എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/അക്ഷരവൃക്ഷം/മാറിയ ജീവിതം

Schoolwiki സംരംഭത്തിൽ നിന്ന്
മാറിയ ജീവിതം


കൃഷ്ണപുരം ഗ്രാമത്തിലെ പ്രശസ്തമായ തറവാടായായിരുന്നു കോവിലകം തറവാട്. സമ്പന്നത കൊണ്ടോ കുടുംബപാരമ്പര്യം കൊണ്ടോ അല്ല; അവിടെ താമസിക്കുന്ന രാജഗോപാലിന്റെ സ്നേഹവും ദാനശീലവും കൊണ്ടാണ്. ഉള്ളപ്പോൾ എല്ലാം എല്ലാവർക്കും വാരിക്കോരിക്കൊടുക്കുന്ന പ്രകൃതം. പണത്തിന് ഇടയ്ക്കിടെ കുറവുണ്ടായാലും ആ വീട്ടിൽ സ്നേഹത്തിന് ഒട്ടുംതന്നെ കുറവുണ്ടായിരുന്നില്ല. അത്ര സ്നേഹത്തോടെയാണ് ആ വീട്ടിൽ രാജഗോപാലും ഭാര്യ സുശീലയും മകൻ അഭിമന്യുവും ജീവിച്ചത്. കല്യാണം കഴിഞ്ഞ് വർഷങ്ങൾക്ക് ശേഷമാണ് അവർക്ക് അഭിമന്യുവിനെ കിട്ടിയത്. അതുകൊണ്ട് വളരെ ലാളിച്ചാണ് അവർ അവനെ വളർത്തിയത്. കുട്ടിക്കാലത്ത് അവൻ വളരെ വികൃതിയായിരുന്നു. കുട്ടിയുടെ കുസൃതിയല്ലേ എന്നോർത്ത് അവർ ഒന്നും മിണ്ടിയില്ല. അവൻ വളരുന്തോറും അവന്റെ വികൃതികളും വളർന്നു. അച്ഛനമ്മമാർ പറയുന്നത് വരെ കേൾക്കാതായി. എപ്പോഴും കൂട്ടുകാരുമൊത്ത് ബൈക്കിൽ കറങ്ങിനടക്കും. രാജഗോപാലിൽനിന്നും വിപരീത സ്വഭാവമായിരുന്നു അഭിമന്യുവിന്. അവൻ മറ്റുള്ളവരെ സഹായിക്കുകയോ മറ്റുള്ളവർ പറയുന്ന കാര്യങ്ങൾക്ക് വിലകൊടുക്കുകയോ ചെയ്തിരുന്നില്ല. ഈ സമയത്താണ് ലോകത്തെ തന്നെ വിഴുങ്ങിയകൊറോണയെന്ന ദുരന്തം അവരുടെ ഗ്രാമത്തിലേക്കും എത്തിയത്. ഗ്രാമത്തിലേക്ക് മടങ്ങിയെത്തിയ ഒരു പ്രവാസിക്ക് കോവിഡ് 19 എന്ന രോഗമുണ്ടെന്ന പരിശോധനാഫലം പുറത്തുവന്നു. അതോടെ ആ ഗ്രാമവാസികൾ കർശന നിയന്ത്രണങ്ങൾക്കു വിധേയരായി. എല്ലാവരും ആ നിയന്ത്രണങ്ങൾക്കു വിധേയരാണ്. ഈ നിയന്ത്രണങ്ങളൊന്നും വകവയ്ക്കാതെ, വീട്ടുകാരുടെ വാക്കുകേൾക്കാതെ അഭിമന്യു കൂട്ടുകാരോടൊത്ത് ബൈക്കിൽ കറങ്ങിനടന്നു. അവർ മാസ്കോ കൈയ്യുറയോ ഒന്നും ധരിക്കാതെയാണ് കറങ്ങുന്നത്. താമസിയാതെ അവരെ പോലീസ് തടഞ്ഞു. ആ പോലീസ് ഉദ്യോഗസ്ഥർ കോവിഡ് 19 എന്ന രോഗത്തെക്കുറിച്ച് പറഞ്ഞ് അവരെ ബോധവാന്മാരാക്കാൻ ശ്രമിച്ചു. ഇടയ്ക്കിടെ കൈകൾ കഴുകണമെന്നും അത്യാവശ്യകാര്യങ്ങൾക്കു മാത്രമേ പുറത്തിറങ്ങാവൂ എന്നും പുറത്തിറങ്ങുമ്പോൾ മാസ്ക്, കൈയ്യുറ എന്നിവ ധരിക്കണമെന്നും അവരെ ഉപദേശിച്ചു. എന്നാൽ ഇത്തരം ഉപദേശങ്ങൾ ഒന്നും അനുസരിക്കാൻ ആ കൂട്ടർ തയാറായില്ല. വീട്ടിലെത്തിയപ്പോൾ അഭിമന്യു കൈ കഴുകാതെ തന്നെ അകത്തുകയറി. നിയന്ത്രണങ്ങൾ ഭേദിച്ച് കൂട്ടുകാരോടൊത്ത് പിന്നെയും കറങ്ങി. കുറച്ച് നാളുകൾ കഴിഞ്ഞപ്പോൾ അവന് കടുത്ത പനിയും ചുമയും ശ്വാസതടസ്സവും അനുഭവപ്പെട്ടു. രാജഗോപാലും സുശീലയും ചേർന്ന് അവനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവന്റെ പരിശോധനാഫലം പുറത്തുവന്നപ്പോൾ കോവിഡ് 19 എന്ന രോഗം അവനു പിടിപ്പെട്ടെന്ന സത്യം വളരെ വേദനയോടെ ആ മാതാപിതാക്കൾ അറിഞ്ഞു. അവർ വീട്ടിൽ നിരീക്ഷണത്തിലായി. പരിശോധിച്ചപ്പോൾ അവർക്ക് ആ രോഗം പകർന്നിരുന്നില്ലെന്ന് മനസിലായി. തീവ്രമായ ചികിത്സകൾക്കൊടുവിൽ അഭിമന്യുവിന് രോഗം ഭേദമാകുകയും വീട്ടിലേക്ക് മടങ്ങിയെത്തുകയും ചെയ്തു. ഇപ്പോൾ അവൻ മാതാപിതാക്കളുടെകൂടെ വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിച്ച് സന്തോഷത്തോടെ ജീവിക്കുന്നു. കൂടാതെ കുട്ടികളെയും ചെറുപ്പക്കാരെയും രോഗപ്പകർച്ച തടയുന്നതിനെയും രോഗലക്ഷണങ്ങളെയുംക്കുറിച്ച് പറഞ്ഞ് ബോധവാന്മാരാക്കി അവരെ നന്മയിലേക്ക് നയിക്കുന്നു. ആ രോഗമാണ് അഭിമന്യുവിന്റെ ജീവിതത്തെ മാറ്റിമറിച്ചത്.

അപർണ സന്തോഷ്
10 സി എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറൻമുള
ആറന്മുള ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ