സി.എം.എച്ച്.എസ് മാങ്കടവ്/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്

തദ്ദേശീയമായ അറിവ് അല്ലെങ്കിൽ ഗ്രാമീണ ജനതയുടെ അറിവാണ് നാട്ടറിവ്. പാരമ്പര്യമായി കിട്ടിയ അറിവാണത്. തലമുറകളിലൂടെ കൈമാറി വരുന്ന ഇത്തരം അറിവ് പ്രയോഗത്തിലൂടെ വികസിച്ചുകൊണ്ടിരിക്കും. പ്രകൃതിയുമായി ഇണങ്ങിച്ചേരുന്ന നാട്ടറിവ് അനുഭവങ്ങളിലൂടെയാണ് പഴമക്കാർ സ്വായത്തമാക്കിയത്.

ഗ്രാമീണ ജനതയുടെ ജീവിതരീതി, കലാപൈതൃകം, ആചാരവിശ്വാസങ്ങൾ, വാങ്മയരൂപങ്ങൾ തുടങ്ങി നമ്മുടെ സാംസ്കാരിക സമ്പത്ത് മുഴുവൻ നാട്ടറിവിൽ പെടുന്നു. ഐതിഹ്യങ്ങളും നാട്ടുസംഗീതവും, വാമൊഴിചരിത്രവും, നാടോടിക്കഥകളും, ഭക്ഷണരീതിയും നാട്ടുചികിത്സയും കൃഷിയറിവുകളുമെല്ലാം നാട്ടറിവാണ്.

ആധുനിക കലാരൂപങ്ങളും സാഹിത്യവും ഉൽപ്പാദനരീതികളും ചികിത്സയുമെല്ലാം പുതിയ തലങ്ങളിലേക്ക് വികസിച്ചത് നാട്ടറിവിൽ നിന്ന് ഊർജ്ജം ഉൾക്കൊണ്ടാണ്. ആദിവാസികളുടെ അറിവിനെ ഉപയോഗപ്പെടുത്തി പല ആധുനിക മരുന്നുകളും കണ്ടെത്തിയിട്ടുണ്ട്. നമ്മുടെ പല ചലച്ചിത്ര ഗാനങ്ങളുടേയും സംഗീതത്തിന്റെ വേരുകൾ നാട്ടുസംഗീതത്തിലാണ്.

ആഗസ്റ്റ് 22 ലോക നാട്ടറിവ് ദിനമാണ്. ഫോൿലോർ എന്ന വിജ്ഞാനശാഖയുടെ ഉപവിഷയമെന്ന നിലയിലാണ് നാട്ടറിവിനെ പരിഗണിക്കുന്നത്. മാനവരാശി സഹസ്രാബ്ദങ്ങൾകൊണ്ട് അനുഭവങ്ങളിലൂടെ നേടിയ അറിവുകകളും ശേഷിപ്പുകളും സംരക്ഷിക്കുന്നതിനാണ് നാട്ടറിവ് ദിനം ആചരിക്കുന്നത്.