ആർസിഎച്ച്എസ് ചുണ്ടേൽ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ചരിത്രം

ആർസി ഹയർ സെക്കൻഡറി സ്കൂൾ -ചരിത്രവഴികൾ

1924 സ്ഥാപിതമായ ആർ സി ഹയർ സെക്കൻഡറി സ്കൂൾ അനേകായിരങ്ങൾക്ക് അറിവിന്റെ അക്ഷരദീപം പകർന്ന് 97 വർഷങ്ങൾ പിന്നിടുകയാണ്. രാജ്യത്തിന് അകത്തും പുറത്തുമായി നിരവധി പ്രതിഭകളെ സംഭാവന ചെയ്ത ഈ സരസ്വതിക്ഷേത്രം ,വയനാടിന്റെ വിദ്യാഭ്യാസ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ്.

കൽപറ്റ ബ്ലോക്ക് പഞ്ചായത്തിൽ വൈത്തിരി ഗ്രാമപഞ്ചായത്തിലാണ് ചുണ്ടേൽ എന്ന പ്രദേശം സ്ഥിതി ചെയ്യുന്നത്. പ്രദേശത്തെ അസംബ്ലി മണ്ഡലം കൽപ്പറ്റയാണ്. ലോക്സഭാമണ്ഡലം വയനാടും . ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. വിജേഷ്, നിയോജക മണ്ഡലം എം എൽഎ ശ്രീ.ടി.സിദ്ധിഖ് പാർലമെൻറ് എം പി ശ്രീ രാഹുൽഗാന്ധി എന്നിവരാണ് നിലവിലെ സാരഥികളായ ജനപ്രതിനിധികൾ.

വിദ്യാലയത്തിന്റെ ചരിത്രത്തിലേയ്ക്ക് കണ്ണോടി ക്കുമ്പോൾ പിന്നിട്ട വഴികളിൽ നേതൃത്വമായ നിരവധി മഹത് വ്യക്തിത്വങ്ങൾ,അവരുടെ ത്യാഗങ്ങൾ , ദീർഘവീക്ഷണം ഇവയൊക്കെ ഓർക്കേണ്ടതുണ്ട്.

ബ്രിട്ടീഷ് ഭരണത്തിന്റെ പ്രതാപകാലത്ത്, വയനാട്ടിലെ മലമടക്കുകളിൽ കൃഷിയെ മാത്രം ആശ്രയിച്ച് ജീവിച്ചിരുന്ന സാമാന്യജനസമൂഹം, ഒരു നേരത്തെ ആഹാരത്തിനുവേണ്ടി വന്യമൃഗങ്ങളോടും പ്രതികൂലകാലാവസ്ഥയോടും മണ്ണിനോടും പട്ടിണിയോടും പൊരുതി ജീവിച്ചിരുന്നു. അടിസ്ഥാന സൗകര്യങ്ങൾ പോലും കുറവായിരുന്ന ചുണ്ടയിലെ സാധാരണജനതയ്ക്ക് വിദ്യാഭ്യാസം എന്നത് വിദൂരസ്വപ്നം മാത്രമായിരുന്നു. പട്ടണവാസികൾ ഉയർന്ന വിദ്യാഭ്യാസം നേടുമ്പോൾ തൊഴിലാളികളുടെ മക്കൾക്ക് അത്തരം സാധ്യതകൾ ഒട്ടും ഇല്ലായിരുന്നു. അവർക്ക് സാന്ത്വനമായി ഈ തേയിലത്തോട്ടഗ്രാമത്തിൽ വിദ്യയുടെ പ്രകാശവുമായി മിഷണറിമാർ ഒരു നിയോഗം പോലെ വന്നു. ചുണ്ടേൽ എസ്റ്റേറ്റ്, മലബാർ പ്ലാന്റേഷൻ ലിമിറ്റഡിന്റെ കൈവശമായിരുന്നു. അവരുടെ അറ്റോർണി ലിയനാർഡ് അശ്മൽ ലെബാർഡും കോഴിക്കോട് രൂപതയുമായുള്ള ഉടമ്പടിയുടെ അടിസ്ഥാനത്തിൽ കിട്ടിയ സ്ഥലത്താണ് ഇന്നു കാണുന്ന സ്കൂൾ സ്ഥിതിചെയ്യുന്നത്.

അന്ന് മൈസൂർ രൂപതയുടെ ഭാഗമായിരുന്നു വയനാട് .

1923 ൽ കോഴിക്കോട് രൂപത നിലവിൽ വന്നപ്പോൾ ഈ പ്രദേശം അതിന്റെ ഭാഗമായി മാറി. പള്ളിയിലെ അന്നത്തെ വികാരി ആയിരുന്ന ഫാ:ബെരേറ്റ എന്ന ഈശോ സഭാവൈദികനാണ് ചുണ്ടേൽ പ്ര ദേശത്തുകാരുടെ വിദ്യാഭ്യാസ അവകാശങ്ങൾക്കായി ഒരു വിദ്യാലയം ആരംഭിക്കാൻ മു ൻകൈയെടുത്തത്.

 1924 ൽ ഇംഗ്ലീഷ് ആൻഡ് സ്വീഡിഷ്  ഗ്രൂപ്പ് എസ്റ്റേറ്റ് മാനേജർ ബഹര് എന്ന വ്യക്തിയിൽ നിന്നും ദാനമായി കിട്ടിയ  സ്ഥലത്ത്   ഓലമേഞ്ഞ ചെറിയ ഷെഡ്ഡിൽ , ചുണ്ടേൽബസാറിൽ ആദ്യവിദ്യാലയം ആരംഭിച്ചു.

അന്ന് വൈത്തിരി പള്ളിയിലെ കപ്യാർ ആയിരു ന്ന ശ്രീ രാജു കോവിൽപിള്ള എന്ന അധ്യാപകന്റെ കീഴിൽ ഏഴ് കുട്ടികളും ,ശ്രീ ടി .ഗോവിന്ദൻ , ശ്രീ ജോസഫ് മാരേത്ത് എന്ന രണ്ട് അധ്യാപകരും ആയിട്ടായിരുന്നു ഈ വിദ്യാലയത്തിന്റെ തുടക്കം. നടത്തിപ്പിനായി കമ്പനി മാസം തോറും 10രൂപ ഗ്രാന്റ് നൽകിയിരുന്നു . സെൻറ് ജൂഡ്സ് ചർച്ചിന്റെ വികാരിയായിരുന്ന ഫാദർ സെബാസ്റ്റ്യൻ നെറോണ 1924 സ്കൂളിന് വേണ്ടി ഓടുപാകിയ ഒരു കെട്ടിടം പണിയുകയുണ്ടായി. 1938 ൽ അത് ലോവർ പ്രൈമറി ആയി മാറി. ജോസഫ് മാരേത്ത് സാർ ആദ്യത്തെ ഹെഡ്മാസ്റ്ററായി. 1939 ൽ വൈത്തിരിയിൽ ഉണ്ടായിരുന്ന സന്യാസിനിസഭയിലെ സിസ്റ്റേഴ്സിനെ സ്കൂളിന്റെ അധ്യാപനത്തിന്റെ ചുമതല ഏൽപ്പിക്കുകയുണ്ടായി. അവരുടെ സ്തുത്യർഹമായ സേവനം 23 വർഷത്തോളം തുടർന്നു.

പിന്നീട് വന്ന ഫാദർ കുര്യാക്കോസ് കുടക്കച്ചിറ വളരെ കുറഞ്ഞ നാളുകൾ മാത്രമേ വികാരിയായി ഉണ്ടായിരുന്നുള്ളൂ. അദ്ദേഹത്തിനുശേഷം വന്ന ഫാദർ അലോഷ്യസ് ഡിസിൽവയുടെ കഠിനപ്രയത്നത്തിന്റെ ഫലമായിട്ടാണ് ഹയർ എലമെന്ററി (6,78) സ്കൂ ളായി മാറിയത്.

1945 ഇ എസ് എൽ സി പബ്ലിക് പരീക്ഷയ്ക്ക് ഒന്നാമത്തെ ബാച്ചിലെ കുട്ടികൾ 100% വിജയം സ്കൂളിന് നേടിക്കൊടുക്കുകയും പിന്നീട്  ആ വിജയം ആവർത്തിക്കുകയും ചെയ്തു.  

തുടർന്ന് വന്ന ഫാദർ ജോൺ സെക്വര ഇതിനെ ഒരു ഹൈസ്കൂളായി ഉയർത്താൻ വളരെയധികം പരിശ്രമിക്കുകയും മനോഹരമായ ഒരു കെട്ടിടം നിർമ്മിക്കുകയും ചെയ്തു.

പിന്നീടുവന്ന ഫാ ദർ എൽ.എം സുക്കോൾ എസ് ജെ യുടെ കാലത്താണ് ഹൈസ്കൂളിനുള്ള അനുവാദം ലഭിച്ചത്. അദ്ദേഹം കൂടുതൽ കെട്ടിടങ്ങൾ നിർമ്മിക്കുകയും ചെയ്തു. 1962 ജൂൺ മാസത്തിൽ ഫാദർമാക്സ്വെൽ നെറോണ ഹൈസ്കൂളിന്റെ പ്രഥമ ഹെഡ്മാസ്റ്റർ ആവുകയും വർക്കി തടുമുറിയൻ സാർ ഐപ്പ് മാഷ് എന്നിവർ സഹഅധ്യാപകരുമായി , ഹൈസ്കൂൾ പ്രവർത്തനമാരംഭിച്ചു. കുമാരി ജയശ്രീ ടി പി ഹൈസ്കൂളിലെ പ്രഥമവിദ്യാർത്ഥിയായി ചേർന്നു . പിന്നീടു വന്ന ഫാദർ ലോറൻസ് പി.ജെ കൂടുതൽ കെട്ടിടങ്ങൾ നിർമ്മിച്ചു . 1962 ൽസ്കൂളിലെ എൽ പി വിഭാഗം ചാരിറ്റി സന്യാസസഭയുടെ സിസ്റ്റർ റേയ്ച്ചലിനെ ഹെഡ്ഡ്മിസ്ട്രസായി നിയമിച്ചു കൊണ്ട് ഹൈസ്കൂളിൽ നിന്നും വേർപെടുത്തി സ്കൂളിലെ ആദ്യബാച്ച് എസ്എസ്എൽസി പരീക്ഷ എഴുതുകയും 9 ഫസ്റ്റ്ക്ലാസ് അടക്കം 89 ശതമാനം വിജയം കരസ്ഥമാക്കുകയും ചെയ്തു. സ്കൂളിലുണ്ടായ വിദ്യാർത്ഥി രാഷ്ട്രീയസമരങ്ങൾ മൂലം പിന്നീട് വിജയശതമാനം പിന്നിലേക്ക് പോയെങ്കിലും കഴിഞ്ഞ ഏതാനും വർഷമായി നല്ല വിജയം നേടാൻ സ്കൂളിന് സാധിച്ചിട്ടുണ്ട്. 1984 ൽ സ്കൂളിന്റെ വജ്ര ജൂബിലി ആഘോഷം വളരെ ആഡംബര പൂർവ്വം ആഘോഷിച്ചു . "ഉയരങ്ങളിലേക്ക് " എന്ന ആപ്തവാക്യത്തെ നെഞ്ചേറ്റി ആർ .സി ഹൈസ്ക്കുൾ കുതിപ്പ് തുടർന്നു.

1986 ൽ ആദ്യ ജില്ലാ യുവജനോത്സവം ഇവിടെ വച്ചാണ് നടത്തിയത് .

2001 ൽ ആദ്യമായി ഓൾ കേരള എൻ സി സി ക്യാമ്പ് ഈ സ്കൂളിൽ വച്ച് നടന്നതും ചരിത്രമാണ്.

നമ്മുടെ സ്കൂളിൽ നിന്നും ഡൽഹിയിൽ റിപ്പബ്ലിക് ദിനപരേഡിൽ പങ്കെടുക്കുവാൻ എൻസി സി വിദ്യാർഥികൾക്ക് അവസരം ലഭിച്ചിട്ടുണ്ട്

2008 അധ്യായന വർഷത്തിൽ അഞ്ചാം തരത്തിൽ ഇംഗ്ലീഷ് മീഡിയം ഡിവിഷൻ ആരംഭിച്ചു. തുടർന്ന് അഞ്ച് മുതൽ പത്താം തരം വരെ ഇംഗ്ലീഷ് മീഡിയം ഡിവിഷനായി അത് വളർന്നു.

പാഠ്യ-പാഠ്യേതരപ്രവർത്തനങ്ങളിൽ വയനാട് ജില്ലയിൽ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുള്ള ഈ വിദ്യാലയം എസ്എസ്എൽസി , ഹയർസെക്കൻഡറി പരീക്ഷയിൽ ഉന്നതവിജയം കൈവരിച്ചു വരുന്നു കൽപ്പറ്റ , വൈത്തിരി ,മേപ്പാടി എന്നീ പ്രദേശങ്ങളിൽ നിന്ന് ധാരാളം വിദ്യാർത്ഥികൾ ഈ വിദ്യാലയത്തിൽ എത്തുന്നുണ്ട്. സാഹചര്യങ്ങളു ടെ പരിമിതികൾ മറികടന്നു കൊണ്ട് പരമാവധി വിദ്യാർത്ഥികൾക്ക് അറിവ്പകർന്നു കൊടുക്കാൻ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്. കഴിയുന്നുണ്ട്.


ജില്ലാ ,സബ് ജില്ലാ കായിക മേളയുടെ മത്സരവേദിയായി പലവട്ടം ഈ വിദ്യാലയം മാറിയിട്ടുണ്ട്.വിവിധ മേഖലകളിൽ സംസ്ഥാനതലം വരെ നിരവധി അംഗീകാരങ്ങൾ നേടുവാനും പ്രശസ്തിയുടെ നെറുകയിൽ എത്തുവാനും നമ്മുടെ സ്കൂളിന് സാധിച്ചിട്ടുണ്ട്.

ചുണ്ടേൽ ദേശത്തിന്റെ ചിരകാലസ്വപ്നമായിരുന്നു ഒരു ഹയർസെ ക്കൻഡറി ഉണ്ടാവുക എന്നത്. തോട്ടം തൊഴിലാളികളുടെയും സാധാരണക്കാരുടെയും മക്കൾ തുടർപഠനത്തിനായി ദൂരങ്ങളിലേയ്ക്ക് പോകേണ്ട അവസ്ഥയായിരുന്നു. വിദ്യാലയം ഹയർസെക്കൻഡറിയായി ഉയർത്തിയത് ഈ നാടിന്റെ പുരോഗതിക്ക് കൂടുതൽ ഉണർവു നൽകി. സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയമേഖലകളിലെ നിരവധി വ്യക്തിത്വങ്ങളുടെ നിരന്തരശ്രമത്തിന്റെ ഫലമായി 2014 ൽഹയർസെക്കൻഡറി കോഴ്സ് അനുവദിക്കപ്പെട്ടു . കോഴിക്കോട് രൂപത അധ്യക്ഷനായ റൈറ്റ് റവറന്റ് ഡോക്ടർ വർഗീസ് ചക്കാലക്കൽ പിതാവിനെയും മുൻ കോർപ്പറേറ്റ് മാനേജർ ആയിരുന്ന മോൺ. തോമസ് പനക്കൽ അച്ചന്റെയും ശ്രമഫലമായി പണിതീർത്ത ബഹുനിലകെട്ടിടത്തിന്റെ ഉദ്ഘാടനം 2014 ഓഗസ്റ്റ് 22ന് നടത്തപ്പെട്ടു ഈ വിദ്യാലയത്തിൽ കമ്പ്യൂട്ടർ സയൻസ്, കൊമേഴ്സ്, സയൻസ് ഗ്രൂപ്പുകളിലായി വിദ്യാർത്ഥികൾ പഠിച്ചുവരുന്നു.

9 പതിറ്റാണ്ടുകൾ പിന്നിടുന്ന ഈ വിദ്യാലയത്തിൽ നിന്നും ഇന്നും വിദ്യനേടി ലോകത്തിന്റെ വിവിധ ഭാഗങ്ങളി ൽ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ശിഷ്യഗണങ്ങളെ അഭിമാനപൂർവ്വം ഓർക്കുന്നു. ലോകപ്രശസ്ത ഫോട്ടോഗ്രാഫർ റസാഖ് കോട്ടയ്ക്കൽ, പ്രശസ്ത സാഹിത്യകാരൻ രവി മേനോൻ ,കേണൽ ശശികുമാർ , ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ ഫാദർ മിൽട്ടൺ നെടുനിലത്ത്, സിസ്റ്റർ സാലി പൈനാടത്ത് ,ആണവ ശാസ്ത്രജ്ഞൻ ഡോ . ആന്റണി എം .പി ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ സേവനം അനുഷ്ഠിക്കുന്ന ശ്വാസകോശവിഭാഗം ഡോക്ടർ പ്രവീൺകുമാർ തുടങ്ങി നിരവധിപ്പേർ.. അവരീ വിദ്യാലയത്തിന് അഭിമാനമാണ്.

നന്മയെ മുറുകെപ്പിടിച്ചുകൊണ്ട് തിന്മയെ ഉന്മൂലനം ചെയ്യാൻ , ഉന്നതിയിലേക്ക് ചേരുക എന്ന ആപ്തവാക്യവുമായി ചുണ്ടേൽ ആർസി എച്ച്എസ്എസ്, വിദ്യാർത്ഥികളുടെ സമഗ്ര വികസനം ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങളാണ് ഓരോ വർഷവും ആസൂത്ര ണം ചെയ്യുന്നത് .കോഴിക്കോട് രൂപതാധ്യക്ഷൻ മോസ്റ്റ് റവറൻ്റ് ഡോ.വർഗീസ് ചക്കാലക്കൽ പിതാവിൻ്റെ കീഴിൽ കോഴിക്കോട് രൂപതാ കോർപ്പറേറ്റ് മാനേജർ മോൺസിഞ്ഞോർ ജെൻസൺ പുത്തൻവീട്ടിൽ അച്ചന്റെ നേതൃത്വത്തിൽ സമർത്ഥരായ അധ്യാപക-അനധ്യാ പകരുടെയും കർമ്മനിരതരായ പി.ടി. എ യുടെയും , സേവനസന്നദ്ധരായ നാട്ടുകാരുടെയും കൂട്ടായ പ്രവർത്തനങ്ങളാണ് ഈ വിദ്യാലയത്തിന്റെ വിജയത്തിന് പിന്നിലുള്ളത്.സ്കൂൾ മാനേജർ ഫാ.ജെയ്മോൻ ആകശാലയിലിൻ്റെ സേവനം വിദ്യാലയത്തിൻ്റെ ഉയർച്ചയ്ക്ക് എടുത്തു പറയേണ്ടതാണ്.

ഇപ്പോൾ ഹയർസെക്കൻഡറിയായി പടർന്നു നിൽക്കുന്ന ചുണ്ടേൽ ഹയർസെക്കൻഡറി സ്കൂളിന്റെ പ്രധാന അധ്യാപികയായി ആയി ശ്രീമതി സിനി ടീച്ചർ 2021 മുതൽ സേവനം അനുഷ്ടിച്ചു വരുന്നു. 2021 -22 അധ്യായന വർഷത്തിൽ 37 അധ്യാപകരും 5 അനധ്യാപകരും 1200 ഓളം വിദ്യാർത്ഥികളും വിദ്യാലയത്തിന് കരുത്തായുണ്ട്. കൊറോണയുടെ ഈ ദുരിതപശ്‌ചാത്തലത്തിലും അധ്യാപനം ഗുണമേന്മയോടെ നടക്കുന്നുണ്ട്. അധ്യാപകരും പി.ടി.എ യും കുട്ടികളെ സുരക്ഷിതരായി ചേർത്തുപിടിക്കാൻ പ്രതിജ്ഞാബദ്ധമാണ്.

1924 ഒരു കടുമണിപോലെ എലിമെന്ററി വിദ്യാലയമായി ആരംഭിച്ച്, 1962 ഹൈസ്കൂളായി വളർന്ന്, 2016 ൽ ഹയർസെക്കൻഡറി  എന്ന വൻ വൃക്ഷമായി ഒത്തിരി ശിഷ്യഗണങ്ങൾക്ക് താങ്ങും തണലുമായി ഈ  വിദ്യാനികേതനം  2024 ൽ നൂറാം ജന്മദിനം ആഘോഷിക്കാൻ ഒരുക്കുകയാണ്.

സുവർണജൂബിലിയുടെ പടിവാതിൽക്കലാണ് ചുണ്ടേൽ ആർ സി എച്ച് എസ് എസ്.

വയനാട്ടിലെ പ്രധാനപ്പെട്ട തീർത്ഥാടനകേന്ദ്രമായ സെന്റ് ജൂഡ്സ് ദേവാലയം സ്ഥിതി ചെയ്യു ന്നത് ചെമ്പ്രമലയുടെ താഴ് വാരത്തെ ചുണ്ടയിലാണ്. ഈ പ്രദേശത്ത് ഒരു ജൈനമത ക്ഷേത്രവും ( കണ്ണാടി അമ്പലം ) പുരാതനമഹിമയോടെ നിലനിൽക്കുന്നുണ്ട്.