സെന്റ് മേരീസ് എച്ച്.എസ്.എസ്. പരീയാപുരം/മറ്റ്ക്ലബ്ബുകൾ-17 / എൻ. എസ്. എസ്

ഈ മുടിയിഴകൾക്ക് സ്നേഹത്തിന്റെ തുടിപ്പ്

👈👈👉👉 കാൻസർ രോഗികൾക്കായി പരിയാപുരം സെന്റ് മേരീസ് സ്കൂളിലെ വിദ്യാർഥിനികളുടെയും അധ്യാപികമാരുടെയും കേശദാനം👈👈👈👈 അങ്ങാടിപ്പുറം: അവർ നാൽപ്പതു പേർ.... അവരുടെ മുടിയിഴകൾക്ക് സ്നേഹത്തിന്റെ ഭാഷയായിരുന്നു.മുപ്പത് സെന്റീമീറ്റർ മുടി മുറിച്ചുനൽകുമ്പോൾ അവരുടെ മനസ്സുകളിൽ ആത്മനിർവൃതിയുടെ തുടിപ്പായിരുന്നു. കാൻസർ രോഗം പിടിപെട്ട് തലമുടി നഷ്ടപ്പെട്ട നിർധനർക്ക് ആശ്വാസം പകരാൻ പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനികളും അധ്യാപികമാരും നന്മയുടെ കൂട്ടായ്മയൊരുക്കി. സ്കൂളിലെ എൻ.എസ്.എസിന്റെയും നല്ലപാഠത്തിന്റെയും നേതൃത്വത്തിൽ താമരശേരി രൂപതയിലെ സാമുഹ്യ സേവനവിഭാഗമായ സി.ഒ.ഡിയുടെ കീഴിലുള്ള ആശാകിരണം പദ്ധതിയുമായി സഹകരിച്ചാണ് കേശദാനം സംഘടിപ്പിച്ചത്.തൃശൂർ അമല കാൻസർ സെന്റർ അധികൃതർ മുടി ഏറ്റുവാങ്ങി. പ്രശസ്ത സിനിമാതാരം അനുമോൾ മുഖ്യാതിഥിയായിരുന്നു. അധ്യാപികമാരായ റീനിൽ ജോസ്, ജി.സിന്ധു, ടി.എം.അജീബ ,ആഗ്നസ് സുജാത എന്നിവർ മുടി മുറിച്ചുനൽകി കുട്ടികൾക്കു മാതൃകയായി.തുടർന്ന് ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥിനികളായ 36 പേരും മുടി നൽകി. മാസങ്ങൾക്കു മുൻപ് കാൻസർ ബാധിതയായ അമ്മയെ നഷ്ടപ്പെട്ട പത്താംക്ലാസുകാരിയും സ്പോർട്സ് താരവുമായ സാന്ദ്ര ഫിലിപ്പും കണ്ണീരോർമകളോടെ കൂട്ടുകാർക്കൊപ്പം മുടി നൽകി. സി.ഒ.ഡി അസി.ഡയറക്ടർ ഫാ.ജയ്സൺ കാരക്കുന്നേൽ ആധ്യക്ഷ്യം വഹിച്ചു. പ്രിൻസിപ്പൽ ബെനോ തോമസ്, പ്രധാനാധ്യാപിക ജോജി വർഗീസ്, പി.ടി.എ പ്രസിഡൻറ് ജോണി പുതുപ്പറമ്പിൽ, എൻ.എസ്.എസ്.പ്രോ ഗ്രാം ഓഫീസർ ബെന്നി തോമസ്, നല്ലപാഠം കോ-ഓർഡിനേറ്റർ മനോജ് വീട്ടുവേലിക്കുന്നേൽ, ആശാ കിരണം ഡയറക്ടർ സിസ്റ്റർ റോസ് മൈക്കിൾ, സി.എം.നാരായണൻ, അമ്പിളി എലിസബത്ത് ജോൺ എന്നിവർ പ്രസംഗിച്ചു.പി.കെ. നിർമൽ കുമാർ, കെ.വി.സുജാത ,തങ്കമ്മ സേവ്യർ, സാബു കാലായിൽ, സിനി ഇയ്യാലിൽ, വിൽസി ഇയ്യാലിൽ, റീന രാജേഷ്‌, ലിഡിയ ജോർജ് എന്നിവർ നേതൃത്വം നൽകി. റിപ്പോർട്ട്-മനോജ് വീട്ടുവേലിക്കുന്നേൽ

 

രക്തദാനം ജീവദാനം എന്ന മഹാദ്വചനം ഹൃദയത്തിൽ ഏറ്റുവാങ്ങി പരിയാപുരം സെന്റ് മേരീസ് സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും

അങ്ങാടിപ്പുറം: രക്തദാനം ജീവദാനം എന്ന മഹാദ്വചനം ഹൃദയത്തിൽ ഏറ്റുവാങ്ങി പരിയാപുരം സെന്റ് മേരീസ് സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും പെരിന്തൽമണ്ണ ഗവ: ആശുപത്രിയിലെ രക്ത ബാങ്കിലേക്ക് ഇതിനകം നൽകിയത് 1100 കുപ്പി രക്തം. ഇക്കുറി എൻ.എസ്.എസ് പ്രവർത്തകരുടെ നേതൃത്വത്തിൽ ജനകീയ പങ്കാളിത്വത്തോടെയാണ് രക്തദാനത്തിന്റെ പതിനൊന്നാം വർഷം സ്കൂളിൽ നടന്നത്. ഗ്രാമദീപം പദ്ധതിയിലൂടെ ദത്തെടുത്ത അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്തിലെ 17, 18 വാർഡുകളിലെ യുവാക്കളും രക്തദാതാക്കളായി. പെൺകുട്ടികൾ ഉൾപ്പെടെ 17 വയസ്സ് പൂർത്തിയായ ആറോളം പേരാണ് സത്കർമ്മത്തിൽ പങ്കാളികളായത്. 2005 ൽ മലപ്പുറം ജില്ലയിൽ ആദ്യമായി ഹയർ സെക്കന്ററി തലത്തിൽ രക്തദാന പ്രസ്ഥാനത്തിന് തുടക്കമിട്ടതും പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂളിൽ തന്നെയായിരുന്നു.

കിണർ നിറ'യുമായി പരിയാപുരം സെന്റ് മേരീസ് സ്കുളിലെ വിദ്യാർഥികൾ

'കിണർ നിറ'യുമായി പരിയാപുരം സെന്റ് മേരീസ് സ്കുളിലെ വിദ്യാർഥികൾ 🌷🌷 നിങ്ങളുടെ കിണർ റീചാർജ് ചെയ്യണോ ....?മുഹമ്മദ് അൻസാറിന്റെ നേതൃത്വത്തിൽ ആക്ഷൻ ടീം റെഡി...! അങ്ങാടിപ്പുറം: മഴവെള്ളം ഒരു തുള്ളി പോലും പാഴാക്കാതെ കിണറിൽ ശേഖരിച്ച് വേനൽകാലത്തെ 'വരവേൽക്കാൻ ' ഒരുങ്ങുകയാണ് കിണർ നിറ പദ്ധതിയുമായി പരിയാപുരം സെൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ . സംസ്ഥാന സർക്കാർ സ്ഥാപനമായ തൃശൂർ മഴപ്പൊലിമയിലെ ചീഫ് ടെക്നീഷ്യൻ കെ.എം.രാംദാസിന്റെ പരിശീലനം ലഭിച്ച എൻ.എസ്.എസ്. പ്രവർത്തകരാണ് കിണർ നിറയ്ക്കാൻ രംഗത്തിറങ്ങിയിരിക്കുന്നത്. ആദ്യം സ്വന്തം സ്കുളിൽ തന്നെ കുട്ടികൾ 'പണി ' തുടങ്ങി.സ്കൂളിന്റെ മേൽക്കൂരയിൽ വീഴുന്ന വെള്ളം ഒരു തുള്ളി പോലും പാഴാകാതെ പൈപ്പുകൾ വഴി ആയിരം ലീറ്ററിന്റെ റാപ്പിഡ് സാൻഡ് ഫിൽട്ടറിലേക്ക് എത്തിച്ചു. ചുടുകട്ടയും കരിയും ബേബി മെറ്റലും നൈലോൺ വലയുമുള്ള അടരുകളാണ്ഫിൽട്ടറിലുള്ളത്. ഇതിൽ നിന്ന് പൈപ്പുവഴി സ്കുളിലെ കിണറിലേക്ക് ശുദ്ധജലമെത്തും. 25 00 സ്ക്വയർ ഫീറ്റിൽ 3000 മില്ലീമീറ്റർ മഴ ഒരു വർഷം പെയ്താൽ എട്ടു ലക്ഷം ലീറ്റർ വെള്ളം കിണറിലെത്തുമെന്നും സമീപ വീടുകൾക്കും ഇതിന്റെ ഗുണം കിട്ടുമെന്നും ടീം ക്യാപ്റ്റൻ കെ.പി.മുഹമ്മദ് അൻസാറും കൂട്ടുകാരും പറഞ്ഞു. കുട്ടികളുടെ പ്രവർത്തനം കണ്ട് നാട്ടുകാരും അവരുടെ സേവനം ആവശ്യപ്പെട്ടു കഴിഞ്ഞു. തങ്ങളുടെ ദത്തു ഗ്രാമത്തിലേക്ക് കിണർ നിറയുമായി കടന്നു ചെല്ലാനൊരുങ്ങുകയാണ് വിദ്യാർഥികൾ .വീടുകളിലും സ്ഥാപനങ്ങളിലും റീചാർജിങ്ങിനു നേതൃത്വം നൽകാനും മാർഗ നിർദേശവും പരിശീലനവും നൽകാനും ഈ മിടുക്കർ റെഡിയാണ്.... സ്കൂൾ മാനേജർ ഡോ.ജേക്കബ് കൂത്തൂർ ,പ്രിൻസിപ്പൽ ബെനോ തോമസ്, എൻ.എസ്.എസ്.പ്രോഗ്രാം ഓഫീസർ ബെന്നി തോമസ്, അധ്യാപകരായ മനോജ്.കെ.പോൾ, സി.കെ.മാത്യു, ജയ മാത്യു, സിബി ഓവേലിൽ, സ്കൂൾ കമ്മിറ്റിയംഗങ്ങളായ പോൾസൺ പുത്തൻപുരയ്ക്കൽ, ജോയ്സി വാലോലിക്കൽ എന്നിവരുടെ പ്രോത്സാഹനവും പിന്തുണയും വിദ്യാർഥികൾക്കുണ്ട്. അൻസാറിനു പുറമെ ലെവിൻ സെബാസ്റ്റ്യൻ, ടി.മുഹമ്മദ് ഷിനാൻ, ജസ്റ്റിൻ കുര്യാക്കോസ്, കെ.ദൃശ്യ, കെ.അദീബ, അമൃത .എസ് .പിള്ള, ഇ.എസ്. ലിയോ തേജസ്, ജിബിൻ സെബാസ്റ്റ്യൻ, പി.ആരതി ,എം.ആഷിക്ക എന്നിവരാണ് കിണർ നിറ ടീം ലീഡർമാർ .വിശദാംശങ്ങൾക്ക് ബന്ധപ്പെടാം. ഫോൺ: 89 21 16 53 15.