വർഗ്ഗം:15044 സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ

"ഗ്രേസ് മാർക്കിനുവേണ്ടി മാത്രമുള്ള കോപ്രായങ്ങളായി നമ്മുടെ കലോൽസവങ്ങളും ശാസ്ത്രമേളകളും കായികമേളകളുമെല്ലാം മാറുന്ന ഇത്തരുണത്തിൽ നമുക്ക് ഒരു പുനർവിചിന്തനം ആവശ്യമില്ലേ..?" ഞായറാഴ്ചകളിലെ ചൂടേറിയ സംവാദങ്ങളായിരുന്നു ഒരുകാലത്ത് മാത്സ് ബ്ലോഗിനെ പ്രശസ്തിയുടെ ഉത്തുംഗങ്ങളിലെത്തിച്ചിരുന്നത്.അനുകൂലവും പ്രതികൂലവുമായ ആരോഗ്യകരമായ കമന്റുകളും തുടർ കമന്റുകളുമൊക്കെ ആവേശത്തോടെ ആസ്വദിച്ചിരുന്നവരുടെ ഒരു നീണ്ടനിരതന്നെയുണ്ടായിരുന്നൂ ഇവിടെ.ആ സുഖകരമായ കാലം നമുക്കിനി വീണ്ടെടുക്കാം. ഇത്തവണ, ബ്ലോഗിലെ വിവിധ പോസ്റ്റുകളിലൂടെ സുപരിചിതനായ വയനാട്ടിലെ കബനിഗിരി സ്കൂളിലെ ശ്രീ മധുമാസ്റ്റർ ബഹു.വിദ്യാഭ്യാസ മന്ത്രിക്കെഴുതിയ സുപ്രധാനമായ ഒരു കത്താണ് പ്രസിദ്ധീകരിക്കുന്നത്. കത്ത് മുഴുവൻ വായിച്ചതിനു ശേഷം പ്രതികരിക്കൂ...

ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രിക്ക്, നമ്മുടെ പൊതു വിദ്യാലയങ്ങളിലെ വിവിധ മേളകളിൽ നടക്കുന്ന ചില അസ്വാഭാവികമായ പ്രവണതകളെ അങ്ങയുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനാണ് ഈ കത്തയക്കുന്നത്.

വയനാട് ജില്ലയിലെ തികച്ചും പിന്നോക്ക പ്രദേശമായ ഒരു സ്ഥലത്തെ ഹൈസ്കൂളിൽ പഠിപ്പിക്കുന്ന ഒരദ്ധ്യാപകനാണ് ഈ കത്തയക്കുന്നത്.ശാസ്ത്രരംഗത്തും ഐടി രംഗത്തും വളരെ മികവു പുലർത്തുന്ന ഒരു വിദ്യാലയമാണിത്. അതുകൊണ്ടുതന്നെ രണ്ടുവർഷം മുമ്പ് ദൂരദർശനും സംസ്ഥാന വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തിയ ഹരിതവിദ്യാലയം റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ അവസരം ലഭിക്കുകയും 94% മാർക്കു് നേടുകയും ചെയ്തിരുന്നു.

1993-ലാണ് ദേശീയ ബാലശാസ്ത്ര കോൺഗ്രസ് എന്ന ഇനം വിദ്യാലയങ്ങളിൽ ആരംഭിക്കുന്നത്.1994-മുതൽ ബാലശാസ്ത്ര കോൺഗ്രസിൽ ഇവിടുത്തെ കുട്ടികൾ പങ്കെടുക്കുകയും സംസ്ഥാനതലത്തിലും തുടർന്ന ദേശീയ തലത്തിലും പ്രോജക്ട് അവതരിപ്പിക്കാൻ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.തുടർന്ന് 2007 വരെ തുടർച്ചയായി സംസ്ഥാനതലത്തിലും ദേശീയ തലത്തിലും പ്രോജക്ട് അവതരിപ്പിക്കാൻ കുട്ടികൾക്ക് സാധിച്ചു.തുടർച്ചയായ 14 വർഷക്കാലം ദേശീയതലത്തിൽ ബാലശാസ്ത്രകോൺഗ്രസ്സിൽ പങ്കെടുത്ത മറ്റൊരു വിദ്യാലയവും കേരളത്തിലുണ്ടാകില്ല എന്നാണെന്റെ വിശ്വാസം.ഓരോ വർഷവും ദേശീയ തലത്തിൽ പ്രോജക്ട് അവതരിപ്പിച്ചവരുടെയും പങ്കെടുത്ത സ്ഥലങ്ങളുടെയും വിശദവിവരങ്ങൾ ഈ വിദ്യാലയത്തിന്റെ വെബ്സൈറ്റിലുണ്ട് .

2005 വരെ ബാലശാസ്ത്രകോൺഗ്രസ്സിന് ഗ്രേസ് മാർക്ക് ഉണ്ടായിരുന്നില്ല. എന്നാൽ 2006-ൽ ഗ്രേസ്‌മാർക്ക് വന്നതോടുകൂടി ബാലശാസ്ത്രകോൺഗ്രസ്സിന്റെ ലക്ഷ്യം തന്നെ തകിടം മറിക്കപ്പെട്ടു. 2006ലും 07ലും നടന്ന കോൺഗ്രസിൽ ഇവിടുത്തെ കുട്ടികൾ പങ്കെടുക്കുകയും ദേശീയതലത്തിലേക്ക് പോകുകയും സ്വാഭാവികമായും ഗ്രേസ്‌ മാർക്ക് (75 മാർക്ക് ) ലഭിക്കുകയും ചെയ്തു. തുടർന്നിങ്ങോട്ട് കണ്ടത് ചില സയന്റിസ്റ്റുകളുടെ നേതൃത്വത്തിൽ തീവ്രപരിശീലനം നേടുന്ന കുട്ടികളുടെ പ്രോജക്ടവതരണമാണ്. ആ ഇനവും മറ്റ് പല ഇനങ്ങളെപ്പോലെ അദ്ധ്യാപകരിൽ നിന്നും മാറി രക്ഷകർത്താക്കളുടെയും ട്രെയിനിംഗ് പ്രൊഫഷണലുകളുടേയും കൈകളിലമർന്നു. അതുനുമുമ്പുള്ള 11 വർഷക്കാലവും ഞങ്ങളുടെ കുട്ടികൾ സംസ്ഥാനതലത്തിലും ദേശീയതലത്തിലും പോയത് ഗ്രേസ് മാർക്കിനുവേണ്ടിയായിരുന്നില്ല. നല്ല പഠനങ്ങളും പ്രോജക്ടുകളും അവിടെ അവതരണത്തിനെത്തിയിരുന്നു. നമ്മുടെ എല്ലാ മേളകളിലും നൽകുന്ന ഗ്രേസ്‌ മാർക്ക് സമ്പ്രദായം നിർത്തേണ്ട കാലമെത്തിയില്ലേ? എന്റെ ഉപജില്ലയിൽ ഈ വർഷം നടന്ന കലാമേളയിൽ കയ്യാങ്കളി വരെ എത്തിയത് ഈ മാർക്കിനുവേണ്ടിയുള്ള തത്രപ്പാടിന്റെ ബാക്കി പത്രമാണ്. കേരളത്തിൽ ജന്മം കൊണ്ട ശാസ്ത്രജ്ഞന്മാർ - സംഗമഗ്രാമ മാധവൻ,ജി.മാധവൻനായർ, അച്യുത്ശങ്കർ തുടങ്ങി നിരവധി പേർ ഗ്രേസ്‌ മാർക്കിനുവേണ്ടിയല്ല ശാസ്ത്രവും ഗണിതവും അഭ്യസിച്ചത്. കലാമണ്ഡലം കൃഷ്ണൻകുട്ടി, ഹൈദർ അലി, സരസ്വതി ഇവർ ഗ്രേസ്‌ മാർക്കിനുവേണ്ടിയല്ല കഥകളിയും മോഹിനിയാട്ടവും അഭ്യസിച്ചത്. മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ ചെണ്ട അഭ്യസിച്ചതും പി.ടി.ഉഷയും, ഷൈനിയും, വൽസമ്മയും കായികഅഭ്യസനം നടത്തിയതും ഗ്രേസ്‌ മാർക്കിനുവേണ്ടിയായിരുന്നില്ല.

യഥാർത്ഥത്തിൽ ഗ്രേസ്‌ മാർക്കിനു പിന്നാലെ പോകുമ്പോൾ കലയും സാഹിത്യവും ശാസ്ത്രവും ഗണിതവും മരിക്കുകയാണ്. ഇവ എത്തേണ്ട കൈകളിൽ എത്തുന്നില്ല. മറിച്ച് എത്തുന്നത് മാർക്കിനുവേണ്ടി നടക്കുന്ന ഒരു കൂട്ടം ഭോഷന്മാരുടെ കൈകളിലാണ്.അവർ ആവശ്യം കഴിയുമ്പോൾ ഇതെല്ലാം ഉപേക്ഷിക്കുകയും ചെയ്യുന്നു. നൈസർഗികമായി പലതരം ജൻമവാസനകൾ സിദ്ധിച്ച ഗ്രാമങ്ങളിൽ ജീവിക്കുന്ന ലക്ഷക്കണക്കിനു കുരുന്നുകൾ മേളകളിലെ ഉയർന്ന തലങ്ങളിൽനിന്ന് അകലുന്നു. ഗ്രേസ്‌ മാർക്കില്ലെങ്കിലും ഭരതനാട്യവും മോഹിനിയാട്ടവും സിദ്ധിച്ച കുട്ടികൾ കലാമേളകളിലും നല്ല ഒരു ഓട്ടക്കാരൻ കായികമേളയിലും, ബുദ്ധിശാലി ക്വിസ് മൽസരത്തിലും, ശാസ്ത്ര ബോധമുള്ളവർ ശാസ്ത്രമേളയിലുമെത്തും.

ഗ്രേസ്‌ മാർക്ക് CE യുടെ ഭാഗമായി നമ്മൾ വിദ്യാലയങ്ങളിൽ നിന്നുതന്നെ കൊടുത്തിട്ടുണ്ടല്ലോ. ഗ്രേസ്‌ മാർക്കെന്ന ഈ ദുർഭൂതത്തെ മൽസരങ്ങളിൽനിന്നും നമുക്ക് ഒഴിവാക്കാനായാൽ നമ്മുടെ മേളകളെ കുറേക്കൂടി ഭംഗിയായി, വർദ്ധിച്ചു വരുന്ന അപ്പീൽ പ്രളയങ്ങളില്ലാതെ, നടത്തുവാനാകുമെന്നാണെന്റെ വിശ്വാസം.ഒപ്പം ആ ഇനത്തോട് ചെയ്യുന്ന നിതിയും.

വിനയപൂർവ്വം, മധുമാസ്റ്റർ നിർമ്മല ഹൈസ്കൂൾ, കബനിഗിരി. വയനാട്.

കോപ്പികൾ അയക്കുന്നത് : ബഹു : കേരളാ മുഖ്യമന്ത്രി. ബഹു : പൊതുവിദ്യാഭ്യാസ ഡയറക്ടർ ബഹു : പരീക്ഷാ സെക്രട്ടറി എക്സിക്യുട്ടീവ് ഡയറക്ടർ : ഐ.ടി.അറ്റ് സ്കൂൾ ബഹു : എം.പി. ശ്രീ.എം.ഐ.ഷാനവാസ്.വയനാട് നിയോജക മണ്ഡലം ബഹു : എം.എൽ.എ.സുൽത്താൻ ബത്തേരി നിയോജക മണ്ഡലം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ.വയനാട് ജില്ലാവിദ്യാഭ്യാസ ഓഫീസർ.വയനാട്

ഈ വർഗ്ഗത്തിൽ താളുകളോ പ്രമാണങ്ങളോ ഇല്ല.