എസ്.എച്ച്.യു.പി.എസ് അങ്ങാടിക്കടവ്/അക്ഷരവൃക്ഷം/ലോക്ക്ഡൗൺ എന്റെ ജീവിതത്തിൽ
ലോക്ഡൗൺ എന്റെ ജീവിതത്തിൽ
ഈ കൊറോണ കാലം എനിക്ക് സുഖദുഃഖ സമ്മിശ്രമായിരുന്നു. വീട്ടിൽ മാതാപിതാക്കളോടൊപ്പം ഇത്രയും കൂടുതൽ സമയം ചെലവഴിക്കാൻ കഴിഞ്ഞത് എനിക്ക് ഏറ്റവും സന്തോഷപ്രദമായിരുന്നു. ഒപ്പം പ്രകൃതിയെ അടുത്തറിയാനും എനിക്ക് സാധിച്ചു. ഇത്രയും നാൾ സ്കൂളിൽനിന്ന് വന്നു കഴിഞ്ഞാൽ ടിവി കാണാനും കളിക്കാനും മാത്രമേ എനിക്കിഷ്ടമുണ്ടായിരുന്നുള്ളു. എന്നാൽ ഈ കൊറോണക്കാലത്ത് പച്ചക്കറികൾ നടുന്ന അമ്മയോടൊപ്പം ഞാനും കൂടാൻ തുടങ്ങി. അങ്ങനെ പ്രകൃതി എന്ന അമ്മയെ എനിക്ക് അടുത്ത് അറിയാൻ സാധിച്ചു. ചൂടും, കാറ്റും, തണുപ്പും, മഴയും ഒക്കെ ആസ്വദിക്കാൻ എനിക്ക് കഴിഞ്ഞു. ചക്കയും മാങ്ങയുമൊക്കെ പറിച്ച് അവ എങ്ങനെയാണ് പാചകം ചെയ്യുന്നത് എന്ന് പഠിക്കുവാൻ എനിക്ക് കഴിഞ്ഞു. ഈ കൊറോണകാലത്ത് പ്രകൃതിയിലെ മായങ്ങൾ ഒന്നുമില്ലാത്ത വിഭവങ്ങളായ ചക്ക, മാങ്ങ പലതരം ഇലക്കറികൾ എന്നിവയൊക്കെ പാകം ചെയ്തു കഴിക്കാൻ എനിക്ക് കഴിഞ്ഞു. അവയുടെയൊക്കെ ഗുണങ്ങൾ അമ്മയിലൂടെ പഠിക്കുവാനും സാധിച്ചു. പുറത്തുപോയി വന്നാൽ കൈകാലുകൾ വൃത്തിയാക്കാതെ വീട്ടിലേക്ക് കയറുമായിരുന്ന ഞാൻ, എന്റെ പപ്പ പുറത്തുപോയി വരുമ്പോൾ ശുചിത്വം പാലിക്കുന്നത് കണ്ട് അവ എന്റെയും ശീലമാക്കി. കൊറോണ എന്ന മഹാമാരിയെ പിടിച്ചുകെട്ടാൻ മാസ്കും ശുചിത്വവും അനിവാര്യമാണെന്ന ബോധ്യം എന്റെ പപ്പ എന്നിൽ ഉണ്ടാക്കി.വിഷ മയമില്ലാത്ത ഭക്ഷണം കഴിച്ച് വിഷരഹിതമായ പ്രകൃതിയുടെ ഭംഗി ആസ്വദിക്കാൻ എനിക്ക് ലോക്ക്ഡൗൺ കാലത്ത് കഴിഞ്ഞു. കൂടാതെ ധാരാളം പുസ്തകങ്ങൾ വായിക്കുവാനും എനിക്ക് കഴിഞ്ഞു. എന്നാൽ എന്റെ കൂട്ടുകാരെയും അധ്യാപകരെയും കാണാൻ കഴിയാത്തതിൽ എനിക്ക് അതിയായ വിഷമമുണ്ട്. എല്ലാവരുമായും കൂട്ടുകൂടുന്ന ഞാൻ അവരുമായി സംസാരിക്കാനും കളിക്കാനും കഴിയാത്തതിൽ വളരെയധികം വിഷമിക്കുന്നുണ്ട്. പരീക്ഷ ഇല്ലാതിരുന്നതിലും വിഷമമുണ്ട്.പള്ളിയിൽ പോകാൻ കഴിയാത്തതിൽ എനിക്ക് വിഷമമുണ്ട്. എല്ലാ നിയന്ത്രണങ്ങളും നമ്മുടെ നാടിന്റെ നന്മയ്ക്ക് ആണല്ലോ എന്നോർക്കുമ്പോൾ എന്റെ വേദനകൾ ഒക്കെ എത്ര നിസ്സാരം എന്ന് ഞാൻ കരുതുന്നു. നമുക്കുവേണ്ടി കഷ്ടപ്പെടുന്ന ഉദ്യോഗസ്ഥർ, ഡോക്ടർമാർ, നേഴ്സുമാർ ആശുപത്രിയിലെ മറ്റ് ജീവനക്കാർ എല്ലാവരെയും ഞാൻ നന്ദിയോടെ ഓർക്കുന്നു. അവർക്കുവേണ്ടി പ്രാർത്ഥിക്കുന്നു. കേരളത്തിൽ ജനിച്ചതിൽ വളരെയധികം സന്തോഷിക്കുന്നു. അത്രയും കരുതലും ശ്രദ്ധയും ആണ് ഇവിടെ എല്ലാവർക്കുമുള്ളത്. കാരണം എന്റെ പ്രിയപ്പെട്ടവർ വിദേശരാജ്യങ്ങളിലെ കാര്യങ്ങൾ വളരെ വേദനയോടെയും പേടിയോടെയുമാണ് പറയുന്നത്. അവിടെ അവർ സുരക്ഷിതരല്ല. അവർ എല്ലാവരും എത്രയും പെട്ടെന്ന് സ്വന്തം നാട്ടിലേക്ക് തിരിച്ചു വരണം എന്നാണ് ആഗ്രഹിക്കുന്നത്. കാരണം ഇവിടെ എത്തിയാൽ അവർ സുരക്ഷിതരാണ് എന്ന് അവർക്ക് അറിയാം. എന്തായാലും എന്റെ ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത ഒരു അനുഭവം ആണ് ഈ കൊറോണ കാലം.
സാങ്കേതിക പരിശോധന - mtjose തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം