Schoolwiki സംരംഭത്തിൽ നിന്ന്
വിദ്യാഭ്യാസരംഗത്തും സാമൂഹികരംഗത്തും ചെറുതല്ലാത്ത മാറ്റങ്ങൾക്ക് ആലപ്പുഴയിൽ തുടക്കം കുറിച്ചതും ഈ കാലഘട്ടത്തിലായിരുന്നു എന്നത് ഏറെ ശ്രദ്ധേയം. ഒരുഭാഗത്ത് ദേശീയ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പ്രക്ഷോഭം നടക്കുമ്പോൾ തന്നെ ദിവാൻഭരണത്തിനെതിരെ ഉത്തരവാദ ഭരണത്തിനു വേണ്ടി ഉള്ള ശ്രമങ്ങൾ നടന്നിരുന്നു എന്നതും ചരിത്രം.പ്രദേശവാസികൾ അധികവും പ്രധാന ഫാക്ടറികൾ ആയിരുന്ന വില്യം ഗുഡേക്കർ , മധുര കമ്പനി, ആലപ്പി കമ്പനി തുടങ്ങിയ പ്രധാന കമ്പനികളിലും ഇതര കയർഫാക്ടറികളിലുമായി പണിയെടുത്തിരുന്നവരായിരുന്നു. അതുപോലെ കുറെയേറെ പേർ മത്സ്യമേഖലയിലും കുറേപ്പേർ പൊതുമരാമത്ത് പണികളിലും ഏർപ്പെട്ടിരുന്നു. ഈ തൊഴിലാളികളെല്ലാം ചേർന്ന് സംഘടിത തൊഴിലാളി വർഗ്ഗമെന്ന നിലയിൽ വളരെ ശക്തരായവരായിരുന്നു. ഇത്തരമൊരു സാമൂഹ്യ പശ്ചാത്തലത്തിൽ സ്ക്കൂൾ തുടങ്ങുന്നതിന് വേണ്ടിയുള്ള ആവശ്യത്തിലേക്ക് നാട്ടുകാരെ പ്രേരിപ്പിച്ചത് സ്വാഭാവികം.
1938ൽ ബ്രഹ്മസമാജത്തിൽ നിന്ന് പാട്ടത്തിനെടുത്ത് തുടങ്ങിയ സ്കൂൾ ഇന്നത്തെ സ്ഥലത്ത് ആരംഭിക്കുന്നത് 1942 ലാണ്. അന്ന് നിലവിലുണ്ടായിരുന്ന എസ്എൻഡിപി ശാഖായോഗം നമ്പർ.1983 ഗവൺമെന്റിലേയ്ക്ക് ഏകദേശം 40 സെൻറ് സ്ഥലം കൈമാറുകയുണ്ടായി. ഇതിനായി നിരവധി സാമൂഹ്യപ്രവർത്തകർ മുൻനിരയിൽ പ്രവർത്തിക്കുകയുണ്ടായി.ഇവരിൽ അഡ്വക്കേറ്റ് ദാമോദരൻ,വെളിച്ചപ്പാട് തയ്യിൽ കരുണാകരൻ, പുതുക്കരശ്ശേരി കുട്ടി, വെളിച്ചപ്പാട് തയ്യിൽ നാരായണൻ, പി.വി.സദാനന്ദൻ തുടങ്ങിയവരുടെ പേരുകൾ എടുത്തുപറയേണ്ടതാണ്. ആരംഭഘട്ടത്തിൽ ഒന്നു മുതൽ അഞ്ചു വരെ ക്ലാസുകൾ ആണ് ഉണ്ടായിരുന്നത്. 1962 - 63 കാലഘട്ടത്തിലാണ് ഏറ്റവും കൂടുതൽ കുട്ടികൾ പഠിച്ചിരുന്നത്. ഏതാണ്ട് 8 ഡിവിഷൻ വരെ നിലനിന്നിരുന്നതായി സ്കൂൾ രേഖകളിൽ നിന്ന് മനസ്സിലാക്കാം. 1982 -83 കാലഘട്ടത്തിലാണ് സ്കൂൾ അപ്ഗ്രേഡ് ചെയ്ത് ഏഴാം സ്റ്റാൻഡേർഡ് വരെ ആക്കിയത്. അപ്പോൾ 4 ഡി വിഷൻ വരെ ഓരോ സ്റ്റാൻഡേർഡിലും ഉണ്ടായിരുന്നു. 2002 - 2003 കാലഘട്ടം വരെ ഓരോ സ്റ്റാൻഡേർഡിനുമായി 2 ഡിവിഷൻ വീതം ഉണ്ടായിരുന്നത്, കുട്ടികളുടെ എണ്ണം കുറഞ്ഞത് മൂലം ഓരോ ഡിവിഷൻ ആയി നിലനിൽക്കുന്നു. ആദ്യകാലത്ത് മുസ്ലിം കുട്ടികൾ ധാരാളം ഉണ്ടായിരുന്നു.അറബി അധ്യാപനവും നടന്നിരുന്നു. പിന്നീട് കുട്ടികളുടെ എണ്ണം കുറഞ്ഞുവന്ന് 2005-2006 അധ്യയനവർഷത്തിൽ അറബി അധ്യാപകന്റെ തസ്തിക ഇല്ലാതായി.
ഈ അക്ഷരമുറ്റത്ത് വിദ്യ അഭ്യസിച്ചുപോയ ഒട്ടേറെപ്പേർ ഗവൺമെൻറ് സർവീസിലും സ്വകാര്യ കമ്പനികളിലുമൊക്കെയായി സേവനം ചെയ്തുവരുന്നു. നമ്മുടെ പ്രദേശത്ത് തന്നെയുള്ള ഡോ.ഷാജി, ഡോ.മോഹൻലാൽ, എസ്.ഐ.രാജു, സിവിൽ എഞ്ചിനീയർ ദീപ തുടങ്ങിയ ഒട്ടേറെ പേർ ഇവിടെ പഠിച്ചുപോയവരിൽ പെടുന്നു. പലരും ഇവിടെ തന്നെ സേവനമനുഷ്ഠിച്ചിട്ടുമുണ്ട്. അങ്ങനെ ഒരു നാടിൻെറ തന്നെ വെളിച്ചമാകാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.