ജി എൽ പി എസ് ചെറുകുളം/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

അറിവിന്റെ തോഴി

31 വർഷത്തിന് ശേഷം പടിയിറങ്ങുന്നു. തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തിന്റെ 13-ാം വാർഡിൽ വിദ്യാഭ്യാസ രംഗത്ത് തല ഉയർത്തി നിൽക്കുന്ന ചെറുകുളം ജി എൽ പി സ്കൂൾ 70 വർഷങ്ങൾ പിന്നിടുമ്പോൾ 31 വർഷത്തെ സേവനം പൂർത്തിയാക്കിയ ടീച്ചർ  *ജമീല ടീച്ചർ ഈ ഗ്രാമത്തിലെ ഒരുപാട് പേർക്ക് അറിവിൻ്റെ ആദ്യാക്ഷരം നുകർന്ന് നൽകി ഈ സ്കൂളിലെ രക്ഷകർത്താക്കളുടെയും നാട്ടുകാരുടെയും പ്രിയ ജമീല ടീച്ചർ... ഒരു തലമുറയെ തന്നെ വിദ്യാഭ്യാസത്തിന്റെ ആദ്യ പടവുകൾ നിർമ്മിച്ച് അറിവിന്റെ പാതയിലേക്ക് നയിച്ച ജമീല ടീച്ചർ... ഈ വർഷം ഈ സ്കൂളിൽ നിന്നും പടിയിറങ്ങുന്നു......1993 ജൂൺ 14 ന് ഈ സ്കൂളിൽ ടീച്ചറായി  വന്ന് ....   31 വർഷം ഈ നാട്ടിലെ ജനങ്ങളെ അറിവിന്റെ ആദ്യാനുഭവങ്ങൾ നൽകി  സേവനം ചെയ്യാൻ സാധിച്ചു. എറണാകുളം ജില്ലയിലെ കുന്നത്തുനാട് താലൂക്കിലെ ആലേലി എന്ന കൊച്ചു ഗ്രാമത്തിൽ 1968 മെയ് 26 ന് ജനിച്ചു.

മണലിൽ അക്ഷരങ്ങൾ എഴുതി പഠിക്കുന്ന ആശാൻ കളരിയിൽ തന്നെയായിരുന്നു ആദ്യ പഠനം.പിന്നീടുള്ള പ്രാഥമിക വിദ്യാഭ്യാസം വീടിനടുത്തുള്ള കോട്ടപ്പടി സ്കൂളിൽഅപ്പർ പ്രൈമറി വിദ്യാഭ്യാസവും ഹൈസ്കൂൾ വിദ്യാഭ്യാസവും വീടിനടുത്ത് നിന്ന് 4 കിലോമീറ്റർ അകലെയുള്ള ഓട്ടക്കാലി ഗവൺമെൻറ് ഹൈസ്കൂളിൽ

1983 ൽ SSLC പാസായതിനുശേഷം 1986 ൽ ടീച്ചർ ട്രെയിനിങ്ങും പാസായി.തുടക്കത്തിൽ ആലുവ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ പേര് നൽകുകയും എന്നാൽ എറണാകുളം ജില്ലയിൽ ജോലി ലഭിക്കാൻ ബുദ്ധിമുട്ടാണെന്ന് ബോധ്യപ്പെട്ടതിനാൽ പാലക്കാട് എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിലേക്ക് അപേക്ഷ ട്രാൻസ്ഫർ ചെയ്യുകയും ചെയ്തു.1987- മുതൽ 1991 കാലയളവിൽ പാലക്കാട് ജില്ലയിലെ ചിറ്റൂർ, കൊല്ലംകോട് എന്നീ ഉപ ജില്ലകളിൽ അഞ്ചുവർഷം സേവനം അനുഷ്ഠിച്ചു.

1991 ൽ വിവാഹം നടന്നു. ഈ കാലയളവിൽ എഴുതിയ വയനാട്, മലപ്പുറം ജില്ലകളിലെ PSC TEST  പരീക്ഷകളിൽ വിജയം നേടി.1993 ജനുവരിയിൽ ആദ്യ PSC അപ്പോയ്മെന്റ് വയനാട് ജില്ലയിലെ മീനങ്ങാടിക്ക് സമീപം GLPS അപ്പാടിൽ .പിന്നീട് മലപ്പുറം ജില്ലയിലെ PSC മുഖേന 1993 ജൂണിൽ ചെറുകുളത്തേക്ക് ....

മലപ്പുറം ജില്ലയിൽ ലഭിച്ച ഈ ജോലിയിൽ തന്നെ പിന്നീട് തുടർന്നു .... ഈ സ്കൂളിൽ മാത്രം.ഈ നാടിന്റെ വിദ്യാഭ്യാസ പുരോഗതിക്കായി 31 വർഷം സേവനം അനുഷ്ടിച്ചു.. 2024 മെയ് 31 ന് സ്കൂളിൽനിന്ന് പടിയിറങ്ങുന്ന ജമീല ടീച്ചർക്ക് എല്ലാ ഭാവുകങ്ങളും

1993 ജൂൺ 14ന് ജോലിയിൽ പ്രവേശിക്കുമ്പോൾ 5 ക്ലാസ് മുറികളോട് കൂടി ഓടുമേഞ്ഞ ഒരു കെട്ടിട മാത്രമാണുണ്ടായിരുന്നത്.അന്നത്തെ എച്ച് എം ശ്രീ ഗോപാലൻ സാർ ലീവ് ആയതിനാൽ സീനിയർ അസിസ്റ്റന്റ് സോമനാഥൻ സാറിനായിരുന്നുഇൻ ചാർജ്.പെരുമ്പലത്തുകാരനായ ശ്രീ അബ്ദുൽ റഷീദ് സാറായിരുന്നു അറബി അധ്യാപകൻ.എന്നെക്കാൾ അഞ്ചുദിവസം മുമ്പ് ജോയിൻ ചെയ്ത പ്രമീള ടീച്ചറും 1993 ഏപ്രിൽ മാസത്തിൽ ജോയിൻ ചെയ്ത പിടിസി എം ശ്രീമതി ജാനകി ചേച്ചിയും കൂടാതെഭക്ഷണം പാകം ചെയ്തിരുന്ന പാത്തു താത്തയും അടങ്ങുന്നതായിരുന്നു എന്റെ തുടക്കത്തിൽ ഉണ്ടായിരുന്ന ചെറുകുളംകുടുംബം പിന്നീട് 1993 ജൂൺ 28ന് ശ്രീ വി ജി പ്രഭാകരൻ സാർ ട്രാൻസ്ഫറായി വരികയുമാണ് ഉണ്ടായത്. ഏതായാലും ചെറുകുളത്തെ ഇതുവരെയുള്ള എന്റെ അധ്യാപന ജീവിതം എനിക്കേറെ ആസ്വാദ്യകരവുംസംതൃപ്തി നൽകുന്നതും ആയിരുന്നു.ഗോപാലൻ മാഷിനു ശേഷം എച് എം ആയി വന്ന ശ്രീ നാരായണൻ സാർ ഏതാണ്ട് പത്തുവർഷത്തിലധികം ഇവിടെ സേവനമനുഷ്ഠിച്ചിട്ടുണ്ട്.തുടർന്നുവന്ന എച്ച് എം മാരായ ജോസ് മാസ്റ്റർ, രത്നവല്ലി ടീച്ചർ,മുഹമ്മദാലി സാർ, പ്രഭാകരൻ മാസ്റ്റർ, ഇബ്രാഹിംകുട്ടി സാർ,സരള ടീച്ചർ,അജിത ടീച്ചർ,നിർമ്മല ടീച്ചർ, അനിത ടീച്ചർ,ബിജോയ് ടീച്ചർ, എന്നിവരോട് ഒന്നിച്ച് ജോലി ചെയ്യാൻ ഭാഗ്യമുണ്ടായി.പ്രഭാകരൻ സാറും മുഹമ്മദാലി സാറും ഇവിടെ നിന്ന് പ്രമോഷൻ ലഭി ച്ച്‌ എച്ച് എം ആയി പോയശേഷം ഇവിടേക്ക് തന്നെ തിരിച്ചു വന്നവരാണ്. ഓരോരുത്തരും അവരവരുടെ പ്രവർത്തന മേഖലയിൽ പ്രാവീണ്യം തെളിയിച്ചവരാണെന്നതിൽ തർക്കമില്ല. എല്ലാവരിൽ നിന്നും ഒരുപാട് പഠിക്കാൻ സാധിച്ചു. പരിചയപ്പെട്ട ഓരോരുത്തരും ഓരോ പാഠപുസ്തകം ആണെന്ന് തിരിച്ചറിവും ഉണ്ടായി.ചെറുകുളത്തെ നാട്ടുകാരുടെയും രക്ഷിതാക്കളുടെയും സ്റ്റാഫിന്റെ യും എല്ലാം വളരെ നല്ല സഹകരണം ഉണ്ടായിരുന്നത് കൊണ്ടാണ് ഈ നീണ്ട 31 വർഷക്കാലവും ഞാനിവിടെ തുടർന്നത്. സ്കൂളുമായി നല്ല ബന്ധം പുലർത്തിയിരുന്ന ഒരുപാട് സുമനസ്സുകൾ ഇന്ന് നമ്മോടൊപ്പം ഇല്ല.

ആദ്യകാലത്തെ പിടിഎ പ്രസിഡണ്ട് ആയിരുന്ന കുട്ടിയാപ്പുകാക്ക മുഹമ്മദാലി എന്ന ആ കുഞ്ഞിപ്പ,ബാപ്പു ഹാജി,തയ്യൽ മുഹമ്മദ്,അബ്ദുല്ല ഫൈസി,കൊയിലാണ്ടി മജീദ്, ഉണ്ണി മുഹമ്മദ് ഹാജി,ചെറിയ അലി ഹാജി തുടങ്ങി ഒട്ടനവധി മഹാരഥന്മാരെ ഈ അവസരത്തിൽ അനുസ്മ രിക്കുകയാണ്.ആദ്യകാലങ്ങളിൽ ഒക്കെ സമരം ഉണ്ടാകുമ്പോൾ സ്കൂളിൽ വന്നിരിക്കുക പതിവാണ്.കുഞ്ഞുട്ടി ഹാജിയുടെ വീട്ടിൽ നിന്ന് കൊണ്ടുവരുന്ന ചായയും കടികളും ഒക്കെ കഴിച്ച് അന്ന് കഴിഞ്ഞത് ഇന്നും ഓർമ്മയിൽ ഉണ്ട്. പിഎസ്സി മുഖേനയും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയും പിന്നീട് ഡെയിലി വേജായും വളരെയധികം അധ്യാപകർ 31 വർഷത്തിനിടയിൽ ഇവിടെ വന്നു പോയിട്ടുണ്ട്.  ഇതുവരെ ഇവിടെ ജോലി ചെയ്തിട്ടുള്ള ഓരോ രുത്തരും എന്നെ ഏറെ സഹായിച്ചിട്ടുണ്ട്. ഓരോരുത്തരോടും ഉള്ള എന്റെ നന്ദിയും കടപ്പാടും പറഞ്ഞാൽ തീരാത്തതാണ്.  അധ്യാപന ജീവിതത്തിൽ പറയത്തക്ക യാതൊരു പ്രശ്നങ്ങളും എനിക്ക് ഉണ്ടായിട്ടില്ല. ഓർമ്മയിൽ ഏറെ വിഷമം ഉണ്ടാക്കിയ സംഭവം 2012 ൽ ഉണ്ടായ ഒരു അപകടമാണ്. ആ മഴക്കാലത്തുണ്ടായ ഇടിമിന്നലിൽ നമ്മുടെ പ്രീ പ്രൈമറിയിലെ ഷാബാസ് എന്നൊരു കുട്ടിക്കും ആയ ഹാജരക്കും സാരമായി പരിക്കേൽക്കുകയും സ്കൂളിലെ വൈദ്യുതി കണക്ഷനുകൾ മുഴുവൻ തകരാറിലാകുകയും ചെയ്തു. പിന്നീട് ആ കുഞ്ഞുമക്കൾക്ക് അതേ ക്ലാസിൽ ഇരിക്കാൻ ഭയമായിരുന്നു. അവരെ വേറെ ക്ലാസിലേക്ക് മാറ്റുകയാണ് ഉണ്ടായത്.പിന്നീട് ഓരോ മഴക്കാലം വരുമ്പോഴും ആ ഓർമ്മകൾ എന്റെ മനസ്സിലേക്ക് ഓടിയെത്താറുണ്ട്. ഇപ്പോൾ എന്റെ പേരക്കുട്ടികളെയാണ് ഞാൻ പഠിപ്പിക്കുന്നത്.മിക്കവാറും ഞാൻ പഠിപ്പിച്ചവരുടെ മക്കളാണ് ഇന്ന് ഈ സ്കൂളിലുള്ളത്. ആദ്യകാലങ്ങളിൽ കുറച്ചൊക്കെ ശിക്ഷാനടപടികളോ ടെ യാണ് കുഞ്ഞുങ്ങളെ കൈകാര്യം ചെയ്തിരുന്നത്. ആരോടും ഒരുതരത്തിലുള്ള സ്നേഹക്കുറവും എനിക്കുണ്ടായിട്ടില്ല.ഓരോ കുഞ്ഞുങ്ങളെയും ഓരോ വ്യക്തിത്വമായിട്ടാണ് ഞാൻ കണ്ടിട്ടുള്ളത്. അവരിൽ നിന്നും നമുക്ക് ഏറെ പഠിക്കാനുണ്ടെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. 31 വർഷത്തെ ശിഷ്യഗണങ്ങളാണ് എനിക്കുള്ള സമ്പത്ത്.

.ഒരു കെട്ടിടം മാത്രം ഉണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് നമുക്ക് മൂന്ന് കോൺക്രീറ്റ് കെട്ടിടങ്ങൾ ഉൾപ്പെടെ നാല് കെട്ടിടങ്ങൾ ആയി. മൂത്രപ്പുരകളും ആവശ്യത്തിലധികമായി ഉണ്ട്.ഇങ്ങനെ   അക്കാദമികവും ഭൗതിക വു മായ ഒട്ടേറെ മാറ്റങ്ങളും ഈ കാലയളവിൽ ഉണ്ടായിട്ടുണ്ട്. അതാത് കാലത്തെ പിടിഎയും ഹെഡ്മാസ്റ്റർമാരുംഒത്തൊരുമിച്ച് പ്രവർത്തിച്ചതിന്റെ ഫലമായിട്ടാണ് ഇന്ന് കാണുന്ന ഈ പുരോഗതികളെല്ലാം ഉണ്ടായത്.31 വർഷം പിന്നിടുമ്പോൾ പാചകക്കാരായി പാത്തു താ ത്ത ക്ക് ശേഷം വന്ന മൈമൂനയും പിന്നീട് മറിയുമ്മ എന്ന മാളുത്ത തയും പി ടി സി എം ആയിരുന്ന ജാനകി ചേച്ചി ക്ക് ശേഷം വന്ന ബാലേട്ടനും എല്ലാo എക്കാലത്തെയും മറക്കാനാവാത്ത സുഹൃത്ത് ബന്ധങ്ങളാണ്.സർവീസിനിടയിൽ കൂടെയുണ്ടായിരുന്നവരിൽ മരണപ്പെട്ട ഗോപാലൻ സാറും ജാനകി ചേച്ചിയും അകാലത്തി ൽ വിട പറഞ്ഞ തുളസി മാഷും കൂടാതെ ജീവിതം തുടങ്ങുന്നതിനു മുന്നേ പൊലിഞ്ഞുപോയ രണ്ടു പിഞ്ചു കുട്ടികളും ഈ കാലയളവിലെ മറക്കാനാകത്ത ഓർമ്മക ളാണ്.ഇപ്പോഴത്തെ എച്ച്എം കാർഡ് ടീച്ചർ എന്റെ ഈ സ്കൂളിലെ പതിമൂന്നാമത്തെ പ്രധാന അധ്യാപികയാണ്.

വലിയ അലി ഹാജി,നൂറെങ്ങൾ മൂസാക്ക, എലബ്ര ബാപ്പുട്ടി കാക്ക തുടങ്ങിയവർ ഞാൻ ഇവിടെ വന്ന കാലം മുതൽ ഈ സ്കൂളിന്റെ പുരോഗതിക്ക് വേണ്ടി പ്രവർത്തിച്ചവരിൽ പ്രമുഖരാണ്. 1993 ജൂൺ മുതൽ ഇതുവരെ എന്നോടൊപ്പം പ്രവർത്തിച്ച ഈ സ്കൂളിലെ എല്ലാ സഹപ്രവർത്തകരോടും നാട്ടുകാരോടും എന്റെ ശിക്ഷ ഗണങ്ങളോടും എന്റെ നന്ദിയും കടപ്പാടും ഒരിക്കൽ കൂടി അറിയിക്കുന്നതോടൊപ്പം ഏതെങ്കിലും തരത്തിലുള്ള തെറ്റ് കുറ്റങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ ക്ഷമിക്കണമെന്നും ഈ അവസരത്തിൽ ഓർമിപ്പിക്കുകയാണ്.പിന്നിട്ട വഴികൾ മറന്നു പോകാതിരിക്കാനും നല്ല ചിന്തകളും നല്ല ആശയങ്ങളും പങ്കുവെക്കാനും നമുക്ക് കഴിയട്ടെ എന്ന് പ്രത്യാശിക്കുന്നു.


സ്മരാണാലയം

കനലായ് എരിയുന്ന ജീവിത പാതയിൽ., കടലോളം നോവുകൾ തോരാതെ പെയ്യുമ്പോൾ... കാലം മായ്ക്കാത്ത കവിതയായെന്നും., കാതോരം കേൾക്കുമെൻ കലാലയ ഗീതങ്ങൾ...

കിളിപാടുമീ പാട്ടിന്നൊലിയിലും.., കനകമായ് മിന്നിത്തിളങ്ങുന്നുവെന്നും കുന്നോളം കുന്നിക്കുരുവെന്നപോൽ ആ കാല മാധുര്യ സ്മരണാലയം...

പുത്തകത്താളിൽ വരഞ്ഞതൊക്കെയും., പുത്തനായ് പൂക്കുവാൻ വെമ്പൽ കൊള്ളുന്നു .. പിറക്കുമോ പാരിതിൽ ഒരുവട്ടം കൂടി പ്രിയമേറുമാ കാലത്തിൽ മുറ്റത്ത്..

കറകളഞ്ഞൊരാ കുട്ടിത്ത കൂട്ടരും.. തുടിതാളമായെൻ്റെ ഗുരുനാഥന്മാരും ഒന്നിക്കും പുലരിതൻ ചുംബനമേൽക്കുവാൻ കൊതികൊണ്ടിരിപ്പാണീ ഞാനെന്ന ബാല്യം ...


മധുരിക്കും ഓർമ്മകൾ

 ✍️സിറാജ് എലമ്പ്ര

ഞാൻ ഒന്നു മുതൽ നാലു വരെ (1990 ജൂൺ മുതൽ 1994 ഏപ്രിൽ വരെ ) പഠിച്ച ചെറുകുളത്തെ സർക്കാർ ചെറിയ പ്രാഥമിക വിദ്യാലയം ഇന്ന് എഴുപതിൻറെ നിറവിൽ. ഞാൻ പഠിച്ചിരുന്ന കാലത്ത് ഈ സ്കൂളിനു ഒരു കെട്ടിടം മാത്രമാണ് ഉണ്ടായിരുന്നത് നാലു ക്ലാസുകൾ ഓരോ ഡിവിഷൻ വീതം. ക്ലാസ് മുറിയിൽ ഡസ്ക് ഉണ്ടായിരുന്നില്ല. യൂണിഫോം നിലവിൽ വന്നിട്ടില്ല. പാൻറ്സ് ധരിക്കുന്നവർ അപൂർവ്വം. വെള്ളത്തുണി, കള്ളിത്തുണി, ഹവായ് ചെരുപ്പ് ഇതൊക്കെയായിരുന്നു വേഷങ്ങൾ. ഗ്രൂപ്പ് ഫോട്ടോ എടുക്കലും പഠനയാത്ര പോവലും തുടങ്ങിയിട്ടില്ല. ഫോണും വൈദ്യുതിയും വിവര സാങ്കേതിക വിദ്യയുടെ സംവിധാനങ്ങളും എത്തിയിട്ടില്ല. ഉച്ചഭക്ഷണം ചെറുപയർ മിക്സ് കഞ്ഞി അല്ലെങ്കിൽ ചോറും കടല, പരിപ്പ്. ഉച്ചയ്ക്ക് കിട്ടുന്ന ഇടവേള നന്നായി ആഘോഷിക്കും മിക്കവാറും വിവിധ ഇനം കളികൾ ഉണ്ടാകും ഗോട്ടി,പന്ത്, കുട്ടിയും കോലും, കള്ളനും പോലീസും, ഒളിച്ചു കളി അങ്ങനെ പലതും. അല്ലെങ്കിൽ കുളത്തിലും തോട്ടിലും നീന്തിക്കുളിക്കാൻ പോകും ചില കാലങ്ങളിൽ സ്കൂളിന്റെ പരിസരത്ത് കാട്ടുപഴവർഗങ്ങൾ ഉണ്ടാവും അത് പറിക്കാൻ പോകും തെച്ചിപ്പഴം, നാറപഴം,ചെർളംപഴം,ചുള്ളിക്ക, അമ്പാഴങ്ങ, പിന്നെ നെല്ലിക്ക, മാങ്ങ, പുളി അങ്ങനെ കിട്ടുന്നത് എന്തും. അന്ന് സ്കൂളിൽ ഗൈറ്റും മതിലും ഉണ്ടായിരുന്നില്ല അത് കൊണ്ട് കുട്ടികൾക്ക് പുറത്തിറങ്ങാൻ കൂടുതൽ സ്വാതന്ത്ര്യം ഉണ്ടായിരുന്നു. ചില ദിവസങ്ങളിൽ കുറച്ചു കുട്ടികൾക്ക് മിഠായി കച്ചവടം ഉണ്ടാവും 5,10 പൈസ വിലയുള്ള മിഠായികൾ. സിലൈറ്റ് മായ്ക്കാൻ വെള്ളത്തണ്ടും പുതുമ നിലനിർത്താൻ കഞ്ഞുണ്ണിയും ഉപയോഗിക്കൽ പതിവായിരുന്നു. പഠന പാഠ്യേതര വിഷയങ്ങളിൽ മികവ് പുലർത്തുന്നവർക്ക് പലപ്പോഴും അദ്ധ്യാപകരുടെ കയ്യിൽ നിന്ന് കിട്ടുന്ന ചോക്കിൻ പൊട്ട് അവാർഡ് കിട്ടുന്ന പ്രതീതിയായിരുന്നു. ഞാൻ ഒന്നാം ക്ലാസ്സിൽ പഠിച്ചിരുന്ന കാലത്ത് സ്കൂളിൻറെ തൊട്ടടുത്തുള്ള അങ്കണവാടിയിൽ വിദ്യാർഥിയായിരുന്ന സിപി അബ്ദുറഹ്മാൻ ഇപ്പോൾ ഈ സ്കൂളിൻറെ പിടിഎ പ്രസിഡന്റാണ്. കൊടപ്പനോല, തെങ്ങോല, മുള, കമുങ്ങ് എന്നിവ കൊണ്ട് നിർമ്മിച്ചതായിരുന്നു അന്നത്തെ അങ്കണവാടി കെട്ടിടം. ഞാൻ നാലാംക്ളാസിൽ പഠിക്കുമ്പോൾ അന്നത്തെ മൂന്നാം ക്ലാസുകാരൻ ശരീഫും, രണ്ടാം ക്ലാസുകാരൻ മുജീബും ഇപ്പോൾ ഡോക്ടർമാരാണ്. ഈ സ്കൂളിൻറെ പൂർവ്വ വിദ്യാർഥികൾ പലരും ഇന്ന് കടലിനക്കരെയാണ് പ്രിയ പ്രവാസി സുഹൃത്തുക്കളെ ഓർക്കാതെ നാട്ടിൽ നമുക്കൊരു ആഘോഷവുമില്ല. ഈ വർഷം സ്കൂളിൽ നിന്ന് വിരമിക്കുന്ന ജമീല ടീച്ചർ 1993ജൂൺ 14നും, 2016 ൽ വിരമിച്ച തൊടുപുഴ സ്വദേശിയായ പ്രഭാകരൻ മാഷ് 1993 ജൂൺ 27നുമാണ് സ്കൂളിലെത്തിയത് അന്ന് ഞാൻ ഈ വിദ്യാലയത്തിലെ അവസാന വർഷ വിദ്യാർഥിയായിരുന്നു.