ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്.കോതനല്ലുർ/അക്ഷരവൃക്ഷം/ഒരു വിചിന്തനം
ഒരു വിചിന്തനം
പരിസ്ഥിതിയുടെ സംരക്ഷണത്തിന്റെ ആവശ്യകത എന്നത്തേക്കാളും പ്രസക്തമായിരിക്കുന്ന കാലഘട്ടമാണിത്. പരിസ്ഥിതി മനുഷ്യനും, ജന്തുലോകവും, സസ്യജാലങ്ങളും ചേർന്നതാണ്. പരിസ്ഥിതിയുടെ നിലനിൽപിന് ദോഷകരമായ പ്രവർത്തനങ്ങൾ നമ്മുടെയും സസ്യങ്ങളുടെയും, മൃഗങ്ങളുടെയും ആവാസ വ്യവസ്ഥയെ താളം തെറ്റിക്കുകയും, മനുഷ്യ നിലനില്പിനെ അപകടത്തിലാക്കുകയും ചെയ്യും. പരിസ്ഥിതിയുമായുള്ള ഈ പരസ്പര ബന്ധം ഇന്ന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. ജീവന്റെ നിലനിൽപിന് വായുപോലെ തന്നെ ആവശ്യമാണ് ജലവും. പക്ഷെ ഇപ്പോൾ നാം മാലിന്യവും, ചപ്പുചവറുമെല്ലാം വലിച്ചെറിയുന്നത് നദികളിലും, പുഴകളിലുമാണ്. മനുഷ്യൻ സ്വീകരിച്ചു വരുന്ന വികസന പ്രവർത്തനങ്ങൾ പരിസ്ഥിതിയുടെയും ഭൂമിയുടെ തന്നെയും നിലനില്പിനെ അപകടത്തിലാക്കിയേക്കാം. ഭൂമിയിലെ ചൂടിന്റെ വർദ്ധന, കാലാവസ്ഥയിൽ ഉണ്ടാവുന്ന മാറ്റങ്ങൾ, ഉപയോഗശൂന്യമായ മരുഭൂമികളുടെ വർദ്ധന, ശുദ്ധജലക്ഷാമം, ജൈവവൈവിധ്യ ശോഷണം തുടങ്ങി ഒട്ടേറെ പരിസ്ഥിതി പ്രശ്നങ്ങൾ നമ്മെ അലട്ടുന്നുണ്ട്. പ്രകൃതി സംരക്ഷണം എന്നത് മനുഷ്യന് പ്രകൃതിയോടുള്ള ഉത്തരവാദിത്വം മാത്രമല്ല, മറിച്ചു മനുഷ്യനോടും, സഹജീവികളോടും കൂടിയുള്ള ഉത്തരവാദിത്വമാണ്. മനുഷ്യകുലം ഇല്ലെങ്കിലും പ്രകൃതിയും, ഭൂമിയും നിലനിൽക്കും. എന്നാൽ ഭൂമിയില്ലാതെ മനുഷ്യർക്ക് വേറൊരു വാസസ്ഥലം ഇല്ലെന്ന വാസ്തവം നാം ഓർക്കണം. അതുകൊണ്ട് നാം ഭൂമിയെയും, പ്രകൃതിയെയും സംരക്ഷിക്കണം. പാടങ്ങൾ നികത്തി വലിയ വീടുകൾ നിർമിക്കുന്നത്, മനുഷ്യന്റെ വലിയൊരു അഹങ്കാരമാണ്. ഈ അഹങ്കാരം മനുഷ്യനെ നാശത്തിൽ എത്തിക്കുന്നു. അതിനാൽ വിവേചന ശക്തിയുള്ള മനുഷ്യൻ ഇനിയെങ്കിലും വിവേകത്തോടുകൂടെ പെരുമാറേണ്ടിയിരിക്കുന്നു.
|