തഖ്‌വ റസിഡൻഷ്യൽ ഇംഗ്ലീഷ് ഹൈസ്കൂൾ അണ്ടത്തോട്/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്

ദഫ് അറബി ബൈത്തുകൾ അല്ലെങ്കിൽ അറബി സാഹിത്യഗാനങ്ങളോ ആലപിച്ചുകൊണ്ട് പത്തുപേരിൽ‌ കുറയാത്ത സംഘങ്ങളായി താളപ്പെരുക്കങ്ങൾ തീർത്ത് ഉയർ‌ന്നും താഴ്‌ന്നും ചെരിഞ്ഞും ചുവടുകൾ വെച്ചാണ് ഇത് അവതരിപ്പിയ്ക്കുന്നത്. സലാത്ത് അഥവാ പ്രാർ‌ത്ഥനയോടേയാണ് ഇത് ആരംഭിയ്ക്കുന്നത്. ഈ കലാരൂപം അനുഷ്ഠാനകർ‌മ്മങ്ങളായ കുത്തുറാത്തീബ്, നേർച്ചകൾതുടങ്ങിയവയുടെ ഭാഗമായും വിവാഹം പോലെയുള്ള ആഘോഷവേളകളിലും അവതരിപ്പിക്കാറുണ്ട്. ഇന്നും നിലവിലുള്ള അറേബ്യൻ പാരമ്പര്യവുമുള്ള മാപ്പിള കലകളിലൊന്നാണ് ദഫ് മുട്ട്.ഇസ്‌ലാമിന്റെ കലാപാരമ്പര്യമായിട്ടാണ് ഇത് അറിയപ്പെടുന്നത്. മറ്റു കലാരൂപങ്ങളെ അപേക്ഷിച്ച് പരിശുദ്ധവും ഏറെ പുറം സ്വാധീനങ്ങൾ ആവേശിക്കാത്തതുമായ ഒരു ഇനമാണിത്. രൂപത്തിലും ഭാവത്തിലും ഒരു ആത്മീയ വശ്യതയും ആകർഷണീയതയുമുണ്ടിതിന്. ദഫ് ഉപയോഗിച്ചുകൊണ്ട് താളത്തിനെത്തുള്ള കൊട്ടിക്കളിയാണിത്. ഇരുന്നും നിന്നും ഇടത്തും വലത്തും മുന്നോട്ടും പിന്നോട്ടും ചാഞ്ഞും ചെരിഞ്ഞുമുള്ള ശാരീരിക ചലനങ്ങളാണ് ഇതിന്റെ പ്രത്യേകത.


അയ്യപ്പൻപാട്ടും അയ്യപ്പൻവിളക്കും അയ്യപ്പഭക്തന്മാർ നടത്തുന്ന അനുഷ്ഠാനകലയാണ് അയ്യപ്പൻപാട്ട്. ശാസ്താംപാട്ട്, ഉടുക്കുപാട്ട് എന്നീ പേരുകളിലും ഇത് അറിയപ്പെടാറുണ്ട്. . ശബരിമലക്ക് പോകാനായി വ്രതമെടുക്കുന്ന ഭക്തന്മാർ വീട്ടിൽവെച്ചും ക്ഷേത്രത്തിൽവെച്ചും അയ്യപ്പൻപാട്ട് നടത്താറുണ്ട്. പ്രത്യേകം ഉണ്ടാക്കിയ പന്തലിലാണ് ചടങ്ങുകൾ നടത്തുന്നത്. പന്തലിൽ പീഠവും നിലവിളക്കും വെക്കും. ഗണപതിത്താളം കൊട്ടിയതിന് ശേഷമാണ് പാട്ട് തുടങ്ങുന്നത്. ഉടുക്കു കൊട്ടിയാണ് പാടുന്നത്. ഇലത്താളവും ഉപയോഗിക്കും. പന്തളത്തു രാജാവിന്റേയും ശാസ്താവിന്റേയും കഥകളടങ്ങുന്നതാണ് പാട്ട്. ദേവാസുര യുദ്ധം, പാലാഴി മഥനം തുടങ്ങിയ കഥകളും പാട്ടിലുണ്ട്. പാട്ടിനൊപ്പം അയ്യപ്പന്മാർ തുളളുകയും ചെയ്യും. കനലിൽ ചാടുന്ന ചടങ്ങും ഈ അനുഷ്ഠാനത്തിന്റെ ഭാഗമായുണ്ട്. ചില സ്ഥലങ്ങളിൽ അയ്യപ്പൻപാട്ട് കൂടുതൽ ആർഭാടപൂർവ്വം നടത്താറുണ്ട്. ഇതിനെ അയ്യപ്പൻവിളക്ക് എന്നും വിളിക്കും. പരിപാടികളുടെ ഭാഗമായി കഥാഭിനയവും നടത്താറുണ്ട്. അയ്യപ്പൻ, വാവർ തുടങ്ങിയ കഥാപാത്രങ്ങൾ രംഗത്തു വരും. യുദ്ധരംഗങ്ങളടക്കം നൃത്തരൂപത്തിൽ അവതരിപ്പിക്കാറുണ്ട്.  കളമെഴുത്തും പാട്ടുകളും സംഘകാലത്തോളം പഴക്കമുള്ള കേരളീയ അനുഷ്ഠാനമാണ് കളം. കേരളീയ ആചാരങ്ങളിൽ സുപ്രധാനമായ സ്ഥാനം കളങ്ങൾക്കുണ്ട്. കർമ്മങ്ങളോടുകൂടി ഇഷ്ടദേവതയുടെ രൂപം വരക്കും. പാട്ട് അടക്കമുള്ള ചടങ്ങുകൾ നടത്തി കളത്തിൽ ആവാഹിക്കപ്പെട്ടിരിക്കുന്ന ചൈതന്യത്തെ പ്രീതിപ്പെടുത്തുന്നു. വീടുകളിലും കാവുകളിലും ക്ഷേത്രങ്ങളിലും കളങ്ങൾ വരയും. പ്രത്യേകം തയ്യാറാക്കിയ പന്തലിലാണ് കളം ഇടുന്നത്. കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ നടപ്പിലുളള അനുഷ്ഠാനങ്ങളിൽ വ്യത്യാസങ്ങൾ പ്രകടമാണ്.   നാടൻ നിറക്കൂട്ടുകളുപയോഗിച്ച് കലാകാരന്മാർ തീർക്കുന്ന വർണ്ണവിസ്മയങ്ങൾ കേരളീയ ചിത്രകലാപാരമ്പര്യത്തിന്റെ നിദർശനങ്ങളാണ്. പഞ്ചവർണ്ണ പൊടികളാണ് കളം എഴുതാൻ ഉപയോഗിക്കുന്നത്. മഞ്ഞ, ചുവപ്പ്, കറുപ്പ്, വെള്ള, പച്ച എന്നിവയാണ് പഞ്ചവർണ്ണങ്ങൾ. മഞ്ഞൾ പൊടിച്ച് മഞ്ഞപ്പൊടിയും, ചുണ്ണാമ്പും മഞ്ഞളും ചേർത്ത് ചുവന്ന പൊടിയും ഉമിക്കരികൊണ്ട് കരിപ്പൊടിയും ഉണ്ടാക്കുന്നു. വെള്ളപ്പൊടി ഉണ്ടാക്കുന്നത് ഉണക്കലരി പൊടിച്ചാണ്. വാകയിലയാണ് പച്ചപ്പൊടി ഉണ്ടാക്കാൻ ഉപയോഗിക്കുന്നത്. നാഗക്കളത്തിൽ വാഴയിലക്കുപകരം മഞ്ചാടിയിലയുടെ പൊടിയാണ് ഉപയോഗിക്കുന്നത്. വാകയില വിഷഹാരിയാണ് എന്നതാണ് ഇതിനുകാരണം.

ഓരോ പ്രദേശത്തും കളം വരയുന്നത് വ്യത്യസ്ത സമുദായക്കാരാണ്. തീയാട്ടുണ്ണികൾ, തീയാടി നമ്പ്യാന്മാർ, തെയ്യമ്പാടികൾ, പുള്ളുവൻ, വണ്ണാൻ, കണിശൻ തുടങ്ങിയ സമുദായക്കാർ പരമ്പരാഗതമായി കളം വരയുന്നവരാണ്. കുറുപ്പന്മാർ, തീയ്യർ, വേലന്മാർ, മണ്ണാൻ, മലയൻ, പാണൻ, പറയൻ, വേലൻ, മുന്നൂറ്റാൻ, കോപ്പാളൻ തുടങ്ങിയവരും കളം വരയാറുണ്ട്. അനുഷ്ഠാനത്തിന്റെ സ്വഭാവത്തിനനുസരിച്ച് വരയുന്ന രൂപങ്ങൾക്ക് വ്യത്യാസമുണ്ടാകും. യക്ഷി, സർപ്പം, ഭദ്രകാളി, ഗന്ധർവൻ, ഗുളികൻ എന്നിങ്ങനെ നിരവധി കളങ്ങൾ വിവിധ അനുഷ്ഠാനങ്ങളിലായി വരയാറുണ്ട്. കളമെഴുത്തും പാട്ട്, മുടിയേറ്റു്, പാന, തീയാട്ട്, പുള്ളുവൻപാട്ട്, കെന്ത്രോൻപാട്ട്, ഗന്ധർവൻ തുള്ളൽ, മലയൻ കെട്ട്, ബലിക്കള, ഭഗവതിപ്പാട്ട്, കളത്തിലരിപ്പാട്ട് തുടങ്ങിയ നിരവധി അനുഷ്ഠാനങ്ങൾക്ക് വിവിധ തരത്തിലുള്ള കളങ്ങൾ എഴുതുന്നു. ചിത്രരചനയിൽ പരമ്പരാഗതമായി പകർന്നു കിട്ടിയ അറിവുകളും സങ്കേതങ്ങളും കളമെഴുത്തിൽ പ്രകടമാക്കപ്പെടുന്നു. കളം വരയുന്നതിനോടനുബന്ധിച്ച് പാട്ടുകളും പാടും. ഓരോ അനുഷ്ഠാനത്തിനും പ്രത്യേകം പാട്ടുകളാണ്.

ഭദ്രകാളിക്കളവുംപാട്ടും ഭദ്രകാളിക്ഷേത്രങ്ങളിലാണ് പ്രധാനമായും കളമെഴുത്തുംപാട്ട് നടത്താറുള്ളത്. വേട്ടക്കൊരുമകൻ ക്ഷേത്രങ്ങളിലും ഈ അനുഷ്ഠാനമുണ്ട്. ഭദ്രകാളിയുടെ കളമെഴുത്തും പാട്ടും സാധാരണ നടത്തുന്നത് മണ്ഡലകാലത്താണ്. സംഹാരരൂപിണിയായ കാളിയെയാണ് വരയുന്നത്. കാളിയുടെ കൈകളുടെ എണ്ണത്തിനനുസരിച്ചാണ് കളത്തിന്റെ വലുപ്പം. പതിനാറു മുതൽ അറുപത്തിനാലു വരെ കൈകളുള്ള കളങ്ങൾ വരയാറുണ്ട്. കളം പൂർത്തിയാകുന്നതോടെ നെല്ലും നാളികേരവും പൂക്കുലയും വെക്കും. അതോടെ പാട്ട് ആരംഭിക്കുകയായി.പാട്ട് കഴിഞ്ഞാൽ പിണിയാൾ കളത്തിന് ചുറ്റും പ്രദക്ഷിണം വെക്കണം. വാദ്യങ്ങളുടെ പശ്ചാത്തലത്തിൽ ഉറഞ്ഞു തുള്ളാറുമുണ്ട്. തുടർന്നുള്ള ചടങ്ങുകൾക്കു ശേഷം കളം മായ്ക്കും. കാളി ദാരികനെ വധിച്ച കഥയാണ് കളം പാട്ടിൽ പ്രധാനമായും പാടുന്നത്. ഇവയെ 'തോറ്റം' പാട്ടുകളെന്നും പറയാറുണ്ട്. കേരളത്തിന്റെ തനത് സംഗീതത്തിന്റെ വർണാഭമായ നിറക്കൂട്ടുകളാണ് കളംപാട്ടുകളിലൂടെ അനാവരണം ചെയ്യപ്പെടുന്നത്.

നാഗക്കളവുംപുള്ളുവൻപാട്ടും നാഗങ്ങൾ അഥവാ പാമ്പുകൾ മണ്ണിന്റെ അധിദേവതകളാണ് എന്ന ഒരു സങ്കൽപ്പമുണ്ട്. ഈ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് പഴയ വീടുകളിലും ക്ഷേത്രങ്ങളിലും സർപ്പങ്ങൾക്കു പ്രത്യേക സ്ഥാനം നൽകി അനുഷ്ഠാനങ്ങളും മറ്റും നടത്തിപ്പോരുന്നത്. അത്യുത്തരകേരളത്തിൽ നാഗത്തെയ്യങ്ങളും ഉണ്ട്. സർപ്പങ്ങളെ സന്തോഷിപ്പിക്കാനും അതിലൂടെ സമാധാനവും ഐശ്വര്യവും നിലനിർത്താനും ഒട്ടേറെ അനുഷ്ഠാനങ്ങളുണ്ട്. അതിൽ പ്രധാനമാണ് നാഗക്കളവും പാട്ടും. കേരളത്തിലെ പല പ്രദേശങ്ങളിലും നാഗാരാധനയുമായി ബന്ധപ്പെട്ട അനുഷ്ഠാനങ്ങളിലെ കാർമ്മികർ പുള്ളുവരാണ്.

നാഗക്കളം എഴുതുന്നത് പുള്ളുവരാണ്. പ്രത്യേകം ഒരുക്കിയ പന്തലിലാണ് കളം ഉണ്ടാക്കുന്നത്. ത്രിസന്ധ്യ കഴിഞ്ഞാൽ ഗണപതി പൂജയോടെ ചടങ്ങുകൾ ആരംഭിക്കും. നാഗങ്ങളെയും നാഗരാജാവിനേയുമാണ് കളത്തിൽ ചിത്രീകരിക്കുന്നത്. കളമെഴുത്ത് പൂർത്തിയായാൽ പഞ്ചാർച്ചന നടത്തും. ഇതിനെ തുടർന്ന് പുള്ളുവക്കുടം കൊട്ടിക്കൊണ്ട് 'അകമുഴിയൽ' എന്ന ചടങ്ങാണ്. ഗരുഡനുവേണ്ടിയുള്ള മുറംപൂജയും സർപ്പങ്ങൾക്കു വേണ്ടിയുള്ള 'നൂറും പാലും' കൊടുക്കലും തുടർന്നു നടക്കും. അതു കഴിഞ്ഞ് ന്ധദ്രകാളിയേയും അഷ്ടവസ്തുക്കളേയും പൂജിക്കും. അതോടെ വ്രതം അനുഷ്ഠിച്ച പെൺകുട്ടികൾ കളത്തിൽ പ്രവേശിച്ച് തുളളൽ നടത്തും. കൈയിൽ കവുങ്ങിൻ പൂങ്കുലയും പൂമാലയും നാഗത്തിന്റെ ആകൃതിയിലുള്ള കിരീടവും കുട്ടികൾ ധരിച്ചിരിക്കും. ഈ സന്ദർഭത്തിൽ പുള്ളുവനും പുള്ളുവത്തിയും പാടും. ഗണപതി വന്ദനവും തുടർന്ന് അഷ്ടനാഗങ്ങളെ ആവാഹിച്ചുകൊണ്ടുള്ള പാട്ടുമാണിവിടെ പാടുക. അനന്തൻ, വാസുകി, തക്ഷകൻ, കാർക്കോടകൻ, ശംഖുപാലൻ, മഹാപത്മൻ, പത്മൻ, കാളിയൻ എന്നിവയാണ് അഷ്ടനാഗങ്ങൾ. കന്യകമാർ പാട്ടിന്റെ താളത്തിനൊത്തു് പൂങ്കുല കുലുക്കിക്കൊണ്ടാണ് തുള്ളുന്നത്. പാമ്പുകളുടെ ചലനങ്ങളെ അനുകരിച്ചുകൊണ്ടുള്ള ആട്ടം ക്രമേണ ദ്രുതഗതിയിലാകും. ആട്ടത്തിനു ശേഷം കളം മായ്ക്കും. സർപ്പംപാട്ട് സർപ്പക്കാവുകളിലും നാഗക്ഷേത്രങ്ങളിലും അപൂർവ്വമായി ഗൃഹങ്ങളിലും നടത്തുന്ന ഒരു അനുഷ്ഠാനകല. പുള്ളുവസമുദായാംഗങ്ങളാണ് ഈ അനുഷ്ഠാന കലയുടെ അവതരണവും മേൽനോട്ടവും. പാമ്പുതുള്ളൽ, പാമ്പിൻകളം, നാഗംപാട്ട്, സർപ്പോത്സവം എന്നിങ്ങനെയും അറിയപ്പെടുന്നുണ്ട്. വ്രതാനുഷ്ഠാനങ്ങൾ പൂർത്തിയാക്കിയ സ്ത്രീകളാണ് അവതരിപ്പിക്കുക.പുളളുവവീണയും, കുടവും മറ്റുമാണ് വാദ്യോപകരണങ്ങൾ. കന്നി, തുലാം, കുംഭം മാസങ്ങളിലെ ആയില്യം നക്ഷത്രത്തിലാണ് സാധാരണമായി സർപ്പംപാട്ട് നടത്താറുളളത്.അലങ്കരിച്ച പന്തലിൽ സർപ്പക്കളം ചിത്രീകരിക്കും. ഉച്ചയ്ക്കും രാത്രിയിലും പഞ്ചവർണ്ണപ്പൊടികൾകൊണ്ട് സർപ്പയക്ഷിക്കളം, നാഗയക്ഷിക്കളം, അഷ്ടനാഗക്കളം എന്നിങ്ങനെ പലവിധത്തിലുളള കളങ്ങൾ പുളളവർ ചിത്രീകരിക്കും. പന്തലിൽ വിളക്കുകൾ തൂക്കും. കളത്തിനു ചുറ്റും തെറ്റ്, അരി, നാളികേരം, വെറ്റില, പഴുക്ക, പാൽകുടം, എന്നിവയിൽ അലങ്കരിക്കും. കളം പൂജിച്ചു കഴിഞ്ഞാൽ സർപ്പം തുളളുന്ന സ്ത്രീയെ പന്തലിലേക്ക് ആനയിക്കും. നാഗരാജാവ്, നാഗയക്ഷി, സർപ്പയക്ഷി, മണിനാഗം, എരിനാഗം, കരിനാഗം, കുഴിനാഗം, പറനാഗം, കന്യാവ് എന്നീ സങ്കൽപങ്ങളിലാണ് തുളളുക. ആർപ്പും കുരവയും കഴിഞ്ഞശേഷം സ്ത്രീകൾ പൂക്കുല കൈകളിലേന്തി ആടാൻ തുടങ്ങും. വീണ, കുട, കൈമണി എന്നീ വാദ്യങ്ങളോടെ പുളളവർ പാടാൻ തുടങ്ങും. ആ പാട്ടുകളുടെ രാഗതാളങ്ങൾ മുറുകുമ്പോൾ തുളളലുമുണ്ടാകും. സർപ്പസങ്കല്പത്തിലാടുന്നവർ അതിനിടയിൽ ജനങ്ങളിൽനിന്ന് വഴിപാടും സ്വീകരിക്കും. അവരെ അനുഗ്രഹിക്കുകയും ചെയ്യും. സർപ്പംതുളളുന്നവരുടെ അരുളപ്പാടും നടക്കും. ആടുന്നവർ വീണുരുണ്ട് കളങ്ങൾ മായ്ക്കുകയും ഒടുവിൽ ആടിത്തളർന്ന് കിടക്കുകയും ചെയ്യും. ദിവസം മൂന്നു നേരം ഈ കർമ്മങ്ങൾ ആവർത്തിക്കും. ചിലപ്പോൾ തുളളൽ ഒരാഴ്ചയിലധികം നീണ്ടു പോയേക്കാം.


കാവടിയാട്ടം സുബ്രഹ്മണ്യനെ ആരാധിക്കുന്ന രീതിയുമായി ബന്ധപ്പെട്ട അനുഷ്ഠാനകലാരൂപമാണ് കാവടിയാട്ടം. സുബ്രഹ്മണ്യൻ തുള്ളൽ എന്നും ഈ അനുഷ്ഠാനത്തിന് പേരുണ്ട്. കമാന ആകൃതിയിലുള്ള കാവടി ചുമലിൽ വെച്ചുകൊണ്ടാണ് ആട്ടം നടത്തുന്നത്. മരം കൊണ്ടാണ് പ്രധാനമായും കാവടിയുണ്ടാക്കുന്നത്. മയിൽപ്പീലി, വർണ്ണവസ്തുക്കൾ ഇവകൊണ്ട് കാവടിയെ ആകർഷകമായ രീതിയിൽ അലങ്കരിക്കും. ആട്ടത്തിന് ഉപയോഗിക്കുന്ന കാവടികൾ പലരൂപത്തിലും വലിപ്പത്തിലും ഉണ്ട്. ആട്ടത്തിന് പഞ്ചവാദ്യം, നാഗസ്വരം തുടങ്ങിയ വാദ്യഘോഷങ്ങളും ഉപയോഗിച്ചുവരുന്നു. പാട്ടിന്റെ താളത്തിനൊത്ത് കാവടി വിവിധ രീതിയിൽ ചലിപ്പിച്ചുകൊണ്ടാണ് കാവടിയും നടത്തുന്നത്. ഒറ്റക്കും, സംഘം ചേർന്നും ആട്ടം നടത്തും. കാണികളെ വിസ്മയിപ്പിക്കുന്ന രീതിയിൽ മെയ് വഴക്കത്തോടെ ആട്ടം അവതരിപ്പിക്കുന്ന കളിക്കാരുണ്ട്. കാവടിയാട്ടത്തോടൊപ്പം നാവ് തുടങ്ങിയ ശരീരഭാഗങ്ങളിലൂടെ ശൂലം (സുബ്രഹ്മണ്യന്റെ ആയുധം) കുത്തിക്കയറ്റുന്ന അനുഷ്ഠാനം നടത്താറുണ്ട്.

അറബനമുട്ട് മുസ്ലിംകളുടെ ഇടയിൽ പ്രചാരമുള്ള ഭക്തിരസപ്രധാനമായ കലാരൂപമാണ് അറബനമുട്ട്.മുസ്ലിം സമുദായത്തിലെ ഭക്തി പ്രസ്ഥാനങ്ങളുടെ വളർച്ചയുമായി ബന്ധപ്പെട്ടാണ് അറബനമുട്ടിന് പ്രചാരമുണ്ടായത്. "അറബന" എന്ന വാദ്യോപകരണം കൈ കൊണ്ട് മുട്ടിയാണ് കളിക്കുന്നത്. റാത്തിബുകൾക്ക് താളപ്രയോഗത്തിനാണ് അറബന ഉപയോഗിച്ചിരുന്നത്.മരച്ചട്ട കൊണ്ടാണ് അറബന നിർമ്മിക്കുന്നത്.മരച്ചട്ടക്ക് ഒന്നര ചാണെങ്കിലും വിസ്താരമുണ്ടാകണം. അഞ്ച് ഇഞ്ചോളം വീതിയും കാണും. തോലു കൊണ്ടാണ് മരച്ചട്ട പൊതിയുന്നത്. ആട്ടിൻതോലോ മൂരിക്കുട്ടന്റെ തോലോ ഇതിന് ഉപയോഗിക്കും. പിത്തളവാറ് കൊണ്ട് കിലുക്കങ്ങളും കെട്ടും. ബൈത്തിന്റെ ഈണത്തിന് അനുസരിച്ച് ഇടത്തോട്ടും വലത്തോട്ടും ചാഞ്ഞ് കൊണ്ടാണ് കളിക്കുന്നത്.പതിഞ്ഞ ചലനങ്ങളോടെ തുടങ്ങി ക്രമേണ വേഗത കൂട്ടും. കളിയുടെ ഓരോ ഭാഗത്തിനും 'അടക്കം' എന്നു പറയും. ആശാനാണ് ബൈത്ത് ചൊല്ലിക്കൊടുക്കുന്നത്. കളിക്കാർ അത് ഏറ്റുപാടും. കളിക്കാർ കൈത്തണ്ട, മൂക്ക്, തോൾ തുടങ്ങിയ ശരീര ഭാഗങ്ങളിൽ മുട്ടിയും തട്ടിയും ശബ്ദമുണ്ടാക്കും.അഭ്യാസ പ്രകടനത്താൽ ഊർജ്ജസ്വലമാണ് അറബന. അറബനയുടെ ഭാഗമായി ആയുധപ്രയോഗവും അവതരിപ്പിക്കാറുണ്ട്. റാത്തിബ്, കുത്തുറാത്തിബ് തുടങ്ങിയ അനുഷ്ഠാനങ്ങൾക്കൊപ്പമാണ് ആയുധ പ്രയോഗം നടത്തുന്നത്. കുത്തുറാത്തിബ് നടത്തുമ്പോൾ മുനയുള്ള ആയുധങ്ങൾ കൊണ്ട് (ദബ്ബുസ്) ശരീരത്തിൽ കുത്തുന്ന രീതിയും ഉണ്ട്. മെയ്യഭ്യാസത്തോടൊപ്പം പല പ്രത്യേക ശരീരപ്രകടനങ്ങളും അവതരിപ്പിക്കും. തല ചെരിവും നോട്ടവും ഇതിന്റെ ഭാഗമായി അഭ്യസിക്കേണ്ടതുണ്ട്. തികഞ്ഞ ഭാവാഭ്യാസപ്രകടനം വെളിവാക്കുന്ന കലാരൂപമാണ്അറബനമുട്ട്.

ചന്ദനക്കുടം നേർച്ച അണ്ടത്തോട് ജാറത്തിങ്കൽ അന്ത്യവിശ്രമം കൊള്ളുന്ന അശൈഖ് ഹയാത്തുൽ ഔലിയ(റ)യുടെ ജാറത്തിങ്കൽ ചന്ദനക്കുടം കൊടിക്കുത്ത് കാഴ്ചനേർച്ച എല്ലാ വർഷവും നടത്തുന്നു. രാവിലെ 10ന് ചന്ദനക്കുടവുമായി ആദ്യകാഴ്ച ജാറത്തിലെത്തി കൊടിയുയർത്തും. ഇതോടെ രണ്ടുദിവസത്തെ നേർച്ചയ്ക്ക് തുടക്കമാവും.


നാടൻ കളികളും വിനോദങ്ങളും നാടൻ വിനോദങ്ങൾക്ക് മനുഷ്യചരിത്രത്തോളം തന്നെ പഴക്കമുണ്ട്. അതിപ്രാചീന കാലഘട്ടത്തിലെ മനുഷ്യരുടെ വിനോദങ്ങളെക്കുറിച്ച് ഊഹിക്കുവാനും സങ്കല്പിക്കുവാനും മാത്രമേ സാധിക്കു. എങ്കിലും, ഇതിഹാസങ്ങളുടെയും പുരാണങ്ങളുടെയും കാലംതൊട്ടെങ്കിലും ചില വിനോദങ്ങളെക്കുറിച്ചുള്ള സൂചനകളും വിവരങ്ങളും ലഭ്യമാണ്.ചില കളികൾ ശ്രീകരങ്ങളും മററു ചിലത് അശ്രീകരങ്ങളുമാണെന്ന വിശ്വാസം ഇന്നും നിലനില്ക്കുന്നു. കളികളെയും വിനോദങ്ങളെയും കുറിച്ച് പല വിശ്വാസങ്ങളും നിലവിലുണ്ട്.പെൺകുട്ടികൾ ഒരു കാൽ മടക്കി 'കൊത്തൻ മാടിക്കളി'യിൽ ഏർപ്പെടുമ്പോൾ മുതിർന്നവർ അവരെ ഗുണദോഷിക്കാറുണ്ട്. കൊത്തൻകളി ശുഭകരമായ വിനോദമല്ലെന്നാണ് നാടൻ വിശ്വാസം. ഭവനങ്ങളിൽ ഐശ്വര്യക്ഷയവും ദാരിദ്യ്രവുമുണ്ടാകുവാൻ ഇതുപോലുള്ള വിനോദങ്ങൾ ഹേതുവാകുമത്രെ. കല്ലാടിയ മുറ്റത്ത് നെല്ലാടില്ലെന്ന് പഴമക്കാർ പറയാറുണ്ട്.നാടൻകളികളെയും വിനോദങ്ങളെയും അവയുടെ ധർമം, സ്വഭാവം, കളിരീതി, കളിക്കുന്നവരുടെ എണ്ണം എന്നിവയുടെ അടിസ്ഥാനത്തിൽ പല രീതിയിൽ തരംതരിച്ചിട്ടുണ്ട്.ശാരീരികമായ അധ്വാനവും ആരോഗ്യവും ആവശ്യപ്പെടുന്നതാണ് കായികവിനോദങ്ങൾ. ചാട്ടം, ഓട്ടം, ശരീരത്തിന്റെ സന്തുലനം, വിവിധ അഭ്യാസമുറകൾ എന്നിവയെല്ലാം ഇതിൽപ്പെടും. അനുകരണ കളികൾ, അഭിനയ കളികൾ തുടങ്ങിയവ തൊട്ട് 'കളി'കളായ കലാപ്രകടനങ്ങളെല്ലാം കലാവിനോദങ്ങളാകുന്നു. ചതുരംഗക്കളി, പകിടകളി തുടങ്ങി പറയത്തക്ക ശാരീരികാധ്വാനം ആവശ്യമില്ലാത്തതും, എന്നാൽ മാനസിക ചിന്തയ്ക്ക് വകനല്കുന്നതുമായ വിനോദങ്ങളാണ് മാനസിക വിനോദങ്ങൾ. വാങ്മയ രൂപത്തിലുളള മത്സരങ്ങളും അഭ്യാസങ്ങളും കൂട്ടക്ഷരപ്പാട്ടുകൾ, മൊഴിത്തെറ്റുകൾ, കടംകഥകൾ മുതലായവയാണ് ഭാഷാപരമായ വിനോദത്തിൽപ്പെടുക.രണ്ടു ഭാഗവും ഒരേരീതിയിൽ കളിയിൽ ഏർപ്പെടുന്നതരം, ഒരു ഭാഗത്തിന്റെ കളി മുഴുമിപ്പിച്ചശേഷം മറുഭാഗത്തിന്റെ കളി ആരംഭിക്കുന്നതരം എന്നീ മട്ടിലും ഒരു വർഗീകരണമുണ്ട്. ആദ്യത്തേതിൽ ഫുട്ബോൾ, കബഡി, തലപ്പന്ത്, സെവന്റീസ് തുടങ്ങിയവ ഉൾപ്പെടുന്നു. ചെസ്സും തായകളിയുമെല്ലാം രണ്ടാമത്തെ വിഭാഗത്തിലാണ് പെടുന്നത്. സാഹസവിനോദങ്ങൾ, കലഹക്കളികൾ, കൗശലക്കളികൾ, ഭാഗ്യക്കളികൾ, പരതക്കളി, അന്വേഷണക്കളികൾ, അനുകരണക്കളികൾ എന്നീ രീതിയിലും നാടൻ കളികളെയും വിനോദങ്ങളെയും തരംതിരിക്കാവുന്നതാണ്.അങ്കപ്പോര്, കവണയേറ്, നായാട്ട് തുടങ്ങിയവയാണ് സാഹസവിനോദങ്ങൾ. വിനോദപരമായ കലഹത്തിലും പിടിയിലും വലിയിലും കോലാഹലങ്ങളിലും പര്യവസാനിക്കുന്ന കളികളായ തുമ്പിതുള്ളൽ, വലപിടിച്ചുകളി, കാളപ്പോര്, പോത്തോട്ടം തുടങ്ങിയവയാണ് കലഹക്കളികൾക്കുദാഹരണങ്ങൾ. ബുദ്ധിവികാസത്തിനുതകുന്ന കല്ലുകളികൾ, ചീട്ടുകളികൾ തുടങ്ങിയവ കൗശലക്കളികളിൽ ഉൾപ്പെടുന്നു. കളിയുടെ വിജയം അതിലുള്ള കൗശലത്തെയും നൈപുണ്യത്തെക്കാൾ വിധിയെയോ ഭാഗ്യത്തെയോ ആശ്രയിച്ചിരിക്കുന്ന വിനോദങ്ങളാണ് ഭാഗ്യക്കളികളിൽ ഉൾപ്പെടുക. പകിടകളി, ചൂതുകളി തുടങ്ങിയവ ഉദാഹരണങ്ങൾ. കുട്ടികളുടെ നാടൻവിനോദങ്ങളായ ഒളിച്ചുകളി, പൂഴ്ത്തിക്കളി തുടങ്ങിയവയാണ് അന്വേഷണക്കളികൾക്കുദാഹരണങ്ങൾ. തവളച്ചാട്ടം, കാക്കപ്പറക്കൽ തുടങ്ങിയ കളികൾ അനുകരണ ക്കളികളുടെ കൂട്ടത്തിൽപ്പെടുന്നു. കോൽക്കൂത്ത് കളി. കുട്ടികളുടെ ഒരു വിനോദമാണിത്. കുറേ കുട്ടികൾക്ക് നിൽക്കാൻ പാകത്തിൽ കളിസ്ഥലത്ത് വലിയൊരു വൃത്തം വരയ്ക്കുക. അതാണ് കോട്ട. അതിനകത്ത് എല്ലാവരും ചെന്നു നില്ക്കും. ഒരു കുട്ടി മാത്രം പുറത്ത് നില്ക്കണം. ഇയാൾ ഉള്ളിലുള്ള ഒരു കുട്ടിയെ പുറത്തേക്ക് ആവശ്യപ്പെടുകയും ഒരാൾ പുറത്ത് വരികയും ചെയ്യും. പുറത്തുവന്ന കുട്ടി 'കോട്ട'യ്ക്കുള്ളിൽ കടക്കാതെ ഉള്ളിലുള്ളവരെ പുറത്തേക്ക് വലിച്ചുകൊണ്ട് വരാൻ ശ്രമിക്കും. അതിൽ ജയിച്ചാൽ പുറത്തുള്ള കുട്ടിയോടൊപ്പം രണ്ടാമത് വന്ന കുട്ടിയും ഉള്ളിലുള്ളവരെ വലിക്കാൻ കൂടും. ശക്തിപരീക്ഷയിൽ പുറത്തുള്ള കുട്ടിയെ ഉള്ളിലേക്ക് വലിച്ച് കൊണ്ടുപോയാൽ ഉള്ളിലുള്ളവർ ആ കുട്ടിയുടെ പുറത്ത് കുത്തും. 'കോട്ട'യിലുള്ളവരെ പുറത്തുകൊണ്ടുവരുന്നതുവരെ കളി തുടരും. ഓണക്കാലകളികളിലൊന്നാണിത്. കുറുക്കനും കോഴിയും കളി. ഇരുപതോ ഇരുപത്തഞ്ചോ കുട്ടികൾ ചേർന്നുള്ള ഒരു വിനോദമാണിത്. കുട്ടികൾ വട്ടത്തിൽ നിന്ന് കൈകോർത്ത് പിടിക്കും. വൃത്തവലയത്തിനകത്ത് കോഴിയെ പ്രതിനിധാനം ചെയ്യുന്ന ഒരു കുട്ടിയും പുറത്ത് കുറുക്കനെ പ്രതിനിധാനം ചെയ്യുന്ന ഒരു കുട്ടിയുമുണ്ടാകും. കൈബന്ധം ഭേദിച്ച് 'കുറുക്കൻ' വൃത്തവലയത്തിനകത്തേക്ക് കടക്കുമ്പോൾ 'കോഴി' പുറത്തേക്ക് ഇറങ്ങും. 'കുറുക്ക'നെ പുറത്തേക്ക് വിടുകയില്ല. ശക്തി പ്രയോഗിച്ച് കൈബന്ധം വിടുവിച്ചാലേ 'കുറുക്ക'ന് പുറത്തു കടക്കാനാവൂ. കൈബന്ധങ്ങൾ ഓരോന്നും ശക്തിപ്രയോഗിച്ച് വേർപെടുത്തി കുറുക്കൻ പുറത്തുകടക്കും. കൈബന്ധം ഇളക്കിയ കുട്ടികളാണ് പിന്നീട് കുറുക്കനും കോഴിയും ആകേണ്ടത്.

പെണ്ണിനെത്തരുമോ കളി. രണ്ടു ചേരികളായി തിരിഞ്ഞ് വനിതകൾ കളിക്കുന്നതാണ് 'പെണ്ണിനെത്തരുമോ' കളി. ഇത് വിനോദപരമായ കലഹത്തിലാണ് പര്യവസാനിക്കുന്നത്. കുരുകുരുമച്ചം കളി. മുസ്ലിം സമുദായത്തിൽപ്പെട്ട പെൺകുട്ടികളാണ് ഈ കളി കളിക്കുന്നത്. ചില സ്ഥലങ്ങളിൽ ഇതിന് 'കുലു കുലുമച്ചം കളി' എന്നാണ് പറയുക. ഇതിന് 'പെണ്ണിനെത്തരുമോ കളി' യുടെ രൂപം തന്നെയാണ്.

ചട്ടികളി. ഡപ്പക്കളി അഥവാ ചട്ടി കളി എന്നും ഈ വിനോദം അറിയപ്പെടുന്നു. വൃത്താകൃതിയിൽ ഉള്ള ഏതാനും പലകക്കഷണങ്ങളോ കുറേ ചിരട്ടകളോ മേർക്കുമേൽ അടുക്കിവച്ച്, കളിക്കാർ രണ്ട് ചേരികളിലായിത്തിരിഞ്ഞ് രണ്ട് വശത്തായി കുറച്ചകലെ നിന്ന് ചെറുപന്തുകൾ കൊണ്ട് എറിഞ്ഞ് വീഴ്ത്തുന്നു. കൊത്തൻ കല്ലുകളി. പെൺകുട്ടികളുടെയും പ്രായമായ സ്ത്രീകളുടെയും ഒരു വിനോദമാണിത്. 'കൊത്തൻകളി' ഒരു 'കല്ലുകളി'യായതിനാൽ ഇതിനെ കൊത്തൻ കല്ലുകളിയെന്നും പറയുന്നു. ഉരുണ്ട ചെറുകല്ലുകളാണ് ഈ കളിയുടെ കരുക്കൾ. കരുക്കളുടെ എണ്ണത്തിനനുസരിച്ച് നാലു കല്ലുകളി, അഞ്ചുകല്ലുകളി, ഏഴു പൂട്ടുകളി, പന്ത്രണ്ടു പൂട്ടുകളി എന്നിങ്ങനെയാണ് കളിയുടെ പേര്. കുട്ടിയും കോലും കളി. ഉണ്ടയും കോലും, കുട്ടിയും കോലും, ഇട്ടീം കോലും, ലട്ടീം കോലും, ചൊട്ടയും മണിയും, കോടയും കോലും, കൊട്ടിയും പൂളും, ചേരിയും കോലും എന്നിങ്ങനെ കളിക്കുന്ന കുട്ടികളുടെ തരഭേദമോ പ്രാദേശിക ഭേദമോ അനുസരിച്ച് പല പേരുകളിൽ ഈ കളി അറിയപ്പെടുന്നു. ഉത്തരേന്ത്യയിൽ ഗുല്ലിസണ്ട എന്ന പേരിലറിയപ്പെടുന്ന ഈ കളി, ആൺകുട്ടികളുടെ ഒരു കായികവിനോദമാണ്. പന്തുകളി. ആൺകുട്ടികളുടെ ഒരു വിനോദമാണിത്. ഓലപ്പന്തുകളി, തലപ്പന്തുകളി, തമലകളി എന്നിങ്ങനെ പ്രാദേശികമായ മറ്റു ചില പേരുകൾ കൂടി ഈ കളിക്കുണ്ട്. അമ്മാനക്കളി. വനിതകളുടെ ഒരു വിനോദമാണിത്. മെച്ചിങ്ങ , പുന്നക്കായ തുടങ്ങിയ ഉരുണ്ട ചിലതരം കായകളും അമ്മാനക്കരുവായി ഉപയോഗിച്ചാണ് ഇത് കളിക്കുന്നത് കയറുകളി. ഉല്ലാസത്തിലൂടെ ശാരീരികക്ഷമത കൈവരുത്തുന്ന കളിയാണിത്. പ്രധാനമായും പെൺകുട്ടികളുടെ വിനോദമാണിത്. കറക്കിക്കൊണ്ടിരിക്കുന്ന ചരടിന് മുകളിൽക്കൂടി തുടർച്ചയായി ചാടുന്ന 'സ്കിപ്പിങ്' എന്ന കളിയുടെ പ്രാചീനരൂപമാണിത്. അക്ക് കളി. പെൺകുട്ടികളുടെ വിനോദം. കാക്കകളി, ചിക്കുകളി, വട്ടുകളി, മാടിക്കളി, പാണ്ടികളി, മലകളി എന്നിങ്ങനെ പ്രാദേശികമായി പലപേരുകളിൽ ഈ കളി അറിയപ്പെടുന്നു. കോട്ടിക്കളി. കോട്ടി (ഗോട്ടി, ഗോലി) ഉപയോഗിച്ചുള്ള ഒരു വിനോദം. ഉദ്ദേശ്യം ഓരോ മീറ്റർ ഇടവിട്ട് തുല്യഅകലത്തിൽ മൂന്ന് ചെറിയ കുഴികൾ കുഴിക്കുന്നു. ആദ്യ കുഴിയിൽ നിന്നും രണ്ടാമത്തേതിലേക്കും അവിടെനിന്ന് മൂന്നാമത്തേതിലേക്കും അവിടെ നിന്നും തിരിച്ച് ഒൻപതു പ്രാവശ്യം കോട്ടി കുഴിയിൽ വീഴ്ത്തണം. വീഴ്ത്താൻ കഴിഞ്ഞില്ലെങ്കിൽ അവന് കളി നഷ്ടപ്പെടും. പിന്നെ അടുത്ത കുട്ടിയുടെ ഊഴമാണ്. ഇങ്ങനെ കളിക്കുമ്പോൾ, മറ്റുള്ളവരുടെ കോട്ടികൾ അടുത്തെങ്ങാനും ഉണ്ടെങ്കിൽ അവയെ അടിച്ച് അകലേക്കു തെറിപ്പിക്കാറുണ്ട്. കശുവണ്ടികളി. കശുവണ്ടി ഉപയോഗിച്ചുള്ള ഒരു വിനോദം. കളിയിൽ പങ്കെടുക്കുന്നവരെല്ലാം ഓരോ കശുവണ്ടി വീതമെടുക്കണം. അവയെല്ലാം ചേർത്ത് ആദ്യം ഒരു കുട്ടി മുന്നിലേക്കു നീട്ടിയെറിയും. മറ്റ് കളിക്കാർ നിർദേശിക്കുന്ന അണ്ടിക്ക് മറ്റൊരു അണ്ടികൊണ്ട് എറിഞ്ഞ് കൊള്ളിച്ചാൽ ആ അണ്ടികൾ മുഴുവൻ ആ കുട്ടിക്കു ലഭിക്കും. ഏറുകൊണ്ടില്ലെങ്കിൽ മറ്റൊരു കുട്ടിയുടെ ഊഴമായിരിക്കും. ഈർക്കിൽ കളി (നൂറാംകോൽ). ഉദ്ദേശം ഒരു ചാൺ നീളമുള്ള നിശ്ചിത എണ്ണം ഈർക്കിൽ ഉപയോഗിച്ചാണ് ഈ കളി കളിക്കുന്നത്. അവയെല്ലാം ഒന്നിച്ചെടുത്ത് നിലത്തിടുന്നു. അവയെ അകലെ തെറിച്ച ഒരു ഈർക്കിലെടുത്ത്, മേൽക്കുമേൽ വീണ് കിടക്കുന്ന ഈർക്കിലുകൾ ഓരോന്നായി മറ്റുള്ളവ ചലിക്കാതെ നീക്കുകയാണ് വേണ്ടത്. ഒളിച്ചു കളി. കുട്ടികളുടെ ഒരു വിനോദമാണിത്. കളിക്കാനുള്ള കുട്ടികൾ രണ്ട് വിഭാഗമായി തിരിഞ്ഞ്, ഒരു വിഭാഗം ഇരുട്ടുള്ള സ്ഥലത്തോ, വാതിലിനടിയിലോ, മച്ചിൻപുറത്തോ, മരമുകളിലോ ഒളിച്ചിരിക്കും. മറുവിഭാഗം ഇവരെ കണ്ടുപിടിക്കുന്നതാണ് കളി. കണ്ണാമ്പൊത്ത് കളി. ഒരുതരം ഒളിച്ചുകളിതന്നെയാണിത്. ഒരു കുട്ടി കണ്ണ് കെട്ടി ഒരിടത്തു നില്ക്കും. മറ്റുള്ളവർ പലയിടങ്ങളിലായി ഒളിച്ചിരിക്കും. കണ്ണ് കെട്ടിയ കുട്ടി മറ്റുള്ളവരുടെ ശബ്ദം കേട്ട് അവരെ കണ്ടുപിടിക്കുന്ന കളിയാണിത്. പൂഴിക്കളി

കളിക്കാരിൽ ഒരു കുട്ടിയൊഴികെ ബാക്കിയുള്ളവരെല്ലാം അകലെ ഒളിച്ചിരിക്കണം. ഒളിക്കാത്ത കുട്ടി ഏതെങ്കിലുമൊരു സ്ഥലത്ത് പ്രത്യേക ആകൃതിയിൽ പൂഴിയിടണം. പിന്നീട് മറ്റുള്ളവർ ഇത് കണ്ടുപിടിക്കണം. ഒളിപ്പിച്ചുവച്ച സാധനം കണ്ടെത്തുന്ന മറ്റൊരു കളിയാണ് തൂപ്പ് വച്ച് കളി. ഇത്തരം കളികളിൽ കൂടുതലായും പെൺകുട്ടികളാണ് ഏർപ്പെടുന്നത്.

പാമ്പും കോണിയും കളി. പകിട കളിയുടെ കരുക്കൾ തന്നെയാണ് ഏറെക്കുറെ ഈ കളിയിലും ഉപയോഗിക്കുന്നത്. നൂറ് കള്ളികളുള്ളതായിരിക്കും കളിക്കളം.

ഇന്ന് പല നാടൻ കളികളും നാമാവശേഷമായിക്കൊണ്ടിരിക്കുന്ന സ്ഥിതിവിശേഷമാണ് വന്നുചേർന്നിരിക്കുന്നത്. നാടൻ കളികൾ ആധുനികകളികളായ ക്രിക്കറ്റ്, ഫുട്ബോൾ, ചെസ്സ്, ഗോൾഫ് തുടങ്ങിയവയ്ക്ക് വഴിമാറിക്കൊടുക്കുന്നതായി കാണാം. ഒരർഥത്തിൽ ഈ കളികളെല്ലാം പഴയ നാടൻ കളികളുടെ പരിഷ്കൃതരൂപങ്ങളായി വിലയിരുത്താനാവും. ഉദാഹരണമായി കുട്ടിയും കോലും കളിയും ക്രിക്കറ്റ് കളിയും തമ്മിൽ ചില സാദൃശ്യങ്ങളുള്ളതായി കാണാം. അതുപോലെതന്നെ ചതുരംഗവും ചെസ്സും തമ്മിൽ വലിയ സമാനതകളുണ്ട്.