സി.എച്ച്.എസ്.അടക്കാക്കുണ്ട്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

മലനാടിന്റെ ഇന്നലകളിലേയ്‌ക്കൊരു കിളിവാതിൽ

ടിപ്പുവിന്റെ പടയോട്ടവും മലബാർ സമര ചരിത്രവും ജൻമിത്ത- നാടുവ കാലവും  നിറഞ്ഞു നിന്ന എറനാട്ടിലെ  കിഴക്കൻ മലയോര ഗ്രാമമായ കാളികാവ് ചരിത്ര വിദ്യാർത്ഥികൾക്കും അന്വേഷകർക്കുമെല്ലാം നിരവധി പാഠങ്ങൾ പകർന്നു നൽകുന്ന പ്രദേശമാണ്. ഈ നാടിന്റ ഇന്നലകളിലേക്കിറങ്ങി ചെല്ലുമ്പോൾ  വിസ്മയിപ്പിക്കുന്ന ഭുതകാല ചിത്രങ്ങളാണ്  നമുക്ക് പകർന്ന് കിട്ടുക.കരുവാരക്കുണ്ട്,കണ്ണത്ത് പ്രദേശത്തേ പുരാതന കാളിക്ഷേത്രത്തിന്റ കാവായിരുന്നത്രേ ഇന്നത്തെ കാളികാവ്. കണ്ണത്ത് കാളികാവ് എന്നായിരുന്നു ഈ പ്രദേശം അറിയപ്പെട്ട് പോന്നിരുന്നത്.കാലാന്തരത്തിൽ പിന്നീടത് കാളികാവ് എന്ന പേരിലറിയപ്പെട്ടു.

മലബാർ മൈസൂർ  രാജ്യത്തിന്റെ ഭാഗമായിരുന്ന കാലത്തും പിന്നീട് ബ്രിട്ടീഷ് സാമ്രാജ്യത്തിലേക്ക് ചേർക്കപ്പെട്ട് മദിരാശി സംസ്ഥാനത്തിന്റെ ഭാഗമാവുകയി മാറപ്പെടുകയും ചെയ്യുമ്പോഴെല്ലാം ആ ചരിത്ര രേഖയിൽ  മലബാറിലെ ഈ കിഴക്കൻ പ്രദേശത്തിന് ഇടം ലഭിച്ചു.കാളികാവ്, കരുവാരകുണ്ട് പ്രദേശങ്ങളിലെ മലവാരങ്ങളിലെ കാട്ടുപാതകളായിരുന്നു ഏറനാട്ടിലൂടെ ടിപ്പുവിന്റെ  സഞ്ചാര പാതകൾ.വയനാട്, കോഴിക്കോട് പ്രദേശങ്ങളിൽനിന്നും ടിപ്പു സുൽത്താൻ കിഴക്കൻ ദേശങ്ങളിലേക്ക്  പുറപ്പെട്ടിരുന്നത് ഇവിടത്തെ കാനനപാത വഴിയായിരുന്നു. കുതിരപ്പുറത്തുള്ള യാത്ര ഇന്നത്തെ ചെത്തുകടവ് വഴിയായിരുന്നുവെന്ന് പറയപ്പെടുന്നു. കാളികാവിലെ കിഴക്കൻ പ്രദേശങ്ങൾ മങ്കട കടന്നമണ്ണയിലെ  ആയിരംനാഴി കോവിലകത്തിന് കീഴിലും പടിഞ്ഞാറൻ പ്രദേശങ്ങളുടെ ഭൂമിയുടെ കൈവശക്കാർ ആലുങ്ങൾ,  തണ്ടുപാറക്കൽ ഉൾപ്പടെയുള്ള പഴയ തറവാട്ടുകാരുമായിരുന്നു.ബാക്കിയുള്ളവരെല്ലാം  കുടിയാൻമാർമാരായ പാവപ്പെട്ട ജനങ്ങൾ.

ആഴ്ച ചന്ത

കാളികാവിന്റ ഗതകാല ചരിത്രം അന്വേഷിഷിക്കുമ്പോൾ പ്രദേശത്തുക്കാരുടെ മനസ്സിൽ ഗൃഹാതുരത്വം ഉണർത്തുന്ന ഓർമ്മയാണ് പഴയ ആഴ്ച ചന്ത. ഇന്നത്തെ കാളികവ് അങ്ങാടിയിലെ പഴയ ബർമ്മാ ഹോട്ടലിന്റെ പിറക് വശത്തായിരുന്നു ചന്തപ്പാടം.പിന്നീട് അങ്ങാടിയിൽ ഇന്നത്തെ ബസ്സ്റ്റാന്റ് നിലകൊള്ളുന്ന പ്രദേശത്തേക്ക് ആഴ്ച ചന്ത മാറ്റുകയായിരുന്നു. പഴമക്കാരുടെ മനസ്സിൽ ബുധനാഴചകളിലെ ചന്ത ഇന്നും പച്ചപിടിച്ചഓർമ്മയാണ്. ദൂരദിക്കുകളിൽ നിന്നു പോലും അന്ന് ആളുകൾ ചന്തയിൽ എത്തും. സൂചികുത്താൻപോലും ഇടമില്ലാതെ തിരക്കാവും കാളികാവ് അങ്ങാടിയിൽ. ഇടപാടുകളും കണക്ക് തീർക്കലുമെല്ലാം ചന്ത ദിവസമാണ്. ചന്തയിൽ വെച്ച് കണ്ടോളാം. എന്നൊരു പ്രയോഗം തന്നെ അന്നുണ്ടായിരുന്നു. ചന്തയിലേക്ക്ച ചരക്കുകൾ എത്തിച്ച ചെമ്മൺ പാതയായിരുന്നു ഇന്നത്തെ കാളികാവ്- വണ്ടൂർ റോഡ്. കാളവണ്ടികളുടെ ചക്രങ്ങൾ ചാലുകൾ തീർത്ത പഴയ ചെമ്മൺ പാത ഇന്ന് വെറും ഓർമ്മ മാത്രം. റോഡരികിൽ പൂന്തപ്പാടത്ത് മുള നാട്ടി അതിൽ പട്ടിക കെട്ടി സാധനങ്ങൾ വിൽപ്പനക്ക് വെച്ചായിരുന്നു ബുധനാഴ്ചയിലെ  ചന്ത വിപണനം. തിങ്കൾ പാണ്ടിക്കാട്, ചൊവ്വ വണ്ടുരും അവിടെ നിന്നും വാളശ്ശേരിക്കാരുടെ പോത്തും വണ്ടികളിൽ സാധനങ്ങൾ കാളികാവിലേക്ക പുറപ്പെടും. പിന്നെ വ്യാഴാഴ്ച കരുവാരകുണ്ടിലേക്ക് ചന്ത ചരക്കുകൾ സഞ്ചരിക്കും

കാളികാവ് അങ്ങാടി പരിസരത്ത്  രണ്ടോ മൂന്നോ കെട്ടിടങ്ങൾ മാത്രമാണുണ്ടായിരുന്നത്. .വൈക്കോൽ പുല്ല്,കൊടപ്പന എന്നിവകൊണ്ട് മേഞ്ഞ മൺകട്ടകൊട്ടുണ്ടാക്കിയ ചെറിയ കുടിലുകളിലാണ് മിക്കപേരും താമസിച്ചിരുന്നത്. പിന്നീട് ചില വീടുകളിൽ ഓട് മേഞ്ഞു.വീടുകളും ആരാധനാലയങ്ങളും മറ്റു കെട്ടിടങ്ങളും വയലിന് അഭുമുഖമായാണ് പണിതിരുന്നത്. പാടശേഖരങ്ങൾക്കിടയിലെ ചെമ്മൺ പാതയാണ് ഇന്നത്തെ നലമ്പൂർ- കാളികാവ് റോഡായത്.. ചിലയിടത്ത് കല്ല് വിരിച്ചിട്ടുണ്ടാവും. തലങ്ങും വിലങ്ങും ഊടുവഴികൾ മാത്രം.വരമ്പുകളിൽനിന്നുും വരമ്പുകളിലേക്കുള്ള കുറുക്കു വഴികളാണെങ്ങും. മഞ്ചേരി,മലപ്പുറം, കോഴിക്കോട്ടേക്കു പോലും നടന്നാണ് യാത്ര. ചന്തക്കും മരണത്തിനും കേസിനും കല്ല്യാണത്തിനും മാത്രമേ യാത്രയുള്ളു. സാധനങ്ങൾ മൈലുകൾ താണ്ടി തലച്ചുമടായി കൊണ്ടുപോകും. ഇടക്കിടെ അത്താണികൾ കാണും. അനിടെ ചുമടിറക്കി കുറേ  വിശ്രമിച്ച് ദാഹം തീർത്ത് യാത്ര തുടരും. ചുമടിറിക്കിവെക്കാൻ ഉയരത്തിൽ കല്ല് കെട്ടിപൊക്കി വിലങ്ങനെ പാറക്കല്ല് വെച്ച് അത്താണികൾ. ഇത് വഴിയാത്രക്കാർക്ക് ഏറെ  ആശ്വാസം പകർന്നു. കൂടുതലുള്ള ചരക്ക് കൊണ്ടു പോകാൻ കാളവണ്ടിയായിരിക്കും. അത് ഒറ്റയായും കൂട്ടമായും യാത്ര തിരിക്കും. ദുരെ ദിക്കുകളിലേക്ക് കാളവണ്ടിക്കൂട്ടം തന്നെ നിരനിരയായി യാത്ര ചെയ്യും. ചന്തക്കും മറ്റും കച്ചവടത്തിനും വലിയ ലോഡ് കൊണ്ടുപോകുവാൻ പോത്തുംവണ്ടിയാണ് ഉപയോഗിച്ചിരുന്നത്. ഏത് ഭാരമുള്ള ചുമടും പോത്തും വണ്ടി താങ്ങും.മരവും നെല്ലുമൊക്കെയാണ് പ്രധാന ലോഡ്. എട്ടുവരെ പോത്തുകളെ നിരത്തി നിരത്തി നുകം വെച്ച് അടിയിൽ മരം വെച്ച് കെട്ടുകയായിരുന്നുവത്രെ.നെൽകൃഷി മാത്രമാണ് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ഘട്ടം വരെ ഈ പ്രദേശത്ത് ഉണ്ടായിരുന്നത്. തെങ്ങ് അപൂർവ്വമായി മാത്രം. മലപ്പുറം ഭാഗത്തേക്ക് വിരുന്നു പോവുന്ന സ്ത്രീകൾ അവിടെനിന്നും വരുമ്പോൾ ഒരു മുറി തേങ്ങ കൊണ്ടു വരും. തെങ്ങ്, റബർ, കമുങ് കൃഷികൾ തീരെ ഉണ്ടായിരുന്നില്ല.  പറമ്പുണ്ടെങ്കിൽ അവിടെ കശുമാവ് കൃഷി ചെയ്യും. മിക്ക കൃഷിക്കാരുടെ വീട്ടിലും കന്നുകാലിയും തൊഴുത്തും കാണും.പ്രധാന തൊഴിൽ കന്ന് പൂട്ട്, തോൽപ്പണി,വരമ്പു പണി എന്നിവ. നടീൽ, കൊയ്ത്ത്,മെതി എന്നീ പണികൾ സ്ത്രീകളാണ് ചെയ്തിരുന്നത്.കഞ്ഞിയും ചക്കക്കൂട്ടാനുമാണ് അന്നത്തെ നാട്ടുകാരുടെ പ്രധാനം ആഹാരം.മത്തൻ കൂട്ടാനും ചക്കക്കൂട്ടാനും അന്നത്തെ മുന്തിയ വിഭവങ്ങളാണ്. ഓത്തുപള്ളി മാത്രമാണ് അക്കാലത്ത് പഠിക്കാൻ ആശ്രയം.. പലകമേൽ എഴുതി പഠിക്കും. ഇത് പലക എഴുത്ത്.. കലമ എ പേനകൊണ്ട് മാത്രം എഴുത്ത്.മാലപാട്ടുകൾ ഉപരിപഠനം. മലയാളം പഠിക്കാനോ എഴുതാനോ പാടില്ല.  ഇംഗ്ലീഷുകാരോടുള്ള വിരോധം കാരണം മുസ്ലിങ്ങൾ പൊതുവേ ഇംഗ്ലീഷ് ഹറാമായി കണക്കാക്കിയിരുന്നു.

വിവാഹ ചടങ്ങുകൾ

അന്നത്തെ  വിവാഹ ചടങ്ങുകൾ ഏറെ കൗതുകരമായിരുന്നു.പെണ്ണുകാണാൻ ചെറുക്കന് വേണ്ടി പിതാക്കൾ മാത്രം പെൺകുട്ടികളെ കാണാൻ പോകും. സ്ത്രീകളോ പുതിയപ്ലയോ കാണാൻ പോകുന്ന പതിവുണ്ടായിരുന്നില്ല. 20 വയസ്സിനു താഴെ ആണുങ്ങളും പത്തു വയസ്സിനു താഴെ  പെണ്ണുങ്ങളും വിവാവഹിതരാവും.രാത്രിയാണ് കല്ല്യാണങ്ങൾ നടക്കുക.കല്ല്യാണത്തലേന്ന് ആണുങ്ങളും പെണ്ണുങ്ങളും മൽസരിച്ചു പാടും. ചിലയിടത്ത് കോൽക്കളിയുമൊക്കെ കാണും. വിവാഹ ദിവസം പുതുപെണ്ണിന്റെ വീട്ടിലെത്തുന്ന പുതിയാപ്ലയുടെ കാൽ കഴുകിക്കൊടുക്കുന്ന സമ്പദായം ഉണ്ടായിരുന്നു, ഇതിന് പ്രവേശന ഭാഗത്ത് കിണ്ടിയും പാറക്കല്ലും ഒരുക്കിയിട്ടുണ്ടാവും. കിണ്ടിയിൽ പുതിയാപ്പിള പണം ഇടണം.

നാട്ടു വൈദ്യൻമാരുടെ ചികിൽസയാണ് ആകെ ആശ്രയമായി ഉണ്ടായിരുന്നത്. അപ്പോത്തിക്കിരി എന്ന ഡോക്ടർമാരേയും ചീക്ക് എന്ന ആശുപത്രിയയേയും വിളിക്കും. അത്യപൂർവ്വമായി മാത്രമേ ആളുകൾ ചീക്കിൽ പോവൂ. പ്രസവ കേസിന് നഫീസത്തു മാല പാടും. കുട്ടികൾക്ക് നാകൂറ് പാടലും. കുറത്തിയുടെ കൈനോട്ടവും തത്ത ചീട്ടടെുക്കലുമൊക്കെ അന്ന് പതിവ് . കാത് കുത്ത് കല്ല്യാണവും സുന്നത്ത കല്ല്യാണവുമൊക്ക ആഘോഷമായി നടക്കും. വാർത്താ വിനമയത്തിന്  ഫോണോ കമ്പിയോ കത്തോ എഴുത്തോ ഒുമില്ല. കേട്ടു കേൾവി മാത്രം.തിരൂരങ്ങാടി പള്ളിക്ക് തീവെച്ചുവെന്ന വാർത്ത അന്ന് വലിയ കലാപത്തിനിടയാക്കി. പുല്ലും പുല്ലും ഓലയും വൈക്കോലും മേഞ്ഞവയാണ് മിക്ക വീടുകളും. ഓാടിട്ട വീടുകൾ അപൂർവ്വം. ചോർച്ചയില്ലാത്ത വീടുകൾ കുറവ്. കൊട്ടുവടി കൊണ്ട് അടിച്ച് നരപ്പാക്കിയ നിലമായിരുന്നു. ചുമമരിൽ ചുമന്ന മണ്ണ് കലക്കിയും നിലത്ത് കരിയും കലക്കിത്തേക്കും.മുറ്റത്തും പൊടി പാറാതിരിക്കാൻ ചാണകം തേക്കും. മിക്ക സ്ത്രീകളും മല കയറി വിറക് ശേഖരിക്കും. മോഷ്ടാക്കൾ കുറവ്. കള്ളും കഞ്ചാവും ലഭ്യമല്ല. ലഹരി പരമ കുറ്റമായി കണ്ട കാലം.കാരകളി,പന്ത് കളി,പടാളിത്തല്ല്,ആട്ടക്കളം എിവയാണ് കളികൾ.

രണ്ട് പൈസ നികുതി കൊടുക്കാനും വേലി കെട്ടാനും കഴിയാത്തതിനാൽ ആർക്കും ഭൂമി വേണ്ട. വില്ലേജ് ഓഫീസർമാർ അധികാരി എന്നാണറയപ്പെട്ടിരുന്നത്.. കോടതിയും സ്‌റ്റേഷനുമെല്ലാം സർക്കാർ തീരുമനങ്ങൾ നടപ്പാക്കുന്നതിന്റെ അവസാന തീരുമാനം അധികാരിയുടേത്. ഖാൻമാരും ബഹദൂർ ഖാൻമാരുമാണ് അധികാരികൾ. വലിയ നമസ്‌ക്കാര പള്ളികളൊന്നും അക്കാലത്തില്ല.  നാല് കാലിൽ ഉയർത്തിക്കെട്ടിയ നമസക്കാര തട്ടിക (സ്രാമ്പി)യാണ് ഉണ്ടാവുക, നിലം പലകയടിച്ച്, നാല് സൈഡും പലകയടിച്ച് പരമ്പും കെട്ടിയതാണ് തട്ടിക. പുഴയോരത്തും തോട്ടുവക്കിലുമൊക്കെയാണ് ഇത്തരം സ്രാമ്പികൾ ഉണ്ടാക്കിയിരുന്നത്.

വർഷങ്ങൾക്ക് മുമ്പ് ബ്രഹ്മസ്വം വഴി ആയിരംനാഴി കുടുംബത്തിന്റെ കൈവശം വന്ന കാളികാവ് ഭൂപ്രദേശത്ത് നൂറിനടുത്ത് കുടിയാൻമാരുണ്ടായിരുന്നു. ഏറെയും മുസ്ലിങ്ങൾ. കോവിലകം ഭൂമി   പാട്ടത്തിനെടുത്ത് കൃഷി നടത്തുവരെയാണ് കുടിയാൻമാർ എന്നു വിളിച്ചിരുന്നത്. ഇരുവിള കൃഷിയിറക്കുന്ന കർഷകർ വർഷത്തിൽ രണ്ട് പ്രവാശ്യമായിരുു പാട്ടം നൽകേണ്ടിയിരുന്നത്. പാട്ടവ്യവസ്ഥ തെറ്റിക്കുന്ന കുടിയാനെതിരെ കോവിലകം മഞ്ചേരി കോടതിയിൽ കേസ് കൊടുക്കും.ചെങ്കോട് പാലം മുതൽ  ഇന്നത്തെ ചെത്തുകടവ് പുഴയോരം വരെ വിശാലമായ നെൽവയൽ വിളഞ്ഞുനിന്നിരുന്നത് ചേതോഹരമായ കാഴ്ചയായിരുന്നു. കോവിലകത്തിന് കീഴിലായിരുന്നു. വന പ്രദേശങ്ങളിൽ ആനകളെ പിടിക്കാൻ വാരിക്കുഴികൾ സ്ഥാപിച്ചിരുന്നു. വാരിക്കുഴികളിൽ കുടുങ്ങുന്ന ആനകളെ കയറ്റിക്കൊണ്ടുവന്ന് മെരുക്കാൻ ചെങ്കോട് കളത്തിന് മുൻവശത്ത് ആനപ്പന്തി സ്ഥാപിച്ചിരുന്നു.  ആനകളെ മെരുക്കിയ ശേഷം പിന്നീട് മലകളിൽ തടിവലിക്കുതിനും ക്ഷേത്രങ്ങളിൽ എഴുന്നെള്ളിപ്പിനും ഉപയോഗിച്ചു. വാരിക്കുഴികളിൽ വീഴുന്ന ആനകളെ കളത്തിലെത്തിക്കാൻ ജമേന്ദാർ നാണിപ്പഹാജി എയാളെ കോവിലകം നിയമിച്ചിരുന്നു. 1971 ൽ ഭൂപരിഷ്‌ക്കരണ നിയമം വന്നതോടെ ജൻമി കുടിയാൻ വ്യവസ്ഥക്ക് അന്ത്യമായി. കോവിലകം വക ഭൂമിയിൽ ഏറിയ പങ്കും കൈവശം വെച്ച കുടിയാൻമാർക്കും മറ്റു ഭൂരഹിതർക്കും നൽകേണ്ടിവന്നു. സാധാരണ കർഷകന് അപ്പോഴും ഭൂമി കിട്ടാതായി. ശേഷിക്കുന്ന ഏതാനും സ്ഥലം മാത്രമാണ് ഇന്ന് ആയിരം നാഴികോവിലകം കുടുംബത്തിന് ചെങ്കോട്, കണാരൻപടി ഭാഗങ്ങളിൽ സ്വന്തമായുള്ളത്.

പുല്ലങ്കോട് എസ്‌റ്റേറ്റ് പ്ലാന്റേഷനോടെയാണ് കാളികാവിന്റ ചരിത്രം മാറ്റുന്നത്. പടിഞ്ഞാറെ കോവിലകക്കാരുടെയും കൂക്കിൽ തറവാട്ടുകാരുടെയും കൈയ്യിൽ നിന്ന് തൊണ്ണൂറ്റി ഒൻപത് വർഷത്തിന് ഭൂമി പാട്ടത്തിനെടുത്താണ് ആയിരത്തി തൊള്ളായിരത്തി ആറിൽ പുല്ലങ്കോട് എസ്‌റ്റേറ്റ് സ്ഥാപിക്കുന്നത്. രണ്ടായിരത്തി ഇരുന്നൂറോളം ഏക്കർ ഭൂമിയിൽ റബ്ബർ വളർന്നതോടെ ജോലി തേടി നിരവധിപേർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ഇങ്ങോട്ട് കുടിയേറി. പുല്ലും കാടും പിടിച്ച് കിടന്ന കാളികാവിന്റ മണ്ണ് ജനവാസയോഗ്യമായി മാറിയതോടെ കുടിയേറ്റം തുടർന്നു. വിദ്യഭ്യാസപരമായി സംസ്‌കാരികമായും കാളികാവ് ഉണർന്ന് തുടങ്ങുന്നത് ഈ കാലഘട്ടത്തിലാണ്. ആയിരത്തി തൊള്ളായിരത്തി പതിനഞ്ചിൽ കാളികാവിൽ ഇന്നത്തെ ചെത്ത്കടവ് റോഡിന് സമീപം ഒരു സ്വകാര്യസ്‌കൂൾ പ്രവർത്തനം തുടങ്ങി.

ഇതിനടത്തുതന്നെ ആയിരത്തിതൊള്ളായിരത്തി മുപ്പതിൽ ഒരു പെണ്ണ് സ്‌കൂൾ പ്രവർത്തനം ആരംഭിച്ചു. ഈ സ്‌കൂളാണ് പിന്നീട് കാളികാവ് ബസാർ ജി.യു.പി സ്‌കൂളായി മാറിയത്.അതിനും മുമ്പ് വെള്ളയൂരിൽ സ്ഥാപിച്ച നമ്പൂതിരിയുടെ സ്‌കൂളായിരുന്നു അക്ഷരാഭ്യസം നേടാൻ  അക്കാലഘട്ടത്തിലെ ആളുകളുടെ പ്രധാന ആശ്രയം.കാളികാവിൽനിന്നുപോലും പ്രാഥമിത പഠനം നടത്താൻ വെള്ളയൂരിലേക്കായിരുന്നു പഴയ തലമുറയിലെ ആളുകൾ കൽനടയായി പോയരുന്നത്.

ബ്രട്ടീഷ് ഭരണകാലത്ത് തന്നെ കാളികാവിൽ അഞ്ചലാപ്പീസ് എന്നപേരിൽ തപാൽ സമ്പ്രദായം നിലനിന്നിരുന്നു. കാളികാവ് അങ്ങാടിക്ക് സമീപം ഇപ്പോഴത്തെ ബസ്റ്റാന്റിനടുത്താണ് തപാലാപ്പീസ് പ്രവർത്തിച്ച് വന്നത്. കാളികാവിന്റ ചരിത്രം തേടുമ്പോൾ അഞ്ചച്ചവിടിയിലെ പരിയങ്ങാട് പ്രദേശം പ്രത്യേക പരാമർശം അർഹിക്കുന്നു. വർഷങ്ങൾക്കുമുമ്പ് തന്നെ കാളികാവിലെ പ്രധാന ജനാധിവാസ കേന്ദം പരിയങ്ങാടായിരുന്നുവെന്നാണ് കരുതപ്പെടുന്നത്.

സമരങ്ങളും പോരാട്ടങ്ങളും ഒട്ടേറെ കണ്ട മണ്ണാണ. 1921ലെ മലാബർ സമരത്തിന്റെ ജ്വലിക്കുന്ന ശേഷിപ്പുകൾ കാളികാവിന്റ ചരിത്ര രേഖയിൽ മങ്ങാതെ കിടപ്പുണ്ട്.സമരത്തിന്റ പ്രധാന നേതാവായിരുന്നു വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ വെള്ളപ്പട്ടാളം വളഞ്ഞ പിടിക്കൂടുന്നത് ഇന്നത്തെ ചോക്കാട് പഞ്ചായത്തിലെ കല്ലാമൂല ചിങ്കക്കല്ലിൽ നിന്നായിരുന്നു.

1897ലാണ് കാളികാവ് പോലീസ് സ്‌റ്റേഷൻ പ്രവർത്തനം തുടങ്ങിയത്. മാപ്പിള ലഹളകാലത്ത് കരുവാരക്കുണ്ടിൽ നിന്നെത്തിയ സമരക്കാർ കാളികാവ് പോലീസ് സ്‌റ്റേഷൻ നേരെ ആക്രമണം നടത്തിയിരുന്നു. 1921ൽ നിർമ്മാണം നടന്ന് കൊണ്ടിരുന്ന കാളികാവ ്ഗവ.ആശുപത്രികെട്ടിടത്തിന്റ പ്രവൃത്തി ലഹളക്കാരെ പേടിച്ച് നിർത്തിവെച്ചിരുന്നത്രേ. കലാപം കെട്ടടങ്ങിയ ശേഷമാണ് വീണ്ടും ആശുപത്രി കെട്ടിടം പണി പൂർത്തിയാക്കിയത്. പുല്ലങ്കോട് എസ്‌റ്റേറ്റിലെ ആദ്യകാല മാനേജർ ആയിരുന്ന സ്റ്റാൻലി പാട്രിക് ഈറ്റൺ എന്ന വെള്ളക്കാരനെ ലഹളക്കാർ പിടിക്കൂടി വധിച്ചു. ഇതോടെ ബ്രട്ടീഷ് പട്ടാളം ലഹളയെ സർവ്വ ശക്തിയുമുപയോഗിച്ച് അടിച്ചമർത്തുകയും ചെയ്തു. മലബാർ കലാപം ഒതുങ്ങി ഏറെ കഴിവും മുമ്പേ കിഴക്കനേറനാടൻ മലയോരം വീണ്ടും സമരം മുഖരിതമായി. അമ്പതുകളിലും അറുപതിലുകളുമായി കമ്മ്യൂണിസ്റ്റ് നേതാവ് കുഞ്ഞാലിയുടെ നേതൃത്വത്തിൽ പ്രദേശത്തെ ഭൂവുടമൾക്കെതിരെ ഒട്ടേറെ സമരങ്ങൾ നടന്നു.  1942 കാലഘട്ടത്തിലാണ് കാളികാവിലേക്ക് ആദ്യമായി ബസ് റൂട്ട് ആരംഭിക്കുന്നത്. ഇമ്പീരിയൽ എന്ന പേരിലാണ് ആദ്യത്തെ ബസ് സർവ്വീസ് തുടങ്ങിയത്. തുടർന്ന് രാജലക്ഷ്മി, ഇന്ത്യൻ എക്‌സ് സർവീസ് എന്നീ പേരുകളിൽ സർവീസ് ആരംഭിച്ചു.

കാഷിക മേഖലയിൽ കാളികാവിന്റെ പരിവർത്തന ഘട്ടം തുടങ്ങുന്നത്   അറുപതുകളുടെ അവസാനത്തിലെ തിരുവിതാംകൂർ തിരുവിതാം കൂർ കുടിയേറ്റത്തോടെയാണ്. നിബിഡ വന പ്രദേശങ്ങളിൽ റബർ നട്ടുപടിപ്പിച്ച് അവർ നാടിനെ സമ്പുഷ്ടമാക്കിയെടുത്തു, ഇതോടെ നാട്ടുകാരായ കർഷകരും പുതിയ കൃഷി രീതിയിലൂടെ വഴി നടന്നു. എഴുപതുകളുടെ പാതിയോടെയാണ് കാളികാവിന്റ മണ്ണിൽ നിന്നും ഗൾഫിലേക്ക് കുടിയേറ്റം തുടങ്ങുന്നത്. അറബുനാടുകളിൽ എണ്ണപ്പാടം തേടി ആയിരങ്ങൾ കടൽ കടന്നതോടെ നാടിന്റ സാമ്പത്തികാഭിവൃദ്ധി ആരംഭിക്കുകയായി.1961ൽ പുല്ലങ്കോട് പ്രദേശത്താണ് കാളികാവിൽ ആദ്യമായി വൈദ്യുതി വെളിച്ചം എത്തുന്നത്.

1962ലാണ് കാളികാവ് പഞ്ചായത്ത് രൂപവൽക്കരണം നടന്നത്. സ്‌പെഷ്യൽ ഓഫീസർ എന്ന ഉദ്യാഗസ്ഥനായിരുന്നു പഞ്ചായത്തിന്റ ഭരണ ചുമതലയുണ്ടായിരുന്നത്.. കാളികാവ് അങ്ങാടിയിൽ ഇന്ന് ബസ്സ്സ്റ്റാൻഡ് സ്ഥിതി ചെയ്യുന്ന ചന്തപ്പുരക്ക് സമീപത്തെ കെട്ടിടത്തിന്റെ മുകളിലായിരുന്നു ആദ്യത്തെ പഞ്ചായത്ത് ഓഫീസ്. മുൻ മന്ത്രിയും തൊട്ടടുത്ത കൂരാട് സ്വദേശി കൂടിയായ ടി.കെ ഹംസ ഇവിടെ എക്‌സിക്യൂട്ടീവ് ഓഫീസറായി ജോലി ചെയ്തു. പഞ്ചായത്ത് ഓഫീസിന് നേരെ മുമ്പിലെ കെട്ടിടത്തിൽ പോസ്‌റ്റോഫീസും പ്രവർത്തിച്ചിരുന്നു.   1964 ലാണ് തെരഞ്ഞെടുക്കപ്പെട്ട ഭരണ സമിതി കാളികാവ് പഞ്ചായത്ത് ഭരിച്ച് തുടങ്ങുന്നത് കെ. കുഞ്ഞാലി ആയിരുന്നു ആദ്യത്തെ പ്രസിഡന്റ്. കെ.ടി. അലവികുട്ടി വൈസ് പ്രസിഡന്റുമായി തെരഞ്ഞെടുക്കപ്പെട്ടു. ഇപ്പോൾ കാളികാവ് ബസ് സ്റ്റാന്റ് സ്ഥിതിചെയ്യുന്ന ചന്തപുരയും ചെത്ത്കടവ് പുഴയിലെ കുളികടവുമെല്ലാം പ്രഥമ ഭരണ സമിതിയുടെ കാലത്താണ് സ്ഥാപിക്കുന്നത്. 1969ൽ ചുള്ളിയോട് വെച്ച് കുഞ്ഞാലി വെടിയേറ്റ് മരിച്ചു. തുടർന്നുള്ള കാലഘട്ടങ്ങളിൽ ഇ.പി.അലവികുട്ടി എന്ന നാണി ഹാജി (1969-79)വി.അപ്പുണ്ണി (1979-1984) എ.പി. ബാപ്പുഹാജി(1988-1995) എന്നിവർ കാളികാവ് പഞ്ചായത്തിന്റെ ഭരണത്തലവൻമാരായി മാറി.

വിദ്യാഭ്യാസ മേഖലയിൽ പഴയ കാളികാവ് മാറ്റത്തിന് വിധേയമായികൊണ്ടിരിക്കുന്നു.മേഖലയിലെ ആദ്യ ഹൈസ്‌കൂൾ പുല്ലങ്കോട് സ്‌കൂളാണ്..പൂന്താനത്ത് പോക്കർ എന്നയാളാണ് കാളികാവിലെ ആദ്യത്തെ ബിദുധാരി. ഫാറൂഖ് കോളേജിൽനിന്നുമാണ് ഏറെ ക്ലേശിച്ച് അദ്ധേഹം ബിരുദ പഠനം നടത്തിയത്. ഹയർ സെക്കൻഡറി തലം വരെ പഠനം മികച്ച വിദ്യാഭ്യാസ സൗകര്യമായി അടക്കാകുണ്ട് ക്രസന്റ് ഹയർ സെക്കൻഡറിയും മികവിന്റെ കേന്ദ്രമായി കാളികാവ് ബസാർ ജി.യു.പി സ്‌കൂളും മലയോര മേഖലയിൽ വിദ്യഭ്യാസം രംഗത്ത് ഏറെ മാറ്റങ്ങൾ സൃഷ്ടിച്ചു..പാറശ്ശേരി,ചാഴിയോട്, പള്ളിശ്ശേരി,അമ്പലക്കടവ്, ആമപ്പൊയിൽ, ഉദരംപൊയിൽ, മാളിയേക്കൽ,പൂങ്ങോട്, അഞ്ചച്ചവിടി തുടങ്ങിയ പ്രദേശങ്ങളിലെ സ്‌കൂളുകളും മലയോര ജനതക്ക് ആദ്യാക്ഷരം പകർന്ന്‌കൊടുക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു. ഒരു കാലത്ത് വിദ്യാഭ്യാസ രംഗത്ത് ഏറെ പിന്നിലായിരുന്ന മലയോര ഗ്രാമം പിഴവുകൾ തിരുത്തി കാലത്തിനൊപ്പം നടന്നു നീങ്ങി ഇപ്പോൾ  മുന്നേറ്റ പാതയിലാണ്. ഉന്നത പഠന രംഗത്തും ശാസ്ത്ര സാങ്കേതിക മേഖലയിലുമെല്ലാം മലയോരത്തെ കുട്ടികൾ ഉയരങ്ങൾ വെട്ടിപ്പിടിക്കുന്നആഹ്ലാദാനുഭവങ്ങളാണ് നൽകുന്നത്.. ചരിത്രസ്മൃതികൾ നിറഞ്ഞ് നിൽക്കുന്ന മലയോര മണ്ണ് ഇന്ന് പോയകാലത്തിന്റ അനുഭവപാഠങ്ങളിൽ നിന്നും പുതുയുഗത്തിലേക്ക്  കുതിക്കാനുള്ള വെമ്പലിലാണ്…

കാർഷിക സംസ്‌കൃതി

കാർഷിക സംസ്‌കൃതിയുടെ ഓർമ്മ നെഞ്ചേറ്റുന്ന ഗ്രാമം ഏറനാട്ടിലെ നാടുവാഴിത്ത ജൻമിത്ത ചരിത്രം  മലയോമണ്ണിന്റെ ചരിത്രം കീടിയാണ്. ഭൂപരിഷ്‌ക്കരണ നിയമം നടപ്പിലാക്കുന്നതിന് മുമ്പ് വള്ളുവനാട് ഏറനാട് പ്രദേശങ്ങളുടെ നല്ലൊരു ഭാഗവും ആനക്കയത്തിനടുത്തുള്ള വെള്ളിലയിലെ  ആയിരംനാഴി കോവിലകത്തിൻ കീഴിലായിരുന്നു. വള്ളുവനാട് വല്ലഭ വലിയ രാജയായിരുന്നു കോവികത്തെ പ്രഥമ സ്ഥാനീയരീൽ ഒരാൾ. കോവിലകം കുടുംബാംഗമായ എ.സി.കെ രാജ വിവാഹ ബന്ധം വഴി നിലമ്പൂർ കോവിലകത്തെ ബന്ധുവായി. എ.സി.കെ രാജയുടെ അനന്തിരവനായിരുന്നു വർഷങ്ങളായി ചെങ്കോട് താമസിച്ചുവരുന്ന എ.സി.കെ മോഹൻരാജ.

വർഷങ്ങൾക്ക് മുമ്പ് ബ്രഹ്മസ്വം വഴി ആയിരംനാഴി കുടുംബത്തിന്റെ കൈവശം വന്ന  ഭൂപ്രദേശത്ത് അമ്പതിലേറെ കുടിയാൻമാരുണ്ടായിരുന്നു.ഏറെയും മുസ്ലിങ്ങൾ. കൃഷിയും കുടിയാൻമാരുമുള്ള സ്ഥലം ചേരിക്കൽ എന്നാണറിയപ്പെട്ടിരുന്നത്.ചെങ്കോടിന് പുറമെ മേലാറ്റൂർ,കൊളത്തൂർ എന്നിവയായിരുന്നു ചേരിക്കലിൽ ഉൾപ്പെട്ട കളങ്ങൾ.സ്ന്തമായി ഭൂമിയുള്ളത് കോവിലകത്തിന് മാത്രം. കർഷകർ ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്തു.   അമ്പതുകളിൽ ശിവശങ്കരൻ എന്നയാളായിരുന്നു കോവിലക്കത്തെ പാട്ടപ്പിരിവിന്റേയും ഭൂമിയുടെ കൈകാര്യത്തിന്റേയുമൊക്കെ ചുമതല.

1951ലാണ് നിലമ്പൂരിൽനിന്നും ഉണ്ണി കൃഷ്ണൻ നെടുങ്ങാടി ചെങ്കോട് കാര്യസ്ഥനായി എത്തുന്നത്.കോവിലകം ഭൂമി   പാട്ടത്തിനെടുത്ത് കൃഷി നടത്തുന്നവരെ കുടിയാൻമാർ എന്നു വിളിച്ചിരുന്നത്. കുടിയാനിൽനിന്നും കരാറായി വാങ്ങുന്ന രേഖയാണ് പാട്ടശീട്ട്. ശീട്ട് വാങ്ങുന്നതിന്റേയും പകരം അവർക്ക് രശീതി നൽകുന്നതിന്റേയുമൊക്കെ ചുമതല നെടുങ്ങാടിക്കായിരുന്നു. ഇരുവിള കൃഷിയിറക്കുന്ന കർഷകർ വർഷത്തിൽ രണ്ട് പ്രവാശ്യമായിരുന്നു പാട്ടം നൽകേണ്ടിയിരുന്നത്.കന്നി, മകരം മാസങ്ങളിലാണ് കർഷകർ കളത്തിലെത്തി പാട്ടം നൽകേണ്ടിയിരുന്നത്.ചെങ്കോട് പാലം മുതൽ  ഇന്നത്തെ ചെത്തുകടവ് പാലം വരെ വിശാലമായ നെൽവയൽ ചേതോഹരമായ കാഴ്ചയായിരുന്നു. പാട്ടമായി കാളവണ്ടിയിലും തലച്ചുമടായും കളത്തിലെത്തുന്ന നെല്ല് സൂക്ഷിക്കാൻ കളപ്പുരക്കകത്ത് വലിയ രണ്ട് പത്തായങ്ങൾ ഉണ്ടായിരുന്നു. പാട്ടവ്യവസ്ഥ തെറ്റിക്കുന്ന കുടിയാനെതിരെ കോവിലംവക മഞ്ചേരി കോടതിയിൽ കേസ് കൊടുക്കുന്ന സമ്പ്രദായം ഉണ്ടായിരുന്നു.

ഇന്നത്തെ ചെങ്കോട്, ചേറുമ്പ്,പുല്ലങ്കോട് മലവാരമത്രയും ആദ്യകാലത്ത് കോവിലകത്തിന് കീഴിലായിരുന്നു. വന പ്രദേശങ്ങളിലെല്ലാം ആനകളെ പിടിക്കാൻ വാരിക്കുഴികൾ സ്ഥാപിച്ചു. വാരിക്കുഴികളിൽ കുടുങ്ങുന്ന ആനകളെ കയറ്റിക്കൊണ്ടുവന്ന് മെരുക്കാൻ ചെങ്കോട് കളത്തിന് മുൻവശത്ത് ആനപ്പന്തി സ്ഥാപിച്ചിരുന്നു. പിടികൂടുന്ന ആനകളെ മെരുക്കിയ ശേഷം പിന്നീട് മലകളിൽ തടിവലിക്കുന്നതിനും ക്ഷേത്രങ്ങളിൽ എഴുന്നെള്ളിപ്പിനും ഉപയോഗിച്ചു. വാരികളിൽ വീഴുന്ന ആനകളെ കളത്തിലെത്തിക്കാൻ ജമേന്ദാർ നാണിപ്പഹാജി എന്നയാളെ കോവിലകം നിയമിച്ചിരുന്നു.

1970 ൽ ഭൂപരിഷ്‌ക്കരണ നിയമം വന്നതോടെ ജൻമി കുടിയാൻ വ്യവസ്ഥക്ക് അന്ത്യമായി. കോവിലകം വക ഭൂമിയിൽ ഏറിയ പങ്കും കൈവശം വെച്ച കുടിയാൻമാർക്കും മറ്റു ഭൂരഹിതർക്കും നൽകേണ്ടിവന്നു. അവശേഷിക്കുന്ന ഏതാനും സ്ഥലം മാത്രമാണ ഇന്ന് ആയിരം നാഴികോവിലകം കുടുംബത്തിന് ഇവിടെ സ്വന്തമായുള്ളത്. പാട്ടവും നികുതിവരവുമെല്ലാം നിന്നതോടെ പത്തായം കാലിയായി.ഇതോടെ കോവിലകത്തിന്റെ പ്രൗഢിയും മഹിമയും മങ്ങി.ആർപ്പും ബഹളവും ആരവങ്ങളും നിറഞ്ഞ കളപ്പുരയും പരിസരവും നിശ്ശബ്ദമായി. കാലം മാറിയതോടെപോയകാലഘട്ടത്തെ ഓർമ്മയെ സൂക്ഷിക്കുന്ന ചരിത്ര ശേഷിപ്പായി മാത്രം മാറിയിരിക്കുകയാണ് ഇന്നും മോഡിയിൽനിലകൊള്ളുന്ന കളപ്പുര.കോവിലകം കാര്യസ്ഥനായിരുന്ന ഉണ്ണികൃഷ്ണൻ നെടുങ്ങാടി ഇപ്പോൾ അടക്കാകുണ്ടിലെ വീട്ടിൽ വിശ്രമത്തിലാണ്.

മരിക്കാത്ത ഓർമ്മകളായി മൂന്ന് രക്തസാക്ഷികൾ

കാളികാവിന് മരിക്കാത്ത ഓർമ്മകളായി മൂന്ന് രക്തസാക്ഷികൾ ജൂലൈ മാസം കണ്ണീർമഴയായി  മറക്കാനാവത്ത മൂന്ന് രക്ത സാക്ഷികളുടെ ഓർമ്മകളാണ് നാട് നെഞ്ചേറ്റുന്നത്. കാളികാവിന്റെ പ്രഥമ  പഞ്ചായത്ത് പ്രസിഡന്റും എം.എൽ. എയുമായിരുന്ന കെ. കുഞ്ഞാലി വെടിയേറ്റ് മരിച്ചത് ജുലൈയിലെ ഒരു തോരാമഴ ദിവസമാണ്. മലപ്പുറം ഭാഷാ സമരത്തിൽ വെടിയേറ്റ് മരിച്ച സി. കെ. കുഞ്ഞിപ്പയുടേയും കാർഗിലിൽ ശത്രു രാജ്യത്തിന്റെ ആക്രമണത്തിൽ മരിച്ച ജവാൻ അബ്ദുൽ നാസറിന്റേയും രക്തസാക്ഷിത്വവും ഇതേ മാസത്തിലാണ്.

1969 ജൂലൈ 28നാണ്  ഏറനാട്ടിലെ കമ്മ്യൂണിസ്റ്റ് നേതാവായ കെ. കുഞ്ഞാലി ചുള്ളിയോട് വെച്ച് രാഷ്ട്രീയ എതിരാളികളുടെ തോക്കിരയാവുന്നത്.  തൊഴിലാളി വർഗ്ഗത്തിന്റെ ഉന്നതിക്കും പാവപ്പെട്ടവർക്ക് ഭൂമിക്കും വേണ്ടി പോരാടിയ കുഞ്ഞാലിയുടെ വിയോഗം കേരളത്തെ തന്നെ നടുക്കിയ സംഭവമായിരുന്നു.സംസ്ഥാനചരിത്രത്തിൽ ആദ്യമായി വെടിയേറ്റ് മരിക്കുന്ന എം.എൽ. എ കുഞ്ഞാലിയായിരുന്നു.കേരള എസ്‌റ്റേറ്റിലും പുല്ലങ്കോടും അടക്കം വലിയ തോട്ടങ്ങളിൽ തൊഴിലാളികളെ സംഘടിപ്പിച്ചായിരുന്നു കുഞ്ഞാലിയുടെ ട്രേഡ് യൂണിയൻ മുന്നേറ്റം .ജൻമം കൊണ്ട് കൊണ്ടോട്ടി സ്വദേശിയായിരുന്നുവെങ്കിലും കാളികാവായിരുന്നു കുഞ്ഞാലിയുടെ കർമ്മ മണ്ഡലം.കാളികാവ് ചെത്ത്കടവ് പാലത്തിന് സമീപമായിരുന്നു കുടംബസമേതം താമസിച്ചുവന്നത്.  28 ന് ചുള്ളിയോട് അങ്ങാടിയിൽ പാർട്ടി ഓഫീസിൽനിന്നും യോഗം കഴിഞ്ഞിറങ്ങുമ്പോഴായിരുന്നു  അജ്ഞാതൻ കുഞ്ഞാലിക്കുനേരെ വെടിയുതിർക്കുന്നത്. പരിക്കറ്റ കുഞ്ഞാലി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വെച്ചാണ് മരണപ്പെട്ടത്.കുഞ്ഞാലി അന്ത്യവിശ്രമം കൊള്ളുന്നത് കാളികാവ് ജുമാമസജിദ് ഖബർസ്ഥാനിലാണ്. കുഞ്ഞാലിയുടെ മരണത്തിന് പിന്നിൽ ആരെന്നത് ഇന്നും അജ്ഞാതമായിക്കിടക്കുന്നു.

1980 ജൂലൈ 30 ന് അറബി ഭാഷ സംരക്ഷണത്തിനായി മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മറ്റി നടത്തിയ കലകടറേറ്റ് മാർച്ചിന് നേരെ പൊലീസ് നടത്തിയ വെടിവെപ്പിലാണ് കാളികാവ് സ്വദേശിയും യൂത്ത് ലീഗ് പ്രവർത്തകനുമായിരുന്ന കുഞ്ഞിപ്പ ദാരുണമായി കൊല്ലപ്പെടുന്നത്. മജീദ്, റഹ്മാൻ എന്നിവർക്കൊപ്പമാണ് കാളികാവ് സ്വദേശിയായ കുഞ്ഞിപ്പയും വെടിയേറ്റ് മരിക്കുന്നത്. അക്കോമഡേഷൻ, ഡിക്ലറേഷൻ, ക്വാളിഫിക്കേഷൻ എന്ന സർക്കാർ നിലപാട് അറബി ഭാഷ അധ്യാപകരെ ദ്രോഹിക്കാനാണെന്നായിരുന്ന മുസ്ലിംലീഗ് അടക്കമുള്ള സംഘടനകൾ വിശ്വസിച്ചിരുന്നത്. 1980ൽ അന്നത്തെ ഇടത് സർക്കാർ അറബിഭാഷക്കെതിരെ സ്വീകരിച്ച നിലപാടിൽ പ്രതിഷേധിച്ചായിരുന്നു ഭാഷാസമരം. അറബി അധ്യാപക സംഘടനയായ കെ. എ. റ്റി. എഫ് ആണ് സമരം തുടങ്ങിയത്. 1980ൽ തിരുവനന്തപുരത്തേക്ക് സെക്രട്ടറിയേറ്റ് പടിക്കൽ കെ. എ. റ്റി. എഫ് ആഹ്വാനം ചെയ്ത സമരത്തിനായി  എത്തിയ അറബി അധ്യാപകരോട് സി. എച്ച് മുഹമ്മദ് കോയ  പ്രസംഗിച്ചു: 'നിങ്ങൾ അധ്യാപകരുടെ ജോലി കുട്ടികളെ പഠിപ്പിക്കലാണ്. നിങ്ങൾ ക്ലാസ് മുറികളിലേക്ക് മടങ്ങിപ്പോവുക. ഈ സമരം നിങ്ങളിൽ നിന്ന് മുസ്‌ലിം സമുദായം ഏറ്റെടുത്തിരിക്കുന്നു.' ഈ ആവേശം ഉൾക്കൊണ്ടാണ് ഭാഷാസമരം നടത്തുന്നത്. ജൂലൈ 30ന് ജില്ലാ  തലസ്ഥാനങ്ങളിൽ യൂത്ത് ലീഗ് കലക്റ്ററേറ്റ് ഉപരോധം പ്രഖ്യാപിച്ചു. കാളികാവിലെ പ്രധാന യൂത്ത് ലീഗ് പ്രവർത്തകനായിരുന്നു ടാപ്പിങ് തൊഴിലാളിയായ കുഞ്ഞിപ്പ.പ്രവർത്തകർക്കം കാളികാവിൽനിന്നും ആവേശപൂർവ്വമാണ് കുഞ്ഞിപ്പ സമരത്തിൽ പങ്കെടുത്തത്.മലപ്പുറം മുണ്ടുപറമ്പിൽ ഇന്ന് ഗവ. കോളജ് നിൽക്കുന്നിടത്താണ് അന്ന് കലക്റ്ററേറ്റ്. സമുന്നതരായ മുസ്‌ലിം ലീഗ് നേതാക്കൾ ധർണയെ അഭിസംബോധന ചെയ്തു. കുറച്ചുസമയം കഴിഞ്ഞപ്പോൾ പൊലീസ് വാഹനങ്ങൾ വന്ന്  പ്രവർത്തകരെ  അറസ്റ്റ് ചെയ്ത് കൊണ്ടുപോയി. ഇതിനിടെ ഉച്ചയോടടുത്ത്  പെരിന്തൽമണ്ണ ഡി. വൈ. എസ്. പി വാസുദേവൻ  സമരസ്ഥാലത്ത്  പ്രക്ഷോഭത്തിന് നടുവിലൂടെ തന്റെ വാഹനത്തിന് കലക്റ്ററേറ്റ് ഗെയ്റ്റ് കടക്കണമെന്ന് എസ്.പി ആവശ്യപ്പെട്ടു.ഇതിന് സമരക്കാർ വഴങ്ങിയില്ല.ഇത് തർക്കത്തിന് കാരണമായി..തുടർന്നാണ് കലക്റ്ററേറ്റ് വളപ്പിനകത്തുനിന്ന് പൊലീസുകാർ  സമരക്കാർക്കുനേരെ  വെടിവെപ്പ് നടത്തിയതെന്നാണ് പറയപ്പെടുന്നത്. കുഞ്ഞിപ്പയുടെ വിയോഗവും കാളികാവിന് മരിക്കാത്ത ഓർമ്മയാണ്.

നടനവും സംഗീതവും എഴുത്തും നാടിനെ ഉണർത്തിയ കാലം

കാർഷികവൃത്തിയിൽ ഉപജീവനം കണ്ടെത്തിയിരുന്ന കിഴക്കനേറനാടൻ മണ്ണിൽ ദാരിദ്ര്യവും അവികസിതാവസ്ഥയും ദുരിതപർവ്വം സൃഷ്ടിച്ച അമ്പതുകളിലും അറുപതുകളിലുമെല്ലാം കലയുടേയും സാഹിത്യത്തിന്റേയും മിന്നലാട്ടമുണ്ടായിരുന്നു.സഹ്യന്റെ ചെരിവിൽ ചാഞ്ഞ് കിടന്ന മലയോര മണ്ണിൽ തോട്ടപ്പണിയിലും കൂലിത്തൊഴിലും മുഴുകിയിരുന്ന ജനതയിൽ കലയ്ക്കും സംഗീതത്തിനും നാടകത്തിനുമെല്ലാം ഇടം ഉണ്ടാക്കിയത് അനേകം കലാപ്രവർത്തകരുടെ സജ്ജീവ സാനിദ്ധ്യം ഒന്നുകൊണ്ടു മാത്രം.

മലനാടിനെ വരിഞ്ഞ് മുറുക്കിയിരുന്ന അന്ധവിശ്വാസത്തിന്റേയും അജ്ഞതയുടേയും കരിമ്പടങ്ങളെ വകഞ്ഞ് മാറ്റി പരിവർത്തന പാതയിലേക്ക് ചുവടുയർത്തിയത് മുമ്പേ നടന്ന ഈ കലാ മനസ്സുകളുടെ ഇടപെടലുകളിലായിരുന്നു. ജൻമിത്ത നാടുവാഴിത്തം സൃഷ്ടിച്ച അടിമത്ത മനസ്സിനും ദാരിദ്യം സൃഷ്ടിച്ച മുരടിപ്പിനും സംഗീതാത്മതയുടെ താളലയംകൊണ്ട് തെല്ല്  വർണ്ണാഭമാക്കാൻ ആ സർഗ പ്രതിഭകളുടെ ഇടപെടൽ വഴിവെച്ചു. ജീവിതത്തിന്റെ വലിയൊരു പങ്ക് നാടകത്തിനായി ഉഴിഞ്ഞുവെച്ച ചൂരപ്പിലാൻ മമ്മദ് മേസ്തിരി, ഇരിപ്പിലും നടപ്പിലുമെല്ലാം പാട്ടിനെ നെഞ്ചേറ്റിയ  ഇ.കെ അഹമ്മദുണ്ണി റൈറ്റർ എന്ന ഇ.കെ കാളികാവ് എന്നിവർ ഇവരിൽ ചിരസ്മരണീയർ.  ഹംസാഖാൻ പുല്ലങ്കോട്,ശീവല്ലി,അബ്ദുൽ ഖാദർ പുല്ലങ്കോട്,ചന്ദ്രശേഖരൻ പുല്ലങ്കോട്, വി.കെ പത്മനാഭൻ,കുഞ്ഞാലസൻ, ശംസുദ്ദീൻ  ആ പട്ടിക നീളുകയാണ്.

ചൂഷണവും അജ്ഞതയും നിറഞ്ഞാടിയിരുന്ന സാമൂഹ്യവസ്ഥക്കെതിരെയാണ് തന്റെ നാടകങ്ങളിലൂടെ ചൂരപ്പിലാൻ പോരാടിയത്.കാളകൂടം, മാർക്കക്കാരന്റെ മോൾ, പെണ്ണിന് പൊന്നല്ല സീനത്ത്,ലയം, ഡെയ്ഞ്ചർ തുടങ്ങി ഒട്ടനവധി നാടകങ്ങളിലൂടെ അദ്ധേഹം സ്ത്രീ സമൂഹത്തിന്റെ അന്തസ്സുയർത്താനും അവരെ തടവിലിട്ട സാമൂഹിക ചൂഷണത്തിനെതിരെ പടവാളുയുർത്താനും ശ്രമിച്ചു.നിലമ്പൂർ ആയിഷയും നിലമ്പൂർ സീനത്തുമെല്ലാം അഭിനയത്തിനായി അന്ന് കാളികാവിലും പുല്ലങ്കോടുമെത്തി. നാടകാഭിനയം പോലെ സംഗീതവും അഹമദുണ്ണികാക്കാക്ക് ജീവിതമായിരുന്നു. നാടകങ്ങളിലെ പിന്നണിക്കൊപ്പം ഉൽസവപ്പറമ്പുകളിലും മൈതാനങ്ങളിലും കലാ സ്‌നേഹികൾക്കായി രാപ്പകൽ ഭേദമില്ലാതെ അഹമ്മദുണ്ണിക്ക പാടി.പിന്നെ അഭിനയിച്ചു. ഫോക് ലോർ അവാർഡ് ജേതാവ് കൂടിയായ കാളികാവിന്റെ സ്വന്തം ഗായകൻ ഹംസാഖാൻ പുല്ലങ്കോട്, ശ്രീവല്ലി എന്നീ അനുഗ്രഹിത ഗായകരാണ് കലയിലൂടെ നാടിന്റെ പെരുമ പുറം ലോകത്തേക്കുമെത്തിച്ചത്. ഇവർ ആലപിച്ച ഗാനങ്ങൾ ഗ്രാമഫോൺ റെക്കോർഡ് വഴിയും ആകാശവാണിലിലൂടെയും നാടിനപ്പുറത്തേക്കും കാളികാവിന്റേയും പുല്ലങ്കോടിന്റേയും കേളിയുയർത്തി.കുഞ്ഞാനും സൈദാലിയും അസൈനാറും അബ്ദുവും ഇവരുടെ ഗാനമേള ട്രൂപ്പിലുണ്ടായിരുന്നു.കുന്നുമ്മൽ ഇണ്ണിമാനു,മുതുകാട്ടിൽ മൊയ്തീൻ കുട്ടി,കുഞ്ഞൻ പുല്ലങ്കോട്, വി.കെ പത്മനാഭൻ,പൊറ്റയിൽ അബ്ദു,വി.പി ഖാദർ,പത്മനാഭൻ നായർ,മുത്തങ്ങയിൽ ഹംസ, കുഞ്ഞിക്കോയ ഉദരംപൊയിൽ,ആലുക്കൽ ബാലൻ, പുതിയത്ത് ആലിപ്പു,വിജയൻ,പൂന്താനത്ത് മുഹമ്മദലി,വൈശ്യം മുഹമ്മദലി,വി. ഹമീദ്,  തങ്കച്ചൻ ചോക്കാട്, എന്നിങ്ങനെ ഒട്ടേറെ പേർ അരങ്ങിലൂടെ മലയോരത്തെ കലാ പ്രവർത്തനത്തെ സജ്ജീവമാക്കി. . ജോസ് കുറ്റിയാനി, മത്തച്ചൻ തുടങ്ങിയ കലാകാരൻമാർ മലനാടിനെ കലാ രംഗത്തെ സാനിദ്ധ്യമായിരുന്നു.ഇതിൽ തങ്കച്ചൻ ഇപ്പോഴും അണിയറയിൽ സജ്ജീവമാണ്.ആമപ്പൊയിലിലെ മുതീരി വാസുവിന്റെ നേതൃത്വത്തിലുള്ള റേഡിയോ ആർട്ടിസ്റ്റുകളും കാളാകിവന്റെ കലയെ ധന്യമാക്കി,

അകാലത്തിൽ പൊലിഞ്ഞ കലാകാരി കൊല്ലാരൻ നഫീസ ബീഗം കഥാപ്രസംഗ വേദികളിൽ ജില്ലയിലും പുറത്തും നിറഞ്ഞുനിന്നു.അഹമ്മദുണ്ണി റൈറ്ററുടെ തണലിൽ വളർന്ന നഫീസയുടെ വേർപ്പാട് നാടിന് തീരനഷ്ടമാണ് അന്ന് സൃഷ്ടിച്ചത്.

196869 കാലയളവിൽ കാളികാവ് കലാലയ സിനിമാ തിയ്യേറ്ററിൽ സി.എൽ ജോസിന്റെ കൊടുങ്കാറ്റ് എന്ന നാടകം സംഗമം എന്ന പേരിൽ പ്രൊഫഷണൽ ചാരുതയോടെ അവതരിപ്പിക്കപ്പെട്ടു. കെ.ടി അബ്ദുറഹ് മാനായിരുന്നു ഈ നാടകത്തിന്റെ സംവിധായകൻ. മാധവൻ മാസ്റ്റർ രചിച്ച നാല് ഗാനങ്ങൾ കുഞ്ഞാലസന്റെ സംഗീത സംഗീതത്തിൽ ഈ നാടകത്തിൽ അവതരിപ്പിച്ചു. വൈകാതെ ഡോ. മോയിൻകുട്ടിയുടെ സ്‌ക്രിപ്റ്റിൽ 'പറച്ചിറ്റ്' എന്ന നാടകം കൂടി തിയ്യേറ്ററിൽ അവതരിപ്പിച്ചു. ഉണ്ണി മാനു, മുഹമ്മദലി തുടങ്ങിവരായിരുന്നു നാടകത്തിലെ അഭിനേതാക്കൾ.അന്ന് പുല്ലങ്കോട് ഷൂട്ടിങ്ങിനായി വന്ന നടൻ കെ.പി ഉമ്മർ തിയ്യേറ്ററിലെ നാടകം അവതരണ പരിപാടിയിൽ മുഖ്യഅതിഥിയായി എത്തിയിരുന്നു.

വായനയിലേക്ക് നാടിനെ കൈപിടിച്ചുയർത്താൻ വിരളമായിയാണെങ്കിലും വായനശാലകൾ സജ്ജീവമായിരുന്നു അക്കാലത്ത് പുല്ലങ്കോട്ടെ ടാഗോർ വായനശാല ഇതിൽ പ്രധാനപ്പെട്ടതായിരുന്നു. കാളികാവ് അങ്ങാടി കേന്ദ്രീകരിച്ച് അക്കാലത്ത് ഉദയാ വായനശാല പ്രവർത്തിച്ചിരുന്നു. പൊറ്റയിൽ അബ്ദു, എടപ്പെറ്റ അബൂബക്കർ ഈനാദിയിലെ കുറുക്കൻ ഇണ്ണി എന്നിവരായിരുന്നു അതിന്റെ ശിൽപ്പികൾ. ഈ വായനശാപ പിന്നീട് കാളികാവ് പഞ്ചായത്തിന് കൈമാറി.

ഇ.കെ കാളികാവ് എന്ന പേരിൽ അയമുണ്ണിക്ക മണ്ണിന്റെ മാറിൽ എന്ന സിനിമയിലും തന്റെ അഭിനയ പാടവം പ്രകടിപ്പിച്ചു. കലാ സംവിധാകനായി ജമാൽ കാളികാവ് എൺപതുകളിൽ സിനിമയിൽ സജ്ജീവ സാനിദ്ധ്യം തെളിയിച്ചു.മിമിക്രി രംഗത്ത് ജമാൽ പൂങ്ങോട് ഏറെ ശ്രദ്ധപിടിച്ചുപറ്റി. പഴമയുടെ പാരമ്പര്യം കൈവിടാതെ നാട് ഇന്നും കലയ്ക്കും സാഹിത്യത്തിനും അതിന്റേതായ ഇടം കൊടുക്കുന്നു. എഴുത്തുകാരായ കുഞ്ഞുമുഹമ്മദ് അഞ്ചച്ചവിടി. ഹംസ ആലുങ്ങൽ, മുക്താർ ഉദരംപൊയിൽ,ഗിരീഷ് മാരേങ്ങലത്ത്, ശിഹാബ് പറാട്ടി,ഷറഫുദ്ദീൻകാളികാവ്, സക്കീർ അടക്കാകുണ്ട്, ശിഹാബ് അമ്പലക്കടവ് എന്നിവർ കലാരംഗത്തെ ഇന്നിന്റെ സാനിദ്ധ്യമായി നിലകൊള്ളുന്നത്. സാഹിതി സാഹിത്യ കൂട്ടായ്മയുടെ നേതൃത്തിലാണ് കലാ പ്രവർത്തനങ്ങൾ മുന്നോട്ട് പോവുന്നത്.ജ്യോതിക,സുഹ്‌റ പടിപ്പുര തുടങ്ങിയ എഴുത്തുകാരും സാഹിതിക്കൊപ്പമുണ്ട്. ടി.പി ബോസ്, കബീർ ജമാൽ തുടങ്ങിയവർ എഴുത്തുവഴിൽ സജ്ജീവമാണ്.സുലൈമാൻ പള്ളിശ്ശേരി നാടക പ്രവർത്തളിലും അസൈനാർ അഞ്ചച്ചവിടി സംഗീത മേഖലയിലും വേറിട്ട കലാ പ്രതിഭകളാണ്. എൻ.എം ഉമ്മർ അഞ്ചച്ചവിടി ഗാനരചനയിലും ചരിത്ര ആഖ്യാനത്തിലും തന്റേതായ ഇടം സൃഷ്ടിച്ചിട്ടുണ്ട്. സംഗീത മേഖലയിൽ ആഷിക്ക്,രിഫാ മോൾ ചോക്കാട് എന്നിവർ വളർന്നു വരുന്ന പ്രതിഭകളാണ്.ചിത്ര കലാരംഗത്ത് സജ്ജീവ സാനിദ്ധ്യമാണ് രവി ചെങ്കോട്. ത്രിഡി മികവിൽ ചാരുകയാർന്ന രവിയുടെ വരകൾ വിസ്മയമാവുന്നു. നിലമ്പൂർ കേന്ദ്രീകരിച്ചുള്ള പുരോഗമന കലാ സാഹിത്യ പ്രവർത്തനങ്ങളിൽ സജ്ജീവമായ ഷമീജ് പുല്ലങ്കോട് നടന രംഗത്ത് ശ്രദ്ധേയനാണ്.  പുതിയ കാലത്തെ കലയ്‌ക്കൊപ്പം സഞ്ചരിച്ച് കലാ പ്രവർത്തനങ്ങളിലും ഛായഗ്രഹണത്തിലും ഇതിനോടകം നാട്ടിലും വിദേശത്തുമായി മുഹസിൻ കാളികാവ് നാടിന്റെ യശസ്സുയർത്തിയ കലാകാരനാണ്.

പുല്ലങ്കോട് എസ്റ്റ് മലയോരത്തിന്റെ മുഖം മാറ്റിയെടുത്ത റബർ തോട്ടം

കേരളത്തിലെ പ്രമുഖ തോട്ടങ്ങളെല്ലാം പൂട്ടുകയോ ഭാഗിക്കപ്പെടുകയോ ചെയ്തപ്പോളും പ്രതാപം മങ്ങിയെങ്കിലും പ്രൗഢി വിടാതെ നിൽക്കുന്ന റബർ പ്ലാന്റേഷനാണ് പുല്ലങ്കോട് എസ്‌റ്റേറ്റ്. നൂറുകണക്കിന് തൊഴിലാളികൾക്കും ആയിരക്കണക്കിന് കുടുംബങ്ങൾക്കും തണൽ വിരിക്കുന്നു ഈ എസ്‌റ്റേറ്റ്. കൊച്ചി ആസ്ഥാനമായ ആസ്പിൻവാൾ കമ്പനിയുടെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന പുല്ലാങ്കോട് എസ്‌റ്റേറ്റ് ഒരു നാടിന്റെ ചരിത്രം കോറിയിടുന്ന സ്ഥാപനമാണ്. കോഴിക്കോട് സാമൂതിരി രാജാവിന്റെ അധീനതയിലായിരുന്ന സ്ഥലം സാമൂതിരി കുടുംബത്തിലെ പടിഞ്ഞാറെ കോവിലകത്തെ വലിയ തമ്പുരാട്ടിയിൽ നിന്ന് ലീസിനെടുത്താണ് ഇംഗ്ലീഷുകാർ കിഴക്കനേറനാടിൻ മണ്ണിലേക്ക് റബർ പ്ലാന്റേഷൻ കൊണ്ടുവരുന്നത്. നീലഗിരിയിലെ വുഡ് ബ്രിയൻ എസ്‌റ്റേറ്റ് മാനേജറായിരുന്ന ലാമുവൽ കേംബ്രിഡ്ജ് ലിബൻ റൂഡാ ബിസിനസ് പങ്കാളിയായ ഹോഡ്‌സണും ചേർന്നാണ് എസ്‌റ്റേറ്റ് രൂപപ്പെടുത്തിയെടുത്തത്. തുടക്കത്തിൽ 2000 ഏക്കറിലായിരുന്നു റബർ കൃഷി. 1910 ൽ കുക്കിൽ തറവാട്ടിൽ നിന്ന് 4000 ഏക്കർകൂടി ലീസിനെടുത്ത് റബർ കൃഷി വ്യാപിപ്പിച്ചു. 1931 ൽ പാട്ടക്കരാർ പുതുക്കിയതായാണ് കമ്പനി അവകാശപ്പെടുന്നത്. 2400 ഏക്കർ സ്ഥലം ഒഴിവാക്കി 3684 ഏക്കർ സ്ഥലം കമ്പനിയുടെ കൈവശം വന്നു. നിലവിൽ 2134 ഏക്കറിലാണ് റബർ കൃഷി. ആ പോരാട്ട വീര്യത്തിന്റെ കാലടിപ്പാടുകൾ ആ നീലമലയിലുണ്ട്വെ ള്ളപ്പട്ടാളം മലവാരത്ത് തമ്പടിച്ച വിവരം വാരിയൻകുന്നത്ത് അറിഞ്ഞു. അക്ഷ്യോഭ്യനായിരുന്നു ആ സമരനായകൻ. ഇടതൂർന്ന വനത്തിനുള്ളിലെ പുൽത്തകിടിയിൽ എല്ലാം സർവശക്തനിൽ സമർപ്പിച്ച് പ്രാർത്ഥന. അതിനിടയിൽ കാട്ടിനുള്ളിൽ തക്കം പാർത്ത് ഒളിച്ചിരുന്ന വെള്ളപ്പട 'ബാറ്ററി' സൈന്യം ഹാജിയുടെ നേരെ ചാടിവീണു. മലബാർ സമരനായകൻ വാരിയൻകുന്നത്ത് കുഞ്ഞഹമ്മദാജി വെള്ളപ്പട്ടാളത്തിനെതിരെ നടത്തിവന്ന പോരാട്ടത്തിന് അതോടെ അന്ത്യംകുറിക്കുകയായി. സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിലെ ഒരേടും കൂടി ചരിത്രമായി മാറുകയായിരുന്നു. ആലിമുസ്‌ലിയാർക്കൊപ്പം ബ്രിട്ടീഷ് വാഴ്ചക്കെതിരെ ധീരോദാത്തം പോരാടിയ കുഞ്ഞഹമ്മദാജി 1922 ജനുവരി ആറിനാണ് കാളികാവിനടുത്ത് കല്ലാമൂലയിൽ നിന്ന് ബ്രിട്ടീഷ് പട്ടാളം ഒരുക്കിയ കെണിയിൽ വീണത്. ബ്രിട്ടീഷ് ഭരണകാലത്തും അതിനുമുമ്പും ജന്മിത്തദുഷ്പ്രഭുത്വത്തിന് കീഴിൽ കുടിയാന്മാരായി കഴിഞ്ഞിരുന്ന മാപ്പിളമാർ അധ:സ്ഥിതരായ മറ്റു വിഭാഗങ്ങൾക്കൊപ്പം നാടുവാഴിത്തത്തിനെതിരെ പ്രതിഷേധം ഉള്ളിലൊതുക്കി കഴിയുകയായിരുന്നു. സ്വന്തമായി മണ്ണും കൃഷിഭൂമിയുമില്ലാതെ ദുരിതജീവിതം പേറിയിരുന്ന ഏറനാട്ടിലെ മാപ്പിളമാർക്ക് ബ്രിട്ടീഷ് വാഴ്ചയുടെ ഫലമായി സാമൂഹികസുരക്ഷിതത്വം കൂടി നഷ്ടമായിരുന്നു. മലബാർ കലാപത്തിന്റെ മുമ്പുതന്നെ ഒറ്റപ്പെട്ട് പലയിടത്തും മാപ്പിളമാർ ബ്രിട്ടീഷ് ഭരണത്തിനെതിരെ ചെറുത്തുനിൽപ് നടത്തി. ഇതിനിടയിലാണ് ദേശീയതലത്തിൽ ഖിലാഫത്ത് പ്രസ്ഥാനം പ്രഖ്യാപിക്കപ്പെടുന്നത്. ഏറനാട്ടിൽ എ.പി. നാരായണമേനോനും ആലിമുസ്‌ലിയാരും കട്ടിലശ്ശേരി മുഹമ്മദ് മുസ്‌ലിയാരും രൂപപ്പെടുത്തിയ ഖിലാഫത്ത് സമരം, വെള്ളപ്പട്ടാളത്തിന്റെ ക്രൂരമായ ചെയ്തികളോടെ ഗതി മാറുകയായിരുന്നു. തിരൂരങ്ങാടിയിലും പൂക്കോട്ടൂരിലും തിരൂരിലും കലാപം ആളിപ്പടർന്നു. ഇതിനിടെ, ബ്രിട്ടീഷ് വാഴ്ചകൾക്കെതിരെ മാപ്പിളമാരുടെ സമാന്തര സർക്കാർ എന്ന ആശയവും ഉയർന്നുവന്നു. വാരിയൻകുന്നത്തായിരുന്നു ഈ നീക്കത്തിന് ചുക്കാൻ പിടിച്ചത്. പാണ്ടിക്കാട് വെച്ച് ഇതിനായി പ്രത്യേക സമ്മേളനം നടത്തി. നിലമ്പൂർ, പന്തല്ലൂർ, തുവ്വൂർ പ്രദേശങ്ങളുടെ ഭരണച്ചുമതല കുഞ്ഞഹമ്മദാജിക്കായിരുന്നു. ചെമ്പ്രശ്ശേരി തങ്ങൾക്ക് മണ്ണാർക്കാടിന്റെയും ആലി മുസ്‌ലിയാർക്ക് തിരൂരങ്ങാടിയുടെയും വള്ളുവനാട്ടിലെ ബാക്കി പ്രദേശങ്ങളുടെ ചുമതല സീതിക്കോയ തങ്ങൾക്കും ലഭിച്ചു. വിപ്ലവസർക്കാരിന്റെ പ്രവർത്തനം ഇടക്ക് നിയന്ത്രണം തെറ്റിയതോടെ സമരത്തെ നേരിടാൻ വെള്ളപ്പട്ടാളം മലബാറിലേക്ക് ഇരച്ചെത്തി. മാപ്പിളമാരെ അടിച്ചൊതുക്കലിന്റെ ഭാഗമായി സ്ത്രീകളേയും കുട്ടികളേയും വരെ പട്ടാളം ദ്രോഹിച്ചു. ഇതിനിടയിൽ ആലിമുസ്‌ലിയാരും ചെമ്പ്രശ്ശേരി തങ്ങളും പട്ടാളത്തിന്റെ പിടിയിലായതോടെ വാരിയൻകുന്നത്ത് തന്റെ പ്രവർത്തനമേഖല നിലമ്പൂരിലേക്ക് മാറ്റി. കിഴക്കൻ മലയോരത്തെ കാടുകളിൽ ഒളിച്ചുപാർത്തായി പിന്നീടുള്ള പോരാട്ടം. ചോക്കാട് കല്ലാമൂല വനത്തിൽ താമസിച്ച് അദ്ദേഹം വെള്ളക്കാർക്കെതിരെ ഒളിപ്പോര് തുടർന്നു. ബ്രിട്ടീഷ് ദുഷ്ഭരണത്തിനെതിരെ ദുർബലമെങ്കിലും ഒട്ടേറെ ചെറുത്തുനിൽപുകൾ കിഴക്കനേറനാടൻ മലയോരത്തും നടന്നിരുന്നു. വാരിയൻകുന്നത്ത് എത്തിയതോടെ ഈ പോരാട്ടങ്ങൾക്ക് മൂർച്ചകൂടി. ബ്രിട്ടീഷുകാരായ തോട്ടം ഉടമകൾക്കെതിരെ ചെറുത്തുനിൽപ് സമരം ശക്തമായി. ഇതിനിടയിൽ തൊഴിലാളികളോട് മോശമായി പെരുമാറിയ പുല്ലങ്കോട് എസ്‌റ്റേറ്റ് മാനേജർ എസ്.വി. ഈറ്റണെ മാപ്പിള സമരക്കാർ വധിച്ചു. സമരനായകൻ വാരിയൻകുന്നത്തിനെ ഏതുവിധേനയും പിടികൂടുക എന്ന ലക്ഷ്യവുമായി മലബാർ പോലീസ് സൂപ്രണ്ട് ഹിച്ച് കോക്ക് ബാറ്ററി എന്ന പേരിൽ പ്രത്യേക സേന തന്നെ രൂപവത്കരിച്ചു. കല്ലാമൂല വീട്ടിക്കുന്നിൽ വലിയപാറയുടെ ചാരെ ഇലകൾകൊണ്ടും മറ്റും മൂടിയ താവളത്തിലായിരുന്നു വാരിയൻകുന്നത്തും അനുയായികളും കഴിഞ്ഞിരുന്നത്.

ചാരന്മാരുടെ സഹായത്തോടെ ബ്രിട്ടീഷ് പട്ടാളം വാരിയൻകുന്നത്തിന്റെ താവളം കണ്ടെത്തി. ബാറ്ററി സേന കല്ലാമൂല മലവാരത്തിലെത്തി. ഒളിവിൽ പാർത്തുവന്ന കുഞ്ഞഹമ്മദാജിയെയും 27 അനുയായികളെയും സേന പിടികൂടി. അനുരഞ്ജന രൂപത്തിലെത്തി കുഞ്ഞഹമ്മദാജിയെ നമസ്‌കരിക്കുന്നതിനിടെ ചതിയിൽ പിടികൂടുകയായിരുന്നുവെന്നാണ് ചരിത്രകാരന്മാർ രേഖപ്പെടുത്തിയിരുന്നത്. തുടർന്ന് കാളികാവ് പോലീസ് സ്‌റ്റേഷനിൽ കൊണ്ടുവന്ന് കാൽനടയായും കുതിരവണ്ടി വഴിയുമെല്ലാം അടുത്ത ദിവസം മലപ്പുറത്തെത്തിച്ചു. പേരിന് ഒരു വിചാരണ നടത്തി ബ്രിട്ടീഷ് പട്ടാളക്കോടതി 1922 ജനുവരി 20 ന് രാവിലെ 10 മണിയോടെ മലപ്പുറം കോട്ടക്കുന്നിൽ വെച്ച് വാരിയൻകുന്നത്ത് കുഞ്ഞഹമ്മദാജിയെ വെടിവെച്ച് കൊല്ലുകയായിരുന്നു. വധശിക്ഷയേറ്റുവാങ്ങുമ്പോഴും കുലുങ്ങാത്ത മനസ്ഥൈര്യമായിരുന്നു കുഞ്ഞഹമ്മദാജി കാണിച്ചത്. കോടതിയിൽ വെച്ച് ജഡ്ജിയോടായി ഹാജിക്ക് ഒരു കാര്യം മാത്രമായിരുന്നു ആവശ്യപ്പെടാനുണ്ടായിരുന്നത്. വെള്ളപ്പട്ടാളം സാധാരണ ചെയ്യുന്നതുപോലെ കണ്ണ് മൂടിക്കെട്ടി പിന്നിൽനിന്നും തന്നെ വെടിവെക്കരുതെന്നും മറിച്ച് കണ്ണുകെട്ടാനുമായിരുന്നു ഹാജി ആവശ്യപ്പെട്ടിരുന്നത്. പ്രാർത്ഥിക്കുവാൻ അവസരം വേണമെന്നും ആവശ്യപ്പെട്ടു.

മലബാർ സമരചരിത്രത്തിന് 94 വർഷം പിന്നിടുമ്പോഴും സാമ്രാജ്യത്വ പോരാട്ട വീഥിയിൽ പൊരുതിവീണ സമരനായകന്റെ കാൽപാടുകൾ പതിഞ്ഞ സഹ്യന്റെ മടിത്തട്ടിലെ പർവതനിരകളിൽ ആ പോരാട്ടവീര്യത്തിന്റെ പ്രകമ്പനങ്ങൾ നിറഞ്ഞുനിൽക്കുന്നുണ്ട്.

നെഞ്ചകത്ത് കാൽപന്തിന്റെ ചടുലതാളങ്ങൾ സൂക്ഷിച്ചനാട്

ഫ്ട്ബാളിന്റെ താളലയങ്ങളിൽ അലിഞ്ഞ മലപ്പുറത്തിന്റെ ഫുട്ബാൾ പെരുമക്കൊപ്പം സഞ്ചരിക്കുന്ന നാടാണ് കാളികാവ് പ്രദേശം.ചാലിയാറിന്റെ കൈവഴിയായ പരയിങ്ങാട് പുഴ രണ്ടായി തിരിക്കുന്ന ഗ്രാമം.മണ്ണിനോട് മല്ലടിക്കുന്ന മലയോര കർഷകരുടെ കർമഭൂമി. കാളികാവിന്റെ ഭൂമിശാസ്ത്രമിതാണ്. റബർ തോട്ടങ്ങളിൽനിന്നും അലയടിടച്ച് വരുന്ന കാറ്റിന് പോലും ഫുട്ബാൾ മൈതാനത്തിന്റെ ചൂരുണ്ടുവിടെ. കാരണം ലളിതം.  ഈ ഗ്രാമത്തിന്റെ മനസ്സിൽ കാൽപന്ത് കളിയല്ലാതെ മറ്റൊരുകളിയില്ല. ഫുട്ബാളിനെ നെഞ്ചേറ്റുന്ന ജില്ലയുടെ കായിക പാരമ്പര്യത്തിനൊപ്പം നടന്ന കാൽപന്ത്കളിയുടെ മാസ്മരിക ചുവടുകൾ തൊട്ടറിഞ്ഞ ആറു പതിറ്റാണ്ടിന്റെ ചരിത്രമുണ്ട് കാളികാവിന്. മേടച്ചൂടിൽ ചൂളിവിളിയുരയുന്ന റബർ മരങ്ങളെ സാക്ഷിനിർത്തി ഇവിടെ നടക്കുന്ന ഫുട്ബാൾ മേളകൾ ഒരു കാലത്ത് നാടിന്റെ ഉൽസവമായിരുന്നു.

അഞ്ചു തലമുറകൾക്ക് കാളികാവിന്റെ ഹരിശ്രീ പകർന്നു നൽകിയഅമ്പലക്കുന്ന മൈതാനം നാടിന്റെ ഫുട്ബാൾ സ്മാരകമായി ഇന്നും തലയുയർത്തി നിൽക്കുന്നു. മഞ്ചേരിയിലും കോട്ടക്കലും വണ്ടൂരിലിലും ജില്ലക്ക് പുറത്തുമുള്ള കളി മൈതാനങ്ങളിൽ കാളികാവിന്റെ കുട്ടികൾ ഏതിർപ്പടയുടെ കെട്ടുപൊട്ടിച്ചോടുമ്പോൾ  ആർപ്പുവിളിയുമായി  കാളികാവിന്റെ മൺമറഞ്ഞ ഫുട്ബാൾ കമ്പക്കാരിൽ നിറഞ്ഞു നിന്ന ചുണ്ണ മുഹമ്മദും രായിൻ അയ്യപ്പനും പുല്ലങ്കോട് മുഹമ്മദിനുമൊപ്പം നാട്ടുകാർ ഏറിയ പങ്കും ഒപ്പമുണ്ടായിരുന്നു. പന്തുരുളുന്ന നാട്ടിലേക്ക് കാളികാവിൽനിന്ന് വാഹനമുരുളും. ടാക്‌സി ജീപ്പുംെൈ ബക്കും ഓട്ടോറിക്ഷയും കളിക്കളത്തിലേക്കൊഴുകിക്കഴിഞ്ഞാൽ അന്ന് കാളികാവ് അങ്ങാടി കാലിയാവുമായിരുന്നു.

1950 52 ലാണ് കാളികാവിന്റെ ഫുട്ബാൾ ചരിത്രത്തിന് തുടക്കം.ബംഗാളത്ത് ഉണ്ണി മൂസ, കൂരി സി മുഹമ്മദ്,നങ്ങച്ചൻ അബ്ദു, വള്ളിപ്പാടൻ അബു ഹാജി എന്നിവർ ഫുട്‌ബോൾ കമ്പത്തിന് ഊടുംപാവും നെയ്ത് മുമ്പേ നടന്നവർ. എസ്.ആർ ക്ലബ്ബ് എന്ന പേരിലാണ് കാളികാവിൽ ആദ്യത്തെ സ്‌പോർട്ട്‌സ് ക്ലബ്ബ്.യു.സി നാരായണൻ നമ്പൂതിരി നൽകിയ അമ്പലക്കുന്ന് മൈതാനമായിരുന്നു കാളികാവിന്റെ പ്രധാന കാൽപന്ത് പരിശീലനക്കളരി. പോർട്ടറായിരുന്ന നങ്ങച്ചൻ അബ്ദുവും മീൻ കച്ചവടക്കാരായിരുന്ന വള്ളിപ്പാടൻ അബ്ദു ഹാജിയും മൈനേഴ്‌സ്, അക്ബർ എന്നീ പേരുകളിൽ ക്ലബുകൾ തുടങ്ങി പുതിയ താരങ്ങളെ വഴി നടത്തി. കാളികാവ് അങ്ങാടിക്കടുത്ത ചന്തപ്പാടത്തും ഇപ്പോൾ അർബൻ ബാങ്ക് സ്ഥിതി ചെയ്യുന്ന സ്ഥലത്തുമായിരുന്നു അന്നത്തെ ഫുട്ബാൾ ഗ്രൗണ്ടുകൾ. പൂന്താനത്ത് മുഹമ്മദലി, പാലത്തിങ്ങൽ നാണി,പാണ്ടിക്കാടൻ മുഹമ്മദ്, നാണിപ്പ തങ്ങൾ,പൊറ്റയിൽ അബ്ദു,ഒ.പി മൊയ്തീൻ കുട്ടി എന്നിവർ മുൻഗാമികളുട  പാരമ്പര്യം നിലനിർത്തി.കോൽക്കാരൻ ചെറിയോൻ, എടപ്പെറ്റ കുട്ടി, സീതി,വി.കെ മൊയ്തീൻകുട്ടി, മോയിൻ ഹാജി,അഞ്ചല മുഹമ്മദ് എന്നിവർ കാൽപന്ത് കളിയുടെ വളർച്ചക്ക് വേണ്ട എല്ലാ പ്രോൽസഹനങ്ങളും നൽകി. പി.അലവിക്കുട്ടി,ശങ്കരൻ, ബീരാൻ, പാറക്കൽ ഖാലിദ്, മുഹമ്മദ്, യൂസഫ്, ഹമീദ് എന്നിവരും ഫുട്ബാളിനെ കാളികാവിൽ ഉറപ്പിച്ച് നിലനിർത്തി.കൂരി സി മുഹമ്മദ്,കെ.ടി അബ്ദുറഹ് മാൻ, പൂലാടൻ കുഞ്ഞാൻ, ചൂരക്കുത്ത് മുഹമ്മദ്, പി.പി ഗഫൂർ,അസീസ് തുടങ്ങിയവർ അമ്പയറിങ്ങിലും മികവു കാട്ടി. കാളികാവിന്റെ എക്കാലത്തേയും മികച്ച ഫുട്ബാൾ താരമായിരുന്ന മുഹമ്മദലിയുടെ ആകസ്മിക മരണത്തോടെ  നാടിന്റെ ഫുട്ബാൾ ശോഭക്ക് നേരിയ മങ്ങലുണ്ടായി. 1976ൽ രൂപവൽക്കരിക്കപ്പെട്ട ഫ്രണ്ട്‌സ് ക്ലബ് സജ്ജീവമായതോടെ ഫുട്ബാൾ ലഹരിക്ക് വീണ്ടും ജീവൻ തിരിച്ചുകിട്ടി. ആനപ്പട്ടത്ത് കുഞ്ഞാപ്പ, കെ.ടി അബ്ദു റഹ്മാൻ എന്നിവരാണ് ഫ്ണ്ട്‌സ് ക്ലബിന്റെ പിറവിക്ക് പിന്നിൽ. ഒരു നാടു മുഴുവൻ ഫ്രണ്ട്‌സ് ക്ലബിനൊപ്പം നടന്നു. രാഷ്ട്രീയ ഭേദങ്ങൾ മറന്ന് ഫുട്ബാളിനെ പ്രോൽസാഹിപ്പിച്ചതിൽ എടപ്പെറ്റ കുട്ടി സാഹിബ്, സീതി, ബംഗാളത്ത് കുഞ്ഞാൻ എന്നിവരുടെ നേത്വത്വം മറക്കാനാവില്ല.കുറി നടത്തി കളിക്കാരെ പുറത്ത് നിന്നും കളിക്കാരെ ഇറക്കിയ എലമുറിയൻ അലവിയും നാടിന്റെ ഫുട്ബാൾ കമ്പത്തിന് ചടുലത പകർന്നു. പിന്നീട്  സഹീർ, നാസർ, മധു,കെ. കെ ഹംസ,വെങ്കിട്ടൻ, ഷറഫുദ്ദീൻ,അബു,ബാബുസലാം,ഏമാടൻ യൂസഫ് പുല്ലങ്കോട്ട്‌നിന്നും അബ്ബാസ്, അബ്ദു, അവറാൻ, ഇസ്മായിൽ, കുഞ്ഞീതു എന്നിവരും ഇവരുടെ ചുവടുകൾ പിന്തുടർന്ന് ഷാജി, നസീർ,അഷ്‌റഫ്, രാജൻ, മുജീബ്‌റഹ്മാൻ,ഷൗക്കത്തലി, ചന്ദ്രൻ, ബാബു സലാം,ഷരീഫ്, ഇബ്രാഹിം,വേലായുധൻ, അബുട്ടി, ഇസ്മായിൽ, ,റസാഖ്,സൈതാലി, മുസ്തഫ,മൊയ്തീൻ, കെ.ടി ജംഷീർ, ശിഹാബ് തുടങ്ങി കളിക്കാരുടെ നീണ്ടനിര തന്നെ വളർന്നുവന്നു. കാളികാവിന് പുറമെ അഞ്ചച്ചവിടി കേന്ദ്രീകരിച്ച് നാഷണൽ സ്‌പോർട്‌സ് ക്ലബ്,പുല്ലങ്കോട് യം ഇന്ത്യാ ക്ലബ്, ഉദരംപൊയിൽ മോണിങ് സ്റ്റാർ തുടങ്ങിയവ അന്നത്തെ പ്രധാന സെവവൻസ് ടീമുകളായിരുന്നു. ഇതിനിടെ പ്രൊഫഷണലിസത്തിന്റെ പിൻബലവുമായി കെ. എഫ്. സ്ി കാളികാവ് ടീം ജനിച്ചു. മുൻ ഗോൾകീപ്പർ യൂസഫ് മാനേജറായ ടീം ഏറെ നേട്ടങ്ങൾ കൊയ്തു. കോഴിക്കോട് നാഗ്ജി ടൂർണമെന്റിലും കാളികാവിന്റെ കാൽപന്ത് പ്രതിഭകൾക്ക് തങ്ങളുടെ കളിപാടവം കാഴ്ചവെക്കാനായി.

ഗൾഫിലേക്ക് നിരവധി താരങ്ങൾ കുടിയേറിയതോടെ കാളികാവിന്റെ ഫുട്ബാൾ വളർച്ചക്ക് വിഘാതമായെങ്കിലും അടുത്തിടെ ഫുട്ബാളിന് വീണ്ടും ഉയിർപ്പ് നൽകി നാടാകെ സെവൻസ് ടൂർണമെന്റുകൾ സജ്ജീവമായി വരുന്നു. ഫ്രണ്ട്‌സ് ക്ലബ്ബിന് പുറമെ അടുത്തിടെ കാളികാവ് കേന്ദ്രീകരിച്ച് നിലവിൽവന്ന ഗ്യാങ്സ്റ്റാർ ക്ലബ്ബിന്റെ പിറവി കാൽപന്ത്കളിയുടെ വളർച്ചക്ക് ഒന്ന്കൂടി സഹായകരമായി. അടുത്തിടെ കോഴിക്കോട് കേന്ദ്രീകരിച്ച് ആരംഭിച്ച സെപ്റ്റ് ഫുട്ബാൾ അക്കാദമിയിലൂടെ വീണ്ടും കാൽപന്തിന്റെ പ്രതാപകാലത്തേക്ക് തിരിച്ചുവരാനൊരുങ്ങുകയാണീ ഫുട്ബാൾ ഗ്രാമം. 2018ൽ ദേശീയ ഐ ലീഗിൽ കളിക്കാൻ  13 വയസ്സിനു താഴെയുള്ള ഒമ്പത് കളിക്കാർക്കാണ് അവസരം ലഭിച്ചത്. തികവാർന്ന പരിശീല പരിപാടിയിലൂടെ ഫുട്ബാളിന്റെ പുത്തൻ അടവുകളും തന്ത്രങ്ങളും പയറ്റി തെളിഞ്ഞ് ഈ കുട്ടികൾ ഉൾപ്പെട്ട ഗോകുലം  ഐലീഗിൽ കളിക്കളത്തിലിറങ്ങുന്നു.

കാളികാവ് ഫ്രണ്ട്‌സ് ക്ലബിന്റെ സെപ്റ്റ് ഫുട്ബാൾ ടീമിലൂടെ രംഗത്തെത്തിയ ഈ കൊച്ചു താരങ്ങൾ ഗോകുലം എഫ്. സി ടീമിലൂടെയാണ് രംഗത്തിറങ്ങിയത്ചി ട്ടയായ പരിശീലനത്തിലൂടെ പുതിയ തലമുറയെ ഈ രംഗത്തേക്ക് കൈപിടിച്ചുയർത്താൻ  മൂന്നു വർഷംകൊണ്ടായിട്ടുണ്ട്. കാളികാവ് ഫ്രണ്ട്‌സിന്റെ സ്റ്റാർ സ്‌െ്രെടക്കറായിരുന്ന കെ. ഷാജിയാണ് ടീമിന്റെ പരിശീലകൻ. മികച്ച കളിക്കാരായ കെ. ടി ജംഷീറും കൊമ്പൻ മൊയ്തീനും കുട്ടികള കണ്ടെത്തി പരിശീലനം നൽകി. മികച്ച ടീമായപ്പോൾ ഒട്ടേറെ അവസരം കുട്ടികളെ തേടിയെത്തിക്കൊണ്ടിരിക്കുന്നത് ഏറെ പ്രതീക്ഷയുയർത്തുന്നു. കായികരംഗത്ത് നാടിന് ഫുട്ബാളിനപ്പുറവും നേട്ടങ്ങളുണ്ടായി. ചേരിക്കത്തൊടി ഹംസ അത്‌ലറ്റിക്‌സിലും പരതയിൽ ഉമ്മർ ഹോക്കിയിലും ദേശീയ നേട്ടം കൈവരിച്ച പഴയ താരങ്ങളാമ്.അടക്കാകുണ്ട് ക്രസന്റ് ഹയർ സെക്കൻഡറയിൽസി.ടി നാസർ മാസ്റ്ററുടേയും ലൗലി ടീച്ചറുടെ നേതൃത്വത്തിൽ നൽകിയ പരിശീലനം വഴി മുഹമ്മദ് സഅദ് അടക്കമുള്ള നിരവധി കായിക താരങ്ങൾ ഹാൻഡ്ബാളിലും അത്‌ലറ്റിക്‌സിലും നാടിന്റെ പെരുമയുയർത്തി മുന്നേറി. കാളികാവ് സ്വദേശിയായ വി.ടി റാഫി ദീർഘകാലം വിദേശത്ത് ഗോൾഫ് കളിച്ചും പരിശീലകനായും പ്രവർത്തിച്ചും ശ്രദ്ധ നേടിയ തായിക പ്രതിഭയാണ്.യു.എ.ഇ വനിതാ ക്രിക്കറ്റ് ടീമിനായി രാജ്യന്തര മൽസങ്ങളിൽ കളിക്കാൻ കാളികാവിലെ ഷിനി സുനീറയുണ്ടായിയെന്നതും നമുക്ക് അഭിമാനകരമാണ്.

കാളികാവിന്റെ മുഖം മാറ്റിയ തിരുവിതാകൂർ കുടിയേറ്റം

ഇരുപതാം നൂറ്റാണ്ടിൽ തിരുവതാംകൂർ ഭാഗത്തു നിന്ന് മലബാർ മേഖലയിലേക്ക നടത്തിയ കുടിയേറ്റത്തെയാണ് മലബാർ കുടിയേറ്റം എന്ന് വിശേഷിപ്പിക്കുന്നത്.1921 കാലഘട്ടത്തിൽ തന്നെ മലബാർ കുടിയേറ്റം ആരംഭിച്ചിട്ടുണ്ട്.സ്വതന്ത്രപൂർവ്വ ഇന്ത്യയിൽ മദ്രാസ് പ്രവിശ്യയ്ക്കു കീഴിലായിരുന്നു മലബാർ. ഇരുപതാം നൂറ്റാണ്ടിൽ മധ്യ തിരുവതാംകൂറിലെ ജനസംഖ്യ അധികരിക്കുകയും എന്നാൽ കൃഷിഭൂമിയുടെ വിസ്താരം കൂടുതലില്ലാതെ തുടരുകയും ചെയ്തു. മലബാർ മേഖലയിലുള്ള സ്ഥലങ്ങളിലെ കൃഷിസാധ്യത മനസ്സിലാക്കി പലരും ഇവിടങ്ങളിലേക്ക് കുടിയേറിപ്പാർത്തു. പ്രാദേശിക ജന്മികളുടെയും, രാജാക്കന്മാരുടെയും കയ്യിൽ നിന്ന് സ്ഥലം വാങ്ങി തോട്ടങ്ങൾ നിർമ്മിച്ചു. ഇത്തരത്തിൽ അഭിവൃദ്ധി നേടിയ കർഷകരുടെ അനുഭവങ്ങളിൽ നിന്ന് ഊർജ്ജം ഉൾക്കൊണ്ട് കൂടുതൽ ആളുകൾ മലബാറിലേക്കെത്തി. 1950 ആയപ്പോഴേക്കും കുടിയേറ്റം അതിന്റെ പാരമ്യത്തിലെത്തിയിരുന്നു.

പൊന്നുവിളയുന്ന കൃഷിടിടങ്ങൾ തേടി എത്തിയവരിൽ ഏറെപ്പേരും പാല, കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി തുടങ്ങിയ സ്ഥലങ്ങളിൽനിന്നുമായിരുന്നു.എറണാകുളം, ഇടുക്കി ജില്ലകളിലെ മലമ്പ്രദേശങ്ങളിൽ നിന്നുള്ളവരും ധാരാളമായി മലബാറിലേക്കെത്തി. കുടിയേറിയവരിൽ െ്രെകസ്തവരും ന്യൂനപക്ഷം ഹിന്ദുക്കളും, മുസ്ലീങ്ങളുമുണ്ടായിരുന്നു. ഈ കുടിയേറ്റത്തോടെ മലബാറിലെ പല മലനിരകളിലും ചെറു പട്ടണങ്ങളും, ഗ്രാമങ്ങളും ഉണ്ടായി.

1960 കാലഘട്ടത്തിൽ  ജില്ലയിലെ കിഴക്കൻ പ്രദേശങ്ങളിൽ ചുങ്കത്തറ, എടക്കര, വഴിക്കടവ്, കാളികാവ്, കരുവാരകുണ്ട് എന്നീ പ്രദേശങ്ങളാണ് പ്രധാനമായും തിരുവിതാംകൂർ കുടിയേറ്റത്തിന് വിധേയമായ ഗ്രാമങ്ങൾ. ഭൂപരിഷ്‌ക്കരണ നിയമം വരുന്നതോടെ കൈവശമുള്ള ഭൂമിയത്രയും സർക്കാരിലേക്ക് പോവുമെന്ന് വന്നതോടെയാണ് കോവിലകം കുടുംബം ഇടനിലക്കാർ മുഖേന ഭൂമി കൈമാറ്റത്തിനുള്ള നടപടി തുടങ്ങിയത്. സ്വതവേ അദ്ധ്വാനശീലരായ തിരുവിതാംകൂർ മണ്ണും തേടി പലകുറി മലബാറിലെ വിവിധ പ്രദേശങ്ങളിൽ വന്നുപോയുമിരുന്നു. 1966 ലാണ് കാളികാവ് മേഖലയിൽ കുടിയേറ്റത്തിന് തുടക്കമാവുന്നത്. ആയിരംനാഴി  കോവിലകത്തിന്റെ കീഴിലായിരുന്ന ചെങ്കോട് മലവാരത്തിലെ 3650 ഏക്കർ സ്ഥലം തിരുവിതാംകൂറിൽനിന്നെത്തിയ കർഷകർ സ്വന്തമാക്കി. തൊണ്ണൂറുകളുടെ ആരംഭത്തിൽ കുടിയേറ്റത്തിന് ഗതിമാറ്റം വന്നു. പുതിയ ലോകം വെട്ടിപ്പിടിക്കാനുള്ള യാത്രക്കൊടുവിൽ പലരും പുതിയ കൃഷിയിടം തേടി.അയൽ ജില്ലകളിലേക്കും അയൽ സംസ്ഥാനങ്ങളിലേക്കുമായി ആ യാത്ര തുടരുന്നു. കുടിയേറ്റത്തിന് അവസാനമില്ലെന്നാണല്ലോ പറയുന്നത്