സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

മാന്നാനം

കോട്ടയത്തിന‌ു വടക്കുപടിഞ്ഞാറായി 12 കിലോമീറ്റർ അകലത്തിൽ സ്ഥിതി ചെയ്യ‌ുന്ന പ്രകൃതിരമണീയമായ മാന്നാനം ആർപ്പുക്കര അതിരമ്പുഴ എന്നീകരകളാൽ പര്യസേവ്യമായികിടക്കുന്നു.ഈ കുന്നിൽ നിന്ന് പടിഞ്ഞാറോട്ട് നോക്കിയാൽ വേമ്പനാട്ടുകായൽ വരെ വിസ്‌തൃതമായ വടക്കൻ കു‍ട്ടനാട് ഭ‌ൂപ്രദേശം രത്നങ്ങൾ പതിച്ച പച്ചപട്ടുപോലെ കാണാൻ കഴിയും.മാന്നാനം എന്ന പേരിന്റെ ഉറവിടം "മന്ന്"+"അളം" = "മാന്നാനം ".ഈ വാക്കിന്റെ അർത്ഥം സമുദ്രനിരപ്പിൽ നിന്ന് ഉയർന്ന സ്ഥലം എന്നാണ്.ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ പാദസ്പർശം കൊണ്ട് പവിത്രമായ മാന്നാനം ആഗോളപ്രശസ്തിയാർജ്ജിച്ച തീർത്ഥാടന കേന്ദ്രമാണ്.ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്ന‌ും ഭക്തജനങ്ങൾ ഈ പുണ്യചരിതന്റെ അനുഗ്രഹങ്ങൾ തേടി ഇവിടേക്ക് വന്നുകൊണ്ടിരിക്കുന്നു.കേരവ‌ൃക്ഷങ്ങള‌ും മരതകക്കാടുകളും പുഞ്ചപ്പാടങ്ങളും പൂന്തേനരുവികളും കഥപറഞ്ഞൊഴ‌ുകുന്ന ചെറുപുഴകളും മാന്നാനം കുന്നിന്റെ അഴക് വർദ്ദിപ്പിക്കുന്നു.

കേരളസഭയുടെ നവോത്ഥാനനായകൻമാരിൽ ഒരാളായ വിശുദ്ധ ചാവറയച്ചന്റെ കർമ്മമണ്ഡലം മാന്നാനം ആയിരുന്നു. വിദ്യാഭ്യാസപ്രവർത്തനങ്ങളുടെ സ്ഥാനം ഏതൊര‌ു സാമൂഹ്യപരിഷ്കർത്താവിന്റെ പ്രവർത്തനങ്ങളെക്കാളും ഉയരത്തിലാണ്.വിദ്യാധനം സർവ്വധനാൽ പ്രധാനം എന്ന് അറിയാമായിരുന്ന ചാവറയച്ചൻ ജനങ്ങൾക്ക് വിദ്യാഭ്യാസം നൽകുന്നതിൽ അതീവ ശ്രദ്ധ പുലർത്തിയിരുന്നു.സമൂഹത്തിൽ പുരോഗമനപരമായ പരിഷ്കാരങ്ങൾ നടത്തപ്പെടുമ്പോൾ അത് സമൂഹനന്മയ്ക്കാണ് എന്നു മനസ്സിലാക്കി അതിനോട് സഹരിക്കണമെങ്കിൽ ജനതയ്ക്ക് വിദ്യാഭ്യാസം ഉണ്ടാകണം. ആദ്യം അക്ഷരജ്ഞാനവും പിന്നീട് പുസ്തകവും കൂടെ ഭക്ഷണവും നൽകുക എന്നതായിരുന്നു ചാവറയച്ചന്റെ വിദ്യാഭ്യാസ പ്രവർത്തനത്തിന്റെ ആദ്യപടി. വിദ്യാഭ്യാസമെന്നത് സവർണ്ണരുടെയും സമ്പന്നരുടെയും മാത്രം അവകാശവും ആനുകൂല്യവുമായികരുതപ്പെട്ടിരുന്ന കാലഘട്ടത്തിൽ സാധാരണക്കാരും അവഗണിക്കപ്പെട്ടിരിക്കുന്നവരുമായവരുടെ ഇടയിലേക്ക് വിദ്യയുടെ കൈത്തിരിയുമായി കടന്നുവന്നത് ചാവറയച്ചനാണ്.