ജി. എച്ച്.എസ്.എസ് .,മുട്ടം/അക്ഷരവൃക്ഷം/ചൂടിലെ തണുപ്പ്:ചെണ്ടയുടെയും ചെണ്ടക്കോലിന്റെയും കഥ

Schoolwiki സംരംഭത്തിൽ നിന്ന്
21:48, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Smitha harilal (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ചൂടിലെ തണുപ്പ്:ചെണ്ടയുടെയു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ചൂടിലെ തണുപ്പ്:ചെണ്ടയുടെയും ചെണ്ടക്കോലിന്റെയും കഥ

ചൂടു മൂലം ചുട്ടുപഴുത്ത റോഡിൽ നിന്നും ഇടത്തേക്ക് മണ്ണുകൊണ്ടുള്ളൊരു വഴി.നേരെ പോയാൽ വനം പോലെ തോന്നിക്കുന്ന ഉൾപ്രദേശത്തെത്തും.അവിടെ ആകെ നാല് കുടുംബങ്ങളേ താമസമുള്ളൂ.അതിലൊന്നാണ് മേളക്കാരൻ രാമുവിന്റെ കുടുംബം.മേളകേസരി എന്നാണയാളുടെ വിളിപ്പേര്.നമ്മുടെ കഥയ്ക്ക് പശ്ചാത്തലമായി ഒരുങ്ങുകയാണവിടം.
രണ്ടു മുറികളുള്ള ചെറു കെട്ടിടത്തിൽ,ഒരു മുറിയുടെ മൂലയിൽ,കട്ടിലിനടുത്ത് ഒരു ചെണ്ടയിരിക്കുന്നു.ചെണ്ടയും ചെണ്ടക്കോലും തമ്മിലുള്ള അകലം ഉറപ്പിക്കാനെന്നോണം ചെണ്ടക്കോൽ ഒരു തുണിയിൽ പൊതിഞ്ഞ ശേഷമാണ് ചെണ്ടയിലൊടക്കി വച്ചിരിക്കുന്നത്; ഇരുവർക്കും കൂടി ഒരു പടച്ചട്ടയും. പെട്ടെന്നൊരു തണുത്ത കാറ്റു വീശി.പടച്ചട്ടയുടെ കരുത്തിനെ തകർക്കാൻ പോന്ന ഒന്നായിരുന്നില്ലെങ്കിലും ,ആ ഇളം കാറ്റ് കവറിനകത്തു കടന്ന് മൃദുവായ തുണിയിലൂടെ ഊർന്നിറങ്ങി, ചെണ്ടക്കോലിനെ തഴുകി. പെട്ടെന്നുള്ള കുളിരിൽ വിവശനായ ചെണ്ടക്കോൽ ചെണ്ടയെ കൂടുതൽ മുറുകെപ്പിടിച്ചു.ഹർഷപുളകിതനായിക്കൊണ്ട്
ചെണ്ട മുറുമുറുത്തു:"എന്താടാ കൊച്ചേ...?"
ചെണ്ടക്കോൽ പറഞ്ഞു:" തണുക്കുന്നു."
ചെണ്ട പറഞ്ഞു:" അതെങ്ങനാ..ഒരുകൊട്ടുകിട്ടിയിട്ട് മാസം ഒന്നായി.കരോണ,കൊരോണ എന്നു പറഞ്ഞ എന്തോ ഒരു ഗോളം അന്തരീക്ഷത്തിലൂടെ ഉരുണ്ടു നടപ്പുണ്ടെന്നു കേട്ടു."
ചെണ്ടക്കോൽ പറഞ്ഞു:" പുറത്തു വലിയ ചൂടാണല്ലോ.നല്ല രസമായിരിക്കും.വെയിലത്തെങ്ങാനും കെടക്കാർന്നു."
പതിഞ്ഞ ശബ്ദത്തിൽ കോൽ തുടർന്നു:" ആശാന്റെ കാര്യമെങ്ങനാ..?"
ചെണ്ട പറഞ്ഞു:" അശാന് ഇപ്പോ വല്യ ക്ഷാമമില്ലാന്ന് അറിഞ്ഞു. ഉള്ളതിന്ന് ലേശം സൂക്ഷിക്കാറുണ്ടായിരിന്നത്രേ.. ഏതായാലും മനുഷ്യരെല്ലാം ഒരു പാഠം പഠിച്ചു." "പ്രകൃതി കൊടുത്ത ഒരടിയാ..എന്തൊക്കെയായിരിന്നു...?ലോകം കീഴടക്കുമെന്ന ഭാവം" കോൽ പറഞ്ഞു.
"എനിക്കെന്നാ ചേട്ടനിട്ടൊന്ന് കൊട്ടാൻ പറ്റ്വാ..?" കോൽ തുടർന്നു.
ചെണ്ട അക്ഷമനായി പറഞ്ഞു:"ആർക്കറിയാം..?ഉത്സവങ്ങളൊക്കെ മൗനപ്രാ‍ർത്ഥന പോലായി.അല്ലേലും ആ കൊരോണയുടെ ഉരുളിച്ച കൊറച്ച് കൂടുതലാ.."
കോൽ പറഞ്ഞു:"എന്നെങ്കിലും ഇത് തീരൂന്നൊറപ്പാ ,ഇല്ലെങ്കിൽ ചേട്ടന്റെ തോൽ നരയ്ക്കുകേലേ?"
പൂപ്പൽ ആക്രമിക്കാൻ തുടങ്ങിയ ചെണ്ടയുടെ തോൽ ഇരുട്ടത്ത് കോൽ എങ്ങനെ കണ്ടെന്നുള്ളതിൽ ചെണ്ടയ്ക്ക് അത്ഭുതം തോന്നി. അവർ പരസ്പരം കൂടുതൽ ഒട്ടിച്ചേർന്നിരുന്നു;അകലം മറന്നുകൊണ്ട്.

ആനന്ദ് ശർമ്മ
10A ജി.എച്ച്.എസ്.എസ് മുട്ടം
അറക്കുളം ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ