സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

തിരുമൂലപുരം

ഇരുവെള്ളിപ്ര

[[പ്രമാണം:IMG 9008.JPG|thumb|ഇരുവെള്ളിപ്ര]]

മധ്യതിരുവിതാം കൂറിന്റെ സാംസ്ക്കാരിക സിരാകേന്ദ്രമായ തിരുവല്ലയിൽ കേരള സംസ്ഥാനം രൂപം കൊള്ളുന്നതിനു മുമ്പ് മുതലേ തിളക്കമാർന്ന സംഭാവന നൽകി പോരുന്ന, പത്തനംതിട്ട ജില്ലയിലെ തിരുവല്ല ഉപജില്ലയിലെ തിരുമൂലപുരം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് തിരുമൂലപുരം ഇരുവള്ളിപ്ര സെന്റ തോമസ് ഹയർ സെക്കന്ററി സ്കൂൾ.

ചരിത്രം

തിരുമൂലപുരം എന്നതു രാജഭരണകാലത്ത് ശ്രീപത്മനാഭ ദാസനായ ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ പേരിനെ അനുസ്മരിപ്പിക്കുന്നതാണെന്ന് പഴമക്കാർ പറയുന്നു. ബാലികാമഠം ഹൈസ്കൂളിന്റെ സമീപത്തായി തട്ടാനപ്പള്ളത്ത് എന്നു വീട്ടുപേരായ പ്രസിദ്ധമായ ഒരു നായർ തറവാടുണ്ടായിരുന്നു. മഹാരാജാവിന് ആ തറവാടുമായി പ്രത്യേക താൽപര്യമുണ്ടായിരുന്നു. മഹാരാജാവിന്റെ യാത്രാവേളയിൽ തട്ടാനപ്പള്ളത്ത് വീട്ടിലെത്തി വിശ്രമിക്കുകയും ദിവസങ്ങളോളം അവിടെ തങ്ങുകയും ചെയ്തിരുന്നു. ആ വേളകളിൽ ധാരാളം ആവലാതിക്കാർ രാജാവിനെ മുഖം കാണിക്കാൻ വരുകയും തങ്ങളുടെ ആവലാതികൾ രാജാവിനെ ബോധ്യപ്പെടുത്തുകയും രാജാവ് അതിന് പരിഹാരമുണ്ടാക്കി കൊടുക്കുകയും ചെയ്തിരുന്നു. ശ്രീമൂലം തിരുനാൾ മഹാരാജാവ് വന്നു വസിച്ച ആ സ്ഥലത്തിന് ശ്രീമൂലപുരം എന്ന് പേര് ഉണ്ടാവുകയും ക്രമേണ അത് ലോപിച്ച് തിരുമൂലപുരം എന്നായി തീരുകയും ചെയ്തതായി പറയപ്പെടുന്നു. 1950 - 60 കാലഘട്ടത്തിലാണ് ഞാൻ തിരുമൂലപുരം എന്ന പ്രദേശവുമായി വിദ്യാഭ്യാസത്തിനു മറ്റുമായി ബന്ധപ്പെടുന്നത്.

തിരുവതാംകൂറിലെ പ്രധാന നദികളിലൊന്നായ മണിമലയാർ ഈ പ്രദേശത്തുകൂടി ഒഴുകുന്നു. ധാരാളം തോടുകളും നീർച്ചാലുകളും വയലേലകളുമെല്ലാമുള്ള വളരെ ഫലഭൂയിഷ്ഠമായ പ്രദേശമാണ് ഇവിടം. ഭൂരിഭാഗം ജനങ്ങളും കൃഷിയെ ആശ്രയിച്ചാണ് ജീവിച്ചിരുന്നത്. വിവിധ ജാതി മതസ്ഥർആണെങ്കിലും മനുഷ്യർ വളരെ സ്നേഹത്തിലും സഹകരണത്തിലും സൗമ്യതയോടെ ജീവിച്ചുപോന്നിരുന്നു. അന്നത്തെ പ്രധാനപ്പെട്ട കൃഷി കരിമ്പ് ആയിരുന്നു. പുളികീഴിലുള്ള പമ്പാഷുഗർ ഫാക്ടറിക്ക് വേണ്ടിയാണ് കരിമ്പ് കൃഷി ചെയ്തിരുന്നത്. മറ്റു പ്രധാനപ്പെട്ട കൃഷികൾ നെല്ല്, കപ്പ, വാഴ, തെങ്ങ് കശുമാവ്, പച്ചക്കറികൾ എന്നിവ കൂടാതെ പ്ലാവും മാവുമെല്ലാമുണ്ടായിരുന്നു. റബ്ബർ കൃഷി പ്രചാരത്തിൽ വരുന്നതേയുണ്ടായിരുന്നുള്ളൂ. ഗതാഗതസൗകര്യം ആദ്യം നന്നേ കുറവായിരുന്നു. എം സി റോഡ് കോൺക്രീറ്റ് ചെയ്തിരുന്നെങ്കിലും വീതി വളരെ കുറവായിരുന്നു. ദിവസത്തിൽ വല്ലപ്പോഴും കെ എസ് ആർ ടി സി ബസ് കാണും. അത് പഴയ മോഡലിൽ ബോണറ്റ് മുന്നോട്ടുന്തിയവയായിരുന്നു. മുൻവശത്തു ലിവർ ഇട്ടു കറക്കി ആണ് ബസ്സുകൾ സ്റ്റാർട്ട് ചെയ്തിരുന്നത്. കാറുകൾ വളരെ അപൂർവമായിരുന്നു. ചിലർ റിക്ഷാവണ്ടി യാത്രക്ക് ഉപയോഗിച്ചിരുന്നു. മനുഷ്യർ വലിക്കുന്നതും സൈക്കിൾ പോലെ ചവിട്ടി ഓടിക്കുന്നതുമായ റിക്ഷാവണ്ടികൾ സാധാരണമായിരുന്നു. ചരക്കുനീക്കത്തിനും മറ്റും കാളവണ്ടികൾ ആണ് ഉപയോഗിച്ചിരുന്നത്. ചരക്കുകളും മറ്റും നിറച്ച കാളവണ്ടികൾ നിരനിരയായി പോകുന്നത് ഒരു കാഴ്ച തന്നെയായിരുന്നു. ഹസ്വദൂരത്തിൽ ചരക്കുകൾ കൊണ്ടുപോകുന്നതിന് ഉന്തുവണ്ടികളാണ് ഉപയോഗിച്ചിരുന്നത്.

എടുത്തുപറയേണ്ട ഒരു പ്രസ്ഥാനമായിരുന്നു ഇവിടെ പ്രവർത്തിച്ചുവന്നിരുന്ന മഹാത്മാഗാന്ധിസ്മാരക വായനശാല. അന്നത്തെക്കാലത്ത് ഞങ്ങൾ കുട്ടികൾക്ക് വായനശാലകൊണ്ട് ധാരാളം പ്രയോജനങ്ങൾ ഉണ്ടായിട്ടുണ്ട്. വർത്തമാനപത്രങ്ങൾ വായിക്കുവാനും, മെമ്പർഷിപ്പുള്ളവർക്ക് പുസ്തകങ്ങളെടുത്ത് വീട്ടിൽകൊണ്ടുപോയി വായിക്കുവാനും അവസരം കിട്ടി. ഞാൻ 8ാം ക്ലാസിൽ പഠിച്ചിരുന്ന കാലത്താണ് അവിടെ മെമ്പർഷിപ്പ് എടുത്തത്. അതുവഴി ലോകപ്രശസ്തരായ എഴുത്തുകാരുടെ നോവലുകൾ വായിക്കുവാൻ സാധിച്ചു. വായനശാലയുടെ മറ്റൊരു പ്രത്യേകത അവിടെ എല്ലാവർക്കും കേൾക്കത്തക്ക രീതിയിൽ ഒരു റേഡിയോ ഉണ്ടായിരുന്നു എന്നതാണ്. അന്നത്തെക്കാലത്ത് വീടുകളിൽ റേഡിയോ എന്നുപറയുന്നത് ഒരപൂർവ്വവസ്തുവായിരുന്നു പ്രത്യേകിച്ചും സാധാരണക്കാരുടെ ഇടയിൽ. വായനശാലയിൽ പോയിരുന്ന് ആകാശവാണിയുടെ വാർത്തകളും മറ്റും കേൾക്കുക ഞങ്ങൾക്ക് ഒരു പതിവായിരുന്നു. കുന്നത്തറക്കാരുടെ സൈക്കിൾ ഷോപ്പിൽ നിന്നും സൈക്കിൾ വാടകയ്ക്കെടുത്താണ് കുട്ടികളായ ഞങ്ങൾ സൈക്കിളിങ് പഠിച്ചത്. അന്ന് സാധാരണക്കാരന്റെ വാഹനമായിരുന്നു സൈക്കിൾ. തിരുമൂലപുരം കാളച്ചന്ത വളരെ പ്രശസ്തമായിരുന്നു. മാസത്തിലൊരിക്കൽ നടക്കുന്ന കാളചന്തയിൽ നാടിന്റെ നാനാഭാഗത്തുനിന്നും കന്നുകാലികളെ വാങ്ങാനും വിൽക്കുവാനും ആളുകൾ എത്തുമായിരുന്നു. വെള്ളിആഴ്ചകളിലും ചൊവ്വാഴ്ചകളിലും തിരുമൂലപുരത്ത് ചന്തകൾ കൂടുമായിരുന്നു. പ്രധാനമായും പച്ചക്കറികളും മറ്റു നിത്യോപയോഗ സാധനങ്ങൾക്കും പുറമേ എല്ലാത്തരം സാധനങ്ങളും വിൽക്കുവാനും വാങ്ങുവാനും ആളുകൾ ധാരാളം എത്തിയിരുന്നു. ഒരു ഉത്സവം പോലെ ആയിരുന്നു അന്നത്തെ ചന്തകൾ.

മാറ്റി നിർത്താൻ പാടില്ലാത്ത ഒരു വ്യക്തിയായിരുന്നു തിരുമുലവിലാസം സ്കൂളിൽ പഠിപ്പിച്ചുകൊണ്ടിരുന്ന ഫിലിപ്പ് സാർ. പീടികകെട്ടിടത്തിലെ ഒരു മുറിയിൽ തന്നെയാണ് സാർ താമസിച്ചിരുന്നത് . ഒരു പൊതുപ്രവർത്തകനും രാഷ്ട്രീയക്കാരനും ആയിരുന്നു അദ്ദേഹം. മതപരമായ എല്ലാ കാര്യങ്ങളിലും മുൻകൈ എടുത്തിരുന്നു. അതോടൊപ്പം തന്നെ രോഗചികിത്സയും പാമ്പു വിഷത്തിനുള്ള ചികിത്സയും സാറിനുണ്ടായിരുന്നു. പീടികകെട്ടിടങ്ങൾക്ക് പിറകുവശം മുകളിലായി ഒരു മാർത്തോമാപള്ളി, ഇരുവെള്ളിപ്രയ്ക്ക് പോകുന്ന ഭാഗത്ത് സുബ്രഹ്മണ്യഭഗവാന്റെ പ്രതിഷ്ഠയുള്ള ഒരുമ്പലം (മുരുകന്റെ അമ്പലം) അതിനും കിഴക്കായി സെൻറ് തോമസ് ഓർത്തഡോക്സ് പള്ളി, ഇരുവെള്ളിപ്രയിൽ മലങ്കര കത്തോലിക്കാപള്ളി എന്നീ ആരാധനാലയങ്ങൾ ഉണ്ടായിരുന്നു.

അന്ന്പ്രവർത്തിച്ചുകൊണ്ടിരുന്ന സ്കൂളുകൾ ഇരുവെള്ളിപ്ര സെൻറ് തോമസ് ഹൈസ്കൂൾ, തിരുമുലവിലാസം യു പി സ്കൂൾ, ബാലികാമഠം ഹൈസ്കൂൾ, എസ് എൻ വി സംസ്കൃത ഹൈസ്കൂൾ, കെ പി എം എസ് വക ഒരു എൽ പി സ്കൂൾ എന്നിവയും ജംഗ്ഷനിൽ ഒരു രണ്ടു നില കെട്ടിടത്തിന്റെ മുകളിലായി ടൈപ്പ് റൈറ്റിംഗ് ഷോർട്ട് ഹാൻഡ് ക്ലാസും നടത്തിയിരുന്നു.

പ്രമുഖ വ്യക്തികൾ

കലാകായിക സാംസ്കാരിക രാഷ്ട്രീയ വിദ്യാഭ്യാസ മേഖലകളിൽ പ്രശസ്തരായ ധാരാളം വ്യക്തികളെ വാർത്തെടുത്തതിൽ ഈ വിദ്യാലയത്തിന്റെ പങ്ക് ശ്ലാഘനീയം ആണ്.പ്രശസ്ത സിനിമാ നടനായ എം ജി സോമൻ, അറിയപ്പെടുന്ന പത്രപ്രവർത്തകനും ലേഖകനുമായിരുന്ന തിരുമൂലപുരം ജോയി, കവി തിരുമൂലപുരം നാരായണൻ, കഥാപ്രസംഗകനായ കെ ജി കേശവപണിക്കർ ഇവരൊക്കെ സമകാലീനരും തിരുമൂലപുരം ഗ്രാമത്തിന്റെ യശസുയർത്തിയവരുമായിരുന്നു.

ഭൂമിശാസ്ത്രും

ഇരുവെള്ളിപ്ര

2.5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 17 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. സ്മാർട്ട് ക്ലാസ്സ് റും പ്രവർത്തിച്ചു വരുന്നു. 2 സ്കൂൾ ബസ് വിദ്യാർത്ഥികളുടെ യാത്ര സൗകര്യത്തിനായി കുറ്റുർ, തെങ്ങേലി, തിരുവൻവണ്ടൂർ, ഇരമല്ലിക്കര, കല്ലിശ്ശേരി, ഓതറ, നന്നൂർ വഴി ദിവസേന രണ്ടു സർവീസ് നടത്തിവരുന്നു.

പ്രധാന പൊതു സ്ഥാപനങ്ങൾ

സെൻ്റ് ജോർജ് എച്ച് എസ് കോട്ടാങ്കൽ

സെൻ്റ് മേരിസ് സ്ക്കൂൾ ആനിക്കാട്

പ്രമുഖ വ്യക്തികൾ

എം ജി സോമൻ( സിനിമ നടൻ)

ഇരുവെള്ളിപ്ര

അഭിജിത്ത് രാധാകൃഷ്ണൻ(കലാതിലകം)

സംഭവന

അക്കാദമിക നേട്ടങ്ങളിൽ പഠനം, കലാ-കായിക-പ്രവൃത്തി-ശാസ്ത്ര-സാമൂഹിക-ഗണിത മേഖലകളിലെല്ലാം പ്രഥമസ്ഥാനത്ത് ഈ സ്കൂൾ നിലകൊള്ളുന്നു. ഒട്ടേറെ കായിക പ്രതിഭകളേയും കലാസാംസ്കാരിക രംഗത്തെ പ്രമുഖരേയും സംഭാവന ചെയ്യുന്നതിൽ ഈ കലാലയത്തിന് വലിയ പങ്കുണ്ട്. എൻ സി സി ,ഗൈഡ്സ്, ജെ ആർ സി എന്നീ സംഘടനകളും ഞങ്ങളുടെ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. കൂടാതെ ഒട്ടേറെ ക്ലബ്ബുകളും പ്രവർത്തിക്കുന്നു. കുട്ടികളിൽ മൂല്യങ്ങളും അച്ചടക്കവുമുള്ള ജീവിതം ക്രമീകരിക്കുക എന്ന ലക്ഷ്യത്തോടെ ദിനാചരണങ്ങൾ നടത്തുന്നു.

സൗകര്യങ്ങൾ

ഇരുവെള്ളിപ്ര

ആധുനിക രീതിയിലുള്ള പഠനാന്തരീക്ഷം മുൻനിർത്തി ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തി സ്കൂളിൻറെ അന്തരീക്ഷം ഗുണമേന്മയുള്ളതാക്കി മാറ്റി. ക്ലാസ്സ്, ലൈബ്രറികൾ, ലാബുകൾ ഇവ സജ്ജമാക്കുകയും അക്കാദമിക പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ മീകവുറ്റതാക്കുകയും ചെയ്യുന്നു. സ്കൂൾതല - ശാസ്ത്ര - സാമൂഹിക-ഗണിത പ്രവൃത്തി മേളകളിൽ കൂടുതൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പിക്കുകയും കൂടുതൽ കുട്ടികളെ പങ്കെടുപ്പിക്കുകയും ചെയ്യുന്നു. കുട്ടികളിൽ വായനാ ശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ ഒട്ടേറെ പരിപാടികൾ ആസൂത്രണം ചെയ്തുവരുന്നു. ഇതിന്റെ ഭാഗമായി ' എന്റെ പിറന്നാളിന് ഒരു പുസ്തകം' എന്നതിലൂടെ കുട്ടികൾ ധാരാളം ബുക്കുകൾ സ്കൂൾ ലൈബ്രറിയിലേക്ക് സമ്മാനമായി നൽകുകയുണ്ടായി. ഓരോ കൂട്ടിയേയും അവനവന്റെ അഭിരുചിക്കൊത്ത വിധം വളർത്തി കൊണ്ടുവരുകയും പാർശ്വവത്ക്കരിക്കപ്പെട്ട കുട്ടികളെ മുഖ്യധാരയിലേക്ക് എത്തിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു.

നാട്യങ്ങൾ ഏതുമില്ലാത നന്മകളാൽ സമ്യദ്ധമായ വിദ്യാലയത്തിന്റെ പൈതൃകവും സംസ്ക്കാരവും കാത്തു സൂക്ഷിച്ചു കൊണ്ട് ഈ ദേശത്തിന്റെ വിദ്യാഭ്യാസ പുരോഗതിയിൽ തലമുറകൾക്ക് വെളിച്ചം നൽകി , ഇരു വള്ളിപ്ര സെന്റ തോമസ് ഹയർ സെക്കന്ററി സ്കൂൾ നിലകൊള്ളുന്നു.