ജി.എച്ച്. എസ്.എസ്. തിരൂരങ്ങാടി/അക്ഷരവൃക്ഷം/കോവിഡ് കാലത്തെ ലോകം

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് കാലത്തെ ലോകം

മഹാമാരിയായി പെയ്തിറങ്ങിയ കൊറോണ വൈറസ് ലോകത്തെയാകെ ,പ്രത്യേകിച്ച് യൂറോപ്യൻ രാജ്യങ്ങളെ പിടിച്ചുകുലുക്കുകയാണ്.ഒരു കാലത്ത് ലോകത്തിെലെ ഏറ്റവും വലിയ സാമ്രാജ്യശക്തിയായിരുന്ന റോമിന്റെ ശക്തി ദുർഗമായ ഇറ്റലിയിലും ഇപ്പോഴത്തെ സാമ്രാജ്യത്വ ശക്തിയായ ബ്രിട്ടനിലും അനുദിനം ആയിരങ്ങൾ മരിച്ചുവീഴുകയാണ്. വൈദ്യശാസ്ത്രത്തിലെ മികവിലും ശാസ്ത്ര സാങ്കേതികരംഗത്തെ വളർച്ചയിലും അഹങ്കരിച്ചിരുന്ന മനുഷ്യർ കൊറോണ വൈറസിനു മുന്നിൽ പകച്ചു നിൽക്കുകയാണ്. ലോകത്താകമാനം 1 ലക്ഷത്തിലധികം ആളുകൾ കൊറോണായുടെ മഹാവൈസിനു മുന്നിൽ കീഴടങ്ങി കാലപുരി പൂകി കഴിഞ്ഞു. പദ്മവ്യൂഹത്തിലകപ്പെട്ട അഭിമന്യുവിനെപ്പോലെ ദശലക്ഷക്കണക്കിനു ആളുകൾ കുരുങ്ങി കിടക്കുന്നു. അഭയകേന്ദ്രങ്ങളെന്ന് അവർ കരുതിയിരുന്ന ആരാധനാലായങ്ങളെല്ലാം അടഞ്ഞുകിടന്നു.കൂട്ടിലകപ്പെട്ട കിളികളെ പോലെ മനുഷ്യർ വീട്ടിൽ അകപ്പെട്ടിരിക്കുന്നു.

ആദിമക്കാലം മുതൽക്കെ തന്നെ മനുഷ്യർ മഹാമാരിയുമായുള്ള ഏറ്റുമുട്ടൽ നടത്തിയിട്ടുണ്ട്. രോഗമുണ്ടാക്കുന്നത് ഏതോ അദൃശ്യ ശക്തികളാണെന്ന് കരുതി ആരാധിച്ചിരുന്നു അവർ. തനിക്ക് കീഴ്പ്പെടുത്താൻ കഴിയാത്ത എല്ലാത്തിനെയും അവർ ആരാധിച്ചു. എല്ലാം വിധിയാണെന്ന് അവൻ കരുതി ആശ്വസിച്ചു പോകുന്നു. ആ ചരിത്രം തിരുത്തിയത് പത്തൊമ്പതാം നൂറ്റാണ്ടിൽ ഫ്രഞ്ച് ബയോളിജിസ്റ്റാ ലൂയിപാസ്ചറാണ്. പകർച്ചവ്യാധികൾ പടരുന്നത് രോഗാണുക്കളിൽ നിന്നാണെന്ന് അദ്ദേഹം കണ്ടെത്തി. പിന്നീട് നടന്നത് വിപ്ലവകരമായ കണ്ടുപിടിത്തങ്ങളാണ്. എന്നാൽ ഏത് മഹാമാരിയെയും തോൽപിക്കാനുള്ള കഴിവ് വൈദ്യശാസ്ത്രത്തിലുണ്ട് എന്ന ധാരണയെ തകിടം മറിച്ചുകൊണ്ടാണ്. 2019 ഡിസംബർ 1ന് ചൈനയിലെ വുഹാനിൽ നിന്ന് ഒരു വൈറസ് യാത്ര തുടങ്ങിയത്.ഏഷ്യയിലും യൂറോപ്പിലും അമേരിക്കയിലും സാധാരണ ജീവിതം നിശ്ചലമാക്കി കോവിഡ് 19 പരത്തുന്നു കൊറോണ (SARS CoV2) എന്നു പേരുള്ള ആ സൂക്ഷ്മജീവി.ഇതിന്റെ വ്യാപനം വളരെ വേഗത്തിലാണ്.

കൊറോണ വൈറസിനെ തടഞ്ഞു നിർത്താനുള്ള ഫലപ്രദമായ മരുന്ന് ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. അതിനാൽ ഇതിന്റെ വ്യാപനം തടയുക എന്നതാണ് ഇപ്പോൾ ലോകമാനം ചെയ്തു കൊണ്ടിരിക്കുന്നത്. വൈറസ് വാഹകർ മനുഷ്യരായതുകൊണ്ട് ആളുകൾ കൂടിച്ചേരാനുള്ള ഇങ്ങളെല്ലാം അടച്ചിരിക്കുകയാണ്. ലോകത്തിലെ മിക്ക രാജ്യങ്ങളും ലോക്ക്ഡൗൺ പ്രഖ്യാപിച്ചു കൊണ്ട് സാമൂഹിക അകലം പാലിക്കാനും സമ്പർക്കവിലക്ക് പ്രഖ്യാപിച്ചുകൊണ്ടും സാനിറ്റൈർസ്, മാസ്ക്ക് എന്നിവ ഉപയോഗിച്ചുകൊണ്ടും കൊറോണക്കെതിരെ പൊരുതിക്കൊണ്ടിരിക്കുകയാണ്.

വലിയ മാറ്റങ്ങളാണ് സമൂഹത്തിൽ ഈ രോഗം ഉണ്ടാക്കിയിരിക്കുന്നത്. മനുഷ്യരുടെ ജീവിത ശൈലികൾ പാടെ മാറ്റിയിരിക്കുന്നു. പറമ്പിലും വീടുകളിലുമായി കൃഷി ചെയ്തുണ്ടാക്കുന്ന വിഭവങ്ങൾ ഉപയോഗിക്കുവാനും ചക്ക പോലെയുള്ള നമ്മുടെ നാട്ടിൽ യഥേഷ്ടം ലഭിക്കുന്ന ഫലങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുവാനും തുടങ്ങി.ബർഗർ, പിസ, കെ എഫ് സി, സാന്റ് വിച്ച് പോലെയുള്ള ഫാസ്റ്റ്ഫുഡുകൾ ഒഴിവാക്കാൻ കഴിയില്ലെന്ന് കരുതിയിരുന്ന മലയാളികൾ ഇന്ന് ഇവയൊക്കെ പാടെ ഉപക്ഷിച്ചു കൊണ്ട് നാടൻ വിഭവങ്ങളിലേക്ക് മാറി തനിമലയാളിയായി മാറിക്കൊണ്ടിരിക്കയാണ്. ലോക് ഡൗൺ സമയങ്ങൾ, വായിക്കാനും എഴുതാനും വരക്കാനും മറ്റ് സർഗ്ഗാത്മക പ്രവർത്തനങ്ങളിലേർപ്പെടാനും ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.കുടുംബ ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കാൻ ഇത് അവസരമൊരുങ്ങി .

മനുഷ്യരുടെ ശീലങ്ങളെക്കുറിച്ചും ജീവിത രീതിയെക്കുറിച്ചും പുതിയ ചിന്തകൾ ഈ കാലം നമുക്ക് തരുന്നുണ്ട്.പല മഹാമാരികളും ഉത്ഭവിച്ചിട്ടുള്ളത് വികസിത രാജ്യങ്ങളിൽ നിന്നാണ്.ഇത് കാണിക്കുന്നത് ,വളരെ വേഗത്തിലുള്ള നഗരവൽക്കരണവും പുത്തൻ ജീവിതരീതികളും വനനശീകരണവും കാലാവസ്ഥാ വ്യതിയാനവുമൊക്കെ പുത്തൻ രോഗാണുക്കളുടെ ആവിർഭാവത്തിന്നും വ്യാപനത്തിനും ഇടയാക്കിയിട്ടുണ്ട്. അതു കൊണ്ട് തന്നെ ഇത്തരം കാര്യങ്ങളിലുള്ള ബോധവൽക്കരണം വളരെ ശക്തിയായി നടത്തേണ്ടതുണ്ട്.നിരക്ഷരതാ നിർമാർജ്ജനം, ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തൽ, പാർപ്പിടം, സമീകൃതാഹാരം, കുടിവെള്ളം, സാർവത്രികാരോഗ്യം എന്നിവ ഉറപ്പു വരുത്തുന്നതിന് ഗവൺമെന്റ് കൂടുതൽ ജാഗ്രത കാണിക്കേണ്ടതുണ്ട്. 'സാർവ്വത്രികാരോഗ്യം ജൻമാവകാശം' എന്ന ലോകാരോഗ്യ സംഘടനയുടെ പ്രഖ്യാപനത്തെ ഈ അവസരത്തിൽ നാം ഓർക്കേണ്ടതുണ്ട്.

ലോകം മുഴുവൻ കോവിഡ് എന്ന മഹാമാരിക്കു മുന്നിൽ പകച്ചു നിൽക്കുമ്പോഴാണ് ,കേരളം കൊറോണാനിയന്ത്രണത്തിനായ് നടത്തിയിട്ടുള്ള ഇടപെടൽ ലോക ശ്രദ്ധ പിടിച്ചുപറ്റിയുള്ളത്. കൊറോണാ വ്യാപനത്തെ തടഞ്ഞു നിർത്തുവാനും രോഗബാധിതരെ ഐസലേറ്റ് ചെയ്യുന്നതിനും വീടുകളിൽ കഴിയുന്നവർക്കും തെരുവിൽ കഴിയുന്നവർക്കും പക്ഷിമൃഗാദികൾ ഉൾപ്പെടെ ഭക്ഷണ വസ്തുക്കളും ചികിത്സയും മരുന്നുകളും മറ്റ് അവശ്യ വസ്തുക്കളും എത്തിച്ചു കൊടുത്ത് ലോകത്തിന് മുന്നിൽ മാതൃകാ ഉയർത്തിപ്പിടിച്ചിരിക്കുകയാണ് കൊച്ചു കേരളം .ഇതിനായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഗവൺമെന്റിനെയും ആരോഗ്യ പ്രവർത്തകരെയും മറ്റെല്ലാ സന്നദ്ധ പ്രവർത്തകരെയും അഭിനന്ദിക്കാതെ വയ്യ.

ഈ മഹാമാരിയെയും പിടിച്ചുകെട്ടാൻ വൈദ്യശാസ്ത്രത്തിനു കഴിയും എന്ന ഉറച്ച വിശ്വാസത്തിലാണ് നാമെല്ലാവരും .ആ സന്തോഷ വാർത്ത അതിവിദൂരമല്ലാത്ത ഭാവിയിൽ കേൾക്കാൻ കഴിയും. അതോടൊപ്പം ഈ പ്രതിസന്ധി ഉണർത്തുന്ന ചിന്തകൾ നമുക്ക് വലിയ പാOങ്ങളാവട്ടെ .

മെഹന്ന .വി
8 H ജി.എച്ച്. എസ്.എസ്. തിരൂരങ്ങാടി
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം