ്പെടുത്തികൊടുക്കുന്നതാവാം ഇതിന്റെ പിന്നിലുള്ള താല്പര്യം. ഏതായാലും ഈ നാടിന്റെ നിധികുഭം കണ്ടവരെല്ലാം പാമ്പുംകുടമെന്ന് പേരുചൊല്ലി വിളിക്കാൻ തുടങ്ങി. പാമ്പുംകുടം പിന്നീട് ഉച്ചാരണഭേദങ്ങളിലൂടെ പാമ്പാക്കുടയായി മാറി. ചിത്രലിപിയിൽ ഈ പ്രദേശത്തിന്റെ നാമം എഴുതിക്കാണിച്ചിരുന്നത് പാമ്പിന്റെയും കുടയുടെയും പടം വരച്ചാണ്. ഈ നാടിന് പാമ്പാക്കുട എന്നു പേരുണ്ടായതിന് ഇതും ഒരു കാരണമായി കരുതുന്നു. ശ്രീകൃഷ്ണൻ കുട്ടിയായിരുന്നപ്പോൾ മഴനനയാതെ അനന്തൻ തന്റെ ഫണങ്ങൾ വിടർത്തി കുടപിടിച്ചതായ സംഭവം പുരാണ പ്രസിദ്ധമാണ്. ആ സംഭവം നടന്നത് ഈ പ്രദേശത്ത് വച്ചായതുകൊണ്ടാണ് പാമ്പാക്കുട എന്ന പേർ ലഭിച്ചതെന്നും വിശ്വസിക്കുന്നവർ ധാരാളമാണ്.പ്രസിദ്ധമായ അരുവിയ്ക്കൽ വെള്ളച്ചാട്ടം ഈ പഞ്ചായത്തിലാണ്. ഉദ്ദേശം നൂറടിയോളം താഴ്ച വരുന്ന ടൂറിസ്റ്റുകളെ ആകർഷിക്കുന്ന കേന്ദ്രം കൂടിയാണ് അരുവിയ്ക്കൽ. കോനാട്ടു മല്പാൻ കുടുംബം ക്രിസ്തീയ സമുദായത്തിനു നൽകിയ സേവനങ്ങൾ വളരെ വലുതാണ്. ഇവിടുത്തെ മല്പാൻപരമ്പര സംസ്ഥാനമൊട്ടാകെയുള്ള അസംഖ്യം വേദപഠിതാക്കൾക്ക് സുറിയാനിയും സമുദായ ചരിത്രവും പഠിപ്പിച്ചുകൊടുത്തു. മല്പാൻകുടുംബം പണ്ടത്തെ ഗുരുകുല സമ്പ്രദായത്തിൽ പ്രവർത്തിച്ചിരുന്ന ഇവിടുത്തെ ഏക പുണ്യാശ്രമം ആണ്. അച്ചടി സമ്പ്രദായം സമീപപ്രദേശത്തെങ്ങും ഇല്ലാതിരുന്ന കാലത്ത് സഭാനിയമങ്ങളും, കുർബാന ക്രമങ്ങളും മലയാളീകരിച്ച സങ്കീർത്തനസാരങ്ങളും വേദപുസ്തകങ്ങളും മല്പാൻകുടുംബ വക പ്രസ്സിൽ നിന്നും ധാരാളമായി അച്ചടിച്ചിറക്കിയിട്ടുണ്ട്.