സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ നാളേയ്ക്ക് നല്ലതിന്

Schoolwiki സംരംഭത്തിൽ നിന്ന്
നാളേയ്ക്ക് നല്ലതിന്

വിമാനം ലാൻഡ് ചെയ്യുന്നു എന്ന് അറിയിപ്പ് കേട്ടാണ് മയക്കത്തിൽ നിന്നും ഉണർന്നത്. വായിച്ചുകൊണ്ടിരുന്ന ദിനപത്രം മടിയിൽ തുറന്ന് തന്നെ കിടപ്പുണ്ട്. വലിയ ചുവന്ന അക്ഷരങ്ങളിൽ കണ്ണുകളുടക്കി :- "കൊറോണപ്പിടിയിൽ കേരളം"..

      ജീവിതത്തിന്റെ വലിയൊരു ഭാഗവും മണലാരണ്യങ്ങളിൽ തീർത്ത് ഒടുവിൽ നാട്ടിലെത്തിയപ്പോഴിതാ ഒടുക്കത്തെ ഒരു കൊറോണ. എന്തുമാവട്ടെ!വിഷുവാണല്ലോ വരുന്നത്... ഒരുപിടി കൊന്നപ്പൂവിന്റെ നൈർമ്മല്യത്തിൽ ഈ നൊമ്പരങ്ങൾക്ക് വിരാമമായി  കുടുംബത്തോടൊപ്പം ഒന്നാഘോഷിക്കണം. ലാൻഡിങ്ങിന്റെ കുലുക്കം ചിന്തകളുടെ കയത്തിൽ നിന്നും കൈപിടിച്ചുയർത്തി. അങ്ങനെയിതാ, ഞാനെന്റെ സ്വപ്നഭൂമിയിൽ...
     വിമാനമിറങ്ങിയ ഉടൻ തന്നെ ചെക്കിങ് ആരംഭിച്ചു. ശരീരമാസകലം മറച്ച ഒരുപിടി മനുഷ്യർ നിൽക്കുന്നുണ്ട്. ആരൊക്കെയോ എന്തൊക്കെയോ നിർദേശങ്ങൾ നൽകുന്നുണ്ട്.തെർമൽ scanner ചൂണ്ടി നിൽക്കുന്ന അവർ ഭീകരന്മാരെന്ന് തോന്നി.  ഭീതി നിറഞ്ഞ ആ ചുറ്റുപാട് എന്നിൽ ചിരി ജനിപ്പിച്ചു. പരിശോധന കഴിഞ്ഞു വെളിയിലെത്തിയപ്പോൾ അളിയൻ കാത്ത് നിൽക്കുന്നുണ്ട്. മുഖാവരണത്തിനു മീതെ ആ  കണ്ണുകളിൽ സന്തോഷമോ?  അതോ ഭയമോ? പണ്ട് വാസുമാമന്‌ പേ പിടിച്ചപ്പോൾ കാണാൻ പോയത് ഓർമ്മ വന്നു. ആശുപത്രിയിലെ ഒഴിഞ്ഞ മുറിയുടെ വെളിയിൽ കണ്ണീരും ഭയവും ഒരുപോലെ തിളങ്ങുന്ന കണ്ണുകളുടെ നടുവിൽ അമ്മയുടെ സാരിത്തുമ്പിൽ പിടിച്ചുതൂങ്ങി ഇരുമ്പഴികൾക്കിടയിലൂടെ മാമനെ നോക്കിനിന്ന് കരഞ്ഞതൊക്കെ ഓർമ്മ വരുന്നു. അളിയൻ പെട്ടിയൊക്കെ എടുത്തുവെച്ചു കാറിൽ കയറി.. ഞാനും.. കൃത്യമായ ഒരകലം ഞങ്ങൾക്കിടയിലുള്ളത് എന്നെ വല്ലാതെ അലട്ടുന്നുണ്ടായിരുന്നു. അളിയൻ നാട്ടിലെ കൊറോണക്കാലത്തെക്കുറിച്ചു വാതോരാതെ സംസാരിക്കുന്നുണ്ട്. ഞാൻ മൂളിക്കേട്ടിരുന്നു..വീടെത്തി..

മനസ്സ് എല്ലാവരെയും ധൃതിയിൽ തിരയാൻ തുടങ്ങി. അമ്മ? അച്ഛൻ? ഭാര്യയും കുട്ടികളും?? ഒരുതരം ആക്രാന്തം, ആകാംക്ഷ, വീടിന്റെ പടികൾ ഓടിക്കയറി. ഹാളിന്റെ ഒരുവശത്തായി എല്ലാവരും. "വാ മക്കളെ " എന്നുവിളിച്ചു ഓടിയടുത്ത എന്നെ അളിയൻ തടഞ്ഞു - "അളിയാ നിൽക്ക് ! ഒരു രണ്ടാഴ്ച, അളിയന് അറിയാമല്ലോ? ഇപ്പോഴത്തെ സാഹചര്യത്തിൽ..." ഇടറുന്ന സ്വരത്തിൽ വിക്കിവിക്കി അളിയൻ പറഞ്ഞൊപ്പിച്ചു -'Quarantine'. ഞാൻ അവരെ ശ്രദ്ധിച്ചു. അമ്മ കരച്ചിലടക്കാൻ പാടുപെടുന്നുണ്ട്. ഏറെ നാളിന് ശേഷം ഒന്ന് വന്നു കെട്ടിപ്പിടിക്കാൻ പോലും കഴിയാതെവന്ന കണ്ടപ്പോൾ പോലും അവരുടെ മുഖങ്ങൾ ഒരുതരം ദയനീയതയോടെ എന്നിലേക്ക് തിരിഞ്ഞു. അമ്മ കരച്ചിലിന്റെ വക്കിൽ ചോദിച്ചു - 'യാത്രയൊക്കെ? ' വാക്കുകൾ മുറിഞ്ഞു. ഞാൻ മൂളി - "ഊം സുഖായിരുന്നു." ഭാര്യ ഇടയ്ക്കുകയറി :- "ചേട്ടൻ ചെല്ല്. നമ്മടെ മക്കൾക്കും കൂടിയല്ലേ? " അവളും കരയുകയാണോ? അളിയൻ ഇടപെട്ടു - "വാ അളിയാ". എന്നെ ആനയിച്ചത് മുകളിലത്തെ നിലയിൽ എന്റെ മുറിയിലേക്കായിരുന്നു. അവിടെയെല്ലാം സജ്ജം. ഞാൻ മുറിയിലേക്ക് കയറിയതും അളിയൻ പറഞ്ഞു :- "അതേ, കുറ്റിയിട്ടോ. Food എത്തിക്കാം. പിന്നെ ഈയൊരു Bathroom മാത്രം ഉപയോഗിച്ചാൽ മതി.തത്കാലം വെളിയിലിറങ്ങണ്ട. അപ്പൊ.. ശെരിയളിയാ " അളിയൻ വാതിൽ പൂട്ടി പോയി. ഒരുനിമിഷം സ്വബോധത്തിലേക്ക് വന്ന ഞാൻ ആകെ അസ്വസ്ഥനായിരുന്നു. ഞെട്ടൽ വിട്ടുമാറുന്നില്ല. കട്ടിലിൽ വന്നിരുന്ന് കലണ്ടറിലേക്കു നോക്കി. നാളെയാണ് വിഷു.ഹാ നാളെയാണ് വിഷു... കണിയില്ലാത്ത, കൊന്നപ്പൂവില്ലാത്ത, കൈനീട്ടമില്ലാത്ത എന്റെ നാട്ടിലെ വിഷുദിനം. അമ്മ പായസം വാതിലിന്റെ വിടവിലൂടെ എത്തിക്കുമായിരിക്കാം... മൂത്ത മകൻ കണി whatsapp ചെയ്യുമായിരിക്കാം... എല്ലാവരും വാതിലിന്റെ മറവിൽ വന്ന് വിഷു ആശംസിക്കുമായിരിക്കാം... ഹാ!എന്തുമാവട്ടെ...

     മേശയിൽ കിടക്കുന്ന മാസികയിലേക്ക് കണ്ണോടി,  അക്ഷരങ്ങളിൽ ദൃഷ്ടി പതിഞ്ഞു :- "നാളേയ്ക്ക് നല്ലതിന് ..." 
ആലോക് പി
10 O സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത