സെയിന്റ്. പോൾസ്. എ. യു. പി. എസ്. തൃക്കരിപ്പ‌ൂർ/അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്

ഊട്ടിയിലേക്ക് ഒരു യാത്ര


യാത്രകൾ എന്നും വിസ്മയങ്ങൾ നിറഞ്ഞ അനുഭവങ്ങളാണ് നമുക്ക് സമ്മാനിക്കുന്നത്. ഇത്തവണത്തെ ക്രിസ്തുമസ് അവധിക്കാണ് ടിവിയിൽ മാത്രം കണ്ടിരുന്ന ഊട്ടിയിലേക്ക് ഒരു യാത്ര പോയത്. ഞാനും എന്റെ കുടുംബവും ബന്ധുക്കളും ഉൾപ്പെടെ എട്ടുപേരാണ് ഒരു ഇന്നോവകാറിൽ ഡിസംബർ 25ന് പുലർച്ചെ നാലുമണിക്ക് ഊട്ടി ലക്ഷ്യമാക്കി യാത്ര പുറപ്പെട്ടത്. ഞാൻ കാറിന്റെ സൈഡ് സീറ്റ് തന്നെ പിടിച്ചു. ഞാൻ ജീൻസും ടോപ്പും ആണ് ധരിച്ചിരുന്നത്. എനിക്കിഷ്ടപ്പെട്ട പിങ്ക് ടോപ്പ് തന്നെയാണ് ഞാൻ യാത്രയ്ക്കും തിരഞ്ഞെടുത്തത്.എല്ലാവരും സ്വേറ്ററും കമ്പിളി കുപ്പായങ്ങളും കയ്യിൽ കരുതിയിരുന്നു. 7:45 ആയപ്പോൾ ഞങ്ങൾ ഒരു ഹോട്ടലിൽ പ്രാതൽ കഴിക്കാൻ കയറിയിരുന്നു. അതിനുശേഷം യാത്ര വീണ്ടും ആരംഭിച്ചു.പോകുന്ന വഴിയിൽ കണ്ട അതിമനോഹര കാഴ്ചകൾ എന്നെ ഒട്ടും ബോറടിപ്പിച്ചതേയില്ല. ഗൂഡല്ലൂർ പട്ടണം പിന്നിട്ട ഞങ്ങൾ ആദ്യം എത്തിച്ചേർന്നത് മനോഹരമായ ഒരു വ്യൂ പോയിന്റിൽ ആയിരുന്നു. റോഡിൽ നിന്നും മലയുടെ ചെരുവിലൂടെ സഹസികമായി കുറച്ചു നടക്കേണ്ടി വന്നു, എങ്കിലും ഞങ്ങൾക്ക് അതിമനോഹരമായ കാഴ്ചയായിരുന്നു അവിടെ പ്രകൃതി ഒരുക്കി വെച്ചിരുന്നത്. നാലു ഭാഗത്തും അതിമനോഹരമായ കാഴ്ചകൾ.ഗൂഡല്ലൂർ പട്ടണത്തിന്റെ ആകാശക്കാഴ്ച,പേടിപ്പെടുത്തുന്ന അഗാധമായ കൊക്ക, ഞങ്ങളെ നോക്കി ചിരിക്കുന്ന വലിയ കൊടുമുടികൾ ഇതെല്ലാമാണ് ഞങ്ങൾ അവിടെ കണ്ടത്.വീണ്ടും ഞങ്ങൾ യാത്ര തുടർന്നു മനോഹരമായ പൈൻ മരങ്ങൾക്കിടയിലൂടെ വളഞ്ഞു പിരിഞ്ഞ ചുരങ്ങൾ കയറി കാർ മുന്നോട്ടു നീങ്ങി. തണുപ്പ് കൂടിക്കൂടി വരുന്നതായി എനിക്ക് അനുഭവപ്പെട്ടു. പിന്നീട് ഞങ്ങൾ എത്തിപ്പെട്ടത് ഊട്ടിയിലെ ഷൂട്ടിംഗ് കുന്നിൽ ആയിരുന്നു.എത്രയോ സിനിമശഷൂട്ടുകളിൽ കണ്ട ആ കുന്നിൽ സന്ദർശകരുടെ ഒഴുക്കായിരുന്നു.കുന്നിനു മുകളിൽ നിന്നും,ചെരിവിൽ നിന്നും ഞങ്ങൾ ഫോട്ടോകൾ എടുത്തു. കുതിരസവാരി ചെയ്യുന്ന പലരെയും ഞങ്ങൾ ആ കുന്നിൻ ചെരിവിൽ കണ്ടു. പിന്നെ ഞങ്ങൾ പോയത് ഉച്ച ഭക്ഷണത്തിന് ആയെന്നു.നാട്ടിൽ നിന്നും കൊണ്ടുവന്ന ഭക്ഷണം കാറിൽ ഇരുന്നു കഴിച്ചശേഷം ഞങ്ങൾ യാത്ര തുടർന്നു. അതിനിടയിൽ ഞാൻ ഒന്നു മയങ്ങിപ്പോയി. ഊട്ടി തടാകത്തിൽ എത്തിയപ്പോഴാണ് അമ്മ എന്നെ വിളിച്ചെഴുന്നേൽപ്പിച്ചത്. അവിടെ തടാകക്കരയിൽ പല വിനോദങ്ങളിലും ബോട്ട് സവാരിയിലും എല്ലാം ഞങ്ങൾ ഏർപ്പെട്ടു. അവിടുത്തെ മിനി തീവണ്ടിയിൽ തടാകക്കര യിലൂടെയുള്ള യാത്ര ഞങ്ങൾ എല്ലാവരും നന്നായി ആസ്വദിച്ചു. തടാകക്കരയിലെ ഷോപ്പിംഗ് അടക്കം മണിക്കൂറുകൾ അവിടെ ചെലവഴിച്ചു.പിന്നീട് പോയത് ഊട്ടിയിലെ പ്രശസ്തമായ തേയില കമ്പനി കാണാനാണ്. കുന്നിൻ മുകളിലെ കമ്പനിയിലേക്കുള്ള യാത്ര അല്പം സാഹസം നിറഞ്ഞതായിരുന്നു. ചായപ്പൊടി നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങൾ ഞങ്ങൾ നടന്നു കണ്ടു. അതീവ രുചികരമായ ചായയും ഞങ്ങൾക്ക് അവിടെ നിന്നും കിട്ടി. വിവിധ രുചികളിൽ ഉള്ള ചായപ്പൊടികൾ അവിടെ വില്പനക്കായി വച്ചിട്ടുണ്ടായിരുന്നു ഞങ്ങൾ അവിടെനിന്നും ചായപ്പൊടികൾ വാങ്ങിയിരുന്നു. ഊട്ടിയിൽ ഏറ്റവും കൂടുതൽ ആളുകളെ ആകർഷിക്കുന്ന ബോട്ടാണിക്കൽ ഗാർഡനിലേക്കാണ് തേയില കമ്പനിയിൽ നിന്നും മലയിറങ്ങി ഞങ്ങൾ പോയത്. അപ്പോഴേക്ക് വൈകുന്നേരം 5 മണി കഴിഞ്ഞിരുന്നു. ഊട്ടിയുടെ തണുപ്പ് ഞങ്ങളിലേക്ക് ഇറങ്ങിവരുന്നുണ്ടായിരുന്നു. അവിടത്തെ ചെടികളും പൂക്കളും മരങ്ങളും പച്ചപ്പും എല്ലാം സുന്ദരമായ കാഴ്ചകളായിരുന്നു എന്റെ നയനങ്ങൾക്ക് സമ്മാനിച്ചത്. അവിടെ കറങ്ങിയും ഫോട്ടോകൾ എടുതും ഞങ്ങൾ ആ ദൃശ്യ ഭംഗി ആസ്വദിച്ചു.തണുപ്പിന്റെ കാഠിന്യം കൊണ്ട് ഞങ്ങൾ വേഗം അവിടുന്ന് വീട്ടിലേക്ക് യാത്രതിരിച്ചു.കാർ പതിയെ മുന്നോട്ടു പോകുന്നതിനനുസരിച്ച്  ഉറക്കക്ഷീണം എന്നെ കീഴടക്കി. പിന്നീട് ഞാൻ ഉറക്കം ഉണർന്ന് പുറത്തേക്ക് നോക്കുമ്പോൾ രാത്രിയുടെ അന്ധകാരം എങ്ങും പടർന്നിരുന്നു.രാത്രി 12:30ന് ഞങ്ങൾ വീട്ടിൽ തിരിച്ചെത്തി. കുളി കഴിഞ്ഞ് ലഘു ഭക്ഷണവും കഴിച്ച് ഞങ്ങൾ കിടന്നുറങ്ങി.

✒️✒️Avani vijayan