ജി. എൽ. പി. എസ്. അടാട്ട്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

തൃശ്ശൂർ ജില്ലയിലെ അതിപുരാതനമായ ഒരു ഗ്രാമമാണ് അടാട്ട്. അടാട്ട് ഗ്രാമപഞ്ചായത്തിന്റെ ഭാഗമാണിത്. തൃശ്ശൂർ നഗരത്തിൽ നിന്ന് 10 കിലോമീറ്റർ അകലെയാണ് അടാട്ട് ഗ്രാമം സ്ഥിതി ചെയ്യുന്നത്. വടക്കാഞ്ചേരി നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്നു. ഈ പ്രേദേശത്തിന്റെ ചുറ്റളവ് ഏതാണ്ട് 6.91 കി.മി ഉണ്ട്. പുഴയ്ക്കൽ ബ്ളോക്ക് പഞ്ചായത്ത് പരിധിയിലാണ് അടാട്ട് ഗ്രാമം.അടാട്ട് എന്ന സ്ഥലനാമത്തെപ്പറ്റി വിചിത്രമായ ഒരു ഐതിഹ്യമുണ്ട്. ഇത് കുറൂർ മനയെന്ന ഭവനവുമായും അവിടത്തെ കൂറൂരമ്മയുമായും ബന്ധപ്പെട്ടിരിക്കുന്നു. ഗുരുവായൂരപ്പന്റെ പൂജയ്ക്കായി നൈവേദ്യമൊരുക്കിക്കൊണ്ടിരുന്ന കുറൂരമ്മയെ സഹായിക്കാനായി എവിടെനിന്നോ ഒരു ബാലൻ എത്തി. പൂജാദ്രവ്യങ്ങളൊരുക്കി പൂജാരിയായ വില്വമംഗലത്തെ കാത്തിരിക്കെ,വില്വമംഗലം വരാൻ വൈകിയപ്പോൾ സഹായിക്കാൻ വന്ന ബാലൻ നൈവേദ്യം എടുത്തുകഴിക്കുന്നതു കണ്ടെത്തിയ കുറൂരമ്മ ആ ഉണ്ണിയെ ഒരു കലത്തിന്നടിയിൽ അടച്ചിട്ടു. ഭഗവാൻ കൃഷ്ണന് വെച്ചിരുന്ന നൈവേദ്യമെടുത്ത് കഴിക്കാനൊരുമ്പെട്ട ബാലൻ, സാക്ഷാൽ കൃഷ്ണൻ തന്നെയെന്ന നിഗമനത്തിൽ അവസാനം അവർ എത്തിച്ചേർന്നു . കൃഷ്ണനെ അടച്ചിട്ട സ്ഥലം എന്ന അർത്ഥത്തിൽ ഈ സ്ഥലം അടാട്ട് എന്ന പേരിൽ പ്രശസ്തമാവുകയായിരുന്നു. ഏകദേശം 20 കിലോമീറ്റർ ദൂരം മാത്രമേ അടാട്ട്നിന്ന് ക്ഷേത്രനഗരമായ ഗുരുവായൂർക്കുള്ളൂ. അട ചുട്ട നാട് അടാട്ട് ആയതെന്നും പറയപ്പെടുന്നു

 ജൈവ നെൽകൃഷി  ,ക്ഷീരോല്പാദനം ,മത്സ്യ കൃഷി ,പച്ചക്കറി കൃഷി,അടക്ക ,വാഴ, കുരുമുളക് കൃഷി എന്നിങ്ങനെയുള്ള കൃഷികൾ ഗ്രാമത്തിലെ കാർഷിക മേഖലയെ സമ്പുഷ്ടമാക്കുന്നു. നെൽ വയലുകളും കുന്നുകളും തണ്ണീർ തടങ്ങളും അമ്പലങ്ങളും പള്ളികളും ഗ്രാമത്തിലെ മനോഹരമായ   കാഴ്ചകളിൽ ചിലതാണ്  .വിലങ്ങാൻ കുന്നു ഹിൽ ടൂറിസം,പുഴയ്ക്കൽ റിവർ ടൂറിസം  എന്നിവയിലൂടെ ടൂറിസം മേഖലയിലും അടാട്ട് ഗ്രാമം   ഇടം പിടിച്ചിട്ടുണ്ട് .