വർഗ്ഗം:"തിരികെ സ്‌കൂളിലേക്ക് " പ്രവേശനോത്സവ ഫോട്ടോകൾ

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം

സെൻറ് മേരീസ് സി.യു.പി. സ്കൂളിലെ ഈ വർഷത്തെ പ്രവേശനോത്സവം ഉത്സവഭരിതമായിരുന്നു. രാവിലെ തന്നെ പുത്തനുടുപ്പും വർണ്ണക്കുടയും പുസ്തകങ്ങളുമായി കുരുന്നുകൾ വിദ്യാലയ മുറ്റത്തെത്തി. ഏറെ പ്രതീക്ഷകളുമായി സ്കൂളിലെത്തിയ കുട്ടികൾക്ക് വർണശബളമായ വരവേൽപ്പാണ് അധ്യാപകരും രക്ഷിതാക്കളും പി ടി എ യും ചേർന്ന് നൽകിയത്. ബലൂണുകളും തോരണങ്ങളും ചാർത്തി വിദ്യാലയം കുട്ടികളെ വരവേൽക്കാൻ നേരത്തെ തന്നെ ഒരുങ്ങിയിരുന്നു.

ജൂൺ 1 രാവിലെ 10.30  നു കാര്യപരിപാടികൾ ആരംഭിച്ചു. ബാന്റ് വാദ്യ  അകമ്പടിയോടെ നവാഗതരായ വിദ്യാർത്ഥികളെയും വിശിഷ്ടാതിഥികളെയും വേദിയിലേക്ക് ആനയിച്ചു. പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിലേക്ക് ഹെഡ്മിസ്ട്രസ് സിസ്റ്റർ ഗുണ ജോസ് ഏവരെയും സ്വാഗതം ചെയ്തു. പരിപാടിയിൽ അധ്യക്ഷത വഹിച്ചത് 31 -)o ഡിവിഷൻ കൗൺസിലർ ശ്രീ സനോജ് പോൾ ആണ്. ഉദ്‌ഘാടനകർമം നിർവഹിക്കാൻ സ്കൂളിലെ പൂർവ വിദ്യാർത്ഥിയായ കലാമണ്ഡലം ജയലക്ഷ്മിയാണ് എത്തിച്ചേർന്നത്. വിദ്യാലയത്തെ കുറിച്ചുള്ള മധുര സ്മരണകൾ ആ കലാകാരിയുടെ മനസ്സിൽ ഇന്നും ഒളിമങ്ങാതെ നിലനിൽക്കുന്നുണ്ടെന്ന് വാക്കുകളിലൂടെ വ്യക്തമായി.

തുടർന്ന് ഈ അധ്യയനവർഷം വിദ്യാലയത്തിൽ പ്രാവർത്തികമാക്കേണ്ട അക്കാദമികവും ഭൗതികവുമായ പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ചു തയ്യാറാക്കിയ അക്കാദമിക മാസ്റ്റർ പ്ലാൻ 32 -)o ഡിവിഷൻ കൗൺസിലർ ശ്രീമതി ലിംന മനോജ് പ്രകാശനം ചെയ്തു.

വിദ്യാർത്ഥികളെ വായനയുടെ വിശാലലോകത്തേക്ക് പറക്കാൻ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തിന്റെ ആദ്യപടി  എന്ന നിലയിൽ 'മലയാള മനോരമ വായനകളരി' പദ്ധതി ഔദ്യോഗികമായി ഉദ്‌ഘാടനം ചെയ്യപ്പെട്ടു. അധ്യയന വർഷാരംഭദിനം തന്നെ ഈ പദ്ധതി നടപ്പിലാക്കാൻ ഞങ്ങളെ സഹായിച്ചത് പൂർവ്വവിദ്യാർത്ഥിയായ ശ്രീ ഡോ.ഷാജു കെ ആൽബർട്ട് ആണ്.

പ്രമാണം:WhatsApp Image 2023-06-01 at 12.07.05 PM.jpg
പ്രവേശനോത്സവം

വിദ്യാർത്ഥികൾക്ക് ആശംസകൾ നേരാൻ PTA പ്രസിഡന്റ്, മാനേജർ സി.തെരേസ്, OSA പ്രസിഡന്റ് എന്നിവർ സന്നിഹിതരായിരുന്നു. പ്രചോദനാല്മകവും ചിന്തോദീപകവുമായ അവരുടെ വാക്കുകൾ വിദ്യാർത്ഥികളെ ആവേശഭരിതരാക്കി. പ്രതിഭാധനരായ ഞങ്ങളുടെ വിദ്യാർത്ഥികളുടെ കലാപ്രകടനങ്ങൾ ഈ പരിപാടിയെ കൂടുതൽ വർണ്ണാഭമാക്കി. തുടർന്ന് കുട്ടികൾക്ക് പഠനോപകരണങ്ങളും മധുരപലഹാരങ്ങളും വിതരണം ചെയ്തു. പുതിയ പ്രതീക്ഷകളുമായി എത്തിയ കുരുന്നുകൾക്ക് വിദ്യാലയാന്തരീക്ഷം മധുരാനുഭവമാക്കി.

""തിരികെ സ്‌കൂളിലേക്ക് " പ്രവേശനോത്സവ ഫോട്ടോകൾ" എന്ന വർഗ്ഗത്തിലെ പ്രമാണങ്ങൾ

ഈ വർഗ്ഗത്തിൽ താഴെ നൽകിയിരിക്കുന്ന ഒരു പ്രമാണം മാത്രമാണുള്ളത്.