ജി. എച്ച്.എസ്.എസ് .,മുട്ടം/അക്ഷരവൃക്ഷം/കൊറോണയ്ക്കും കൊറോണയോ!

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയ്ക്കും കൊറോണയോ!

ഒരിക്കൽ അയ്യപ്പന്റെ വീട്ടിൽ വന്ന് ഒരാൾ കോളിംഗ് ബെല്ലടിച്ചു.
"ഇവിടെ ആരുമില്ലേ?" അയാൾ അലറിവിളിച്ചു.
കുറച്ചു കഴിഞ്ഞപ്പോഴതാ ജനൽ തുറക്കുന്ന ശബ്ദം.അതിലൂടെ ഒരു തുണ്ടുകടലാസ് താഴെവീണു. കാറ്റിന്റെ സ്വാധീനത്താൽ അത് വന്നയാളുടെ കാൽച്ചുവട്ടിലെത്തി. ആകാംക്ഷയോടെ കടലാസെടുത്ത് വായിച്ച അയാൾ ഞെട്ടി.അതിൽ എഴുതിയിരിക്കുന്നത് ഇതാണ് :"സാമൂഹിക അകലം പാലിക്കുക" നെൽക്കണ്ടങ്ങൾ ഉഴുതുമറിച്ചപോലുള്ള മുഖവുമായി അയാൾ തിരിച്ചുപോയി. പിന്നീടൊരിക്കൽ മറ്റൊരാൾ വന്നു.അന്നും ഇതേപോലെ കടലാസിലെഴുതിയത് വായിച്ച് വന്നയാൾ തിരികെപോയി. ഇതറിഞ്ഞ മഹാമായാവിയായ കൊറോണ തന്നെ ഒരിക്കൽ അവിടെ വന്നു.
അവൻ ഒരു അടവു പയറ്റി:" ആ‍ർക്കുവേണം ഐസ്ക്രീം? ലോകത്തെ ഏറ്റവും സ്വാദുള്ള മധുരപലഹാരങ്ങളാർക്കു വേണം?"
ഐസ്ക്രീമും പലഹാരങ്ങളും ഒരുമിച്ചു വിൽക്കുന്നതിലെ വൈരുദ്ധ്യം മനസ്സിലാകാത്ത വീട്ടിലെ ഇളയകുട്ടി വാതിൽ അൽപ്പമൊന്നു തുറന്നു,അപ്പോഴേക്കും അച്ഛൻ അവന്റെ കയ്യിൽ എത്തിപ്പിടിച്ചിരുന്നു.ഒരുറുമ്പിനോ കൊതുകിനോ പോലും ഞെരിഞ്ഞമർന്നു മാത്രം കടക്കാവുന്ന ആ പഴുതിലൂടെ കൊറോണ പാഞ്ഞുകയറി. അച്ഛനു കാര്യം മനസ്സിലായി.ഉടനേ അയാൾ തന്റെ കുഞ്ഞു മകന്റെ മുഖാവരണം ഉറച്ചിരിപ്പുണ്ടോ എന്ന പരിശോധിച്ചു;പിന്നീട് തന്റെയും.അമ്മ അടുക്കളയിൽ നിന്നും മൂത്ത മകൻ വീടിന്റെ ടെറസിൽ നിന്നും ഓടിയെത്തി.
പല്ലിളിച്ചുകൊണ്ട് കൊറോണ പറഞ്ഞു:" എന്റെ പേര് കൊറോണ.മനുഷ്യരെ ഉപദ്രവിക്കാൻ എനിക്ക് വളരെ ഇഷ്ടമാണ്.എന്നിൽ നിന്നും ഓടിയൊളിക്കാൻ നിങ്ങൾക്കാവില്ല...ഹ...ഹ..."
"എങ്കിലേ മോനേ, ആ പൂതി മനസ്സിൽ വെച്ചാൽ മതി."അച്ഛൻ സൂക്ഷമതയോടെ പറഞ്ഞു.
"മോനേ,ഇവിടെ വാടാ തക്കുടൂ..." കൊറോണ ഇളയകുട്ടിയെ ആകർഷിക്കാൻ പറഞ്ഞു.
പെട്ടെന്നു തോന്നിയ ബുദ്ധിയുടെ ബലത്താൽ ഗൃഹനാഥൻ പറഞ്ഞു :"സാമൂഹിക അകലം പാലിക്കുക."
ഒരു പൊട്ടിച്ചിരിയോടെ കൊറോണ പറഞ്ഞു "ഞാനോ!,ഞാനാരെപ്പേടിക്കാനാ...ഞാനൊരു പാവം രോഗാണുവല്ലേ?"
"ഹും...പാവം,ലക്ഷക്കണക്കിനു മനുഷ്യരെ കൊന്നൊടുക്കിയതൊന്നും പോരല്ലേ? എടാ ഇത് കലികാലമാ... കൊറോണയ്ക്കും കൊറോണ വരുന്ന കാലമാ..."ഗൃഹനാഥൻ പറഞ്ഞു.
പറഞ്ഞറിയിക്കാൻ കഴിയാത്ത ആശ്ചര്യത്തോടെ കൊറോണ പറഞ്ഞു :"കൊറോണയ്ക്കും കൊറോണയോ!"
"അതെ ജീവൻ വേണമെങ്കിൽ ഓടിക്കോ...ഇല്ലെങ്കിൽ ഉള്ള മരുന്നെല്ലാം നിന്റെ മേൽ ഞാൻ കുത്തിവയ്ക്കും. "അയ്യപ്പൻ പറഞ്ഞു.
"ഹ...ഹ...എനിക്കെതിരേ മരുന്നൊന്നും ഇല്ലല്ലോ...ഞാൻ അജയ്യനാണ്."
പണ്ടെപ്പോഴോ ഒരു കഥ വായിച്ചിതിന്റെ ഓർമ്മയിൽ ധൈര്യത്തോടെ അമ്മ പറഞ്ഞു: " നിന്റെ ഒരു സഹപാഠിയെ ഞങ്ങൾ ഇവിടെ തളച്ചിട്ടുണ്ട്.വിശ്വാസമില്ലേൽ കാണിച്ചുതരാം..,ദേ ഈ കണ്ണാടിയിലേക്കൊന്നു നോക്ക്"
കണ്ണാടിയിൽ സ്വന്തം പ്രതിബിംബം കണ്ട് കൊറോണ ഭയന്നു.മായാവിയെന്നു ധരിച്ച അവൻ മനുഷ്യമായ കണ്ട് ഭയന്നു. "ഓടിക്കോ...ഓടിക്കോ... "രണ്ടു മക്കളും ആർത്തു വിളിച്ചു. പക്ഷേ, കൊറോണ അവരുടെ ആർപ്പുവിളികൾ മുഴുമിക്കും മുമ്പേ തന്നെ കാറ്റിന്റെ ഔദാര്യത്തിനു വഴങ്ങിയ വാതിൽ വിടവിലൂടെ സ്ഥലം വിട്ടിരുന്നു.

ആനന്ദ് ശർമ്മ
10A ജി.എച്ച്.എസ്.എസ് മുട്ടം
അറക്കുളം ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ