962 ജൂൺ 4 ന് കുമ്പഴ മാർ ശെമവേൽ ദെസ്തുനി ഇടവക കെട്ടിടത്തിൽ ശ്രീ കെ. ജി. വർഗീസിന്റെ മാനേജ്മെന്റിൽ കുമ്പഴ നിവാസികളുടെ ചിരകാല അഭിലാഷമായിരുന്ന ഒരു അപ്പർ പ്രൈമറി സ്കൂൾ മാർ പീലക്സിനോസ് തിരുമേനിയുടെ നാമധേയത്തിൽ മാർ പീലക്സിനോസ് അപ്പർ പ്രൈമറി സ്കൂൾ എന്നപേരിൽ പ്രവർത്തനമാരംഭിച്ചു.

1963 ഡിസംബർ 22 ന് അഭിവന്ദ്യ മാർ പീലക്സിനോസ് തിരുമേനിയുടെ ആശീർവാദത്തോടെ സ്കൂളിന്റെ പ്രവർത്തനം ഇന്ന് സ്കൂൾ സ്ഥിതിചെയ്യുന്ന കെട്ടിടത്തിൽ ആരംഭിച്ചു. അന്നത്തെ സ്കൂളിലെ അധ്യാപകരുടെയും മാനേജ്മെൻറിൻറെയും മറ്റു ജീവനക്കാരുടെയും അക്ഷീണമായ പരിശ്രമം മൂലം ഈ വിദ്യാലയം ജില്ലയിലെ വിദ്യാഭ്യാസ മേഖലയിൽ മുൻനിരയിലെത്തി.

1982 ജൂണിൽ പ്രസ്തുത വിദ്യാലയം ഒരു ഹൈസ്കൂളായി ഉയർത്തപ്പെട്ടു. ഈ സ്കൂളിൻറെ ഉന്നമനത്തിനായി അന്നത്തെ വിദ്യാഭ്യാസ മന്ത്രിമാരായിരുന്നു ശ്രീ ബേബിജോണും ശ്രീ. ടി. എം. ജേക്കബും മുൻമന്ത്രിയായിരുന്ന ശ്രീ. എം. കെ. പ്രേമചന്ദ്രനും നൽകിയ സംഭാവനകൾ വളരെ വലുതാണ്.

1984 സ്കൂളിൻറെ സ്ഥാപക മാനേജർ ആയിരുന്ന ശ്രീ. കെ. ജി. വർഗീസ് ആകസ്മികമായി ദിവംഗതനായി.

അദ്ദേഹത്തിൻറെ പാവനസ്മരണയ്ക്ക് മുമ്പിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു.

അദ്ദേഹത്തിൻറെ കാലശേഷം സ്കൂൾ മാനേജർ സ്ഥാനം അദ്ദേഹത്തിൻറെ പുത്രനായ ഉമ്മൻ വർഗ്ഗീസ് ഏറ്റെടുക്കുകയും തൻറെ പിതാവിൻറെ അഭിലാഷം സാക്ഷാത്കരിക്കുന്നതിന് അക്ഷീണം പ്രവർത്തിക്കുകയും ചെയ്തു.

1987 ൽ സ്കൂളിൻറെ രജത ജൂബിലിയോടനുബന്ധിച്ചുള്ള സാഹിത്യ- സാംസ്കാരിക സമ്മേളനം വിശ്വസാഹിത്യകാരനായ തകഴി ശിവശങ്കരപ്പിള്ള മറ്റു സാഹിത്യ സാംസ്കാരിക രാഷ്ട്രീയ നേതാക്കന്മാരുടെ സാന്നിധ്യത്തിൽ ഉദ്ഘാടനം ചെയ്തു.

വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആയിരുന്ന പി ജെ ജോസഫിൻറെ അധ്യക്ഷതയിൽ കൂടിയ സമാപന സമ്മേളനം അഭിവന്ദ്യ മാർ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് പ്രഥമൻ കാതോലിക്കാബാവ തിരുമേനി ഉത്ഘാടനം ചെയ്തു.

സ്ഥാപക മാനേജരുടെ ഛായാചിത്രം നിയുക്ത കാതോലിക്കാ ബാവാ മാത്യൂസ് മാർ കൂറിലോസ് തിരുമേനി അനാച്ഛാദനം ചെയ്തു.

ജൂബിലിയോട് അനുബന്ധിച്ച് പ്രസിദ്ധീകരിച്ച സ്മരണികയുടെ ചീഫ് എഡിറ്റർ മഹാകവി പുത്തൻകാവ് മാത്തൻ തരകൻ ആയിരുന്നു.

1995 ൽ ഈ മഹാവിദ്യാലയം ഒരു വോക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ആയി ഉയർത്തപ്പെട്ടു.

വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഡ്രാഫ്റ്റ്മാൻ (സിവിൽ), ഇലട്രീഷ്യൻ ഡൊമസ്റ്റിക് സൊലൂഷൻസ് (ഇലട്രീഷ്യൻ), ഓർഗാനിക് ഗ്രോവർ (അഗ്രികൾച്ചർ), ടൂർ ഗൈഡ് (ടൂറിസം), കമ്പ്യൂട്ടർ ആപ്ലിക്കേഷൻ അക്കൗണ്ടിംഗ് ആൻഡ് പബ്ലിഷിംഗ് (കൊമേഴ്സ്) എന്നീ കോഴ്സുകൾ വിപുലവും ആധുനികവുമായ ലാബ് സജ്ജീകരണങ്ങളോടുകൂടി പ്രവർത്തിക്കുന്നു.

1962 ജൂൺ 4 ന് 150 വിദ്യാർത്ഥികളും 5 അധ്യാപകരുമായി ആരംഭിച്ച ഈ സ്ഥാപനം നിരവധി അധ്യാപക അനധ്യാപകരും ധാരാളം വിദ്യാർത്ഥികളുമുള്ള ഒരു മഹാ പ്രസ്ഥാനമായി മാറിയിരിക്കുന്നു.

മുൻകാലങ്ങളിൽ ഈ വിദ്യാലയത്തിൽ സേവനമനുഷ്ഠിച്ച പ്രഥമ അധ്യാപകർ, അധ്യാപകർ, അനധ്യാപകർ എന്നിവരെ സ്മരിക്കുന്നു.

ഈ മാനേജ്മെൻറിന്റെ ഉടമസ്ഥതയിൽ മാർ ഗ്രിഗോറിയോസ് ലോവർ പ്രൈമറി സ്കൂൾ പ്ലാവേലി, എസ് എൻ വി ലോവർ പ്രൈമറി സ്കൂൾ മൈലാടുംപാറ, സെൻറ് സൈമൺ ഇംഗ്ലീഷ് മീഡിയം സ്കൂൾ കുമ്പഴ എന്നീ സ്ഥാപനങ്ങളും നല്ല നിലയിൽ പ്രവർത്തിച്ചുവരുന്നു.