Schoolwiki:പതിവ്ചോദ്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
22:32, 20 നവംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sabarish (സംവാദം | സംഭാവനകൾ) ('സ്കൂള്‍വിക്കിയെപറ്റി പതിവായി ചോദിക്കാറുള്ള...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സ്കൂള്‍വിക്കിയെപറ്റി പതിവായി ചോദിക്കാറുള്ള ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളും ആണു് ഈ താളിൽ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

എന്താണു് വിക്കി?

സാധാരണഗതിയിൽ ഇന്റർനെറ്റിലെ ഏതെങ്കിലുമൊരു താളിൽ എന്തെങ്കിലും എഴുതിച്ചേർക്കണമെങ്കിൽ മികച്ച സാങ്കേതിക പരിജ്ഞാനവും മറ്റാരുടെയെങ്കിലും സമ്മതവും വേണം. അത്തരം നിയന്ത്രണങ്ങളൊന്നുമില്ലാതെ ആർക്കും (സാങ്കേതിക പരിജ്ഞാനം വളരെയൊന്നും ഇല്ലാത്ത ഒരു സാധാരണ വെബ്ബു് ഉപയോക്താവിനും) വിവരങ്ങൾ കൂട്ടിച്ചേർക്കാനും, നീക്കം ചെയ്യാനും, മാറ്റംവരുത്താനുമുള്ള സ്വാതന്ത്ര്യവും സൌകര്യവും നൽകുന്ന ഒരു സോഫ്റ്റ്‌വെയർ സം‌വിധാനമാണു് വിക്കി. വളരെ എളുപ്പത്തിൽ വിവരങ്ങൾ ചേർക്കാം എന്നതിനാൽ കൂട്ടായ്മയിലൂടെ രചനകൾ നടത്താനുള്ള മികച്ച ഉപാധിയാണു് വിക്കി സോഫ്റ്റ്‌വെയർ. ചുരുക്കത്തിൽ, ഒരേ സമയം ഗുണദാതാവായും ഉപയോക്താവായും ഏതൊരാൾക്കും പങ്കെടുക്കാനാവുന്ന ഒരു ഇന്റർനെറ്റ് സംവിധാനമാണു് വിക്കി.

വാർ‌ഡ് കണ്ണിംഹാം (Ward Cunningham) എന്ന പോർ‌ട്ട്‌ലാൻ‌ഡുകാരനാണ് വിക്കി എന്ന ആശയത്തിനും, സോഫ്റ്റ്‌വെയറിനും അടിത്തറയിട്ടത്. 1994-ൽ അദ്ദേഹം വികസിപ്പിച്ചെടുത്ത വിക്കിവിക്കിവെബ് എന്ന സോഫ്റ്റ്‌വെയറാണു് വിക്കി എന്ന ആശയത്തിന് തുടക്കമിട്ടത്. 1995 മാർച്ചു് 25-നു് അദ്ദേഹം ഇത് www.c2.com എന്ന വെബ്ബ് സൈറ്റിൽ സ്ഥാപിച്ചു. കണ്ണിംഹാം തന്നെയാണ് ഈ പുതിയ ആപ്ലിക്കെഷനു് വിക്കി എന്ന പേരു് നിർദ്ദേശിച്ചത്. ഹോണോലുലു ദ്വീപിലെ വിമാനത്താവളത്തിലെ ടെർമിനലുകളെ ബന്ധിപ്പിച്ചുകൊണ്ട് ഓടിയിരുന്ന വിക്കിവിക്കി ചാൻസ് ആർ.ടി. 52 എന്ന ബസ്സ് സർ‌വ്വീസിനെകുറിച്ചു് അവിടുത്തെയൊരു തൊഴിലാളി പറഞ്ഞതിനെ ഓർത്തായിരുന്നു ഈ പേരിടൽ. ഹവായിയൻ ഭാഷയിൽ വിക്കി എന്നാൽ വേഗത്തിൽ എന്നാണ് അർത്ഥം."What I Know Is" എന്നതിന്റെ ചുരുക്കെഴുത്തായും വിക്കിയെ ഇപ്പോൾ വികസിപ്പിച്ചു് പറയാറുണ്ട്.

എന്താണു് വിക്കിപീഡിയ?

വിക്കി സോഫ്റ്റ്‌വെയർ ഉപയോഗിച്ച് അനേകം എഴുത്തുകാരുടേയും വായനക്കാരുടേയും സഹകരണത്തോടെ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന സ്വതന്ത്രവും സൌജന്യവുമായ ഓൺലൈൻ വിജ്ഞാനകോശമാണ് വിക്കിപീഡിയ. അനേകം എഴുത്തുകാരുടെ അറിവും പ്രയത്നവും വിക്കിപീഡിയയിലെ ഓരോ ലേഖനത്തിനു പിന്നിലുമുണ്ട്. നിരവധി ഉപയോക്താക്കൾ തുടർച്ചയായി വിക്കിപീഡിയ തിരുത്തുന്നുണ്ടു്. ഈ തിരുത്തലുകളുടെ ചരിത്രം എല്ലാംതന്നെ വിക്കിപീഡിയ സൂക്ഷിച്ചു് വെക്കുന്നുണ്ടു്. അനാവശ്യ മാറ്റങ്ങൾ വളരെ പെട്ടെന്നു് തന്നെ സാധാരണയായി ഒഴിവാക്കാറുണ്ടു്. അതേ പോലെ തുടർച്ചയായി ശല്യപ്പെടുത്തുന്ന നിയമവിരുദ്ധരെ തിരുത്തലുകൾ വരുത്തുന്നതിൽ നിന്നു് തടയാറുമുണ്ടു്. ഫലകം:Helpindex

വിക്കിയും വിക്കിപീഡിയയും ഒന്നാണോ?

വിക്കിയും വിക്കിപീഡിയയും ഒന്നല്ല. വിക്കിപീഡിയയുടെ മറ്റൊരു പേരല്ല വിക്കി എന്ന നാമം.

വിക്കി എന്നതു് കൂട്ടായ്മയിലൂടെ രചന നിർവ്വഹിക്കാൻ സഹായിക്കുന്ന ഒരു സോഫ്റ്റ്‌വെയർ മാത്രമാണ്. വിക്കി സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നു എന്നതാണു് വിക്കിപീഡിയയും വിക്കിയും തമ്മിലുള്ള ബന്ധം. യഥാർത്ഥത്തിൽ വിക്കി സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്ന അസംഖ്യം വെബ്ബ് സൈറ്റുകളിൽ ഒന്നു് മാത്രമാണു് വിക്കിപീഡിയ. ഇന്നു് നിലവിലുള്ള വിക്കികളിൽ പ്രചാരവും ഉള്ളടക്കത്തിന്റെ മികവും കൊണ്ടു് ഏറ്റവും മുന്നിട്ടു് നിൽക്കുന്നതും വിക്കിപീഡിയ എന്ന സർവ്വവിജ്ഞാനകോശം ആണു്. പക്ഷെ, വിക്കിപീഡിയയുടെ ജനപ്രീതിയും വളർച്ചയും മൂലം വിക്കി എന്നു് പറഞ്ഞാൽ വിക്കിപീഡിയ ആണെണു് പലരും ധരിച്ചു് വെച്ചിട്ടുണ്ടു്. അതു് ശരിയല്ല എന്നു് ഇപ്പോൾ മനസ്സിലായല്ലോ.


ഇതൊരു സർക്കാർ പദ്ധതി ആണോ? ഇതിൽ‌ സർക്കാറിന്റെ പങ്കെന്താണ്?

വിക്കിപീഡിയ ഒരു സർക്കാർ പദ്ധതിയോ വിക്കിമീഡിയ ഫൌണ്ടേഷൻ ഒരു സർക്കാർ സ്ഥാപനമോ അല്ല. അതിൽ ഒരു രാജ്യത്തെ സർക്കാരുകൾക്കും യാതൊരു പങ്കുമില്ല. വിക്കിമീഡിയ ഫൌണ്ടേഷൻ എന്ന ലാഭേച്ഛ ഇല്ലാതെ പ്രവർത്തിക്കുന്ന ഒരു സ്ഥാപനത്തിന്റെ കീഴിലാണു് വിക്കിപീഡിയ പ്രവർത്തിക്കുന്നതു്. വിക്കിമീഡിയ ഫൌണ്ടേഷന്റെ കീഴിലുള്ള എല്ലാ വിക്കികളുടേയും പ്രവർത്തനച്ചെലവിനുള്ള പണം വിക്കി ഉപയോഗിക്കുന്ന സാധാരണക്കാർ നൽകുന്ന എളിയ സംഭാവനകളിൽ നിന്നാണു് കണ്ടെത്തുന്നതു്. ഈ അടുത്ത കാലത്തായി വിക്കിമീഡിയ ഫൗണ്ടേഷന്റെ വിക്കി സംരംഭങ്ങളുടെ പ്രവർത്തനത്തിൽ ആകൃഷ്ടരായി പല സർക്കാറുകളും കോർപ്പറേറ്റു് കമ്പനികളും വിവിധ രീതിയിൽ സഹായങ്ങൾ ചെയ്യുന്നുണ്ടു്.

വിക്കിപീഡിയയിൽ ലേഖനം എഴുതുന്നതിനു് എഴുതേണ്ട വിഷയത്തിൽ നല്ല അറിവു് വേണ്ടേ?

വിക്കിപീഡിയയിൽ നിന്നു് ആളുകളെ അകറ്റി നിർത്തുന്ന ഒരു പ്രധാന തെറ്റിദ്ധാരണയാണു് ഇതു്. വിക്കിപീഡിയയിൽ ലേഖനം എഴുതുവാൻ നിങ്ങൾക്കു് ഒരു വിഷയത്തിലും അഗാധപാണ്ഡിത്യം ഉണ്ടാവേണ്ടതില്ല. വിക്കിപീഡിയയിലെ ഒരു ലേഖനവും ഒരാൾ മാത്രമായി എഴുതിതീർത്തതുമല്ല. പല മേഖലയിലുള്ളവർ, പലരാജ്യങ്ങളിൽ താമസിക്കുന്നവർ, ഇന്റർനെറ്റ് എന്ന മാധ്യമത്തിലൂടെ കൂട്ടായി എഴുതിത്തീർത്തവയാണു് മലയാളം വിക്കിപീഡിയയിലെ ഓരോ ലേഖനവും. ഒരു ഉദാഹരണം വഴി ഇതു് വ്യക്തമാക്കാം.

തിരുവനന്തപുരത്തെ ഒരു സ്കൂൾ വിദ്യാർത്ഥി ഇലക്ട്രിക് ബൾബ് എന്ന ഒരു ലേഖനം വിക്കിപീഡിയയിൽ എഴുതുവാൻ തുടങ്ങുന്നു എന്നു സങ്കല്പിക്കൂ. അവന്റെ അറിവിന്റെ പരിധിയിൽനിന്നുകൊണ്ടു് ഇലക്ട്രിക് ബൾബ് എന്താണു് ചെയ്യുന്നതെന്നതിന്റെ ഒരു അടിസ്ഥാന വിവരണം മാത്രം ഒരു ഖണ്ഡികയിൽ എഴുതുകയാണു് അവൻ ചെയ്യുക. കുറേ ദിവസം കഴിഞ്ഞു് മദ്രാസിൽ നിന്നും ഒരു എഞ്ചിനീയറിംഗ് വിദ്യാർത്ഥി ആ ലേഖനം അല്പം കൂടി വിപുലപ്പെടുത്തി ബൾബിന്റെ പ്രവർത്തന തത്വങ്ങളും, അതിന്റെ രേഖാചിത്രങ്ങളും അതേ ലേഖനത്തിൽ കൂട്ടിച്ചേർക്കുന്നു. തുടർന്നു് അമേരിക്കയിൽ ജോലി ചെയ്യുന്ന മലയാളിയായ ഒരു ഇലക്ട്രിക്കൽ എഞ്ചിനീയർ ഈ ലേഖനം കാണാനിടയാവുകയും, പലവിധ ബൾബുകളെ കുറിച്ചു് കുറച്ചു് കൂടി ആധികാരികമായതും, സാങ്കേതിക വിജ്ഞാനം പകരുന്നതുമായ മറ്റുകാര്യങ്ങൾകൂടി ആ ലേഖനത്തിൽ ചേർക്കുന്നു എന്നും വിചാരിക്കുക. ഇങ്ങനെ അവസാനം ഇലക്ട്രിക് ബൾബിനെപ്പറ്റിയുള്ള ആ ലേഖനം വിജ്ഞാനപ്രദമായ ഒരു നല്ല ലേഖനമായി മാറുന്നു. പലതുള്ളി പെരുവെള്ളം! ഇതുതന്നെയാണു് വിക്കിപീഡിയയിലേ ഓരോ ലേഖനത്തിനു പിന്നിലും ഉള്ള തത്വം. ഇതിൽ ഭാഗഭാക്കാവാൻ നിങ്ങൾക്കും സാധിക്കും എന്നു് മനസ്സിലായില്ലേ. പുതിയ ലേഖനങ്ങൾ തുടങ്ങിയും നിലവിലുള്ള ലേഖനങ്ങൾ മെച്ചപ്പെടുത്തിയും നിങ്ങൾക്കു് ഈ സംരംഭത്തിന്റെ ഭാഗമാകാം.

"https://schoolwiki.in/index.php?title=Schoolwiki:പതിവ്ചോദ്യങ്ങൾ&oldid=130207" എന്ന താളിൽനിന്ന് ശേഖരിച്ചത്