ജി യു പി എസ് ചെന്നലോട്/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

പ്രദേശിക ചരിത്രം , ചെന്നലോട് പ്രദേശം

ആമുഖം

മനുഷ്യൻ ഭൂതകാലത്തെ പറ്റി അറിയൂവാൻ തല്പരനാണ്.പോയകാലത്തിന്റെ രേഖപ്പെടുത്തലും അതിനെക്കുറിച്ചുള്ള പഠനവുമാണ്‌ ചരിത്രം . History എന്ന ഇംഗ്ലീഷ്‌ പദത്തിന്റെ തത്തുല്യ മലയാളമാണ്‌ ചരിത്രം. ഒരുവന്റെ അന്വേഷണ പരീക്ഷണങ്ങളുടെ രേഖപ്പെടുത്തൽ എന്നർത്ഥം വരുന്ന ഹിസ്റ്റോറിയ എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ്‌ ഹിസ്റ്ററി എന്ന വാക്ക്‌ ഇംഗ്ലീഷിലെത്തിയത്‌. മനുഷ്യ സമൂഹത്തിന്റെ മാത്രമല്ല പ്രപഞ്ചത്തിലാകെ ഉണ്ടാകുന്ന മാറ്റങ്ങളുടെ രേഖപ്പെടുത്തലാണ്‌.മനുഷ്യന്റെ ഭൂതകാല പ്രവർത്തികളുടെ ശാസ്ത്രമാണ് ചരിത്രം . .ചരിത്രം അറിയാത്തവൻ എന്നും ശിശുവായിരിക്കും .മനുഷ്യൻ കാലങ്ങളായി ആർജിച്ച പുരോഗതിയുടെ രേഖപെടുത്തലാണ് ചരിത്രം.

എന്നാൽ ചരിത്രമെന്നാൽ രാജാക്കന്മാരുടെയും വിജയിച്ചവരുടെ യും അതിജീവിച്ച വരുടെയും എഴുതപ്പെട്ട വിവരണങ്ങൾ ആയിത്തീർന്നു. ഇങ്ങനെ ആകുമ്പോൾ ഒരു വലിയ വിഭാഗത്തിന്റെ ജീവിതത്തെ ചരിത്രത്തിൽ നിന്നും ഒഴിവാക്കപ്പെടുന്നു. പരാജയപ്പെട്ടവ ന്റെയും അടിച്ചമർത്തപ്പെട്ടവരുടെയും അടിമയുടെയും പകലന്തിയോളം പണിയെടുക്കുന്ന പട്ടിണി പാവങ്ങളുടെയും, വിജയിച്ചതിന് വീഥി ഒരുക്കുകയും ചെയ്ത സാധാരണയിൽ സാധാരണക്കാരുടെയും ജീവിതകഥകൾ ചരിത്രത്തിന്റെ രേഖപ്പെടുത്തലുകളിൽ നിന്ന് മണ്മറഞ്ഞു പോയി. ഇതിന് പരിഹാരമായി ചരിത്രരചനയിൽ അടുത്തകാലത്ത് സംഭവിച്ച വലിയ മാറ്റമാണ് പ്രാദേശിക ചരിത്രരചന എന്ന ആശയം. തെളിവുകളുടെ അടിസ്ഥാനത്തിൽ അതത് പ്രദേശത്തെ സാധാരണ ജനങ്ങളുടെ കഥകൾ വസ്തുനിഷ്ഠമായി അന്വേഷിച്ച് കണ്ടെത്തി രേഖപ്പെടുത്തുക എന്നതാണ് പ്രാദേശിക ചരിത്ര രചന എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. നമ്മുടെ ചെന്നലോട് പ്രദേശത്തിന്റെ കഴിഞ്ഞ കാലത്തെ കുറിച്ചുള്ള ഒരു അന്വേഷണമാണ് തുടർ പേജുകളിൽ.

എടയ്ക്കൽ ഗുഹ, പഴശ്ശികുടീരം, അങ്ങനെ ഒത്തിരി ഒത്തിരി ചരിത്ര ശേഷിപ്പുകളുടെയും സ്മാരകങ്ങളുടെയും പോരാട്ടങ്ങളുടെയും അതിജീവനത്തിന്റെയും പടയോട്ടങ്ങളുടെയും ചരിത്രമുറങ്ങുന്ന മണ്ണാണ് വയനാടിന്റെത് . ലോകത്തിൽ ഏറ്റവും മികച്ച കുരുമുളക് ഉത്പാദിപ്പിച്ചിരുന്നതും, സ്മിത്ത് സായിപ്പിന്റെ സ്വർണ്ണഖനനത്തിന്റെ ദുരന്ത കഥ പറയുന്ന തരിയേടിൻെറയും, മണ്ണ് കൊണ്ട് നിർമ്മിതമായ ഇന്ത്യയിലെ ഏറ്റവും വലിയതും ഏഷ്യയിലെ രണ്ടാമത്തെ അണക്കെട്ടുമായ ബാണാസുര ഡാമിന്റെയും തല ഉയർത്തി നിൽക്കുന്ന ബാണാസുര മലയുടെയും സമീപ പ്രദേശമാണ് ഞങ്ങളുടെ ചെന്നലോട് എന്നതിൽ ഏറെ അഭിമാനമുണ്ട്. ചെന്നലോട് എന്ന കൊച്ചു പ്രദേശത്തിന്റെ ചരിത്രത്തിലേക്ക് ഒരു തിരനോട്ടം.

വയനാട്

കേരള സംസ്ഥാനത്തിലെ പന്ത്രണ്ടാമത്തെ ജില്ലയാണ് വയനാട്. കൽപ്പറ്റയാണ് ജില്ലയുടെ ആസ്ഥാനം. 1980 നവംബർ ഒന്നിനാണ് വയനാട് ജില്ല രൂപം കൊണ്ടത്. കേരളത്തിൽ ഏറ്റവും കുറവ് ജനസംഖ്യയുള്ള ജില്ല കൂടിയാണ് വയനാട്. കോഴിക്കോട് കണ്ണൂർ എന്നീ ജില്ലകളുടെ ഭാഗമായിരുന്ന സ്ഥലങ്ങൾ അടർത്തിയെടുത്താണ് വയനാടിനെ രൂപംകൊടുത്തത് . കബനിയാണ് ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട നദി. കർണാടക തമിഴ്നാട് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ഏക ജില്ല കൂടിയാണ് വയനാട്. ജില്ലയുടെ മൊത്തം വിസ്തൃതി 2131 ചതുരശ്ര കിലോമീറ്ററാണ്.ഭൂവിഭാഗത്തിന്റെ 38 ശതമാനവും വനമാണ് .വയനാടിന്റെ സ്ഥലനാമ ഉല്പത്തിയെക്കുറിച്ച് വ്യത്യസ്തങ്ങളായ നിഗമനങ്ങളാണ് ഉളളത്. മയക്ഷേത്രം എന്നായിരുന്നു വയനാടിന്റെ സംസ്കൃത നാമമെന്നു പറയുന്നു. സംസ്കൃത നാമം മലയാളത്തിൽ മയനാട് ആകുകയും പിന്നീടത് വാമൊഴിയിൽ വയനാട് ആകുകയും ചെയ്തതതായി പറയപ്പെടുന്നു. വയൽനാട് , വനനാട് , വഴിനാട് എന്നിവയും വയനാടിന്റെ പേരുമായി ബന്ധപ്പെടുത്തി പറയുന്നുണ്ട്.

ഭൂമിശാസ്ത്രപരമായി പല സവിശേഷതകളും വയനാടിനുണ്ട്. കാടുകൾ നിറഞ്ഞ കുന്നുകളും , താഴ്‌വരകളും , ധാന്യ ഉല്പാദനത്തിന് ഉതകുന്ന ഫലഭൂയിഷ്ഠമായ വയലുകളും കാലികളെ മേയ്ക്കുവാൻ പറ്റിയ പുൽമേടുകളും തലങ്ങും വിലങ്ങും ഒഴുകുന്ന നീർച്ചാലുകളും വയനാടിന്റെ പ്രത്യേകതകളാണ്.

ഭരണ സൗകര്യത്തിനായി വയനാടിനെ മാനന്തവാടി, സുൽത്താൻ ബത്തേരി , വൈത്തിരി എന്നിങ്ങനെ മൂന്ന് താലൂക്കുക്കായി തിരിച്ചിട്ടുണ്ട്. പുതിയ കണക്കുപ്രകാരം (2011 സെൻസസ് ) 8 ലക്ഷം ആളുകൾ വസിക്കുന്ന ജില്ലയാണ് നമ്മുടെ വയനാട്. ബത്തേരി, കൽപറ്റ , മാനന്തവാടി എന്നിങ്ങനെ 3 അസംബ്ലി മണ്ഡലങ്ങളും വയനാട് ലോകസഭാ മണ്ഡലവും അടങ്ങിയതാണ് വയനാട്.

ചെന്നലോട് - ഭൂമിശാസ്ത്ര പ്രത്യേകതകൾ

പ്രകൃതി രമണീയമായ, പട്ടണത്തിന്റെ തിക്കും തിരക്കും വിട്ടൊഴിഞ്ഞ , സഞ്ചാരികളുടെ മനം കുളിർപ്പിക്കുന്ന വയനാട് .... ഈ വയനാട് ജില്ലയെ കൽപറ്റ , സുൽത്താൻ ബത്തേരി , മാനന്തവാടി എന്നിങ്ങനെ 3 ബ്ലോക്കുകളായി തിരിച്ചിരിക്കുന്നു. ഇതിൽ കൽപറ്റ ബ്ലോക്കിൽപ്പെട്ട തരിയോട് , കോട്ടത്തറ, പടിഞ്ഞാറത്തറ തുടങ്ങിയ പഞ്ചായത്തുകളുടെ കീഴിൽ വരുന്ന വിവിധ പ്രദേശങ്ങൾ ചേർന്നതാണ് ചെന്നലോട് പ്രദേശം. വിഭിന്ന ആചാരങ്ങളും , വിഭിന്ന വിശ്വാസങ്ങളും കോർത്തിണക്കി ജീവിക്കുന്ന ഒരു ജന വിഭാഗം.ഭൂമിശാസ്ത്രപരവും പാരിസ്ഥിതികവുമായ ചരിത്രം ,പ്രകൃതി രമണീയമായ നിബിഡ വനങ്ങൾ, സസ്യലതാദികൾ എന്നിവയാൽ സമ്പന്നമായ ബാണാസുര മലയടിവാരത്ത് വയനാട് ജില്ലയുടെ പടിഞ്ഞാറ് ഭാഗത്തായി നിലകൊള്ളുന്ന പെരുന്തട മലയിടുക്ക്, വട്ടത്ത് മല, ലേഡീസ്മിത്ത് വനം, കരുമാംതോട് പുഴ, ബാലൻചോല, ഉയർന്ന കുന്നുകൾക്കിടയിൽ രണ്ട് നൂറ്റാണ്ടുകൾക്ക് അപ്പുറമുണ്ടായ മലയിടിച്ചിലിൽ വീണു കിട്ടിയ കർലാട്തടാകം, കുരുമുളകും കാപ്പിച്ചെടികളും നിറഞ്ഞ ചെറുതും വലുതുമായ കുന്നുകൾ, പച്ച പുതച്ച നെൽവയലുകൾ ഇവയെല്ലാം ചേർന്ന മനോഹരമായ പ്രദേശമാണ് തരിയോട് പഞ്ചായത്ത് ഉൾപ്പെട്ട

ചെന്നലോട് പ്രദേശം.

തെക്കും പടിഞ്ഞാറു ഉയർന്നും വടക്ക് കിഴക്കു ഭാഗം താഴ്ന്നും കിടക്കുന്ന ഈ പ്രദേശത്തിന്റെ കിഴക്കേ അതിർത്തിയിലൂടെ എടത്തറ പുഴയും പടിഞ്ഞാറ് ഭാഗത്ത് കൂടെ കരമാൻ തോട് പുഴയും വടക്കു ദിശയിലേക്ക് ഒഴുകി കബനി നദിയിൽ ചേരുന്നു. പടിഞ്ഞാറ് ഭാഗത്തു കൂടെ ഒഴുകുന്നകരമാൻതോട് പുഴയിലാണ് ബാണാസുര സാഗർ അണക്കെട് സ്ഥിതി ചെയ്യുന്നത് .

സ്ഥല നാമ ചരിത്രം

പണ്ടുക കാടുമൂടി കിടന്നിരുന്ന കുന്നുകൾ ആയിരുന്നു ചെന്നലോടിന്റെ പരിസരപ്രദേശങ്ങൾ. ഓരോ പേരിൽ ആണ് ഈ കുന്നുകൾ ഓരോന്നും അറിയപ്പെട്ടിരുന്നത് . പൂളൻ ചോലക്കുന്ന്, കൊറ്റിയോട്കുന്ന്, എടുത്ത്കുന്ന്, ഉണ്ടൻചോലക്കുന്ന്, ചെല്ലിയോട്കുന്ന്, മിലമ്പിലക്കുന്ന്, ബൈപ്പടിക്കുന്ന് , ചിതലോട്കുന്ന് എന്നിങ്ങനെയായിരുന്നു. ഇതിൽ ചിതലോട്കുന്ന് എന്ന പേര് ലോപിച്ചാണ് ചെന്നലോട് എന്ന ഇന്നത്തെ സ്ഥലനാമത്തിൽ എത്തിച്ചേർന്നത് എന്ന് പറയപ്പെടുന്നു.

പ്രാദേശികചരിത്രം

പതിനെട്ടാം നൂറ്റാണ്ടിന്റെ ആന്ത്യഘട്ടത്തിൽ ടിപ്പു സുൽത്താന്റെ പടയോട്ടത്തിലാണ് കുമ്പള വയൽ, പഴൂർ എന്നീ ക്ഷേത്രങ്ങൾ തകർക്കപ്പെട്ടത് എന്ന് കരുതപ്പെടുന്നു. തെക്കെവയനാട്ടിലെ ആദ്യത്തെ റോഡായ വൈത്തിരി- തിരുവണ-മാനന്തവാടി റോഡ്, കോഴിക്കോട്-വൈത്തിരി വഴി മാന്തവാടിയിലേക്കും അതു വഴി മൈസുരിലേക്കും സൈന്യനീക്കത്തിനു വേണ്ടി ടിപ്പു നിർമ്മിച്ചതാണ്. കുതിരപ്പാണ്ടി റോഡ് എന്നാണ് അടുത്ത കാലം വരെ ഈ റോഡ് അറിയപ്പെട്ടുകൊണ്ടിരുന്നത്. സൈന്യത്തെ പുതുശ്ശേരിപ്പുഴയുടെ മറുകര കടത്താൻ പാണ്ടിയിൽ (ചങ്ങാടം) കുതിരകളെ കെട്ടി വലിപ്പിച്ചതു കൊണ്ടാണ് പുതുശ്ശേരിക്കടവിന് കുതിരപ്പാണ്ടി എന്ന് പേർ വന്നത്.ടിപ്പു സൈന്യവുമായി ഏറ്റുമുട്ടൽ നടന്ന പഴൂർ ക്ഷേത്രത്തിന്റെ പരിസരത്ത് ‘പടവെട്ടി’ എന്ന പേരിലറിയപ്പെടുന്ന ഒരു പ്രദേശമുണ്ട്. ഇതിനോടടുത്ത സ്ഥലങ്ങളിൽ തന്ന മടത്തുവയൽ, കുനിയിൻമേൻ എന്നീ പ്രസിദ്ധമായ രണ്ട് കുറിച്യ തറവാടുകൾ ഇപ്പോഴുണ്ട്. പത്താംമൈൽ പ്രദേശത്ത് ചെകുത്താൻ തോടിന്റെ പടിഞ്ഞാറു വശത്തുള്ള കുന്നിൽ വെട്ടുകല്ലിൽതീർത്ത വീടുകളുടെ തറകളും തൂർന്നുപോയ കുളങ്ങളും, സമീപകാലംവരെയുണ്ടായിരുന്നു. 4

മലബാറിൽ ബ്രിട്ടിഷ് ആധിപത്യം (ഈസ്റ്റിന്ത്യാക്കമ്പനി) ഉറച്ചതോടെ കുതിരപ്പാണ്ടി റോഡ് വികസിപ്പിച്ച് മോട്ടോർ വാഹനങ്ങൾ ഓടിക്കാൻ പറ്റിയ രൂപത്തിലാക്കി. ഈ കാലഘട്ടത്തിലാണ് ബ്രിട്ടനിൽ ഇൻകോർപ്പറേറ്റ് ചെയ്ത ഗോൾഡ് മൈൻസ് ഇന്ത്യ എന്ന കമ്പിനി തരിയോട് വില്ലേജിലെ താണ്ടിയോട് പ്രദേശത്ത് സ്വർണഖനനം ആരംഭിച്ചത്. കമ്പിനിയുടെ ആവശ്യത്തിനായി പോലീസ് സ്റേഷൻ, സത്രം, പോസ്റാഫീസ്, കൃസ്ത്യൻപള്ളി മുതലായവ ആരംഭിക്കുകയും ചെയ്തു. കമ്പിനിയുടെ മാനേജിംഗ് ഡയറക്ടർ സ്മിത്ത് എന്നു ബ്രീട്ടീഷുകാരനായിരുന്നു. ഇംപീരിയിൽ ബാങ്കിന്റെ ഒരു ശാഖ തരിയോട് പ്രവർത്തിച്ചിരുന്നു. സ്മിത്തിന്റെ നേതൃത്വത്തിൽ നടന്ന ഖനനം വിജയകരമല്ലാതായിതീർന്നതോടെ നഷ്ടം മൂലം കമ്പനി പ്രവർത്തനം നിലയ്ക്കുമെന്നമട്ടായി. കമ്പനിയുടെ പ്രവർത്തനത്തെക്കുറിച്ച് പാർട്ട്ണർമാർക്ക് സംശയം ജനിച്ചതോടെ സ്മിത്ത്സായിപ്പിന് സ്വദേശത്തേക്ക് പോകാൻ കഴിയാതാകുകയും കമ്പനി പൊളിയുകയും ചെയ്തു. ഇതേ തുടർന്ന് കമ്പനി ഡൈനാമിറ്റ് വെച്ച് തകർത്തിതിനും ശേഷം അദ്ദേഹം അത്മഹത്യ ചെയ്തു. സ്മിത്ത് അക്കാലത്ത് പ്ളാന്റ് ചെയ്ത സ്മിത്ത് എസ്റേറ്റ് അനന്തരാവകാശിയായിരുന്ന ലേഡിസ്മിത്തിന് ലഭിച്ചെങ്കിലും നികുതി കുടിശ്ശികകൾ തീർക്കാൻ പോലും കഴിയാതെ അവർ സ്വദേശത്തേക്ക് മടങ്ങി. കുടിശ്ശികയുടെ പേരിൽ സർക്കാർ പ്രസ്തുത എസ്റേറ്റ് ഏറ്റെടുത്ത് റിസർവ് വനമായി പ്രഖ്യാപിച്ചു. അതാണ് ഇന്ന് ലേഡിസ് സ്മിത്ത് എന്നറിയപ്പെടുന്ന വനം.

സ്വർണ്ണഖനനത്തിനായി തീർത്ത കുഴികളും, ഗുഹകളും കമ്പനി വക കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളും തരിയോട് പ്രദേശത്ത് പലയിടത്തുമുണ്ട്. കെട്ടിടത്തിന്റെ പരിസരത്തുണ്ടായിരുന്നു ഫലവൃക്ഷങ്ങളും, പൂച്ചെടികളും ഇപ്പോഴും കാണാം. തുരങ്കിത്തിനുള്ളിൽ റയിലും ട്രോളികളുടെ അവശിഷ്ടങ്ങളുമുണ്ട്. സ്മിത്ത് കുടുംബത്തിന്റെ ബഗ്ളാവിന്റെ അവശിഷ്ടങ്ങളെന്നു കരുതപ്പെടുന്ന കെട്ടിടാവശിഷ്ടങ്ങൾ ചെയ്ത്താൻ തോപാലത്തിന്റെ (മുസാവരി പാലം) മുകൾ ഭാഗത്തുള്ള കുന്നിലുണ്ട്. ബംഗ്ളാംകുന്ന് എന്നാണ് പ്രസ്തുത കുന്ന് ഇന്നും അറിയപ്പെടുന്നത്.ടിപ്പുവിന്റെ പടയെ ഭയന്നാടിയ സവർണ്ണ ഹിന്ദുക്കളിൽ കുറെ പേർക്ക് സ്മിത്ത് അഭയം നൽകുകയും അവരാണ് പിന്നീട് ഈ പ്രദേശത്ത് നിലനിന്നിരുന്നതെന്നും പറയപ്പെടുന്നു.

ആദ്യകാലത്ത് ക്ഷേത്രത്തിനെ കേന്ദ്രമാക്കി ചുറ്റുപാടുമുള്ള പ്രദേശങ്ങളെ പടിഞ്ഞാറത്തറ, തെക്കുംതറ, കോട്ടത്തറ, എടത്തറ, എന്നിങ്ങനെ തറകളായി അറിയപ്പെട്ടിരുന്നു. ഇടയ്ക്കുള്ള എടത്തറ തരിയോട് വില്ലേജായും, മറ്റുള്ളവ അതേ പേരിലുള്ള വില്ലേജുകളായും മാറി. 1099-ലെ പ്രളയത്തിൽ കുതിരപ്പാണ്ടി റോഡും അതിലെ പാലങ്ങളും തകർന്നുപോയി. ഇവയുടെ അവശിഷ്ടങ്ങൾ (ഗർഡറുകളും മറ്റും) 1972 വരെ പുഴകളിലുണ്ടായിരുന്നു. ഈ പ്രളയത്തിൽ മഞ്ഞൂറയിലെ ചീങ്ങന്നൂർ കുന്നിലുണ്ടായ ഉരുൾപൊട്ടലിന്റെ ഫലമാണ് ഈ പഞ്ചായത്തിലെ പ്രകൃതിദത്ത തടാകമായി കർലാട് ചിറ രൂപം കൊണ്ടത്.

ജനങ്ങളും ജീവിതവും

കാട്ടുനായ്ക്കർ

വയനാട്ടിലെ ആദിമനിവാസികളായ കാട്ടുനായ്ക്കർ ചരിത്രാതീതകാലം മുതൽ ഇവിടെ വസിച്ചിരുന്നു. നരവംശശാസ്ത്ര പ്രകാരം നിഗ്രിറ്റോ വംശത്തിൽ പെട്ട ഇവർ പ്രധാനമായും ഗുഹകളിലാണ് താമസിച്ചിരുന്നത്. തെലുങ്ക് കലർന്ന ലിപിയില്ലാത്ത സംസാര ഭാഷയാണ് ഇവരുടേത്. കാട്ടുകനികളും തേനും കിഴങ്ങുകളും കെണിവച്ചുപിടിച്ച പക്ഷിമൃഗാദികളുടെമാംസവുമായിരുന്നു പ്രധാന ഭക്ഷണം. തേൻ, മെഴുക് ,കുന്തിരിക്കം മുതലായ വനവിഭവങ്ങൾ ശേഖരിക്കുന്നതിൽ ഇവർ സമർത്ഥരാണ്

പണിയർ

പ്രാചീന കാലം മുതൽ പണിയർ വയനാട്ടിൽ ഉണ്ടായിരുന്നെങ്കിലും ഇവർ കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നിന്നും കുടിയേറിയവരാണ്. ആദിമ ദ്രാവിഡ വംശത്തിൽപ്പെട്ട ഇവർ മലയാളം ,തമിഴ് ,തുളു ഭാഷകളുടെ സ്വാധീനമുള്ള ഒരു ഭാഷയാണ് സംസാരിക്കുന്നത്.

കാടർ

വളരെ പുരാതന കാലത്ത് തന്നെ ഇവിടെ അധിവസിച്ചിരുന്ന സമുദായക്കാരാണ് കാടർ. താരതമ്യേന പരിഷ്കൃതരായിരുന്ന ഇവർ ചെല്ലാട്ട്, എടത്തറക്കുന്ന്, കൊടും ചോല എന്നീ പ്രദേശങ്ങളിൽ ഉള്ളവരാണ്.കാർഷിക വൃത്തിയാണ് പ്രധാന തൊഴിൽ. വിദ്യാലയങ്ങൾ ആരംഭിച്ചപ്പോൾ മുതൽ വിദ്യാഭ്യാസത്തിലും ഇവർ മുൻപന്തിയിലാണ്.

കുറിച്യർ

ബ്രിട്ടീഷുകാരുമായുള്ള യുദ്ധത്തിൽ പഴശ്ശിരാജാവിനെ സഹായിക്കാൻ തെക്കുള്ള ഒരു രാജാവയച്ച വില്ലാളിവീരൻമാരായ പടയാളികളുടെ പിൻമുറയാണിവർ.പാരമ്പര്യ ആചാരങ്ങൾ മുറുകെ പിടിക്കുന്നവരാണ് ഇവർ. കാലി വളർത്തലും നായാട്ടും കൃഷിയും ഇവരുടെ പാരമ്പര്യമാണെങ്കിലും വളർത്തുന്ന മൃഗങ്ങളെക്കൊന്ന് മാംസം ഭക്ഷിക്കുന്ന രീതി ഇവർക്കില്ല.

പുലയർ

വയനാട്ടിലെ ആദിമ ഗോത്ര വിഭാഗത്തിൽ പെടുന്ന ജനവിഭാഗമാണ് പുലയർ. മഞ്ഞൂറ, പേരാൽ, കൊറ്റിയോടുകുന്ന് തുടങ്ങി ചെന്നലോടിന്റെ എല്ലാ ഭാഗങ്ങളിലും ഇവർ താമസിച്ചുവരുന്നു. 1952 കാലഘട്ടത്തിൽ 35 പുലയ വീടുകളിലായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. ഇപ്പോൾ 212 ഓളം കുടുംബങ്ങൾ ഇവിടെ താമസിക്കുന്നു. കൃഷിപ്പണിയായിരുന്നു പ്രധാന തൊഴിൽ. പരമ്പ്, കുട്ട തുടങ്ങിയവയുടെ നിർമാണത്തിലും കാർഷിക ഉപകരണ നിർമ്മാണത്തിലും ഇവർക്ക് നല്ല പ്രാവീണ്യം ഉണ്ട്. ലിപിയില്ലാത്ത പ്രത്യേക ഭാഷയാണ് ഇവർ സംസാരിക്കുന്നത്.

തനതായ ആരാധനാ മൂർത്തികളും പൂജാ രീതികളും പിന്തുടരുന്നവരാണ് പുലയ വിഭാഗം. കാവുകളിലായിരുന്നു ദൈവങ്ങളെ കുടിയിരുത്തിയിരുന്നത്. കാവിലെ പൂജകൾ, വിവാഹം, മരണാനന്തര ചടങ്ങുകൾ തുടങ്ങി എല്ലാ ചടങ്ങുകളും നാട്ടു മൂപ്പന്റെ കാർമികത്വത്തിലാണ് നടന്നിരുന്നത്. നാട്ടുമൂപ്പൻ സ്ഥാനം മരുമക്കത്തായം ആയി കൈമാറി വരുന്നതാണ്.

മാത പുലയർ, മല പുലയർ എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന ഇവരെ സർക്കാർ പട്ടികവർഗ്ഗ വിഭാഗത്തിലായിരുന്നു ഉൾപ്പെട്ടിരുന്നത്. 1980 ലെ മാത്തൂർ കമ്മീഷൻ റിപ്പോർട്ടിൻെറ അടിസ്ഥാനത്തിൽ കേരള സർക്കാർ പുലയരെ പട്ടികവർഗ വിഭാഗത്തിൽ നിന്നും മാറ്റി പട്ടികജാതി വിഭാഗത്തിൽ ഉൾപ്പെടുത്തുകയാണുണ്ടായത്. ചെന്നലോട് പ്രദേശത്തിന്റെ സാമൂഹിക-സാംസ്കാരിക തൊഴിൽമേഖലകളിൽ വലിയ സ്വാധീനം ഇവർ ചെലുത്തി വരുന്നു.

കുടിയേറ്റക്കാർ

മലബാറിൽ ബ്രിട്ടീഷ് ആധിപത്യം വന്നതോടെ കേരളത്തിലെ വടക്കൻ ജില്ലകളിൽ നിന്നും ഇവിടേയ്ക്ക് കുടിയേറ്റം ആരംഭിച്ചു.പാലക്കാട്, മഞ്ചേരി ,മലങ്കര ,തലശ്ശേരി പ്രദേശങ്ങളിൽ നിന്നും വന്ന മുസ്ലീമുകളാണ് ആദ്യ കുടിയേറ്റക്കാർ. പുത്തൂർ ,കുത്തിനി, കണിയാങ്കണ്ടി, വാഴയിൽ, ചെല്ലിയോട്ടുമ്മൽ എന്നീ കുടുംബങ്ങളാണ് പ്രധാനമായും ഇവിടെ ഉണ്ടായിരുന്നത്.തെക്കൻ കേരളത്തിൽ നിന്നും കുടിയേറിപ്പാർത്ത ക്രിസ്ത്യൻ കുടുംബങ്ങളും ഇവിടുത്തെ ജനവിഭാഗത്തിൽപ്പെടുന്നു.എല്ലാ ജനവിഭാഗങ്ങളും ഇടകലർന്ന് ഒത്തൊരുമയോടെയാണ് ഇവിടെ വസിക്കുന്നത് കുറഞ്ഞ വിലയ്ക്ക് കൂടുതൽ കൃഷിഭൂമി ലഭിക്കുമെന്നുള്ള കേട്ടറിവായിരുന്നു മധ്യ തിരുവിതാംകൂറിൽ നിന്നുള്ള കർഷകരെ മലബാറിലേയ്ക്ക് ആകർഷിച്ചത്.

നാട്ടുരാജ്യമായ തിരുവിതാംകൂറിലെ കൃഷിഭൂമിയുടെ ദൗർലഭ്യവും വർദ്ധിച്ചു വരുന്ന ജനസാന്ദ്രതയും കടുത്ത ക്ഷാമവുമായിരുന്നു കുടിയേറ്റത്തിനിടയാക്കിയ പ്രധാന കാരണങ്ങൾ.നിവർത്തിയില്ലാത്തവർ ഭൂമി വിറ്റ് മലബാറിലേയ്ക്ക് വണ്ടി കയറി. 1940 വരെ വയനാട്ടിൽ യാത്രയ്ക്കും കാർഷിക ഉൽപ്പന്നങ്ങൾ കൊണ്ടു പോകുന്നതിനും മുഖ്യ വാഹനം കാളവണ്ടിയായിരുന്നു. 1940 ൽ കോഴിക്കോട് നിന്ന് ചുണ്ടയിലേയ്ക്ക് കാലിക്കറ്റ്-വയനാട് മോട്ടോർ സർവ്വീസ് ആരംഭിച്ചതോടെ വയനാട്ടിലേയ്ക്കുള്ള കുടിയേറ്റവും ത്വരിതഗതിയിലായി. വാക്കാൽ പാട്ടം കൊടുക്കുന്ന പതിവുണ്ടായിരുന്നതിനാൽ അക്കാലത്ത് നടന്ന എല്ലാ ഭൂമി ഇടപാടുകളും രജിസ്റ്റർ ചെയ്തിരുന്നില്ല. വലിയ ജൻമിമാർക്ക് ഇടയ്ക്കിടെ രജിസ്റ്റർ ഓഫീസിൽ പോകുന്നതിനുള്ള വൈമനസ്യം നിമിത്തം കുടിയാൻമാർക്ക് കൊടുക്കുന്ന ഭൂമികളു ടെയെല്ലാം രജിസ്ട്രേഷൻ അവർക്ക് സൗകര്യപ്രദമായ ദിവസം ഒരുമിച്ച് ചെയ്ത് നൽകുകയോ അല്ലെങ്കിൽ ഏതെങ്കിലും ഒരാളുടെ പേരിൽ രജിസ്റ്റർ ചെയ്ത് നൽകുകയോ ആണ് ചെയ്തത്.

പരസ്പരം സഹകരിച്ചായിരുന്നു കുടിയേറ്റക്കാർ വീടുകൾ നിർമ്മിച്ചിരുന്നത്. സുലഭമായി ലഭിച്ചിരുന്ന കാട്ടുതെരുവയാണ് വീടുമേയാൻ ഉപയോഗിച്ചിരുന്നത്. കൂടിപ്പണികളിലൂടെ കാടുവെട്ടിത്തളിച്ച് കപ്പ, നെല്ല് ,ഇഞ്ചി എന്നിവയാണ് ആദ്യം കൃഷി ചെയ്തത്.30 റാത്തൽ കപ്പയ്ക്ക് 2 രൂപ വരെ വില ലഭിക്കുമായിരുന്നു.അക്കാലത്ത് ഏറെ ദു:സഹമായിരുന്നു ഇവിടുത്തെ കാലാവസ്ഥ. മെയ് മുതൽ ഒക്ടോബർ അവസാനം വരെയായിരുന്നു മഴക്കാലം. എല്ലാ സമയത്തും പെയ്തു കൊണ്ടിരുന്ന ചാറ്റൽ മഴ മണ്ണിന്റെ ഈർപ്പവും അന്തരീക്ഷത്തിന്റെ തണുപ്പും നിലനിർത്തി. മഴക്കാലത്തെ തുടർന്ന് മഞ്ഞുകാലമാകുന്നതോടെ രാപ്പകൽ വ്യത്യാസമില്ലാതെ അന്തരീക്ഷത്തിൽ മൂടൽമഞ്ഞ് നിറഞ്ഞു നിൽക്കുമായിരുന്നു. മലമ്പനിയുടെ ആവിർഭാവം പലരുടേയും ജീവൻ ഇല്ലാതാക്കി.' കൊയ്നാ ഗുളികയായിരുന്നു ഏക ആശ്വാസം . ആർക്കെങ്കിലും അസുഖം ബാധിച്ചാൽ ആശുപത്രിയിൽ കൊണ്ടു പോകുന്നതിനായി മഞ്ചലായിരുന്നു ഉപയോഗിച്ചിരുന്നത്.രണ്ടാം ലോകമഹായുദ്ധകാലത്ത് കുടിയേറ്റം വർദ്ധിച്ചു. ഇക്കാലത്ത് ഇവിടെ എത്തിയവർക്കായി മയിലാടുംകുന്ന്, ചീങ്ങന്നൂർക്കുന്ന്, ചെന്നലെരിക്കുന്ന് തുടങ്ങി അഞ്ഞൂറ് ഏക്കറിലധികം വരുന്ന സ്ഥലം മണിയങ്കോട് അനന്തയ്യ ഗൗ‍ഡർ 1943ൽ കുടിയേറ്റക്കാർക്കായി രജിസ്റ്റർ ചെയ്തു നൽകി.

കാർഷിക ചരിത്രം

കൃഷിയായുരുന്നു ജനങ്ങളുടെ മുഖ്യതൊഴിൽ. . കാപ്പി, കുരുമുളക്, വാഴ, കമുക്, നെല്ല്, കപ്പ നാണ്യവിളകൾ ആണ് ആണ് സമ്പദ്ഘടനയുടെ എന്നിവയായിരുന്നു പ്രധാന വിളകൾ .സാമാന്യം നല്ല മഴ ലഭിക്കുന്ന പ്രദേശമായതിനാൽ കൃഷിക്ക് അനുയോജ്യമായിരുന്നു.ധാരാളം നെൽവയലുകൾ ഇവിടെയുണ്ടായിരുന്നു. തൊണ്ടി, വെളിയൻ ,ചോമാല , ഗന്ധകശാല ചെന്നെല്ല്, ജീരകശാല തുടങ്ങിയ നെല്ലിനങ്ങൾ കൃഷിചെയ്തിരുന്ന വയലുകൾ ഇവിടെ ഉണ്ടായിരുന്നു . സുലഭമായി ലഭിച്ചിരുന്ന കാലവർഷവും ചാണകവും നെൽകൃഷി ആദായകരമാക്കിയിരുന്നു. അരിക്കു പകരമുള്ള ഒരു പ്രധാന ആഹാരമായി മരച്ചീനി ഉപയോഗിക്കപ്പെടുന്നു. ചില പ്രധാന ഇനങ്ങളായ അമ്പക്കാടൻ, ക്വിന്റൺ, എച്ച് 4, ഐ.ആർ 8, എന്നിവ ഇവിടെ വിളയിക്കുന്നു .കാർഷിക മേഖല പല വിധ കാരണങ്ങളാൽ പ്രതിസന്ധി നേരിടുന്നു. ഉൽപ്പാദനക്കുറവ്, കുറഞ്ഞ ഉല്പാദനക്ഷമത, കാലാവസ്ഥാ വ്യതിയാനം, വന്യമൃഗശല്യം വിപണന രംഗത്തെ പ്രശ്നങ്ങൾ വ്യാപകമായ കീടബാധകൾ, രോഗങ്ങൾ, കാർഷിക വിളകളെ അടിസ്ഥാനമാക്കിയുള്ള വ്യവസായങ്ങളുടെ അഭാവം എന്നിവയാണ് കാർഷിക മേഖലയിലെ പ്രതിസന്ധിക്ക് കാരണം. നെൽവയൽ നികത്തി മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതും കാലാവസ്ഥ വ്യതിയാനങ്ങളും ജലസേചനത്തിന്റെ അഭാവവും നെൽകൃഷിയിൽ കർഷകരുടെ താൽപര്യം കുറയാൻ കാരണമായിട്ടുണ്ട്.

കലാചരിത്രം

ഇവിടുത്തെ തനതായ നാടൻ കലാരൂപങ്ങൾ എന്നു വിളിക്കാവുന്നതാണ് പണിയ സമുദായത്തിന്റെ ഇടയിൽ പ്രചാരമുള്ള വട്ടക്കളി എന്ന നൃത്തം.നൃത്തത്തോടനുബന്ധിച്ചുള്ള തുടികൊട്ടലും ചീനി അഥവാ കുഴൽ, പതിനാറോളം വ്യത്യസ്ത താളങ്ങളും പരമ്പരാഗത ചുവടുകളും ആണ് ഈ കലാരൂപത്തിന്റെ സവിശേഷതകൾ. തുടിയുടെയും കുഴലൂത്തിന്റേയും താളക്രമത്തിനനുസരിച്ച് നൃത്തത്തിന്റെ വേഗതയും വർദ്ധിക്കുന്നു .

1945 നും 55 നും ഇടയ്ക്ക് തരിയോട് കേന്ദ്രമായി വിജയനടന കാലാസമിതി എന്ന പേരിൽ നാടകത്തിന് മാത്രമായി ഒരു സ്ഥാപനം ഉണ്ടായിരുന്നു. വർഷത്തിൽ ഒരിക്കലോ രണ്ടു വർഷം കൂടുമ്പോഴോ ഒരു നാടകം പഠിച്ച് അവതരിപ്പിക്കുകയോ, പുറത്ത് നിന്നുള്ളവർക്ക് ഇത്തരം നാടകങ്ങൾ അവതരിപ്പിക്കാൻ അവസരം കൊടുക്കുകയോ ചെയ്യുക എന്നത് മാത്രമായിരുന്നു വിജയ നടനകലാസമിതിയുടെ പ്രവർത്തനം.1955 ന് ശേഷമുള്ള ഒരു ദശാബ്ദം ഈ രംഗത്ത് തികഞ്ഞ മുരടിപ്പിന്റെ കാലഘട്ടമായിരുന്നു.

വികസന ചാലക ശക്തികൾ

വയനാട് ജില്ലയിലെ ചെന്നലോട് എന്നു പേരുളള ഒരു കൊച്ചു ഗ്രാമം... ഈ ഗ്രാമം ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു ശേഷം വികസന തേരിലേറി സഞ്ചരിച്ചു കൊണ്ടിരിക്കുകയാണ്. ഈ വികസന ചരിത്രത്തിനു സഹായിച്ച അനവധി സ്ഥാപനങ്ങളും വ്യക്തികളുമുണ്ട്. വികസനത്തിന്റെ പടവുകൾ സാവധാനം ചവിട്ടിക്കയറുന്ന ഒരു പ്രദേശമാണ് ചെന്നലോട്. വിദ്യാഭ്യാസപരമായി വളരെ ഉയർന്ന ഒരു പ്രദേശമല്ല ഇതെന്നു വേണമെങ്കിൽ പറയാം. ജനസംഖ്യയിലെ ഭൂരിഭാഗം ആൾക്കാരും ബിസിനസുകാരാണ്. ചെറുകിട ബിസിനസ്സുകാരും വൻകിട ബിസിനസ്സുകാരും ഇവിടെ ധാരാളമുണ്ട്. പകലന്തിയോളം അധ്വാനിക്കുന്ന കർഷകരും , കൂലിവേലക്കാരും , ചുരുക്കം വേതനം പറ്റുന്ന ജോലിക്കാരും വിരളമല്ല. എങ്കിലും ഇന്നത്തെ പുതു തലമുറ പുരോഗമനം ആഗ്രഹിക്കുന്നവരും അതിനു വേണ്ടി പരിശ്രമിക്കുന്നവരും ആണ്.

തപാലാപ്പീസ്

1960കാലഘട്ടത്തിൽ തന്നെ ചെന്നലോട് പ്രദേശത്ത് ഒരു തപാൽ ഓഫീസ് നിലവിൽ വന്നിരുന്നു. കുടിയേറ്റ നിവാസികൾക്ക് അന്നത്തെ കാലത്ത് ഏറ്റവും സഹായകരമായിരുന്നു ഇത്. കാര്യക്ഷമമായി പ്രവർത്തിച്ചു വരുന്ന ഒരു കേന്ദ്ര സർക്കാർ സ്ഥാപനമാണിത്. മൈലാടുംകുന്ന് , പേരാൽ , അരമ്പറ്റക്കുന്ന് തുടങ്ങിയ സമീപ വാസികൾക്ക് ഈ തപാലാപ്പീസ് ഒരു അനുഗ്രഹം തന്നെയാണ്.

പ്രൈമറി ഹെൽത്ത് സെന്റർ – തരിയോട്

ചെന്നലോട് പ്രദേശത്ത് ആരോഗ്യപരിപാലന രംഗത്തെ വലിയ ഒരു ആശ്വാസ കേന്ദ്രമാണ് ഈ ഹോസ്പിറ്റൽ . നല്ല ചികത്സ ലഭിക്കുമെന്നതിനാൽ സമീപ പ്രദേശങ്ങളിൽ നിന്നെല്ലാം ആളുകൾ ഇവിടെ എത്താറുണ്ട്. ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ കോവിഡ് രോഗികൾക്കായി പ്രത്യേക വാർഡുകൾ ഇപ്പോൾ നിലവിലുണ്ട്. വിദഗ്ദ ഡോക്ടർമാരുടെ സേവനവും, വാഹന സൗകര്യങ്ങളും ഈ ആരോഗ്യ പരിപാലന കേന്ദ്രത്തിലേക്ക് സമീപ വാസികളെ എത്താൻ പ്രേരിപ്പിക്കുന്നു. 1969 കാലഘട്ടത്തിൽ തുടങ്ങിയ പ്രൈമറി ഹെൽത്ത് സെന്റർ ഇന്ന് വളരെയധികം സൗകര്യങ്ങളുളള ഒരു ഹോസ്പിറ്റലായി മാറിയിരിക്കുന്നു.

വെറ്റിനറി ഹോസ്പിറ്റൽ

കാവുമന്ദം, തരിയോട് , ചെന്നലോട് തുടങ്ങിയ പ്രദേശവാസികൾക്ക് ഒരു അനുഗ്രഹമായി മാറിയിരിക്കുകയാണ് ചെന്നലോട് പ്രവർത്തിച്ചു വരുന്ന മൃഗാശുപത്രി കെട്ടിടം . ക്ഷീര കർഷകർക്കും , മൃഗങ്ങളിലൂടെ ഉപജീവനമാർഗ്ഗം തേടുന്ന മറ്റ് വ്യക്തികൾക്കും ഈ സർക്കാർ സ്ഥാപനം തികച്ചും ഉപകാരപ്രദമാണ്. ഇന്നത്തെ നിലയിലുള്ള ഈ കെട്ടിടം 2002 ലാണ് ഉദ്ഘാടനം ചെയ്തത്.

സഹൃദയ വായനശാല

ചെന്നലോട് പ്രദേശത്തിന്റെ അഭിമാനമായി നിലകൊള്ളുന്ന ഒരു സ്ഥാപനമാണ് സഹൃദയ വായനശാല . വായനയെ പ്രോത്സാഹിപ്പിക്കുന്നതിനും , സർഗ്ഗാത്മകതയുടെ ലോകത്തിലേക്ക് പ്രദേശവാസികളെ ഉയർത്തിക്കൊണ്ടുവരുന്നതിനുമായി പ്രവർത്തിച്ചു വരുന്ന ഈ സ്ഥാപനം ഇന്നത്തെ നിലയിലേക്ക് ഉയർന്നത് 2005 ലാണ്. വിവിധ മത്സരങ്ങൾ , പ്രോഗ്രാമുകൾ എന്നിവ വായനശാലയുടെ കീഴിൽ നടത്തി വരുന്നു. ചെന്നലോട് പ്രദേശത്തിന്റെ സാമൂഹിക സാംസ്ക്കാരിക പുരോഗതിയുടെ ഒരു നാഴികക്കല്ലായി ഈ വായനശാല അതിന്റെ ജൈത്രയാത്ര തുടരുന്നു.

ചെന്നാട്കുന്ന് ഭഗവതി ക്ഷേത്രം

അരമ്പറ്റകുന്നിലെ പ്രധാന കുറിച്ച്യ തറവാടായ കുലവയൽ തറവാടിനോട് ചേർന്നാണ് നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കുലദൈവങ്ങൾ, മലക്കാരി, ഗുളികൻ, ദേവി എന്നിവയാണ് പ്രധാന ആരാധനാ മൂർത്തികൾ. നാശോൻ മുഖമായി കിടന്നിരുന്ന ക്ഷേത്രം ഈ അടുത്ത കാലത്ത് തദ്ദേശവാസികളും, നാട്ടുകാരും ചേർന്ന് പുനർനിർമ്മിക്കുകയും, പൂജാദി കർമ്മങ്ങൾ ആരംഭിക്കുകയും ചെയ്തത്. പ്രദേശത്തിന്റെ ഐശ്വര്യത്തിന് ക്ഷേത്ര നിതാനമാകുന്നു എന്ന് നാട്ടുകാർ കരുതുന്നു.

ചെന്നലോട് വലിയപള്ളി

ഗിരിവർഗക്കാർ പാർത്തു പോന്ന ഇടങ്ങളാണ് ഇന്നത്തെ തരിയോട് പഞ്ചായത്തിലെ ഭൂ പ്രദേശങ്ങൾ. പിൽക്കാലത്ത് ഭൂവുടമകളായി നായർ പ്രമാണിമാർ ഇവിടെ കുടിയിരുത്തപ്പെട്ടു. അവരുടെ കുടിയാന്മാരായാണ് ഇന്നത്തെ ചെന്നലോട് പ്രദേശത്തുള്ള മുസ്ലിംകളുടെ പൂർവ്വീകർ എത്തിപ്പെടുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയോടെയായിരുന്നു ഇവരുടെ കടന്ന് വരവ്. വടക്കേ വയനാട്ടിലേക്ക് കുടിയേറിയ വടകര താലൂക്കിലെ മാപ്പിളമാർ അവിടെ നിന്ന് കൂടുതൽ കൃഷി യോഗ്യമായ ഇടങ്ങൾ തേടിയാണ് തെക്കോട്ട് നീങ്ങിയത്. വിരലിലെണ്ണാവുന്ന കുടുംബങ്ങളായിരുന്നു ചെന്നലോട് വന്നു താസമാക്കിയത്. ഏറെ താമസിയാതെ ഓല കൊണ്ട് മറച്ച ചെറിയൊരു നിസ്കാരപ്പള്ളി പണിത് ഇവർ ആരാധനാ കർമ്മങ്ങൾ ആരംഭിച്ചു. ഈ പള്ളി പിന്നീട് ജുമുഅത്ത് പള്ളിയായി മാറിയത്.എടത്തിൽ ഓമന നമ്പ്യാരാണ് പള്ളി നിൽക്കുന്ന ഭൂമി കൈമാറിയത്.പള്ളിക്കുളവും ഖബറിസ്ഥാനും കൂട്ടത്തിലുണ്ട്. അക്കാലത്ത്‌ വിദൂരങ്ങളിൽ നിന്ന് ഈ ഖബറിസ്ഥാനിലേക്ക് മയ്യിത്തുകൾ കൊണ്ടു വരാറുണ്ടായിരുന്നുവത്രെ, മഴക്കാലത്ത് വലിയ വെള്ളപ്പൊക്കത്തിന്റെ ആണ്ടുകളിൽ പുറം നാട്ടുകാർക്ക് മയ്യിത്ത് കൊണ്ടുവരാൻ സാധ്യമാവാത്തപ്പോൾ ചെന്നലോട്ടുകാർ പാണ്ടി എടുത്ത് അക്കരേക്ക് തുഴഞ്ഞു പോയി മയ്യത്ത് ഏറ്റുവാങ്ങി വന്നു മറവ് ചെയ്യുമായിരുന്നുവത്രെ. പത്തു വൈത്തിൽ പുത്തൂർ, ഞെരളേരി, തുരുത്തി, പത്തായാക്കോടൻ കുടുംബങ്ങളായിരുന്നു പള്ളിയുടെ ഊരാളന്മാർ. അക്കാലത്ത് കുടിയേറി വന്നവരുടെ നാടിന്റെ പേര് പലർക്കും വീട്ടുപേരായി പരിണമിച്ചിട്ടുണ്ട്. ജുമുഅ തുടങ്ങി വൈകാതെ നിർമ്മാണ ചാതുരിയോടെയുള്ള ഇരു നില പള്ളി ഉയർന്നു. കൊത്തുപണികൾ നിറഞ്ഞ തൂണുകളും ഒറ്റമരത്തിൽ തീർത്ത വാതിലുകളും പഴയ തലമുറ ഓർത്തെടുക്കുന്നു. പാതിരാ പ്രസംഗ‍‍ങ്ങളിൽ നിന്ന് പള്ളിക്ക് ഭൂസ്വത്തുക്കൾ വർദ്ധിപ്പിച്ചു വന്നു. ഓത്തു പള്ളിയും പ്രൗഡമായ ദർസും മൂലം മതപരമായ അവബോധവുമുള്ള തലമുറ രൂപപ്പെട്ട് തുടങ്ങി. 1957 ൽ ആദ്യ മഹല്ല് കമ്മറ്റി നിലവിൽ വന്നു. മദ്രസയും അതേ വർഷം തന്നെയാണ് ഉദ്‌ഘാടനം ചെയ്യപ്പെട്ടത്. വല്യ മോയ്ല്യാര് എന്നറിയപ്പെട്ടിരുന്ന ഒരു പണ്ഡിതവര്യൻ ഇവിടെ ദർസ് നടത്തിയിരുന്നുവത്രെ. പ്രമുഖ പണ്ഡിതനായിരുന്ന മർഹൂം ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാർ ഈ പള്ളിയിൽ അൽപ്പ കാലം സേവനം ചെയ്തിരുന്നു എന്നത് അഭിമാനത്തോടെ പഴമക്കാർ ഓർക്കുന്നു. 1980 കളിൽ സ്ഥലപരിമിതിയും ബലക്ഷയ സന്ദേഹവും പഴയ പള്ളി പൊളിച്ചു മാറ്റാൻ കാരണമായി. 1983 ലാണ് ഇന്ന് കാണുന്ന ചെന്നാലോട്ടെ പുതിയ പള്ളിക്ക് തറക്കല്ലിടുന്നത്.

ചെന്നലോടിനടുത്ത തരിയോട് ഗ്രാമവും മഹല്ലും ഇല്ലാതായ കഥ കൂടി ചെർന്നാലേ ഈ ദേശത്തിന്റെ ചരിത്രം പൂർത്തിയാകൂ. 'ബാണാസുര ഡാം നിർമ്മാണത്തിന് വേണ്ടി കുടിയൊഴിപ്പിച്ചപ്പോൾ അനേകം മുസ്‌ലിം കുടുംബങ്ങൾ താമസച്ചിരുന്ന പഴയ പള്ളിയും മഹല്ലും ഉൾക്കൊള്ളുന്ന തരിയോട് പ്രദേശം നാമാവശേഷമായി. ഇവിടുത്തുകാർ ചെന്നലോട് അടക്കം വിവിധ പ്രദേശങ്ങളിലേക്ക് ചേക്കേറി. ഇവിടെയുണ്ടായിരുന്ന പള്ളി പൊളിച്ച് വെള്ളമുണ്ടയ്ക്കടുത്ത കിണറ്റിങ്ങലിലെ പള്ളി പുനർ നിർമ്മാണത്തിന് ഉപയോഗിച്ചു.ആദ്യ കാലത്ത് കാവും മന്ദം, ഞെർളേരി, വൈപ്പടി എന്നിവിടങ്ങളിൽ നിന്നെല്ലാം ജുമുഅക്ക് ഇവിടേക്ക് എത്തിയിരുന്നു. പിന്നീട് ഓരോരോ നാട്ടുകാർ പിരിഞ്ഞു പോയി. ചെന്നലോട് സൗത്ത് എന്ന പേരിൽ പുതിയതായി ഇവിടെ മറ്റൊരു മഹല്ല് രൂപപ്പെട്ടു. വീട്ടിക്കാമൂല മഹല്ല് ആണ് അൽപ്പ കാലം മുമ്പ് അവസാനമായി വിഭജിച്ചു പോയത്. ഇന്ന് 260 ഓളം മുസ്ലിം വീടുകളുള്ള സുശക്തമായ തോതിൽ മത-സാംസ്കാരിക ചലനങ്ങൾ നടക്കുന്ന നാടാണ് ചെന്നലോട്.

സെന്റ് സെബാസ്റ്റ്യൻസ് ചർച്ച് ,ചെന്നലോട്

1940കളിലാണ് മധ്യ തിരുവതാംകൂറിൽ നിന്നും വയനാട്ടിലേക്കുള്ള ക്രിസ്ത്യാനികളുടെ കുടിയേറ്റം ആരംഭിച്ചത്. കഠിനാധ്വാനികളും കൃഷിക്കാരുമായിരുന്ന ഇവർ വയനാടിന്റെ പലഭാഗത്തും കുടിയേറുകയും കാട് മൂടിക്കിടന്നിരുന്ന പല സ്ഥലങ്ങളും കൃഷി യോഗ്യമാക്കുകയും ചെയ്തു. തരിയോട് പ്രദേശത്ത് കുടിയേറിയവർ എട്ടാംമൈലിലാണ് ആദ്യമായി പള്ളി പണിതത്. പത്മപ്രഭാ ഗൗരുടെ അച്ഛനായ കൃഷ്ണ ഗൗഡരുടെ ഉടമസ്ഥതയിലുള്ള കാട് മൂടിക്കിടക്കുന്ന 200 ഏക്കറിലധികം സ്ഥലം അന്നത്തെ പള്ളി വികാരി വിലക്ക് വാങ്ങുകയും കുടിയേറിയ ക്രിസ്ത്യൻ കുടുംബങ്ങൾക്ക് ഏക്കറിന് 100 രൂപ വെച്ച് വിൽക്കുകയും ചെയ്തുു.ഇതോട് കുടിയാണ് ചെന്നലോട് പ്രദേശത്തേക്ക് ക്രിസ്ത്യാനികളുടെ കുടിയേറ്റം വിപുലമായത്. എട്ടാം മൈൽ പള്ളിയുടെ ഭാഗമായിരുന്ന ചെന്നലോട് പ്രദേശത്ത് 1965 മെയ് 16 മുതലാണ് ഇപ്പോഴുള്ള പള്ളിയിൽ ആരാധനകൾ തുടങ്ങുന്നത്.

പള്ളി ആരംഭിക്കുന്ന സമയത്ത് എൺപതോളം കുടുംബങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത് .തുടർന്ന് സൺഡേ സ്കൂളിലെ പ്രവർത്തനങ്ങളും മറ്റ് അനുബന്ധ സ്ഥാപനങ്ങളും ആരംഭിച്ചു. ചെന്നലോടിന്റെ ആത്മീയ സാംസ്കാരിക ചരിത്രത്തിൽ ഒരു പ്രധാന ഏട് ആയി ചെന്നലോട് സെന്റ് സെബാസ്റ്റ്യൻസ് ചർച്ച് തിളങ്ങിനിൽക്കുന്നു.

ഗവൺമെന്റ് യുപി സ്കൂൾ ,ചെന്നലോട്

ഒരു പ്രദേശത്തിൻ്റെയും അവിടുത്തെ ജനതയുടെയും വളർച്ചയുടെ ആണിക്കല്ല് വിദ്യാഭ്യാസമാണ്. സമൂഹത്തിൻ്റെ സമഗ്രപുരോഗതിയെ ലാക്കാക്കി പ്രവർത്തിക്കുന്ന സ്ഥാപനമായ ചെന്നലോട് ഗവൺമെന്റ് യുപി സ്കൂൾ പ്രദേശത്തെ പുരോഗതിയിലേക്ക് നയിക്കുന്നു.23 കുട്ടികളുമായി ഡിസ്ട്രിക്ട് ബോർഡിന് കീഴിൽ ഏകാധ്യാപക എലിമെൻ്ററി സ്കൂളായി ആരംഭിച്ചു. എക്സ് മിലിട്ടറി ക്കാരനായ കുഞ്ഞിരാമൻ നമ്പ്യാരായിരുന്നു ഏകാധ്യാപകൻ. 1930-40 കാലഘട്ടത്തിൽ ബ്രിട്ടീഷ് ഭരണകാലത്ത് വെണ്ണിയോട് നിവാസിയായ മുണ്ടോളി കലന്തർ എന്നയാൾ മുസ്ലീം കുട്ടികൾക്ക് വിദ്യാഭാസം നൽകുക എന്ന ലക്ഷ്യത്തോടെ അദ്ദേഹത്തിൻ്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് 30 അടി നീളവും 15 അടി വീതിയുമുള്ള ഓടുമേഞ്ഞ ഒരു കെട്ടിടം ഉണ്ടാക്കി.വെണ്ണിയോട്ടുകാരനായ അത്തൻ മാസ്റ്റർ, അമ്മൂട്ടി മാസ്റ്റർ, സൂഫി മാസ്റ്റർ എന്നിവരെ യഥാകാലങ്ങളിൽ അധ്യാപകരായി നിയമിച്ചു.അതിനു ശേഷം സ്കൂൾ കുറച്ചു കാലം അടച്ചിടേണ്ടി വന്നു. പിന്നീട് നമ്പ്യാർ മാസ്റ്റർ വരികയും സ്കൂൾ പുനരാരംഭിക്കുകയും ചെയ്തു. അദ്ദേഹത്തിൻ്റെ ശ്രമഫലമായി വൈത്തിരി ഡിസ്ട്രിക്ട് ബോർഡിൻ്റെ കീഴിൽ ഏകാധ്യാപക എലിമെൻ്ററി സ്കൂളായി അംഗീകാരം ലഭിച്ചു.പുത്തൂർ സൂഫി ഹാജിയുടെ വീടിന് സമീപത്ത് കാലപ്പഴക്കം ചെന്ന ഒറ്റമുറി കെട്ടിടത്തിൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു. ഏതാനും വർഷങ്ങൾക്കു ശേഷം നാല് അധ്യാപകരോടെ നാലാം ക്ലാസ് വരെയുള്ള മാപ്പിള എൽ .പി സ്കൂളായി മാറി. എന്നാൽ ആവശ്യമായ സ്ഥലസൗകര്യമോ സുരക്ഷിതമായ കെട്ടിടമോ ഇല്ലാത്തതിനാൽ ചെല്ലിയോട്ടുമ്മൽ മൊയ്തു ഹാജി എന്നയാളുടെ പീടികക്കെട്ടിടത്തിലേക്ക് സ്കൂൾ മാറ്റി. കുഞ്ഞിരാമൻ മാസ്റ്റർ, മൊയ്തീൻ മാസ്റ്റർ , സുകുമാരൻ മാസ്റ്റർ, മാത്യു മാസ്റ്റർ എന്നിവരായിരുന്നു അന്നത്തെ അധ്യാപകർ.

അക്കാലത്ത് കുട്ടികൾക്ക് ഉച്ചഭക്ഷണമായി ഉപ്പുമാവ് ഉണ്ടാക്കി നൽകുമായിരുന്നു. മുസ്ലീം കുട്ടികൾ കുറവായതിനാൽ മാപ്പിള സ്കൂൾ, ഗവ.എൽ.പി.സ്കൂളായി മാറുകയും പീടികക്കെട്ടിടം സുരക്ഷിതമല്ലാത്തതിനാൽ തൊട്ടടുത്ത മദ്രസ കെട്ടിടത്തിൽ സ്കൂൾ പ്രവർത്തനം തുടരുകയും ചെയ്തു.സ്വന്തമായൊരു കെട്ടിടം നിർമിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂൾ പരിപാലക സമിതിയും നാട്ടുകാരും ചേർന്ന് ശ്രമിച്ചതിൻ്റെ ഫലമായി പുത്തൂർ മൊയ്തു ഹാജി എന്ന ഉദാരമതി തൻെറ കൈവശം ഉണ്ടായിരുന്ന അരയേക്കർ ഭൂമി സ്കൂളിന് സംഭാവനയായി നൽകി. പി.ടി.എ കമ്മിറ്റിയുടെയും നാട്ടുകാരുടെയും അശ്രാന്ത പരിശ്രമത്തിൻ്റെ ഫലമായി 1970 കളിൽ സർക്കാർ ഫണ്ടുപയോഗിച്ച് അന്നത്തെ മികച്ച രീതിയിലുള്ള രണ്ട് കെട്ടിടങ്ങളുടെ നിർമാണം, ഭാവിയിൽ യു.പി.സ്കൂളായി ഉയർത്തുക എന്ന ലക്ഷ്യം മുന്നിൽക്കണ്ട് ആരംഭിച്ചു.1975-76 കാലഘട്ടത്തിൽ ഇന്നത്തെ ഓഫീസ് അടക്കമുള്ള കെട്ടിടങ്ങളുടെ പണി പൂർത്തിയാവുകയും സ്കൂൾ പുതിയ കെട്ടിടത്തിൽ പ്രവർത്തനമാരംഭിക്കുകയും ചെയ്തു. കെട്ടിട സൗകര്യം വന്നതോടെ കൂടുതൽ കുട്ടികളും അതുവഴി അധിക ഡിവിഷനുകളും അധ്യാപകരും ഉണ്ടായി.

എൽ.പി സ്കൂളിനെ യു.പി.സ്കൂളായി മാറ്റുക എന്നതായിരുന്നു അടുത്ത ലക്ഷ്യം. നാട്ടുകാർ കെട്ടിടം ഉണ്ടാക്കി നൽകുന്ന സ്ഥലങ്ങളിൽ എൽ.പി സ്കൂളിനെ യു.പി.സ്കൂളായി ഉയർത്തുന്നതിന് അംഗീകാരം നൽകാമെന്ന സർക്കാർ നിർദ്ദേശം അക്കാലത്ത് നിലവിൽ വന്നു.1979 ൽ പഞ്ചായത്തിൻ്റെ സഹായത്തോടെ ഒരു ക്ലാസ് മുറി പണിത് അഞ്ചാം ക്ലാസ് ആരംഭിക്കുകയും തുടർന്ന് 6,7 ക്ലാസുകൾ കൂടി ആരംഭിക്കുകയും ചെയ്തു.അങ്ങനെ യു. പി. സ്കൂളായി ഉയർത്തുകയും ചെയ്തു. 1955 ൽ വിരലിൽ എണ്ണാവുന്ന വിദ്യാർത്ഥികളും പരിമിതമായ സൗകര്യങ്ങളുമായി ആരംഭിച്ച ഏകാധ്യാപക വിദ്യാലയം വർഷങ്ങൾ പിന്നിടുമ്പോൾ പ്രീ - പ്രൈമറി മുതൽ ഏഴാം ക്ലാസ് വരെ അഞ്ഞൂറിലധികം വിദ്യാർത്ഥികളും അധ്യാപകരും അധ്യാപകേതര ജീവനക്കാരുമായി വിജ്ഞാന വീഥിയിൽ ചെന്നലോട് പ്രദേശത്തിന് വഴിവിളക്കായി തുടരുന്നു.

ചരിത്രം ഒരിക്കലും അവസാനിക്കുന്നില്ല ......

ഈ പ്രാദേശിക ചരിത്ര രചനയുടെ താളുകളിൽ എഴുതപ്പെട്ടത് ചെന്നലോട് എന്ന കൊച്ചു ഗ്രാമത്തിന്റെ ചരിത്രമാണ്. ചരിത്രബോധം ഉണ്ടാകാനും , അന്വേഷണത്വര വർദ്ധിക്കാനും , ചരിത്ര രചനയുടെ സ്വഭാവം മനസ്സിലാക്കാനും പ്രാദേശിക ചരിത്ര രചന സഹായിക്കുന്നു. ഇത് ഒരു ചെറിയ സംരംഭമാണ് . സ്വന്തം പ്രദേശത്തിന്റെ ചരിത്രം, ജനങ്ങൾ, ജീവിത രീതി , തൊഴിൽ, സംസ്ക്കാരങ്ങൾ, വിഭവങ്ങൾ, ഉത്സവങ്ങൾ, ആചാരങ്ങൾ എന്നു തുടങ്ങി ചെന്നലോട് പ്രദേശത്തിന്റെ കഴിഞ്ഞ കാലവും വർത്തമാനകാലവും മനസ്സിലാക്കാനായി ഞങ്ങൾ നടത്തിയ ഒരു കൂട്ടായ പ്രയത്നം.

ഇതിൽ പൂർണ്ണത കൈവൈരിച്ചു എന്ന് പറയാനാവില്ല. ഡോ.എം.ജി.എസ്.നാരായണന്റെ അഭിപ്രായത്തിൽ പൂർണ്ണമായ ആധികാരികത്വം ചരിത്രത്തിന് ഒരിക്കലും ഉണ്ടാകാറില്ല. കാരണം പിന്നെയും പിന്നെയും വസ്തുതകൾ പുറത്തു വന്നുകൊണ്ടിരിക്കും. പുതിയ വീക്ഷണങ്ങൾ ഉരുത്തിരിയും.

റഫറൻസ്

1.ചെന്നലോട് പ്രദേശത്തെ മുതിർന്ന പൗരന്മാർ

2.വിക്കിപീഡിയ

3.ഗൂഗിൾ

4.ഒക്കെ ജോണിയുടെ വയനാട് രേഖകൾ

5.തരിയോടുള്ള ചരിത്രശേഷിപ്പുകൾ

നന്ദി

ഈ എളിയ ഉദ്യമത്തിന് ആവശ്യമായിട്ടുള്ള വിവരശേഖരണത്തിനായി സമീപിച്ചപ്പോൾ കടുത്ത ശ്വാസ തടസത്തിന് ഇടയിലും നാലുതവണ ഗുളികയുടെ സഹായത്തോടെ വിവരങ്ങൾ പങ്കുവെച്ച് ശ്രീ പി കെ ശ്രീധരൻ ,തങ്ങളുടെ പഴയകാല ഓർമ്മകൾ നിറഞ്ഞ ചിരിയോടെ ഞങ്ങൾക്കു മുമ്പിൽ പങ്കുവെച്ച ശ്രീ വാഴയിൽ ഇബ്രാഹിം ഹാജി, പുത്തൂർ ഇബ്രാഹിം ഹാജി ,കണിയാംകണ്ടി ഇബ്രാഹിം ഹാജി എന്നിവരോട് പറഞ്ഞാൽ തീരാത്ത കടപ്പാട് അറിയിക്കുന്നു. ഈ പ്രവർത്തനത്തിന് മുഴുവൻ പിന്തുണയും നൽകി സഹകരിച്ച പി ടി എ പ്രസിഡന്റ് ശ്രീ ബഷീർകണിയാങ്കണ്ടി , ശ്രീ ബിനു.വി കെ ,ഹെഡ്മിസ്ട്രസ് ഇൻചാർജ് ജയരത്നം കെ , മറ്റു മുഴുവൻ അധ്യാപകർക്കും നന്ദി..