സെന്റ് ജോസഫ് സ് എച്ച്. എസ്സ്. എസ്സ്.പുല്ലൂരാംപാറ‍/അക്ഷരവൃക്ഷം/പദനിസ്വനം

Schoolwiki സംരംഭത്തിൽ നിന്ന്
19:08, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുഭ്രരൂപങ്ങൾക്കിടയിൽ കേട്ട പദനിസ്വനം


ശ്വാസവേഗങ്ങൾ കൂടുന്നുവോ.... മെയ്ത്തളർച്ച ബോധമണ്ഡലത്തെപ്പോലും തകർക്കുന്നുവോ... പാതി കൂമ്പിയ മിഴികളാൽ ഇമവെട്ടാതെ ആ രൂപത്തെ നോക്കി... മുഖം മറച്ച്, കണ്ണുകൾ അടക്കം മൂടിക്കെട്ടി, ശരീരം മുഴുവൻ മറച്ച്, കണ്ണാടിയിൽ തെളിയുന്ന പോലെ ഗ്ലാസ് ചുവരുകളിൽ തൻ്റെ പ്രതിബിംബം. ഒറ്റപ്പെട്ടിരിക്കുന്നു... അല്ല; തന്നെ ഒറ്റപ്പെടുത്തിയിരിക്കുന്നു."

അച്ഛാ.. വരുമ്പോൾ ചോക്ലേറ്റ് മറക്കണ്ട" -മൂത്തവൾ. "നിക്ക് സൈക്കിൾ മതി" -മോൻ. "നിക്ക് ഒരു മൊബൈൽ.. ഇതിൻ്റെ ഡിസ്പ്ലേ പൊട്ടി... " - പ്രിയതമ. നാട്ടിലേക്ക് ടിക്കറ്റ് എടുത്തപ്പോൾ പറഞ്ഞ വാക്കുകൾ ചെവികളിന്നും മൊഴിയുന്നു..... പിന്നീടങ്ങോട്ട് എണ്ണുകയായിരുന്നു.. ദിവസങ്ങൾക്ക് മാസങ്ങളുടെ വേഗത തോന്നിയ നാളുകൾ... അവസാനം..... അവസാനം.... കൺകോണിൽ നനവു പടർന്നത്, മൂടിപ്പുതച്ച മുഖാവരണം മറച്ചു പിടിക്കുന്നത് അയാളറിഞ്ഞു...

"ചേട്ടാ ടെസ്റ്റ് റിസൾട്ട് നാളെ വരും ടെൻഷനടിക്കേണ്ട; നെഗറ്റീവ് ആകും.... " വാക്കുകളിൽ ആശ്വാസത്തേൻ നിറച്ച് മാലാഖ, സിസ്റ്റർ ഷീന.... പിന്നിൽ വന്ന് പറഞ്ഞത് കേട്ട് അയാൾ തിരിഞ്ഞു നോക്കി.... ഏതൊരു പ്രവാസിയെയും പോലെ... ഉള്ളിലെ ആന്തലുകളെ മറച്ചുപിടിച്ച്, പുറംമോടിയിൽ അയാൾ നല്ലൊരു നടനായി.... "ഹേയ്.... എന്ത് ടെൻഷൻ!!? വരുന്നിടത്ത് വെച്ച് കാണാം.... " വാക്കുകളിൽ ദൃഢത വരുത്തുവാൻ ശ്രമിച്ചുകൊണ്ട്,തുടർന്ന് ചോദിച്ചു. "ഡോക്ടറുടെ റൗണ്ട്സ് കഴിഞ്ഞോ സിസ്റ്ററേ....? " "ഇല്ല.. കുറച്ച് കഴിഞ്ഞ് വരും. റെസ്റ്റ് എടുത്തോളൂ" എന്നും പറഞ്ഞു സിസ്റ്റർ തിരിഞ്ഞുനടന്നു.... ഇന്നെന്റെ ആത്മബന്ധം ഇവരോടാണ്!! എന്തൊരു ആത്മാർഥതയോടെയാണ് അവർ ഓരോ രോഗികളെയും ശ്രദ്ധിക്കുന്നത്... പകരുന്നതാണ് എന്നറിഞ്ഞിട്ടും, മാറാവ്യാധി ആണെന്നറിഞ്ഞിട്ടും, സമാശ്വസിപ്പിക്കുന്ന വാക്കുകൾ കൊണ്ട് കൂടി ചികിത്സിക്കുന്നു.... ഓരോന്നോർത്ത് അയാൾ ഉറക്കത്തിലേക്ക് വഴുതിവീണു...

തൊണ്ടയ്ക്ക് ഉള്ളിൽ ചൊറിയുന്നതു പോലെ.... ശ്വാസം കിട്ടാത്തതു പോലെ.... തൊണ്ടയിൽ കുപ്പിച്ചില്ലുകൾ തറച്ചു കൊള്ളുന്നതു പോലെ... ആരോ മൂക്കും വായും പൊത്തി പിടിച്ചിരിക്കുന്നു... അയാൾ വിരിപ്പിൽ നിന്നുയർന്ന് ആഞ്ഞു ചുമച്ചു!! വീണ്ടും വീണ്ടും ചുമച്ചു!!!! മൂക്കും വായും ചേർത്തുകെട്ടിയ മാസ്ക് ഊരാൻ ശ്രമിച്ചുകൊണ്ട്... തുടരെ തുടരെ ചുമച്ചു...

ഊരി എടുക്കല്ലേ.. അത് ഓക്സിജൻ മാസ്ക് ആണ്". സിസ്റ്റർ ഓടിവന്ന് തടഞ്ഞുകൊണ്ട് പറഞ്ഞു. ഇത്തിരി ശ്വാസം കിട്ടാൻ ആണ് എന്ന് തിരിച്ച് അയാൾക്ക് പറയണമെന്നുണ്ട്. തുടരെ വരുന്ന ചുമ സമ്മതിക്കുന്നില്ല. സിസ്റ്റർ ഡ്രിപ്പിട്ട നീഡിൽസിലൂടെ എന്തോ മരുന്ന് കയറ്റി. കുറച്ച് കഴിഞ്ഞ് അയാൾക്ക് തെല്ലൊരു ആശ്വാസം തോന്നി. പാതിമയക്കത്തിലേക്ക്...

രണ്ടുവർഷം കൊണ്ട് സ്വരുക്കൂട്ടിയ സ്വപ്നങ്ങൾ, കാണുമ്പോൾ മക്കൾക്ക് നൽകാനായി കാത്തുവെച്ച വാത്സല്യം , സഖിയെ ചേർത്തി നിർത്തി പകുത്തു നൽകുവാൻ മാറ്റിവെച്ച സ്നേഹം, ഒരായുസ്സ് കൊണ്ട് നന്മ പകർന്നുതന്നവർക്കുള്ള കരുതൽ.... എല്ലാം.... അതെല്ലാം.... മനസ്സിന്റെ ക്യാൻവാസിൽ വർണ്ണം നിറയ്ക്കുന്നു.

മയക്കത്തിലേക്ക്.... മയക്കത്തിൽ അയാൾ കേട്ടു .. ചില നിസ്വനങ്ങൾ !!

...........................

ആരൊക്കെയോ വരുന്നു. തൻ്റെ സ്ട്രച്ചർ ഇളകുന്നു. പെട്ടെന്ന് ആരോ തന്നെ തള്ളിക്കൊണ്ട് പോകുന്നു... മെല്ലെ നോക്കി... കൊറോണ വാർഡിൽ നിന്നും താൻ പുറത്തേക്ക്..... വിജനമായ ഇടനാഴിയിലൂടെ തന്നെയും വഹിച്ചുകൊണ്ട് സ്ട്രച്ചർ മുന്നോട്ടു നീങ്ങുന്നു. ചുറ്റും നോക്കാൻ ശ്രമിച്ചു.. എല്ലാവർക്കും ഒരേ രൂപം, ശരീരം മൊത്തം മൂടുന്ന വസ്ത്രം ധരിച്ച്....

മൂടിക്കെട്ടിയ ആ രൂപങ്ങൾക്കുള്ളിൽ വിങ്ങിപ്പൊട്ടുന്ന തന്റെ പ്രിയപ്പെട്ടവരുടെ ഹൃദയങ്ങൾ കാണാം.. എല്ലാവരും ഉണ്ട്. എന്നാൽ ആരും അടുക്കുന്നില്ല..

അതാ...കണ്ണു പോലും മൂടിക്കെട്ടിയ അവരിൽ തന്റെ പ്രിയപ്പെട്ടവർ നിൽക്കുന്നു.തൻ്റെ അമ്മ, അച്ഛൻ, പ്രിയപ്പെട്ടവൾ, മകൾ, മകൻ...ആവരണങ്ങൾക്കുള്ളിൽ കണ്ണുനീർ കടലാഴങ്ങൾ തേടുന്നു....

തന്നെയും വഹിച്ചുകൊണ്ടുള്ള സ്ട്രെച്ചർ ഒരു പ്രവേശന കവാടത്തിങ്കലേക്കടുക്കുന്നു.... വാതിലിൽ എഴുതിയ ഇംഗ്ലീഷ് അക്ഷരങ്ങൾ അയാൾ ചേർത്ത് വായിച്ചു.....

MORTUARY"

ഐലിൻ മരിയ ഡെന്നി
9 D സെന്റ് ജോസഫ് സ് എച്ച്. എസ്സ്. എസ്സ്.പുല്ലൂരാംപാറ‍
മുക്കം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ