സഹായം Reading Problems? Click here


ടി എച്ച് എസ്സ് ഷൊർണ്ണൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
< ടി എച്ച് എസ്സ് ഷൊർണ്ണൂർ
12:10, 4 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lakshmidevisarath (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
Jump to navigation Jump to search

പൊതുവിവരങ്ങൾ

കേരളത്തിലെ പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിൽ‌ ഭാരതപ്പുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ഒരു നഗരസഭയും പട്ടണവുമാണ് ഷൊർണൂർ. ദക്ഷിണ റയിൽ‌വേക്ക് കീഴിൽ മംഗലാപുരം-ഷൊർ‌ണൂർ പാതയെ തിരുവനന്തപുരം-ചെന്നൈ പാതയുമായി യോജിപ്പിക്കുന്ന ഒരു സുപ്രധാന റെയിൽ‌വേ സ്റ്റേഷൻ ഇവിടെയാണ്. നിലമ്പൂരേയ്ക്ക് ഒരു റെയിൽ പാതയും ഇവിടെ നിന്നു തുടങ്ങുനു. 7 പ്ലാറ്റ്ഫോമുകളും 4 വ്യത്യസ്ത പാതകളുമുള്ള കേരളത്തിലെ ഏക റെയിൽ‌വേ സ്റ്റേഷൻ കൂടിയാണിത്. കേരളത്തിലെ ഏറ്റവും വലിയ റെയിൽവെ ജംഗ്ഷൻ ഷൊർണൂരാണ്. ഇന്ത്യയിലെ തന്നെ ശ്രദ്ധേയമായേക്കാവുന്ന ട്രയാംഗുലർ സ്റ്റേഷൻ ഇവിടെ തുടങ്ങാൻ പദ്ധതിയുണ്ട്. ഷൊർണൂർ റെയിൽവെ സ്റ്റേഷനിൽ സ്വാമി വിവേകാനന്ദൻ വച്ച ആൽമരം ഒറ്റപ്പാലം - വടക്കാഞ്ചേരി - തൃശ്ശൂർ പാതയിലെ ഒരു സുപ്രധാന പട്ടണമാണ്‌ ഷൊർണൂർ. ചെറുതുരുത്തി ഭാരതപ്പുഴയുടെ അങ്ങേ കരയിലാണ്‌. ബ്രിട്ടീഷുകാരുടെ കാലത്തു പണികഴിപ്പിച്ച പഴയ കൊച്ചി പാലമായിരുന്നു പുതിയ കൊച്ചി പാലം പണിയുന്നതു വരെ ഭാരതപ്പുഴക്കു കുറുകെ ഷൊർണ്ണൂരിൽ നിന്നും ചെറുതുരുത്തി വഴി കേരളത്തിന്റെ തെക്കൻ ജില്ലകളിലേക്ക് ഗതാഗതം സാദ്ധ്യമാക്കിയിരുന്നത്.

ജില്ല : പാലക്കാട്
വിസ്തീർണ്ണം : 32.28 ച.കി.മി
വാർഡുകളുടെ എണ്ണം : 33
ജനസംഖ്യ : 42022
പുരുഷന്മാർ‍ : 19995
സ്ത്രീകൾ‍ : 22027
ജനസാന്ദ്രത : 1302
സ്ത്രീ : പുരുഷ അനുപാതം : 1096
മൊത്തം സാക്ഷരത : 83.6%
സാക്ഷരത (പുരുഷന്മാർ ) : 85.3%
സാക്ഷരത (സ്ത്രീകൾ ) : 82.09%

ചരിത്രം

പ്രാചീന ചരിത്രം


ഭാരതപ്പുഴയോട് ചേർന്നുകിടക്കുന്ന ഷൊർണ്ണൂരിൻറെ കഴിഞ്ഞകാല ചരിത്രം പ്രധാനമായും ജന്മി നാടുവാഴി വ്യവസ്ഥയുമായി ബന്ധപ്പെട്ടതാണെങ്കിലും അതിൽ പ്രധാനം കവളപ്പാറ സ്വരൂപത്തിൻറെ പ്രതാപകാലവും തകർച്ചയുമാണ്. പറയിപെറ്റ പന്തിരുകുലത്തിലെ കാരക്കൽ മാതാവിൻറെ വംശജരാണ്. കവളപ്പാറ സ്വരൂപത്തിലെ പൂർവ്വികന്മാർ എന്നാണ് പറയപ്പെടുന്നത്. കവളപ്പാറ സ്വരൂപത്തിൻറെ മൂലസ്ഥാനം ഷൊർണ്ണൂരിനടുത്തുള്ള പള്ളിക്കൽ അഥവാ പളളിത്തൊടി എന്ന സ്ഥലമാണ്. സമൂതിരിയുടെ കൂറ് പ്രദേശമായിരുന്ന് കളവപ്പാറ. ഇവിടെ കളവപ്പാറ നായർ അധികാരം സ്ഥാപിച്ചതിൽ കുപിതനായി സാമൂതിരി നായരെ അടിയറവ് പറയിപ്പിക്കുകയും കവളപ്പാറ നായരുടെ ചിഹ്നമായ വാളും പരിചയും കൊണ്ടുപോവുകയും ചെയ്തു. ഇത് കവളപ്പാറയിലെ ഇളയനായർ സാമൂതിരിയുടെ സേനാനായകൻമാരുടെ സഹായത്തോടെ വാളം പരിചയും തിരിച്ചു കൈപറ്റുകയും വേണാട്ടു രാജാവിൻറെ സഹായത്തോടെയും നായർ പടയുടെ പിൻബലത്തിലും അധികാരം നിലനിർത്തി.

കവളപ്പാറ സ്വരൂപം


വള്ളുവനാടിൻറെ ഒരു വലിയ പ്രതീകമാണ്‌ കവളപ്പാറ കൊട്ടാരം. പന്തിരുകുലത്തിലെ കാരക്കൽ മാതയുടെ സന്തതി പരമ്പരകളാണ് പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്തിനടുത്തുള്ള കവളപ്പാറ കുടുംബമെന്നാണ് ഐതിഹ്യം. ഒരു പാട് കാലം പഴക്കമുള്ള ഈ കൊട്ടാരത്തിൻറെ അധികാരം സാമൂതിരി ഭരണ കാലത്ത് സാമൂതിരി രാജാവാണ് 'മൂപ്പിൽ നായർ'ക്ക് കല്പിച്ച് കൊടുത്തത്. നൂറ്റാണ്ടുകളോളം പഴക്കമുള്ള കവളപ്പാറ സ്വരൂപത്തിൻറെ ചരിത്ര പ്രാധാന്യം മലബാർ മാനുവലിൽ വില്യം ലോഗൻ രേഖപ്പെടുത്തിയിട്ടുണ്ട്. ചേരകാല മലയാളക്കരയിലെ പതിനെട്ടു നാടുകളിലൊന്നായ പ്രാചീന നെടുങ്ങനാടിന്റെ കീഴിലെ പ്രബലനായ നായർ പ്രഭുവായിരുന്നു കവളപ്പാറ മൂപ്പിൽനായർ. മൂപ്പിൽ നായരുടെ ഉടമസ്ഥതയിലുള്ള കവളപ്പാറ സ്വരൂപം... ചേരമാൻ പെരുമാളിന്റെ വംശത്തിൽപ്പെട്ടതാണ് ഇവരെന്ന് ഒരു ഐതിഹ്യമുണ്ട്. ചേരമാൻ പെരുമാളിൻറെ കാലത്ത് തൊണ്ണൂറ്റിയാറു ദേശങ്ങളുടെ അധിപൻമാരായിരുന്നു.

വള്ളുവനാടിന്റെ ചരിത്രത്തോളം പഴക്കമുള്ള കവളപ്പാറ സ്വരൂപം ഒരു കാലഘട്ടത്തിൽ രാജാധികാരത്തിന്റെ താൻപോരിമ വെളിവാക്കിയ ചെറു നാട്ടുരാജ്യത്തിന് സമാനമായിരുന്നു. സാമൂതിരി കോപത്തിന് പാത്രമായ കവളപ്പാറ സ്വരൂപം വേണാട്ട് രാജാവിന്റെ കൂറു പ്രഖ്യാപനം കൊണ്ട് രാജ്യം കാത്ത കഥയും ചരിത്രത്തിൽ നിന്ന് വായിച്ചെടുക്കാം. പടിഞ്ഞാറ് ഓങ്ങല്ലൂർ മുതൽ മുണ്ടക്കോട്ട്കുറുശ്ശി വരെയും വിസ്തരിച്ച് വ്യാപിച്ച് കിടക്കുന്ന ഭൂമിശാസ്ത്രപരമായ അതിർത്തിയാണ് കവളപ്പാറ സ്വരൂപം. കവളപ്പാറ മൂപ്പിൽ നായരാണ് ഈ രാജവംശത്തിന് ആളും അർത്ഥവും നൽകി പ്രതാപകാലത്തേക്ക് നയിച്ചത്.

ആധുനിക കവളപ്പാറയുടെ ശില്പിയായി അറിയപ്പെടുന്ന കേണൽ അപ്പുക്കുട്ടനുണ്ണി നായരുടെ കാലം വരെ (1910-1925) കവളപ്പാറ സ്വരൂപം സകലപ്രതാപത്തോടും കൂടി നെടുങ്ങനാടിന്റെ നിളാതീരം വരെ അടക്കിവാണു. തെക്കേമലബാറിലൊരിടത്തും വൈദ്യുതിയെത്തിയിട്ടില്ലാത്ത കാലത്ത് ബ്രിട്ടീഷുകാരുടെ പ്രത്യേകാനുമതിയോടുകൂടി ഇറക്കുമതി ചെയ്ത നാല് ജനറേറ്റർ സ്ഥാപിച്ച് കൊട്ടാര പരിസരമൊന്നാകെ രാവുപക ലാക്കി മാറ്റിയിരുന്നുവത്രെ കേണൽ മൂപ്പിൽ നായർ. വിദേശികൾക്കുവേണ്ടി പ്രത്യേകം പണിതീർത്ത അഷ്ടകോൺ അതിഥിമന്ദിരം ചിത്രശില്പ വിസ്മയങ്ങൾ നിറഞ്ഞതായിരുന്നു.

ഒരു കാലത്ത് സാമൂതിരിയുടെ പ്രതിപുരുഷനായി വള്ളുവനാട്ടിന്റെ തെക്കുകിഴക്കൻ മേഖലയിൽ തങ്ങളുടെ പ്രാമാണ്യം സ്ഥാപിച്ച കവളപ്പാറ നായർ കുടുംബം പിന്നീട് സാമൂതിരിയുമായി ഇടയുകയും തിരുവിതാംകൂറിലേക്ക് കൂറുമാറുകയും ഉണ്ടായി. ആ ചരിത്രം ഇങ്ങനെയാണ് കേട്ടിട്ടുള്ളത് : സാമൂതിരിയുടെ കോപത്തിന് പാത്രമായി തീർന്ന ഈ നാട്ടുരാജ്യത്തിന്റെ അധികാര മുദ്രകളായ വാളും പരിചയും സാമൂതിരി പിടിച്ചെടുക്കുകയും കവളപ്പാറ സ്വരൂപത്തെ ഉല്മൂലനം ചെയ്യാൻ നീക്കങ്ങൾ നടത്തുകയും ചെയ്തിരുന്നു. തുടർന്ന് പതിറ്റാണ്ടുകൾക്ക് ശേഷം കവളപ്പാറ ചെറിയ മൂപ്പിൽ നായരാണ് കൗശലപൂർവ്വം സാമൂതിരിയിൽ നിന്ന് അടയാളമുദ്രകൾ തിരിച്ചെടുത്ത് ജ്യേഷ്ഠനായ വലിയ മൂപ്പിൽ നായരെ രാജാവായി വാഴിക്കുകയും ചെയതതെന്ന് ചരിത്രം. വീണ്ടും സാമൂതിരി ആക്രമണത്തിന് ഒരുങ്ങവെ വേണാട്ട് രാജാവിനെ സമീപിച്ച് രക്ഷക്ക് ഉപയാം കണ്ടെത്തിയ കവളപ്പാറ സ്വരൂപത്തിനോട് പുത്തൻ കോവിലകം കൂറ് എന്ന് കൊട്ടാര മതിലിൽ മുദ്ര ചാർത്താൻ വേണാട്ട് രാജാവ് കല്പിച്ചു. തുടർന്നു പട നയിച്ച് എത്തിയ സാമൂതിരി കൂറ് പ്രഖ്യാപനം കണ്ട് പിൻ വാങ്ങിയെന്നും ചരിത്ര പെരുമ.

കവളപ്പാറ കൊട്ടാരത്തിൻറെ ഇപ്പോഴത്തെ അവസ്ഥ ദയനീയമാണ്! ഉന്നതിയിലായിരുന്ന ഈ കൊട്ടാരം മക്കത്തായ മരുമക്കത്തായ തർക്കത്തിൽപ്പെട്ട് 1964 മുതൽ ഒറ്റപ്പാലം കോടതിയുടെ മേൽനോട്ടത്തിൽ റിസീവർ ഭരണത്തിലാണ്. കവളപ്പാറ മൂപ്പിൽ നായർ കുടുംബത്തിൻറെതായിന്ന് അവശേഷിക്കുന്നത് മാളികചുവടും ഊട്ടുപുരയും മാത്രമാണ്. കൊട്ടാരവും, ബംഗ്ലാവും, മറ്റു അനുബന്ധ കെട്ടിടങ്ങളും ഇരുപതു വർഷങ്ങൾക്ക് മുൻപേ തന്നെ ലേലത്തിൽ വിറ്റു. വർഷങ്ങൾ പഴക്കമുള്ള വ്യാപാര രേഖകളാണ് മാളിക ചുവടിൻറെ മുറിക്കുള്ളിൽ ഇന്നു അനാഥമായി കിടക്കുന്നത്.

1964 മുതൽ കവളപ്പാറ കൊട്ടാരവും അനുബന്ധ സ്ഥാപനങ്ങളും കോടതി റിസീവറുടെ ഭരണത്തിനു കീഴിലാണ്. അന്നുതൊട്ടുള്ള കേസാണിത്. വിവിധ താവഴികളിലായി 35നടുത്ത് അവകാശികളാണ് അവകാശികളായിട്ടുള്ളത്. അവകാശതർ ക്കത്തെതുടർന്ന് കോടതികയറിയ കവളപ്പാറ സ്വരൂപം താവഴിക്കാരിൽ മരണപ്പെട്ടവരുടെ മക്കൾകൂടി കേസിൽ കക്ഷിചേർന്ന് വ്യവഹാരം തുടർന്നതാണ് വിധി വൈകുന്നതിനു കാരണമായത്. ഇതുമൂലം പലതും കൊട്ടാരത്തിന് അന്യാധീനപ്പെടുന്ന അവസ്ഥയുമുണ്ടായി. കാർഷികഭൂമിയും പറമ്പും ഉൾപ്പെടെ പലതും കൈയേറ്റക്കാർ കൈയടക്കി. കൊട്ടാരവും വസ്തുവഹകളും നശിച്ചുതീർന്നു. വനപ്രദേശങ്ങൾ സർക്കാരിലേക്കു കണ്ടുകെട്ടി. വിലപിടിപ്പുള്ള പലതും മോഷണംപോയി. സ്വത്തു ഭാഗം വയ്ക്കുന്നതിനു മുന്നോടിയായി ഇവയുടെ കണക്കെടുപ്പിന് കോടതി കമ്മീഷണറെ 2016-ൽ നിയോഗിച്ചു. സ്വത്തുവഹകൾ കോടതി കമ്മീഷൻ മുഖേന വീതംവച്ചു നല്കുന്നത്. ഇതോടുകൂടി കേരളത്തിലെ ഏറ്റവും വലിയ ഒരു വ്യവഹാരതർക്കമാണ് അവസാനിക്കുക.

സ്വാതന്ത്രസമര ദേശീയപ്രസ്ഥാനത്തിലെ സ്ഥാനം, പ്രധാന വ്യക്തികൾ, സംഭവങ്ങൾ

1921 ൽ മലബാർ കലാപകാലത്ത് നിരവധി ആളുകൾ കവളപ്പാറയിൽ അഭയം പ്രാപിച്ചെന്നും, അവരെ കലാപകാരികളിൽ നിന്നും സംരക്ഷിച്ചതിൻറെ ഭാഗമായി മൂപ്പിൽ നായർക്ക് ബ്രിട്ടീഷ് ഗവൺമെൻറ് കേണൽ സ്ഥാനം നൽകുകയും ചെയ്തിട്ടുണ്ട്.

വാണിജ്യ- ഗതാഗത പ്രാധാന്യം

സ്വാമിവിവേകാനന്ദൻ ഷൊർണ്ണൂരിൽ നിന്നും കാളവണ്ടിയിലാണ് തൃശൂരിലേക്ക് യാത്രചെയ്തത്. ഇവിടെ ആദ്യമായി മോട്ടോർകാർ കൊണ്ടുവന്നത് മൂപ്പിൽ നായരാണ്. 1860ൽ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ നേതൃത്വത്തിൽ ഷൊർണ്ണൂരിലൂടെ റെയിൽവെ ആരംഭിച്ചു. ലോക്കോ ഷെഡ്, ഉൾപ്പെട്ട ഷൊർണ്ണൂർ റെയിൽ ജംഗ്ഷൻ കേരളത്തിലെ തന്നെ ഏറ്റവും വലിയ റെയിൽവെ ജംഗ്ഷൻ എന്ന പേരിലറിയപ്പെട്ടു 1921 ൽ നിലമ്പൂർ റെയിൽവേ സ്ഥാപിച്ചു 1890 ൽ ഷൊർണ്ണൂരിൽ എ.കെ.റ്റി.കെ.എം. നമ്പൂതിരിയുടെ നേതൃത്വത്തിൽ ഷൊർണ്ണൂർ ടൈൽ വർക്സ് പ്രവർത്തനമാരംഭിച്ചു. 1927-28 ക്കാലത്താണ് ചെമ്മരിക്കാട്ട് മാത്യുവിൻറെ നേതൃത്വത്തിൽ ഷൊർണ്ണൂരിൽ ഒരു ബസ് സർവ്വീസ് ആരംഭിച്ചത്.

ഷൊറണൂർ റെയിൽവേസ്റ്റേഷൻ


ഏഴ് പ്ലാറ്റ്‌ഫോമുകൾ, നാല് ദിശകളിലേക്കുമുള്ള വണ്ടികൾ, 24 മണിക്കൂറും യാത്രികരുടെ തിരക്ക്.. ഇത് ഷൊറണൂരാണ്... കേരളത്തിലെ ഏറ്റവും വലിയതെന്ന ഖ്യാതിയുള്ള റെയിൽവേസ്റ്റേഷൻ. കേരളത്തിലെ തെക്കോട്ടും വടക്കോട്ടുമുള്ള യാത്രക്കാരുടെ പ്രധാന ജങ്ഷൻ സ്റ്റേഷൻ. റെയിൽവേയിൽ മലബാറിലേക്കുള്ള കവാടമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഷൊറണൂർ‌സ്റ്റേഷൻ ദീർഘദൂര യാത്രക്കാരുടെ പ്രധാന ആശ്രയകേന്ദ്രമാണ്.

ഒലവക്കോട്, റെയിൽവേഡിവിഷൻ ആസ്ഥാനവും പാലക്കാട് ജങ്ഷൻസ്റ്റേഷനും ആവുംമുമ്പ് ഒരു കാലമുണ്ടായിരുന്നു. മുംബെയും കൊൽക്കത്തയും ഉൾപ്പെടെ അന്യദേശങ്ങളിലേക്കുള്ളവരും നാട്ടിലേക്കെത്തുന്നവരും ഗൃഹാതുരതയോടെ ഷൊറണൂരിൽ വന്നിറങ്ങി അവിടെനിന്ന് ജീവിതയാത്രകളാരംഭിച്ചു. അന്ന് ഷൊറണൂരിന്റെ പ്രതാപകാലമായിരുന്നു

സ്ഥലനാമോൽപത്തി


റവന്യൂ രേഖകളിൽ ചിറമണ്ണൂർ/ചെറമണ്ണൂർ എന്നും റയിൽവെ രേഖകളിൽ ചെറുമണ്ണൂർ എന്നും നാമകരണം ചെയ്തു കാണുന്നു. ചിറമണ്ണൂർ പരിണമിച്ചാണ് ഷൊർണൂരായതെന്നും, ചിറമണ്ണൂർ എന്ന പേര് ഭാരതപ്പുഴയുമായി ബന്ധപ്പെട്ട് കൈവന്നതാവാം എന്ന് അനുമാനിക്കാം.