സെന്റ് മേരീസ് എച്ച്.എസ്.എസ് . തീക്കോയി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ചരിത്രം

പൂഞ്ഞാർ രാജകുടുംബത്തിന്റെ കീഴിൽ, കീഴ്ക്കോയിക്കൽ എന്നറിയപ്പെട്ടിരുന്ന പ്രദേശമാണ് പില്ക്കാലത്ത് തീക്കോയി[1] ആയി മാറിയതെന്നാണ് വിശ്വാസം. വെള്ളക്കാരാണ് ഈ പ്രദേശത്തിന് തീക്കോയി എന്ന പേരു നല്കിയത് എന്ന പ്രബലമായ മറ്റൊരു വാദവും നിലവിലുണ്ട്. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കാണപ്പെടുന്ന ഗോക്കല്ല് എന്ന പേരിൽ അറിയപ്പെടുന്ന 7 അടി നീളവും 5 അടി വീതിയുമുള്ള ശിലാപാളികൾ കൊണ്ടു നിർമിച്ച ശവക്കല്ലറകൾ ശിലായുഗം മുതൽ ഈ പ്രദേശം മനുഷ്യവാസ കേന്ദ്രമായിരുന്നെന്ന് സമർഥിക്കുന്നു.

1908-ൽ ഇംഗ്ലണ്ടിലെ സാറാസ്മെയിൻ കമ്പനി തീക്കോയിയിൽ റബ്ബർ തോട്ടം ആരംഭിക്കുകയും 1939-ൽ കമ്പനി ഈരാറ്റുപേട്ടയിൽ നിന്ന് തീക്കോയിയിലേക്ക് ഒരു റോഡു നിർമ്മിക്കുകയും ചെയ്തു. കാളവണ്ടികളും പോത്തുവണ്ടികളുമായിരുന്നു അക്കാലത്തെ പ്രധാന വാഹനങ്ങൾ. 1940-ൽ തീക്കോയിയിൽ ആദ്യമായി കമ്പനി മാനേജരുടെ വക മോട്ടോർകാർ എത്തി. സഹകരണ മേഖലയിൽ പ്രവർത്തിക്കുന്ന ഏക തേയില ഫാക്റ്ററി തീക്കോയിയിലാണ് (1966). വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പ്രത്യേകിച്ചും സ്കൂളുകൾ, സർവീസ് സഹകരണ ബാങ്ക്, കോ-ഓപ്പറേറ്റീവ് ടീ ഫാക്റ്ററി, ക്ഷീരോത്പാദക സഹകരണ സംഘം, പോസ്റ്റ് ഓഫീസ്, പഞ്ചായത്ത് ഓഫീസ് തുടങ്ങിയവ തീക്കോയിയിലെ പ്രധാന സർക്കാർ സ്ഥാപനങ്ങളാണ്. വിവിധ ദേവാലയങ്ങൾ ഉള്ള ഇവിടത്തെ പൂരമഹോത്സവവും അമ്മൻ കൊടയും ശ്രദ്ധേയമാണ്.