സെന്റ്. ജോൺസ് ഹയർ സെക്കന്ററി സ്കൂൾ, മറ്റം/സൃഷ്ടികൾ

കെസിയയുടെ യാത്രാ വിവരണം

സ്വപ്നങ്ങളും പ്രതീക്ഷകളുമാണ് നമ്മളെ വളർത്തുന്നത് .പഠിക്കുന്നകാലത്തുതന്നെ സ്വപ്നങ്ങളും പ്രതീക്ഷകളും ചിറകിലേറ്റി ഉള്ള യാത്രയെക്കുറിച്ച് ആയിരുന്നു എന്റെ ചിന്തകൾ. അതിനു തുടക്കം കുറിക്കുന്നതിനുള്ള ഒരു യത്നത്തിലേക്ക് വഴി തെളിയിക്കുന്നതായിരുന്നു ഈ യാത്ര. കൂട്ടുകൂടാൻ ആയി മനസ്സൊരുമിക്കുന്നവരും നയിക്കാനായി മനസ്സിൽ കരുത്തറിയിച്ചവരുമായിരുന്നു യാത്രാവഴിയിൽ എന്റെ കൂട്ടുകാർ. രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്റെയും സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യുക്കേഷൻ ടെക്നോളജിയുടെയും നേതൃത്വത്തിൽ ഒൻപതാം ക്ലാസ്സിലെ കുട്ടികൾക്കായി നടന്ന സയൻസ് ബഡീസ് ടാലൻറ് ഹണ്ട് പദ്ധതിയുടെ ഭാഗമായി നടന്ന ദേശീയ യാത്രയെക്കുറിച്ച് ആയിരുന്നു ഇത്രയും നീണ്ട ആമുഖം..

സംസ്ഥാനത്ത് ലക്ഷത്തോളം കുട്ടികൾ പങ്കെടുത്ത പരീക്ഷയിൽ എഴുത്തുപരീക്ഷയും ഓൺലൈൻ പരീക്ഷയും കഴിഞ്ഞ് തിരഞ്ഞെടുക്കപ്പെട്ടത് സംസ്ഥാനത്തെ 57 കുട്ടികൾ മാത്രം. അതിലൊരാൾ ആവുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം സ്വപ്നതുല്യം ആയിരുന്നു. മെയ് 25 26 തീയതികളിൽ തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ വച്ച് നടന്ന ദ്വിദിന മാർഗ്ഗ നിർദ്ദേശക ക്യാമ്പിൽ പങ്കെടുത്തപ്പോഴാണ് ഈ പദ്ധതിയുടെ ചിത്രം ഞങ്ങൾക്ക് ലഭിച്ചത്. ഈ സമ്മേളനം ഉത്ഘാടനം ചെയ്തത് ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രി പ്രൊഫസർ. സി. രവീന്ദ്രനാഥ് ആയിരുന്നു. രണ്ട് ദിവസങ്ങളായി നടന്ന ക്യാമ്പിൽ ഐടി, അനലിറ്റിക്സ്, റോബോട്ടിക്സ് , ആസ്ട്രോണമി, സോഷ്യൽ ഇന്നവേഷൻ എന്നീ അഞ്ചു മേഖലകളിലായി പ്രഗത്ഭരായ അധ്യാപകരുടെ വിദഗ്ദ്ധമായ ക്ലാസുകൾ ലഭിച്ചു. ഓരോ കുട്ടിക്കും ഓൺലൈൻ പരീക്ഷയിൽ ഈ 5 മേഖലകളിൽ ഏതു മേഖലയിലാണ് കൂടുതൽ മാർക്ക് ലഭിച്ചത് ആ കുട്ടി ആ മേഘലയിലാണ് തെരഞ്ഞെടുക്കപ്പെട്ടത് . ഞാൻ തിരഞ്ഞെടുക്കപ്പെട്ടത് സോഷ്യൽ ഇന്നവേഷൻ മേഖലയിലാണ്. ഞങ്ങളുടെ മെൻഡേഴ്സ് ശ്രീ വിജയകുമാർ സാറും ശ്രീമതി.മായ ടീച്ചറുമായിരുന്നു. പിന്നീട് ദേശീയ യാത്രതിരിക്കുന്ന മെയ് 10 വരെയുള്ള ഓരോ ദിവസവും പ്രതീക്ഷയോടെ തയ്യാറെടുപ്പോടെ ഞാൻ എണ്ണിത്തീർത്തു. ഒടുവിൽ മെയ് 10 രാത്രിയിൽ എല്ലാവരും എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ ഒത്തുകൂടുകയും 11:55 നുള്ള ദുരന്തോ എക്സ്പ്രസ്സ്സിൽ മുംബൈയിലേക്ക് തിരിക്കുകയും ചെയ്തു. ട്രെയിൻ പ്ലാറ്റ്ഫോമിൽ നിന്ന് വിട്ടപ്പോൾ ഞങ്ങളുടെ കണ്ണ് നിറയാതെ ഇരുന്നത് കൂട്ടുകാരുമൊത്തുള്ള യാത്രയുടെ സങ്കൽപ്പങ്ങൾ മനസ്സിൽ നിറഞ്ഞത് കൊണ്ടാണ് . ആ രാത്രി ഉറക്കത്തിന്റെ ആയിരുന്നില്ല. അന്താക്ഷരിയും, കളിയും, നൃത്തവും കൊണ്ട് ഞങ്ങൾ ആ രാത്രി പകലാക്കി മാറ്റി. പിറ്റേദിവസം പകൽ ട്രെയിനിൽ വെച്ച് തന്നെ ആദ്യത്തെ സെഷൻ തുടങ്ങി. ട്രെയിനിൽ ഇങ്ങനെയൊരു സെക്ഷൻ ഉണ്ടാകും എന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. ഞങ്ങളെ എല്ലാവരെയും നാല് ഗ്രൂപ്പ് ആക്കി തിരിച്ച് ഓരോ ഗ്രൂപ്പിനും കുറച്ചു ദിവസം മുമ്പുള്ള പത്രങ്ങൾ തന്നു. അതിലെ പ്രധാന വാർത്തകൾ ശേഖരിച്ച് ചോദ്യങ്ങൾ ഉണ്ടാക്കി എതിർ ടീമിനെ തോൽപ്പിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഞങ്ങൾ തകർത്തു ചോദ്യങ്ങൾ ഉണ്ടാക്കുകയും എതിർ ടീമിനേക്കാൾ ഒരു പോയിന്റിൻ വിജയിക്കുകയും ചെയ്തു. അന്നുരാത്രി ഏകദേശം രണ്ടു മണിയോടുകൂടി ഞങ്ങൾ ദുരന്തോ എക്സ്പ്രസ്സ് നോട് യാത്ര പറഞ്ഞു മുംബൈ പ്ലാറ്റ്ഫോമിൽ കാലുകുത്തി. അവിടെനിന്ന് കൊണാർക്ക് ഹോട്ടലിലേക്ക് അവിടെ സുഖമായുറങ്ങി. എന്നാൽ പിറ്റേ ദിവസത്തെ കുറിച്ചുള്ള ആകാംക്ഷ അതിരാവിലെ തന്നെ ഞങ്ങളെ ഉണർത്തി. അന്നുരാവിലെ സന്ദർശിച്ചത് മുംബൈ ഐഐടി ആയിരുന്നു.പുറത്ത് തിരക്കേറിയ റോഡ് കണ്ടിട്ടില്ലാത്തത്ര ട്രാഫിക് എന്നാൽ മനസ്സിനകത്ത് അലയടിക്കുന്ന ആകാംക്ഷയും ആഹ്ലാദവും ഞങ്ങളെ മുന്നോട്ടുള്ള യാത്രയിലേക്ക് നയിച്ചു. ഒടുവിൽ യാത്ര ഐഐടിയുടെ വാതിൽക്കൽനിന്നു. ഞങ്ങൾ അകത്തേക്ക് കയറി. അതിലൂടെ നടന്നു പോകുമ്പോൾ അവിടെ പഠിക്കുന്ന ഓരോ കുട്ടിയെയും നോക്കി ഞങ്ങൾ പരസ്പരം പറഞ്ഞു പഠിപ്പിസ്റ്റുകൾ. ഐഐടിയുടെ വഴികൾ ശരിക്കും എന്നെ അതിശയപ്പെടുത്തി. കല്ലും മുള്ളും കാടും മേടും നിറഞ്ഞതായിരുന്നു ആ വഴികൾ. ശരിക്കും പ്രകൃതി രമണീയം തന്നെ .

ഐഐടിയുടെ മേധാവിയുടെ ആമുഖത്തിലൂടെ അതിന്റെ ചരിത്രത്തെക്കുറിച്ച് ഞങ്ങൾക്ക് മനസ്സിലാക്കുവാൻ സാധിച്ചു. അതിനുശേഷം നാലുമണിവരെ ഓരോ ഡിപ്പാർട്ട്മെൻറ് സന്ദർശിച്ചു. ഈ മനോഹരമായ യാത്രയ്ക്കുശേഷം ഞങ്ങൾ താമസസ്ഥലത്തെത്തി. പിറ്റേ ദിവസം ഞങ്ങൾ സോഷ്യൽ ഇന്നവേഷൻ ടീം സന്ദർശിച്ചത് ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സ്റ്റഡീസ് എന്ന സ്ഥാപനത്തിലായിരുന്നു. പ്രകൃതിയോട് വളരെ ഇണങ്ങിയതായിരുന്നു ഈ സ്ഥലവും. ഇവിടെ ഞങ്ങൾ ഏറെ സന്തോഷിപ്പിച്ചത് ഇതിൻറെ മേധാവി ഒരു മലയാളിയാണ് എന്നറിഞ്ഞപ്പോഴാണ് .അദ്ദേഹത്തിൻറെ മനോഹരമായ വാക്കുകളിലൂടെ സ്ഥാപനത്തെക്കുറിച്ച് എല്ലാവിവരങ്ങളും മനസ്സിലാക്കുവാൻ കഴിയുകയും ഭാവിയിൽ ആ സ്ഥാപനത്തിൽ പഠിക്കണമെന്ന് അതിയായ ആഗ്രഹം ഉണ്ടാവുകയും ചെയ്തു. അന്നേദിവസം വൈകുന്നേരം ഞങ്ങൾ സോഷ്യൽ ഇന്നവേഷൻ ടീം മാത്രം അഹമ്മദാബാദിലേക്ക് യാത്രതിരിച്ചു. സബർമതി ആശ്രമത്തിൽ അടുത്തുള്ള സഫായ് വിദ്യാലയത്തിലാണ് ഞങ്ങൾ താമസിച്ചത്. ആശ്രമത്തിലെ പ്രാർത്ഥനയോടെ അന്നത്തെ ദിവസത്തിനു തുടക്കംകുറിച്ചു. സബർമതി ആശയത്തിന് അകത്തുള്ള ഗാന്ധിജിയുടെ ഓർമ്മകൾ അലയടിക്കുന്ന ഓരോ ഇടങ്ങൾ സന്ദർശിക്കുമ്പോഴും ധീര ദേശാഭിമാനം ഞങ്ങളുടെ സിരകളിൽ തിളക്കുകയായിരുന്നു. ഗാന്ധി മ്യൂസിയം, ഗാന്ധിജി താമസിച്ച കുടിൽ അദ്ദേഹം ഉപയോഗിച്ച ചർക്ക അതിഥികളെ സ്വീകരിക്കുന്ന സ്ഥലം മുതലായവ സന്ദർശിക്കുവാനുള്ള ഭാഗ്യം ഞങ്ങൾക്ക് ലഭിച്ചത് എന്റെ ജീവിതത്തിലെ മറക്കാനാവാത്ത ഒരു മുഹൂർത്തമായിരുന്നു. മുംബൈയിൽ കണ്ട വാസ്തുവിദ്യയിൽ പ്രഗൽഭമായ ഗേറ്റ് വേ ഓഫ് ഇന്ത്യ മറൈൻഡ്രൈവിനേക്കാളും പരിശുദ്ധവും പരിപാവനമായി എനിക്ക് തോന്നിയത് ആശ്രമത്തിലെ കുടിലുകൾ ആയിരുന്നു. പിറ്റേദിവസം സന്ദർശിച്ച ഐഐഎം ഉം എൻ.ഐ.ഡിയും യും കണ്ടപ്പോൾ ഇന്ത്യയിലെ വിദ്യാഭ്യാസ ശൃംഖല എത്ര വിശാലമാണെന്ന് എനിക്ക് മനസ്സിലായി. അതുകഴിഞ്ഞ് ഈ ചരിത്രമുഹൂർത്തങ്ങളും നെഞ്ചിലേറ്റി കൊണ്ട് അഹമ്മദാബാദിൽ നിന്ന് ചെന്നൈയിലേക്കുള്ള ട്രെയിൻ കയറി. അവിടെനിന്ന് എറണാകുളത്തേക്ക് അതിവേഗത്തിൽ പായുന്ന ട്രെയിനിൽ കണ്ണീരിൽ നനഞ്ഞ എട്ടുദിവസത്തെ അനുഭവങ്ങൾ ഞങ്ങൾ പങ്കുവച്ചു. അതിന്റെ അവസാന നിമിഷങ്ങളിൽ ഓരോരുത്തരായി ഓരോ സ്ഥലങ്ങളിൽ ഇറങ്ങുമ്പോൾ മനസ്സിൻറെ ഒരുവശത്ത് എട്ടുദിവസമായി കാണാതിരുന്ന മാതാപിതാക്കളെ കാണുന്നതിനുള്ള ആഹ്ലാദവും മറുവശത്ത് എട്ടുദിവസം പിരിയാത്ത കൂട്ടുകാരെ പിരിയുന്നതിലുള്ള സങ്കടവും. ഞങ്ങളുടെ സ്വന്തം മാതാപിതാക്കളായിരുന്നു മെൻഡർമാരായ വിജയകുമാർ സാറും മായ ടീച്ചറും. വിധു സാറിന്റേയും മനോജ് സാറിന്റേയും ഓരോ വാക്കുകൾ കേൾക്കാൻ ഇപ്പോൾ കൊതിക്കുന്നു. സഹോദര തുല്യമായിരുന്നു സജീഷ് സാർ. ഒരേ നിറത്തിലുള്ള ടീ ഷർട്ടുകളും അണിഞ്ഞ് ഒരേ തരത്തിലുള്ള മനസ്സുമായി എല്ലാവരെയും ഒന്നു കൂടി കാണുവാൻ ആഗ്രഹിക്കുന്നു. മറക്കാനാവാത്ത അനുഭവങ്ങൾ സമ്മാനിച്ച ദൈവത്തിന് ഒരായിരം നന്ദി.

സ്കൂൾ വിദ്യാർത്ഥിനി ഫേബാ സൈറാ സ്റ്റീഫന്റെ സൃഷ്ടികൾ

സ്കൂൾ വിദ്യാർത്ഥിനി മാളവിക വരച്ച ചിത്രങ്ങൾ (പെൻസിൽ)

സ്കൂൾ വിദ്യാർത്ഥി ഭഗത്ത് പ്രേംദീപ് എടുത്ത ഫോട്ടോകളുടെ ശേഖരം


സ്കൂൾ വിദ്യാർത്ഥി ഭഗത്ത് പ്രേംദീപ് വരച്ച ചിത്രങ്ങളുടെ ശേഖരം

സ്കൂളിലെ നാച്വറൽ സയൻസ് അദ്ധ്യാപിക അനിജാ വി.തരിയന്റെ ചിത്ര ശേഖരം

ഹയർ സെക്കണ്ടറി സ്കൂൾ ഇംഗ്ലീഷ് അദ്ധ്യാപികയും പ്രശസ്ത കവയിത്രിയുമായ ബിന്ദു ആർ തമ്പിയുടെ നേട്ടങ്ങളും രചനകളും


കവിതകൾ