ഗവ ടെക്‌നിക്കൽ എച്ച്.എസ്. കണ്ണൂർ/അക്ഷരവൃക്ഷം/മാറുന്ന ലോകവും ഉയരുന്ന വെല്ലുവിളികളും

Schoolwiki സംരംഭത്തിൽ നിന്ന്
മാറുന്ന ലോകവും ഉയരുന്ന വെല്ലുവിളികളും

വിശാലമായ ഈ മഹാപ്രപ‍‍‍ഞ്ചത്തെ പരിഗണിച്ചുകൊണ്ട് നോക്കുമ്പോൾ മനുഷ്യൻ വളരെ നിസ്സാരനാണ്. എന്നാൽ ഈ പ്രപ‍‍‍ഞ്ചത്തെയാകമാനം ഒറ്റയ്ക്ക് നശിപ്പിക്കാനുള്ള തീരുമാനത്തിലാണ് അവനെന്നു തോന്നും അവൻ പരിസ്ഥിതിക്ക് വരുത്തിവയ്ക്കുന്ന പരിക്കുകൾ കണ്ടാൽ. യാതൊരു തത്വദീക്ഷയുമില്ലാതെ സ്വാർഥമോഹത്തോടെ തികഞ്ഞ ദു:സാമർഥ്യത്തോടെ അവൻ പരിസ്ഥിതിയെ ഉപയോഗിക്കുന്നു. അത് അവന്റെയും അവന്റെ വർഗ്ഗത്തിന്റെയും ഈ പ്രപഞ്ചത്തിന്റെയും നാശത്തിലേക്കുള്ള വഴിയാണെന്നറിഞ്ഞുകൊണ്ടുതന്നെ.
മനുഷ്യന്റെ ആവശ്യത്തിനുള്ളതെല്ലാം പ്രകൃതിയിലുണ്ട് എന്നാൽ അത്യാർത്തിക്കുള്ളതല്ല എന്ന് ഗാന്ധിജി പറഞ്ഞത് എത്ര അർത്ഥവത്താണ്.വികസനത്തിന്റെ പേരു പറഞ്ഞ് നാം ഏർപ്പെടുന്ന പ്രവർത്തനങ്ങൾ സമൂല നാശത്തിലേക്കാണ് വഴിവെക്കുന്നതെന്ന് അവനറിയുന്നില്ല. വനനശീകരണം, കുന്നുകൾ ഇല്ലാതാക്കുന്നത്,ജലസ്രോതസ്സുകളായ വയലുകളും തോടുകളും ഇല്ലാതാക്കുന്നത്, പ്രകൃതിയിൽ ജീർണ്ണിക്കാത്ത പ്ലാസ്റ്റിക്കുകൊണ്ടുള്ള ഉല്പന്നങ്ങൾ കത്തിക്കുന്നത് എന്നിവ ഭൂമിയുടെ സ്വാഭാവിക സന്തുലിതാവസ്ഥ നഷ്ടപ്പെടുത്തി പടിപടിയായി ഭൂമിയെ നശിപ്പിക്കുന്നു.പ്ലാസ്റ്റിക്ക് കത്തിക്കുന്നതിലൂടെ അന്തരീക്ഷവായു വിഷമയമാകുകയും ഇതിലൂടെ മനുഷ്യന് ശാരീരികമായ പല രോഗങ്ങളും പിടിക്കുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള മനുഷ്യ ഇടപെടലുകൾ പല രോഗങ്ങൾക്കും കാരണമാവുന്നു.
ലോകത്തിൽ കൂടുതൽ ശതമാനം മരണങ്ങൾക്കും കാരണം ജീവിതശൈലീ രോഗങ്ങളാണ്. നമ്മുടെ ആഹാരരീതി ഇതിൽ വലിയ പങ്ക് വഹിക്കുന്നു. ആരോഗ്യദൃഢഗാത്രരായ വ്യകതികളാണ് സമൂഹത്തിന്റെ സമ്പത്ത്. ഭക്ഷണരീതിയിലുള്ള അസന്തുലനം രോഗത്തിലേക്കാണ് നമ്മെ നയിക്കുന്നത്. പ്രകൃതിക്കിണങ്ങിയ ഭക്ഷണമാണ് നമ്മുടെ പൂർവ്വികർ കഴിച്ചിരുന്നത്. ധാരാളം പഴങ്ങളും പച്ചക്കറികളും ഇലകളും അവർ ആഹാരമാക്കി. ആരോഗ്യസമ്പന്നരായി‍ ശതയുഗത്തോളം ജീവിക്കുവാൻ അവർക്കായി. ഇപ്പോഴുള്ള നമ്മുടെ ഭക്ഷണരീതിയനുസരിച്ച് ഒരു തലമുറക്കാകമാനം ജ്ഞാതവും അജ്ഞാതവുമായ വിവിധ രോഗങ്ങൾ ബാധിച്ച് അല്പായുസ്സായി ഒടുങ്ങിപ്പോകുന്നു.
ഈ കാലഘട്ടത്തിലെ മനുഷ്യന്റെ ഭക്ഷണരീതിയനുസരിച്ച് രോഗപ്രതിരോധശേഷി കുറയുകയും പല രോഗങ്ങൾക്കും അടിമയാകുകയും ചെയ്യുന്നു. ഇപ്പോൾ കോവിഡ് 19 എന്ന പേരിലുള്ള രോഗം മനുഷ്യരിലേക്ക് അതിവേഗം പടർന്നുകൊണ്ടിരിക്കുകയും മരണത്തിന് കാരണമാവുകയും ചെയ്യുന്നു.രോഗപ്രതിരോധശേഷി കുറവുമൂലം മറ്റ് പല രോഗങ്ങൾക്ക് അടിമപ്പെട്ടവരിൽ ഈ രോഗം പടർന്നുപിടിക്കുകയും ഒരു ലക്ഷത്തിലേറെ ജനങ്ങളുടെ ജീവനെടുക്കുകയും ചെയ്തു. മനുഷ്യാവയവങ്ങളിലൂടെ പകരുന്ന ഈ രോഗം വ്യക്തി ശുചിത്വ- പാലനത്തിന്റെ കുറവുമൂലം പടർന്നുപിടിക്കുന്നു.മനുഷ്യൻ തുമ്മുന്നതിലൂടെയോ ചുമക്കുന്നതിലൂടെയോ പുറത്തുവരുന്ന ശ്രവങ്ങൾ നേരിട്ടോ കൈകളിലൂടെയോ മറ്റുള്ളവരിൽ പടരുന്നു. ഇത് തടയാൻ വ്യക്തിശുചിത്വം പാലിക്കുകയല്ലാതെ മറ്റു വഴികളില്ല. ഇതിനായി നമ്മൾ പല രീതികളും സ്വീകരിച്ചുവരുന്നു.മനുഷ്യർ തമ്മിലുള്ള അകലം പാലിക്കാൻ ജനങ്ങളും ഭരണകൂടവും വ്യത്യസ്ത രീതികൾ സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോഴുള്ള വ്യക്തിശുചിത്വരീതികൾ ശക്തമായി മുന്നോട്ടുകൊണ്ടുപോയാൽ നല്ലൊരു നാളെയെ നമുക്കു സൃഷ്ടിക്കാം.

അഭിജിത്ത്,കെ
9 A ഗവ.ടെക്നിക്കൽ ഹൈസ്ക്കൂൾ,തോട്ടട
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം