എം.ടി.എൽ.പി.സ്കൂൾ ഉമയാറ്റുകര/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചരിത്രം :
മാർത്തോമാ സഭയുടെ നവീകരണം ജനതയുടെ നാനാമുഖമായ അഭിവൃദ്ധിക്കും ജനസേവന പരിപാടികൾക്കും പ്രേരണ നൽകുന്നതായിരുന്നു.അതിനായി ഉമയാറ്റുകരയുടേയും പ്രയാറിന്റേയും അതിർത്തിയിൽ പെട്ട അമ്പലത്തിങ്കൽ പുരയിടത്തിൽ ഒരു ഷെഡ്ഡുണ്ടാക്കി. ഈ സ്ഥലം പാലത്തിനാൽ ശ്രീ. ഇടുക്കുള കോരുതിന്റെ വകയായിരുന്നു. തുടർന്ന് അവിടെ ഒരു വിദ്യാലയം ആരംഭിക്കുന്നതിന് ആഗ്രഹിക്കുകയും കൊല്ലവർഷം 1090 (AD 1914) ൽ ഒന്നാം ക്ലാസ്സ് ആരംഭിക്കുകയും ചെയ്തു. ഈ ഷെഡ്ഡ് സുരക്ഷിതമല്ലെന്ന് കണ്ട് ശ്രീ മാമ്മൻ കൊച്ചുമാമ്മൻ ഇടശ്ശേര്യത്ത് മുൻകൈയെടുത്ത് സ്ഥിരം കെട്ടിടം നിർമ്മിക്കുകയും രണ്ടു ക്ലാസ്സുകൾ നടത്തുകയും ചെയ്തു. 1916- ൽ ശ്രീ. എം. വി. യോഹന്നാൻ ഹെഡ്മാസ്റററും ശ്രീ. പി. വി. മാത്തൻ അസിസ്റ്റന്റായും സ്ഥാനമേറ്റു. ഈ പ്രവർത്തനങ്ങളിൽ നേതൃത്വം നൽകിയവരാണ് റവ. എം മാത്യു കശ്ശീശ്ശ തേക്കാട്ടിൽ, ശ്രീ. ഇടുക്കുള കോരുത് പാലത്തിനാൽ, ശ്രീ. പോത്ത വർഗീസ് കോയിപ്പുറത്ത്, ശ്രീ. ചാക്കോ ചാക്കോ പുത്തേത്ത് തുടങ്ങിയവർ. കൂടാതെ സ്ഥലവാസികളുടെ നിർലോഭമായ സഹകരണവും പ്രോത്സാഹനവും സ്കൂൾ ഭംഗിയായി നടത്തുന്നതിന് സാധിച്ചു. കൊല്ലവർഷം 1110- ൽ മൂന്നാം ക്ലാസ്സ് ആരംഭിച്ചു. ഈ ക്ലാസ്സിലേക്ക് നിയമിതനായ അദ്ധ്യാപകൻ ശ്രീ. സക്കറിയ വറുഗീസ് ക്ലാസ്സ് നടത്തുന്നതിന് കെട്ടിടം നിർമ്മിക്കുകയുണ്ടായി. നാല് ക്ലാസ്സുള്ള ഒരു പൂർണ്ണ പ്രൈമറി സ്കൂളായി വികസിപ്പിക്കുന്നതിനുള്ള ശ്രമം പിന്നീട് നടന്നു. നാലാം ക്ലാസ്സ് ആരംഭിക്കുന്നതിന് അദ്ധ്യാപകരുടെയും സ്ഥലവാസികളുടെയും സഹായത്തോടെ വടക്കുഭാഗത്ത് മുഞ്ഞനാട്ടു പുരയിടത്തിൽ സ്ഥലം വാങ്ങുകയും കെട്ടിടം നിർമ്മിക്കുകയും ചെയ്തു. ശ്രീ. ഐ ഏബ്രഹാം സ്കൂളിൽ അദ്ധ്യാപകനായി നിയമിക്കപ്പെട്ടു. അങ്ങനെ കൊല്ലവർഷം 1111- ൽ ( 1935 ) ഒരു പൂർണ്ണ പ്രൈമറി സ്കൂളായി പ്രവർത്തനം ആരംഭിച്ചു.
ആദ്യകാല മാനേജർ ചെങ്ങന്നൂർ കരിമ്പനയ്ക്കൽശിരസ്തദാർ ആയിരുന്നു.പിന്നീട് മാനേജർ ആയിരുന്ന റവ. വി പീ മാമ്മനച്ചന്റെ കാലയളവിൽ വസ്തുവിന്റെ ആധാരം മാർത്തോമ്മാ കോർപ്പറേറ്റ് മാനേജ്മെന്റിന് എഴുതിക്കൊടുത്തു.തുടർന്നു വന്ന പ്രഥമാധ്യാപകരും അധ്യാപകരും സ്കൂളിന്റെ ഉയർച്ചയ്ക്കായി നന്നായി പ്രവർത്തിച്ചു.പുല്ലാട് വിദ്യാഭ്യാസ സബ്ജില്ലയുടെ കീഴിൽ ആയിരുന്ന ഈ സ്കൂൾ1997 ഒക്ടോബറിൽ ചെങ്ങന്നൂർ വിദ്യാഭ്യാസ ഉപജില്ലയിലേയ്ക്ക് മാറി.
2018 -ഓഗസ്റ്റിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ സ്കൂളിൽ 3 അടിയോളം ചെളി വെള്ളം കയറുകയും ധാരാളം നാശനഷ്ടങ്ങൾ ഉണ്ടാകുകയും ചെയ്തു.